ച്ഛനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞുപറഞ്ഞ് മടുത്താണ് കെസ്പര്‍ ഷ്മിഷേല്‍ ലോകകപ്പിൽ ഡെൻമാർക്കിന്റെ ഗോൾവലയം കാക്കാനിറങ്ങിയത്. എന്നാൽ, ലോകകപ്പ് പ്രീക്വാർട്ടറിൽ ക്രൊയേഷ്യയ്ക്കെതിരേ കെസ്പർ  നേരേ പെനാൽറ്റി സ്പോർട്ടിൽ നിന്ന് തീ തുപ്പി വരുന്ന വെടിയുണ്ടകൾ ചാടിയും പറന്നും പിടിക്കുമ്പോൾ അച്ഛൻ  പീറ്റർ ഷ്മിഷേൽ ഗ്യാലറിയിൽ ശ്വാസമടക്കിപ്പിടിച്ച് ഇരിപ്പായിരുന്നു. ബാറിന് കീഴിൽ മകൻ കാട്ടുന്ന ഇന്ദ്രജാലങ്ങൾ കൺകുളിർക്കെ കണ്ടു രസിക്കുകയായിരുന്നു. തന്റെ പാരമ്പര്യം മകനിലൂടെ തുടരുന്നതിന്റെ സന്തോഷം പ്രകടനമായിരുന്നു ഡാനിഷ് ഫുട്ബോളിലെ ഏറ്റവും മികച്ച ഗോൾകീപ്പറായ പീറ്ററിന്റെ മുഖത്ത്.

തോറ്റെങ്കിലും ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തിൽ മൂന്ന് പെനാൽറ്റികളാണ് തടഞ്ഞത്. എക്സ്ട്രാ ടൈമിൽ ഒന്നും ഷൂട്ടൗട്ടിൽ രണ്ടെണ്ണവും. എക്സ്ട്രാ ടൈമിന്റെ 116-ാം മിനിറ്റിൽ ലൂക്ക മോഡ്രിച്ച് എടുത്ത കിക്കാണ് മനോഹരമായൊരു ഡൈവിലൂടെ ഷ്മിഷേല്‍ ആദ്യം തടഞ്ഞത്. നിർണായക നിമിഷത്തിലുള്ള മകന്റെ സേവിനെ ഗ്യാലറിയിലെ വി.ഐ.പി. ഗ്യാലറിയിലിരുന്ന് അഭിമാനത്തോടെ കൈയടിച്ച് പ്രോത്സാഹിപ്പിക്കു അച്ഛനെ ടി.വി.ക്കാരും ക്യാമറക്കാരും വെറുതെവിട്ടില്ല. അച്ഛന്റെ ഇൗ പ്രോത്സാഹനം മുൻ ഇംഗ്ലീഷ് ഗോൾകീപ്പർ ഡേവിഡ് സീമാനും അപ്പോൾ തന്നെ മനോഹര ദൃശ്യമെന്ന് വിശേഷിപ്പിച്ചു.

ഇൗ സേവോടെയാണ് മത്സരം ഷൂട്ടൗട്ടിലേയ്ക്ക് നീണ്ടത്. ക്രൊയേഷ്യയുടെ ആദ്യ കിക്കെടുത്ത മിലാന്‍ ബാദേലിന്റെ കിക്കാണ് ആദ്യം  ഷ്മിഷേല്‍ പറന്ന് തട്ടികയറ്റിയത്. മോഡ്രിച്ചിന്റെയും ക്രാമരിച്ചിന്റെയും വലയിൽ കയറിയെങ്കിലും പിവാരിച്ച് എടുത്ത കിക്ക് ഷ്മിഷേൽ വീണ്ടും തടഞ്ഞ് ഡെൻമാർക്കിന്റെ സ്വപ്നങ്ങൾക്ക് ചിറകുനൽകി. എന്നാൽ, ക്രൊയേഷ്യൻ ഗോളി ഡാനിയേല്‍ സുബാസിച്ചിന്റെ ഒരു കിക്ക് അധികം സേവ് ചെയ്ത് മത്സരം ഡെൻമാർക്കിന്റെ കൈയിൽ നിന്ന് തട്ടിയെടുത്തു. ഈ പ്രകടനത്തിന്റെ പേരിലാണ് ഷ്മിഷേലിനെ തേടി രണ്ടാം വട്ടവും മാൻ ഓഫ് ദി മാച്ച് അവാർഡ് എത്തിയത്. പെറുവിനെതിരായ ഗ്രൂപ്പ് റൗണ്ട് മത്സരത്തിലും ഷ്മിഷേലായിരുന്നു മാൻ ഓഫ് ദി മാച്ച്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിയുടെ ഗോൾകീപ്പറായ ഷ്മിഷേൽ ഈ ലോകകപ്പിൽ ഉടനീളം ഉജ്വല ഫോമിലാണ്. പ്രാഥമിക റൗണ്ടിലെ മൂന്ന് മത്സരങ്ങളിലും ഡെൻമാർക്കിന്റെ വല ഭദ്രമായി കാത്തത് ഷ്മിഷേലാണ്. ഇതിൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ മത്സരത്തിൽ മാത്രമാണ് ഷ്മിഷേൽ ഒരു ഗോൾ വഴങ്ങിയത്. അതും ജെഡിനാക്കിന്റെ ഒരു പെനാൽറ്റിയിൽ നിന്ന്.

ബാറിന് കീഴിൽ മികച്ച പ്രകട​നം കാഴ്ചവച്ചെങ്കിലും ലോകകപ്പിൽ അച്ഛന്റെ നേട്ടം ആവർത്തിക്കാൻ മകനായില്ല. അച്ഛൻ കളിച്ച ഏക ലോകകപ്പ് 1998ലെ ഫ്രാൻസ് ലോകകപ്പാണ്. അന്ന് ഡെൻമാർക്ക് ചരിത്രത്തിൽ ആദ്യമായി ലോകകപ്പിന്റെ ക്വാർട്ടർഫൈനലിൽ പ്രവേശിച്ചിരുന്നു. അച്ഛന്റെ നിഴലിൽ നിന്ന് മുക്തനാവാൻ ശ്രമിക്കുന്ന മകന്റെ സ്വപ്നം അതിന് ഒരു പടി മുൻപേ, പ്രീക്വാർട്ടറിൽ പൊലിഞ്ഞു.

റഷ്യൻ വാർത്താ ചാനലായ  ചാനൽ ആർ.ടിയിൽ സ്വന്തം ഷോ അവതരിപ്പിക്കാൻ എത്തിയതായിരുന്നു പീറ്റർ. ഈ പരിപാടി അവതരിപ്പിക്കുന്നതിന് ഡാനിഷ് മാധ്യമങ്ങളിൽ നിന്ന് കടുത്ത വിമർശനം നേരിടേണ്ടിവന്നിട്ടുണ്ട് ദേശീയ ടീമിനുവേണ്ടി 129 മത്സരങ്ങളിൽ ഗോൾവലയം കാത്ത ഷ്മിഷേൽ. 2001ൽ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ച ഷ്മിഷേൽ 2003ൽ മാഞ്ചസ്റ്റർ സിറ്റിയിൽ കളിച്ചുകൊണ്ടിരിക്കെ പ്രൊഫഷണൽ ഫുട്ബോളിനോട് വിടപറഞ്ഞു. മകൻ കെസ്പർ 2013 മുതൽ ഡെൻമാർക്ക് ടീമിലുണ്ട്. ഇതുവരെയായി 39 മത്സരങ്ങളിൽ ടീമിന്റെ ഗോൾവലയം കാത്തു. ഈ ലോകകപ്പിൽ അച്ഛൻ പീറ്ററിന്റെ ഒരു റെക്കോഡ് തകർക്കുകയും ചെയ്തു കെസ്പർ പഴങ്കഥയാക്കിയിരുന്നു. ഏറ്റവും കൂടുതൽ നേരം ഡെൻമാർക്കിന്റെ വല ഗോൾ വീഴാതെ കാത്തതിന് അച്ഛന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് മകൻ ഷ്മിഷേൽ തകർത്തത്. പെറുവിനെതിരായ മത്സരത്തിലായിരുന്നു ഈ നേട്ടം. തുടർച്ചയായി 533 മിനിറ്റ് നേരമാണ് ഷ്മിഷേൽ ഡെൻമാർക്കിന്റെ ഗോൾവലയം ഇളകാതെ കാത്തത്. ഇങ്ങനെയൊരു റെക്കോഡിന്റെ കാര്യം തനിക്കോ അച്ഛനോ അറിയില്ലെന്നാണ് അന്ന് മത്സരശേഷം കെസ്പർ പ്രതികരിച്ചത്.

Content Highlights: Fifa World Cup Football Kasper Schmeichel Peter Schmeichel Denmark Goaly Penalty