മെക്‌സിക്കോയിലെ മയക്കുമരുന്ന് മാഫിയയുമായുള്ള റാഫേല്‍ മാര്‍ക്കേസിന്റെ ബന്ധം പുറത്തുവന്നത് കഴിഞ്ഞ വര്‍ഷമാണ്. കള്ളപ്പണം വെളുപ്പിക്കുന്ന സംഘവുമായും മാര്‍ക്കേസിന് ബന്ധമുണ്ടെന്ന ഞെട്ടിക്കുന്ന വിവരും പിറകെ വന്നു. മെക്‌സിക്കന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ മാര്‍ക്കേസിന്റെ കളിജീവിതത്തിന് അവസാന വിസിലായെന്ന് സകലരും വിധിയെഴുതിയ കാലമായിരുന്നു അത്. എന്നാല്‍, ജൂണില്‍ കോച്ച് യുവാന്‍ കാര്‍ലോസ് ഒസോറിയോ ഇരുപത്തിമൂന്നംഗ ടീമിന്റെ ലിസ്റ്റ് ഫിഫയ്ക്ക് സമര്‍പ്പിച്ചപ്പോള്‍ സകലരും ഞെട്ടി. മുപ്പത്തിയൊന്‍പതാം വയസ്സില്‍ ഒരു രണ്ടാം ജന്മമായിരുന്നു അത് റാഫേലിന്.

രണ്ടാഴ്ചയ്ക്കുശേഷം ജര്‍മനിക്കെതിരായ മത്സരത്തിന്റെ എഴുപത്തിനാലാം മിനിറ്റില്‍ ഗ്വാര്‍ഡാഡോയുടെ പകരക്കാരനായി ഇറങ്ങിയപ്പോള്‍ ലോകകപ്പില്‍ പുതിയൊരു ചരിത്രം കൂടി രചിച്ചിരിക്കുകയാണ് മെക്‌സിക്കോയുടെ കൈസര്‍. ഏറ്റവും കൂടുതല്‍ ലോകകപ്പുകളില്‍ കളിച്ചിട്ടുള്ള താരങ്ങളുടെ പട്ടികയിലാണിപ്പോള്‍ ഈ മെക്‌സിക്കന്‍ നായകന്‍.

തുടര്‍ച്ചയായി അഞ്ചു ലോകകപ്പുകളായി റാഫേല്‍ മെക്‌സിക്കോയ്ക്കു വേണ്ടി കളിക്കുന്നു. 2002, 2006, 2010, 2014, 2018 ലോകകപ്പുകളിലാണ് റാഫേല്‍ കളിച്ചത്. ഇതില്‍ ആദ്യ നാലെണ്ണത്തിലും മുഴുവന്‍ സമയ നായകനായിരുന്നു. ഈ ലോകകപ്പില്‍ ആന്ദ്രെ ഗ്വാര്‍ഡാഡോയായിരുന്നു ക്യാപ്റ്റന്‍. എന്നാല്‍, ഗ്വാര്‍ഡാഡോയ്ക്ക് പകരം ഗ്രൗണ്ടിലെത്തിയതോടെ ക്യാപ്റ്റന്റെ ആം ബാന്‍ഡും റാഫേലിന് സ്വന്തമായി.

Rafael Marquez

ഈ അഞ്ചു ലോകകപ്പുകളിലായി മൊത്തം പതിനാറ് മത്സരങ്ങളാണ് മാര്‍ക്കേസ് കളിച്ചത്. ഇരുപത്തിമൂന്നാം വയസ്സില്‍ ആദ്യ ലോകകപ്പില്‍ തന്നെ ഒരു ചുവപ്പ് കാര്‍ഡ് നേടുകയും ചെയ്തു.

റാഫേലിനെ കൂടാതെ തുടര്‍ച്ചയായി അഞ്ചു ലോകകപ്പുകളില്‍ കളിച്ച മൂന്ന് പേര്‍ മാത്രമേയുള്ള ഫുട്‌ബോളില്‍. മെക്‌സിക്കോയുടെ തന്നെ അന്റോണിയോ കാര്‍ബാജലും മുന്‍ ജര്‍മന്‍ നായകന്‍ ലോതര്‍ മത്തേവൂസും. കാര്‍ബാജല്‍ 1950, 54, 58, 62, 66 ലോകകപ്പദകളിലാണ് കളിച്ചത്. മത്തേവൂസ് 1982, 86, 90, 94, 98 ലോകകപ്പുകളിലാണ് ജര്‍മനിക്കുവേണ്ടി ബൂട്ടുകെട്ടിയത്.

മുന്‍ ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ബഫണ്‍ 1998 മുതലുള്ള അഞ്ചു ലോകകപ്പുകള്‍ക്കുള്ള ടീമില്‍ അംഗമായിരുന്നെങ്കിലും നാലെണ്ണത്തിലേ കളിച്ചിട്ടുള്ളൂ.

1997 മുതല്‍ തന്നെ മാര്‍ക്കേസ് ദേശീയ ടീമിലുണ്ടെങ്കിലും 1998ല്‍ നടന്ന ലോകകപ്പിനുള്ള ടീമില്‍ ഇടം നേടാനായിരുന്നില്ല. ഇരുപത്തിയൊന്ന് വര്‍ഷം നീണ്ട കരിയറില്‍ 143 മത്സരങ്ങളാണ് മെക്‌സിക്കോയ്ക്കുവേണ്ടി കളിച്ചത്. 19 ഗോളുകള്‍ നേടുകയും ചെയ്തിട്ടുണ്ട് മെക്‌സിക്കന്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാര്‍ക്കേസ്.

Content Highlights: Fifa WorldCup 2018 Rafael Marquez players who have appeared in multiple FIFA World Cups Mexico