ഡേവ് സേവ്സ് എന്നാണ് ഡേവിഡ് ഡി ഗിയയുടെ ലണ്ടനിലെ വിളിപ്പേര്. മാഞ്ചസ്റ്റർ യുണൈറ്റഡുകാരുടെ പ്രിയപ്പെട്ട ഹാഷ്ടാഗ്. ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പറെന്നാണ് ഫുട്ബോൾ പണ്ഡിതരിൽ ബഹുഭൂരിപക്ഷത്തിന്റെയും വിശേഷണം. ഈ ഡി ഗിയയുടെ ഗ്ലൗസിൽ ആയുസ്സ് ഏൽപിച്ചാണ് എട്ടു വർഷത്തിനുശേഷം ലോകകിരീടം തിരിച്ചുപിടിക്കാനായി സ്പാനിഷ് പട റഷ്യയിലേയ്ക്ക് വിമാനം കയറിയത്. എട്ട് വർഷം മുൻപ് കിരീടം നേടുമ്പോൾ ബാറിന് കീഴിൽ ഇകർ കസീയസ് കാട്ടിയ ഇന്ദ്രജാലങ്ങളിൽ കുറഞ്ഞൊന്നും സ്പെയിൻകാർ ഡി ഗിയയിൽ നിന്ന് പ്രതീക്ഷിച്ചരുന്നില്ല.

എന്നാൽ, മോസ്ക്കോ ലുഷ്നിക്കി സ്റ്റേഡിയത്തിലെ ആ ശപിക്കപ്പെട്ട രാത്രിക്കുശേഷം നാട്ടിലേയ്ക്ക് നാണംകെട്ട് മടങ്ങുമ്പോൾ വില്ലൻവേഷത്തിൽ തലകുമ്പിട്ടിരിക്കുകയാണ് ഡി ഗിയ. ക്വാർട്ടർ എത്തും മുൻപ് ടീം പുറത്തായതിന്റെ ഉത്തരവാദിത്വം മുഴുവൻ നാലു വർഷമായി ബാറിന് കീഴിൽ വിശ്വസ്തനായി നിലയുറപ്പിച്ചിരുന്ന ഡി ഗിയയുടെ തലയിലാണ്.

വെറുതെയുള്ള പഴചാരലല്ല, അത്രയ്ക്ക് ദയനീയമായിരുന്നു  ഗ്രൂപ്പ് റൗണ്ടിലും പ്രീക്വാർട്ടറിലുമുള്ള  ഡി ഗിയയുടെ പ്രക​ടനം. കണക്കുകൾ തന്നെ അത് ശരിവയ്ക്കും. ആകെയുള്ള നാലു മത്സരങ്ങളിൽ സ്പെയിനിന്റെ പോസ്റ്റിലേയ്ക്കു വന്നത് ഏഴ് ഷോട്ട്. ഇതിൽ ആറും വലയിൽ. പെനാൽറ്റി ഷൂട്ടൗട്ട് കൂടി കണക്കിലെടുത്താൽ മൊത്തം പതിനൊന്ന് ഷോട്ട്. പത്തും വലയിൽ കയറി. പിടിച്ചതാവട്ടെ ഒന്നും. മൊറോക്കോയുടെ ഖാലിദ് ബൗതൈബിന്റെ ഷോട്ട് മാത്രമാണ് ഡി ഗിയ ഇൗ ലോകകപ്പിൽ തടഞ്ഞത്. ഇതേ മത്സരത്തിൽ ഒരിക്കൽ ഡി ഗിയയെ കീഴ്പ്പെടുയി ബൗതൈബ് സ്പാനിഷ് വല കുലുക്കുകയും ചെയ്തു.

പോർച്ചുഗലിനെതിരായ മത്സരത്തിൽ മൂന്നും മൊറോക്കോയ്ക്കെതിരേ രണ്ടും റഷ്യയ്ക്കെതിരേ ഒരു ഗോളും വഴങ്ങിയ ഡി ഗിയയുടെ വല കുലുങ്ങാതിരുന്നത് ഇറാനെതിരായ മത്സരത്തിൽ മാത്രമാണ്. പ്രീക്വാർട്ടറിലെ  പെനാൽറ്റി ഷൂട്ടൗട്ടിലാവട്ടെ ഒരൊറ്റ കിക്ക് പോലും തടുക്കാനായതുമില്ല. ഇതിൽ ഡെന്നിസ് ചെറിഷേവിന്റെയും മറ്റും തീർത്തും ദുർബലമായ കിക്കുകളായിട്ടും ബാറിന് കീഴിൽ വെറും കാഴ്ചക്കാരനായിരുന്നു ഡി ഗിയ.

വഴങ്ങിയ ഗോളുകളുടെ എണ്ണമല്ല, അതിന്റെ രീതിയാണ് ഡി ഗിയക്ക് തിരിച്ചടിയായത്. ഇതിൽ ഏറ്റവും വലിയ വിമർശനങ്ങൾക്ക് വഴിവച്ചത് ആദ്യ മത്സരത്തിൽ വഴങ്ങിയ ഒരു ഗോളാണ്. ക്രിസ്റ്റ്യാനോ ബോക്സിൽ നിന്ന് തൊടുത്ത ദുർബലമായ ഷോട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിനുവേണ്ടി 237ഉം സ്പെയിനിനുവേണ്ടി 33 ഉം മത്സരങ്ങളിൽ ഗോൾവലയം കാത്ത  ഡി ഗിയയെ പോലൊരു ഗോളിയുടെ കൈയിൽ നിന്ന് ഉതിർന്നു നെറ്റിലേയ്ക്ക് പോകുന്നത് അവിശ്വസനീയതയോടൊണ് ലോകം കണ്ടുനിന്നത്.

Content Highlights: Fifa World Cup Football David De Gea Goaly Penalty Spain Christiano Ronaldo