ഫെലിപ് ബലോയ് മെക്സിക്കൻ പ്രീമിയർ ഡിവിഷനിൽ മോണ്ടെററിക്കുവേണ്ടി  ആദ്യമായി ബൂട്ടണിഞ്ഞ് ഇറങ്ങിയപ്പോൾ കൂവലോടെയാണ് ആരാധകർ വരവേറ്റത്. തങ്ങളുടെ ഇഷ്ടതാരം പാബ്ലോ റാച്ചെന് പകരമെത്തിയ താരത്തെ വച്ചുപൊറുപ്പിക്കാൻ ഒരുക്കമായിരുന്നില്ല ആരാധകർ. ഏതാനും മത്സരങ്ങളിൽ മാത്രമേ ആരാധകരുടെ രോഷം നിലനിന്നുള്ളൂ. പ്രതിരോധത്തിൽ ഉരുക്കുകോട്ട തീർത്ത ബലോയെ അവർ പതുക്കെ  സ്നേഹിച്ചു തുടങ്ങി. ക്രമേണ  റോച്ചന് പകരം മനസ്സിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. പിന്നെ നാലു വർഷത്തിനുശേഷം മെക്സിക്കോ വിടുമ്പോൾ കണ്ണീരോടെയാണ് അവർ ഈ പാനമ താരത്തെ യാത്രയാക്കിയത്.

ഗോൾമഴയിൽ കുളിച്ച ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിന്റെ അറുപത്തിനയൊൻപതാം മിനിറ്റിൽ ഗബ്രിയൽ ഗോമസിന് പകരമിറങ്ങുമ്പോൾ വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല ബലോയ്ക്കും ടീമിനും. പറ്റിയാൽ ഒന്നോ രണ്ടോ ഗോളുകൾ തടയാം. തോൽവിയുടെ ആഘാതം ഒന്ന് കുറയ്ക്കാം.

എന്നാൽ, പത്ത് മിനിറ്റിനുള്ളിൽ സംഭവിച്ചത് മറ്റൊന്ന്. ടീമിലെ ഏറ്റവും പ്രായം കൂടിയ താരമായ, ക്യാപ്റ്റന്റെ ആം ബാൻഡ് ധരിച്ച ബലോയുടെ കാലിൽ നിന്ന് പിറന്നത് ഒരു വെറും ഗോളല്ല, ഒരു ചരിത്രം തന്നെയാണ്. പാനമയുടെ ആദ്യ ലോകകപ്പ് ഗോളാണ് ആദ്യത്തെയും അവസാനത്തെയും ലോകകപ്പ് കളിക്കുന്ന മുപ്പത്തിയേഴുകാരനായ  ബലോയ നേടിയത്. ഈ ഗോളിന് ബലോയക്ക് തുണയായതാവട്ടെ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിൽ ഒരാളായ, 
ഇരുപത്തിയൊന്നുകാരനായ  റിക്കാർഡോ അവിലയുടെ പാസും.

നാണംകെട്ടൊരു തോൽവിയിൽ ടീമംഗങ്ങൾ തലകുനിച്ചിരിക്കുമ്പോൾ ബലോയ നേരെ ഗ്യാലറിക്ക് സമീപത്തേയ്ക്ക് ഓടി. ചരിത്രം കുറിച്ച അച്ഛനെയും കാത്ത് മകൾ ഇരിപ്പുണ്ടായിരുന്നു. മകൾക്കൊരു ചുംബനം നൽകിയാണ് ബലോയ തന്റെ ചരിത്രനേട്ടം ആഘോഷിച്ചത്.

തെരുവിൽ കളിച്ചു വളർന്ന, ഫുട്ബോളിനുവേണ്ടി പഠിത്തം ഉപേക്ഷിച്ച ബലോയക്ക് ഇത് ദൈവം കൊടുത്ത ഗോളാണെന്നായിരുന്നു പാനമ കോച്ച് ഹെർനൻ ഗോമസ് പറഞ്ഞത്. ആ ഗോളിന്റെ സന്തോഷം എനിക്ക് പറഞ്ഞറിയിക്കാനാവില്ല. ഈ ലോകകപ്പോടെ വിരമിക്കാൻ പോകുന്ന കളിക്കാരനാണ് അയാൾ. ഗോളടിക്കാനുള്ള അവസരം അദ്ദേഹത്തിന് ദൈവം ഒരുക്കിക്കൊടുത്തതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അത്രമേൽ ഫുട്ബോളിനെ പ്രണയിക്കുന്ന ആളാണ് ബലോയ്. അത്രയും മികച്ചൊരു പ്രൊഫഷണൽ താരമാണ്. ലോകകപ്പിലെ അരങ്ങേറ്റം തന്നെ ഒരു വലിയ സന്തോഷമാണ്. അതിൽ നേടുന്ന ആദ്യ ഗോളിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവുകയുമില്ല-ഗോമസ് പറഞ്ഞു.

ഒരുപാട് ഫുട്ബോൾ താരങ്ങൾക്ക് ജന്മം നൽകിയ പാനമയിലെ സുൽ മിഷ്യാലിറ്റോയിലെ ബറ്റിയയിലായിരുന്നു ബലോയുടെ ജനനം. കൂട്ടുകാർക്കൊപ്പം തെരുവിൽ കളിച്ചാണ് പിപെയിൽ ഫുട്ബോൾ കമ്പം കയറുന്നത്. സ്കൂൾ പഠനത്തോട് പുസ്തകങ്ങളോട് വിടപറഞ്ഞ് പന്ത് പിറകെ കൂടി. പതിനെട്ടാം വയസ്സിൽ തന്നെ പ്രൊഫഷണൽ ഫുട്ബോളിൽ കളിച്ചു തുടങ്ങി. പാനമയിലെ യൂറോകിക്കേഴ്സിലായിരുന്നു തുടക്കം. പിന്നെ കൊളംബിയയിലെയും ബ്രസീലിലെയും മെക്സിക്കോയിലെയും ക്ലബുകളിൽ കളിച്ച് വളർന്നു.

2001ലാണ് ദേശീയ ടീമിലെത്തിയത്. പതിനേഴ് വർഷമായി തുടർച്ചയായി കളിക്കുന്നു. ലൂയസ് ഗാർസെസ്, ലൂയി ദേജ്ദ, ജൈമി പെനെഡോ എന്നിവരടങ്ങിയ ടീം പാനമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമായിട്ടും ലോകകകപ്പിൽ അരങ്ങേറ്റം കുറിക്കാൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു. ആദ്യ ലോകകപ്പ് അവസാന ലോകകപ്പാണെങ്കിലും അതിൽ ടീമിന്റെ ആദ്യ ഗോളടിക്കാനുള്ള നിയോഗം ലഭിച്ചത് ഒരു ലോകകപ്പ് നേട്ടത്തേക്കാൾ വലുതാണ് ബലോയ്ക്ക്.

Content Highlights: Fifa World Cup Panama england Felipe Baloy