ഒരു പോസ്റ്റ്മാനാവുക എന്നാൽ നിങ്ങൾ വിചാരിക്കുന്നതിലും കടുപ്പമുള്ള കാര്യമാണ്. അടുത്ത തവണ കത്തുമായി പോസ്റ്റ്മാൻ വരുമ്പോൾ നിങ്ങൾ മുഖം കറുപ്പിക്കരുത്. പകരം നിറഞ്ഞ പുഞ്ചിരിയുമായി വാതിൽ തുറന്ന് അയാളെ സ്വീകരിക്കുക. വേണമെങ്കിൽ അയാൾക്ക് ഒരു കപ്പ് കാപ്പിയും കൊടുക്കാം. 

ഇതൊരു പഴയ പോസ്റ്റ്മാന്റെ കുറിപ്പാണ്. നിത്യവൃത്തിക്ക് വീടുവീടാന്തരം കത്തുകൾ കുത്തിനിറച്ച ബാഗുമായി അലഞ്ഞു തളർന്ന ഇയാൾ ഇപ്പോൾ ബെൽജിയത്തിന്റെ ചെങ്കുപ്പായത്തിലുണ്ട്. പോസ്റ്റ്മാനായി മാത്രമല്ല, വാഹനനിർമാണ കമ്പനിയിലും ജോലി ചെയ്ത ചരിത്രവുമുള്ളയാളാണ്  ബെൽജിയത്തിന്റെ റൈറ്റ് ബാക്ക് തോമസ് മ്യൂനീർ.

കപ്പടിക്കാനായില്ലെങ്കിലും  ലോകകപ്പിലെ  ബെൽജിയത്തിന്റെ കുതിപ്പിൽ പോസ്റ്റ്മാന്റെ കുപ്പായമഴിച്ചുവച്ച് ചെങ്കുപ്പായമണിഞ്ഞ മ്യൂനീര്‍ വഹിച്ച പങ്ക് വലുതാണ്. ലൂസേഴ്സ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ ഗോൾ നേടി മികവ് തെളിയിക്കുകയും ചെയ്തു.

ഗ്രൗണ്ടിലെ കഠിനമായ പരിശീലനത്തിന്റെ മാത്രമല്ല, ജീവിതത്തിൽ കളിച്ച കടുപ്പമുള്ള കളികളുടെ കഥകളാണ് മ്യൂനീർക്ക് ഏറെയും പറയാനുള്ളത്.

ബെൽജിയത്തിനുവേണ്ടി കളിക്കുന്നത് മൂന്ന് വർഷം മുൻപാണ് മ്യൂനീർ നിത്യവൃത്തിക്കായി  പോസ്റ്റ്മാനായി ജോലി ചെയ്തത്.

അന്നെനിക്ക് പതിനെട്ട് വയസ്സായിരുന്നു പ്രായം. ഫുട്ബോൾ കൊണ്ട് ഒരു ജീവിതം കണ്ടെത്താൻ കഷ്ടപ്പെടുന്ന കാലം. അന്നാണ് പോസ്റ്റ്മാനായി ജോലി ചെയ്തത്. എന്നും പുലർച്ചെ അഞ്ചു മണിക്ക് എഴുന്നേൽക്കണം. ലണ്ടനിലോ ന്യൂയോർക്കിലോ ആണെങ്കിൽ സുഖമാണ്. അടുത്തടുത്താണല്ലോ അപ്പാർട്ട്മെന്റുകൾ. എന്നാൽ, അതല്ല ബെൽജിയത്തെ സ്ഥിതി. ഞങ്ങളുടേത് ഒരു ചെറിയ ഗ്രാമമാണ്. വീടുകൾ തമ്മിൽ വലിയ അകലമാണ്. നല്ല മഴയാണെങ്കിൽ കത്തുകളുടെ ചാക്കുമെടുത്ത് ഒാരോ വീട്ടിലേയ്ക്കും അമ്പത് മീറ്ററെങ്കിലും നടക്കണം. വൈകീട്ട് വീട്ടിലെത്തുമ്പോൾ  ശരിക്കും തളർന്നുപോകും.

രണ്ടു മാസം ഞാൻ ആ ജോലി ചെയ്തു. പിന്നെയാണ് ഞാൻ സെയിന്റ് ഗൊബെയ്ൻ ഒട്ടോവർ എന്നൊരു ഓട്ടൊമൊബൈൽ കമ്പനിയിൽ ജോലിക്ക് പോയത്. ഇതൊക്കെ വളരെ മുൻപൊന്നുമല്ല, 2010ലാണ്. എട്ടു വർഷത്തിനുശേഷം ഞാനിതാ ലോകകപ്പ് കളിക്കുകയാണ്.

ഞങ്ങളുടെ ഗ്രാമത്തിൽ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഒരു രസത്തിന് ഞാനും കളിച്ചുതുടങ്ങിയത്. എന്നാൽ, അച്ഛൻ വളരെ സീരിയസായിരുന്നു. കളി കാര്യമായി എടുത്ത ആളായിരുന്നു.

 അങ്ങനെ എനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോൾ എന്റെ അച്ഛനും അമ്മയും വേർപിരിഞ്ഞു. അമ്മയ്ക്കൊപ്പമാണ് ഞാൻ കഴിഞ്ഞത്. കഷ്ടപ്പെട്ടാണ് അമ്മ എന്നെ വളർത്തിയത്. വെളുപ്പിന് ആറു മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ നെഴ്സായി ജോലി ചെയ്യും. അതുകഴിഞ്ഞ് വീടുകളിൽ ജോലിക്ക് പോകും. രാത്രി ഒൻപത് മണിയാവും തിരിച്ചെത്താൻ. പതിമൂന്നാം വയസ്സിലാണ് ഞാൻ സ്റ്റാൻഡേർഡ് ലീഗിന്റെ അക്കാദമിയിൽ കളിക്കാൻ പോയത്. വലിയ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും രണ്ടു വർഷം കഴിഞ്ഞപ്പോൾ അവർ എന്നെ ഒഴിവാക്കി. അത് എനിക്കൊരു ഞെട്ടിലായിരുന്നു. കോച്ച് ഈ കാര്യം പറയുമ്പോൾ ഞാനും അമ്മയും കുറേ നേരം മുഖത്തോടു മുഖം നോക്കിയിരുന്നു.

എനിക്കതൊരു ദുരന്തമായി തോന്നിയില്ല. സ്കൂളിൽ പോകാം, മറ്റു കളികൾ കളിക്കാം, സിനിമ കാണാം,  അങ്ങനെ മറ്റു പലതും ചെയ്യാലോ. അതായിരുന്നു എന്റെ ചിന്ത. ഫുട്ബോൾ നിർത്തുകയാണെന്ന് ഞാൻ വീട്ടിൽ പറഞ്ഞു.

എന്നാൽ, അച്ഛന് അത് ഉൾക്കൊള്ളാനായില്ല. സ്വന്തം ഫുട്ബോൾ സ്വപ്നം എന്നിലൂടെ യാഥാർഥ്യമാക്കുകയായിരുന്നു അദ്ദേഹം. എന്റെ തീരുമാനം തകർത്തത് എന്റെ മാത്രം സ്വപ്നമല്ല, അദ്ദേഹത്തിന്റേത് കൂടിയായിരുന്നു. അമ്മയും എന്നെ മനസ്സിലാക്കിയില്ല. കളി നിർത്താൻ അവരും അനുവദിച്ചില്ല. വിർട്ടൺ എന്നൊരു കൊച്ചു ക്ലബിലെ കോച്ചിനോട് എന്നെ പരിശീലിപ്പിക്കാൻ അഭ്യർഥിച്ചു. ട്രയൽ മത്സരത്തിൽ ഞങ്ങൾ 13-5  എന്ന സ്കോറിൽ ജയിച്ചു. പത്ത് ഗോളും അടിച്ചത് ഞാനായിരുന്നു.

എന്നാൽ, ജീവിക്കാൻ അതു മതിയാകുമായിരുന്നില്ല. മൂന്നാം ഡിവിഷനിലായിരുന്നു ക്ലബിലെ മുതിർന്ന താരങ്ങൾക്ക് അന്നു ലഭിച്ചിരുന്നത് 400 യൂറോയാണ്.

സ്റ്റാൻഡേഡ് ലീഗിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനുശേഷം അച്ഛൻ എന്നോട് സംസാരിക്കാറില്ലായിരുന്നു.  എന്നാൽ, ഒരു ദിവസം ഞാൻ സീനിയർ ടീമിനൊപ്പം  കളിക്കുകയായിരുന്നു. നോക്കുമ്പോൾ ഗ്യാലറിയിൽ അച്ഛൻ. ഒറ്റയ്ക്കിരുന്ന് എന്റെ കളി കാണുകയാണ്.

 ഹൈസ്കൂൾ കഴിഞ്ഞപ്പോൾ ഞാൻ ആകെ വിഷമാവസ്ഥയിലായി. മുഴുവൻസമയ ഫുട്ബോളറായി പണം സമ്പാദിക്കാൻ കഴിഞ്ഞില്ല. കോളേജ് പഠനം പൂർത്തിയാക്കാനുമായില്ല. അങ്ങനെയാണ് പോസ്റ്റ്മാനായത്. സത്യം പറഞ്ഞാൽ ഞാൻ അത് ആസ്വദിച്ചിട്ടൊന്നുമില്ല. ഭാഗ്യത്തിനാണ് കാർ ഫാക്ടറിയിൽ ജോലി കിട്ടിയത്.

കാലത്ത് അഞ്ചു മണിക്ക് തന്നെ ജോലിക്ക് പോകണം. ആറു മണിക്ക് ഒരു കപ്പ് കാപ്പി ഉണ്ടാക്കി കുടിച്ചാണ് ജോലി തുടങ്ങുക. മെഴ്സിഡസ്, റെനോ, സിട്രോൺ, ഒപ്പൽ എന്നിവയ്ക്കുവേണ്ട വിൻഷീൽഡുകളായിരുന്നു അവിടെ ഉണ്ടാക്കിയിരുന്നത്. അതൊക്കെ വലിയ ട്രക്കുകളിൽ കയറ്റുകയായിരുന്നു എന്റെ ജോലി. ഉച്ചയ്ക്ക് രണ്ടു മണി വരെയായിരുന്നു ജോലി. അതുകഴിഞ്ഞായിരുന്നു പരിശീലനം.

കളിക്കളത്തിൽ ഞാൻ ഒട്ടും മോശമാക്കിയില്ല. ഇടതും വലതും കാലുകൾ കൊണ്ടും ഹെഡ്ഡറിൽ നിന്നും ഒരുപാട് ഗോളുകൾ നേടി. ചിലതൊക്കെ യൂട്യൂബിലെത്തി. ചിലത് വൈറിലായി. മൂന്നാം ഡിവിഷനിലാണ് ഒരാൾ ഈ ഗോളുുകൊളൊക്കെ നേടുന്നതെന്ന് പലരും ആശ്ചര്യപ്പെട്ടു. എന്നാൽ, ഒരു കാർ ഫാക്ടറിയിലെ  തൊഴിലാളിയാണ് ഈ ഗോളുകളത്രയും നേടുന്നതെന്ന് അവർ അറിഞ്ഞില്ല.

ഇന്നത്തെ എന്റെ അവസ്ഥയൊക്കെ ഒരു നിയോഗമാണ്. കാർ ഫാക്ടറിയിൽ നിന്ന് കാപ്പി കുടിക്കുന്നത് മുതൽ നെയ്മർക്കൊപ്പം കളിക്കുന്നതുവരെ-മ്യൂനിയർ ദി പ്ലെയേഴ്സ് ടൈബ്ര്യൂണലിൽ കുറിച്ചു.

Content Highlights: Fifa World Cup Football Belgium England Thomas Meunier Postman