ക്രൊയേഷ്യയെ പോലെ ഫുട്ബോൾ ടീമുകളുമായി താദാത്മ്യം പ്രാപിക്കുന്ന മറ്റൊരു രാജ്യവും ഈ ഭൂമുഖത്തില്ലെന്നു പറഞ്ഞത് മിറോസ്ലാവ് സിറോ ബ്ലാസെവിച്ചാണ്. ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് കളിച്ച 1998ൽ ക്രൊയേഷ്യയെ   പരിശീലിപ്പിച്ച കോച്ച്. അന്ന് പ്ലേ ഓഫ് ജയിച്ച് മൂന്നാം സ്ഥാനക്കാരായി ടീം മടങ്ങിയപ്പോൾ ഉയർത്തെഴുന്നേറ്റത് പുതുമോടി മാറാത്ത ക്രൊയേഷ്യയെന്ന പുതിയ രാജ്യത്തിന്റെ വ്യക്തിത്വമാണ്. യുദ്ധം മുറിവേൽപിച്ച ക്രൊയേഷ്യൻ മനസ്സാണ്. എൺപത്തിമൂന്ന് തികഞ്ഞ ബ്ലാസെവിച്ച് ഇന്ന് വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ്. എന്നാൽ, 1998ൽ പടിക്കൽ കുടമുടച്ച ബ്ലാസെവിച്ചിന്റെ ടീം രണ്ടു പതിറ്റാണ്ടിനുശേഷം മറ്റൊരു സുവർണ ചരിത്രം കുറിക്കുന്നതിന്റെ പടിവാതിലിലാണ്. ആ ചരിത്രത്തിലേയ്ക്ക് ഇനിയൊരൊറ്റ കടമ്പ കൂടിയേയുള്ളൂ. ഫ്രാൻസ്. 1998ൽ സെമിയിൽ മുട്ടുകുത്തിച്ച അതേ ഫ്രാൻസ്. ഒരു കണക്കുതീർക്കലിന്റെ ചോര മണക്കുന്നുണ്ട് മോസ്ക്കോയിൽ. ഇംഗ്ലണ്ടിനെ സെമിയിൽ മുട്ടുകുത്തിച്ച അതേ ലുഷ്നിക്കി സ്റ്റേഡിയത്തിൽ.

ക്രൊയേഷ്യൻ ഫുട്ബോളല്ല, യൂഗോസ്ലാവിയയിൽ നിന്ന് ചോരചിന്തി വേർപ്പെട്ട ഒരു രാജ്യം ഒന്നടങ്കമാണ് ലുഷ്നിക്കിയിൽ ഇംഗ്ലണ്ടിനെതിരേ ജയിച്ചത്. ജൂലൈ പതിനഞ്ചിന് രാത്രി ഇവിടെ തന്നെ ഒരുപക്ഷേ കിരീടമേന്തുന്നതും പതിനൊന്ന് പേരുടെ ഒരു ടീമാവില്ല, നാൽപത്തിയൊന്ന് ലക്ഷം പേരുള്ള ഒരു രാജ്യം ഒന്നടങ്കമാണ്. കാരണം ഇവിടെ ഫുട്ബോളും ജീവിതവും രണ്ടല്ല. ഫുട്ബോളും രാഷ്ട്രീയവും രണ്ടല്ല. ഫുട്ബോളല്ലാതെ ഇവർക്ക് ഉണ്ണാനും കുടിക്കാനും ശ്വസിക്കാനും മറ്റൊന്നുമില്ലതാനും. ഈ ഫുട്ബോൾ കൊണ്ടാണ് അവർ യൂഗോസ്ലാവിയയിൽ നിന്ന് രക്തമൊഴുക്കി സ്വാതന്ത്ര്യം പിടിച്ചുവാങ്ങിയത്.

പരമ്പരാഗത വൈരികളായ ഡൈനാമോ സഗ്​രെബും റെഡ് സ്റ്റാർ ബെൽഗ്രേഡും തമ്മിൽ 1990 മെയ് 13ന് നടന്ന ഒരു മത്സരമാണ് അക്ഷരാർഥത്തിൽ യൂഗോസ്ലാവിയയുടെ വിഭജനത്തിന് നാന്ദിയായത് എന്നത് കനൽ മൂടി കിടക്കുന്നൊരു ചരിത്രമാണ്. ഈ മത്സരത്തിനുശേഷം പൊട്ടിപ്പുറപ്പെട്ട കലാപമാണ് ഇരുപതിനായിരത്തോളം പേരുടെയെങ്കിലും മരണത്തിൽ കലാശിച്ച യൂഗോസ്ലാവ് യുദ്ധത്തിന് തിരികൊളുത്തിയത്. തെരുവിൽ പരസ്യമായി ഒരു ആരാധകനെ മർദിച്ച പോലീസുകാരനെ കുങ് ഫു സ്റ്റൈലിൽ ചവുട്ടിയിട്ട ചരിത്രമുണ്ട്  ഡയനാവോ സഗ്​രബിന്റെ മുൻ നായകൻ വോനിമിർ ബോബന്. ഈ ബോബന്റെ നേതൃത്വത്തിലാണ് ക്രൊയേഷ്യ 1998ലെ ലോകകപ്പിൽ സെമിവരെ എത്തിയത്. ക്രൊയേഷ്യ എന്ന രാജ്യം ഏറ്റവും വലിയ നേട്ടമായി കൊണ്ടാടുന്നതും ഈയൊരു വിജയം തന്നെ.

ഈ മത്സരം നടന്ന് ഒരാഴ്ചയ്ക്കുശേഷമാണ് പൊതുതിരഞ്ഞെടുപ്പിൽ ക്രൊയേഷ്യയെ അനുകൂലിച്ചവർ വിജയിക്കുന്നത്. വലിയൊരു ഫുട്ബോൾ ഫാനായ ഫ്രാഞ്ചോ തുജ്മാനാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. അതിനുശേഷം പാർട്ടിസൻ ബെൽഗ്രേഡും ഹാജുക് സ്പ്ലിറ്റും തമ്മിലുള്ള ഒരു മത്സരം ക്രൊയേഷ്യൻ അനുകൂലികൾ ഗ്രൗണ്ട് കൈയേറിയതു കാരണം തടസ്സപ്പെട്ടു. യൂഗോസ്ലാവിയയുടെ ദേശീയ പതാക  ഗ്രൗണ്ടിലിട്ട് കത്തിച്ച് അവർ യൂഗോസ്ലാവ്യ മരിച്ച ദിവസമെന്ന് പ്രഖ്യാപിച്ചു.

തൊട്ടടുത്ത മാസം ക്രൊയേഷ്യ രഹസ്യമായി അവരുടെ ദേശീയ ടീമിന്റെ ആദ്യ മത്സരം സംഘടിപ്പിക്കുകയും ചെയ്തു. യൂഗോസ്ലാവിയൻ താരങ്ങളാണ് കളിക്കുന്നതെന്ന് അന്ന് ഫിഫയോട് കള്ളം പറഞ്ഞായിരുന്നു അവർ കളിച്ചതെന്നൊരു ആരോപണമുണ്ട്. സെഗ്​രബിൽ ചുവന്ന കള്ളിക്കുപ്പായത്തിൽ യു.എസ്.എ.യെ ഒന്നിനെതിരേ രണ്ട് ഗോളിന് തോൽപിച്ച് അവർ യൂഗോസ്ലാവിയയിൽ നിന്ന് വേർപിരിയുകയാണെന്ന് ഫിഫയെ സാക്ഷി നിർത്തി ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചു. അങ്ങനെ യൂഗോസ്ലാവിയയിൽ നിന്ന് വേർപ്പെട്ട് ക്രൊയേഷ്യയെന്ന സ്വതന്ത്ര രാജ്യം രൂപീകരിക്കുന്ന പ്രക്രിയയുടെ ഓരോ ഘട്ടത്തിനും വേദിയായത് ഫുട്ബോൾ മത്സരങ്ങളാണ്. പ്രക്ഷോഭങ്ങളുടെ പ്രധാന തട്ടകങ്ങളത്രയും ഫുട്ബോൾ ഗ്രൗണ്ടുകളും.

suker

പുതിയ രാജ്യമായപ്പോൾ അവർ വ്യക്തിത്വവും സ്വാഭിമാനവും വീണ്ടെടുക്കാൻ ആശ്രയിച്ചതും ഫുട്ബോളിനെ തന്നെ. സ്വതന്ത്ര രാജ്യത്തിന്റെ ഏറ്റവും വലിയ നേട്ടമായി അവർ ആഘോഷിച്ചത് 1998ലെ ലോകകപ്പിലെ മൂന്നാം സ്ഥാനമായിരുന്നു. ഫ്രാൻസിൽ ഈ നേട്ടം സമ്മാനിച്ച വോനിമർ ബോബനും ഡെവർ സുക്കറുമൊക്കെയായിരുന്നു ഏറെക്കാലം അവരുടെ ദേശീയ ആരാധ്യ പുരുഷന്മാർ.

1998ലെ വിജയത്തിന്റെ ബലത്തിൽ ഫുട്ബോൾ അതിദ്രുതം വളർന്നു. എന്നാൽ, അതിനൊപ്പം തന്നെ അത് അഴിമതിയുടെ പിടിയിലുമായി. ആത്മവിശ്വാസം വളർത്തിയ ഫുട്ബോൾ തന്നെ പിന്നീടുള്ള ദശകത്തിൽ രാജ്യാഭിമാനത്തെ തളർത്തുന്നതും കണ്ടു. ലോകകപ്പിന് തൊട്ടു മുൻപ് മാത്രം ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ വൈസ് പ്രസിഡന്റായിരുന്ന ഡ്രാവ്‌കോ മാമിച്ച് കോടികളുടെ വെട്ടിപ്പിന്റെ പേരില്‍ ജയിലിൽ പോകുന്നതു വരെയെത്തി കാര്യങ്ങൾ. ഡയനാമോ സഗ്​രെബിന്റെ മേധാവിയായിരിക്കെ കളിക്കാരുടെ ട്രാന്‍സ്ഫറിന്റെ പേരില്‍ പതിനഞ്ച് ദശലക്ഷം യൂറോ വെട്ടിച്ചുവെന്നായിരുന്നു കേസ്. ആറര വര്‍ഷത്തെ തടവാണ് കോടതി വിധിച്ചത്.

ഇതേ കേസില്‍ കള്ളസാക്ഷി പറഞ്ഞതിന് ദേശീയ ടീം ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ചിനും പ്രതിരോധ താരം ദേയാന്‍ ലൊവ്‌റാനും നേരിടേണ്ടിവന്നു വിചാരണ. ഇവര്‍ക്കെതിരേയുള്ള കേസ് ഇതുവരെ അവസാനിച്ചിട്ടില്ല. കുറ്റം തെളിഞ്ഞാല്‍ മോഡ്രിച്ചിന് മാമിച്ചിനൊപ്പം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരും എന്നതാണ് അവസ്ഥ.

ഇയൊരു തകർന്ന അവസ്ഥയിലാണ് ഫിഫ റാങ്കിങ്ങിൽ ഇരുപതാം സ്ഥാനത്ത് മാത്രമുള്ള ക്രൊയേഷ്യൻ ടീം ലോകകപ്പിൽ അത്ഭുത പ്രകടനം പുറത്തെടുക്കുന്നത്.

croatian war
യുദ്ധത്തിന്റെ ബാക്കിപത്രം

ക്രൊയേഷ്യയെ സംബന്ധിച്ചിടത്തോളം ഇത് മരണത്തിൽ നിന്നുള്ള ഒരു തിരിച്ചുവരവാണ്. ഡെന്‍മാര്‍ക്കിനെതിരായ പ്രീക്വാര്‍ട്ടര്‍ വിജയത്തെ ഭാവി ഇരുളടഞ്ഞ ഒരു തലമുറയ്ക്കുള്ള മൃതസഞ്ജീവനിയാണെന്നാണ് ഒരു ക്രൊയേഷ്യന്‍ പത്രം വിലയിരുത്തിയത്. മോസ്ക്കോയിലെ ഒരു കിരീടവിജയം ഒരുപക്ഷേ, സാമ്പത്തികരംഗം അടിമുടി തകര്‍ന്ന, പുതിയ തലമുറ കൂട്ടമായി യൂറോപ്പിലെ മറ്റ് സമ്പന്ന രാജ്യങ്ങളിലേയ്ക്ക് കുടിയേറിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ നിന്നും അത്ഭുതകരമായി കരകയറ്റിയേക്കും. നാൽപത്തിയൊന്ന് ലക്ഷം വരുന്ന ക്രൊയേഷ്യക്കാർ കാത്തിരിക്കുന്നത് ഒരു സ്വർണക്കപ്പ് മാത്രമല്ല, രണ്ടാം ജന്മം കൂടിയാണ്.

Content Highlights: Fifa World Cup Rise Of Croatian Football Croatia France Final