ആക്രമിക്കാൻവരുന്ന എതിരാളികൾക്ക് അവസരം കൊടുക്കാതെ എങ്ങനെ മുന്നോട്ടു പോകണമെന്ന് മൂന്നാം വയസ്സിലേ പഠിച്ചെടുത്തിട്ടുണ്ട് ദെയാൻ ലോവറൻ. അതുകൊണ്ടുതന്നെ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിന്റെ ഹാരി കെയ്‌നും ഡെലെ അലിയും ക്രൊയേഷ്യൻ പ്രതിരോധനിരയിൽ ആക്രമിച്ചുകയറുമ്പോഴും ലോവറൻ പാറപോലെ ഉറച്ചുനിന്നു.

കെയ്‌നിനോ അലിക്കോ തകർക്കാൻ പറ്റുന്നതല്ല ആ മനക്കരുത്ത്. യുദ്ധവും കുടിയേറ്റവും പലായനങ്ങളുമെല്ലാം അതിന് ബലം പകർന്നു.

യുഗോസ്ലാവിയയിൽ വംശീയകലാപം നടക്കുന്ന സമയം. ലോവറന്റെ നാടായ സെനിഗയിൽ കൊലപാതകപരമ്പര അരങ്ങേറുന്നു. കുഞ്ഞു ലോവറൻ എഴുന്നേൽക്കുമ്പോൾ കേൾക്കുന്നത് പ്രിയപ്പെട്ടവരുടെ മരണവാർത്തകൾ മാത്രം. ആദ്യം പൊതുനിരത്തിൽ അമ്മാവൻ കൊലക്കത്തിക്കിരയാകുന്നു. തൊട്ടടുത്തദിനം കളിക്കൂട്ടുകാരന്റെ അച്ഛൻ വെടിയേറ്റു മരിക്കുന്നു. കഠിനവഴിയിലൂടെയാണ് ലോവറൻ കടന്നുവന്നത്.

ഏതുസമയത്തും മരണം കൊണ്ടുപോയേക്കുമെന്ന തോന്നൽ. ലോവറന്റെ അച്ഛനും അമ്മയും ആലോചിക്കാൻനിന്നില്ല. അവർ ജർമനി ലക്ഷ്യമിട്ട് യാത്രതിരിച്ചു. ആക്രമണകാരികളുടെ ബോംബിങ്ങിനിടിയിൽ മരണം മുന്നിൽക്കണ്ട 17 മണിക്കൂർ യാത്ര. ബോംബ് പൊട്ടാതിരിക്കുമ്പോൾ അമ്മയും അച്ഛനും ലോവറനെയുംകൊണ്ട് അഭയകേന്ദ്രത്തിലേക്ക് മാറും, അടുത്ത ഇടവേളയ്ക്കായി കാത്തിരിക്കും. അങ്ങനെ ആക്രമണത്തെ അതിജീവിച്ച് ലോവറനും കുടുംബവും മ്യൂണിക്കിലെത്തി. പുതിയ നഗരം, പുതിയ ജീവിതം.

കുഞ്ഞു ലോവറൻ അവിടെ പന്തുതട്ടിത്തുടങ്ങി, മ്യൂണിക്കിലെ സ്കൂളിൽ പഠിച്ചുതുടങ്ങി. ജർമൻ ഭാഷ പഠിച്ചു. ജർമനിയും അവിടത്തെ പുതിയ സുഹൃത്തുകളും അയാളിൽ പുതിയ ലോകം സൃഷ്ടിച്ചു.

അതിനിടെ അച്ഛനും അമ്മയ്ക്കും ജർമനി മടുത്തുതുടങ്ങി. തിരികെ നാട്ടിലേക്കുപോകാൻ തീരുമാനിച്ചു. വീണ്ടും ക്രൊയേഷ്യ. അവിടെ കർലോവാച്ചിലും ഇലോവച്ചിലും ലോവറൻ കളി തുടർന്നു. ഡൈനാമോ സാഗ്രെബിലും ഇന്റെ സാപ്രെസിച്ചിലും കളിച്ചുവളർന്നു. അതിനിടെ ക്രൊയേഷ്യ അണ്ടർ-17 മുതൽ 21 വരെ ടീമുകളിലും ഇടംകണ്ടെത്തി. 2009 മുതൽ ക്രോട്ടുകളുടെ സീനിയർ ടീമിലും സ്ഥിരം സാന്നിധ്യം. ലോവറൻ ക്രൊയേഷ്യയിൽനിന്ന് ഫ്രാൻസ് ക്ലബ്ബ് ലിയോണിലേക്കും അവിടെനിന്ന് ഇംഗ്ലീഷ് ക്ലബ്ബ് സതാംപ്ടണിലേക്കും. 2014 മുതൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ലിവർപൂളിന്റെ പ്രതിരോധത്തിലെ അമരക്കാരൻ. ഈ വർഷം രണ്ടു ഫൈനലുകൾക്കാണ് ലോവറൻ യോഗ്യത നേടിയത്. ആദ്യം ലിവർപൂളിനൊപ്പം യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ ഫൈനൽ. ഇപ്പോൾ ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലും.

ബുധനാഴ്ച ഇംഗ്ലണ്ടിനെ തോൽപ്പിച്ചശേഷം ലോവറൻ പറഞ്ഞു, “ലോകത്തെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളാണ് ഞാൻ...”