ലോകകപ്പിൽ പോർച്ചുഗലിന്റെ മാത്രമല്ല, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന പോർച്ചുഗീസ് സൂപ്പർതാരത്തിന്റെയും സ്വപ്നം ഒരൊറ്റ രാത്രി കൊണ്ട് തകർത്തവനാണ് എഡിൻസൺ കവാനി. ഒരിക്കലെങ്കിലും ഒരു ലോകകപ്പിൽ മുത്തമിടുക എന്ന സ്വപ്നം ബാക്കിയാക്കി അകാലത്തിൽ സോച്ചി ഫിഷ്ട് സ്റ്റേഡിയത്തിൽ നിന്ന് ഫിഫയുടെ ലോക ഫുട്ബോളർക്ക് തല കുനിച്ച് മടങ്ങേണ്ടിവന്നതിന് രണ്ടു പകുതികളിലായി കവാനി നേടിയ ഇരട്ടഗോളുകൾ മാത്രമാണ് കാരണം.

എന്നാൽ, മത്സരത്തിന്റെ എഴുപതാം മിനിറ്റിൽ സോച്ചി ഫിഷ്ട് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് സ്പോർട്സ്മാൻ സ്പിരിറ്റിന്റെ അപൂർവ നിമിഷത്തിന്. പേശിവലിവ് മൂലം ഇടയ്ക്ക് പിൻവാങ്ങുകയായിരുന്നു കവാനി. ഗ്രൗണ്ടിൽ നിന്ന് മുടന്തിനീങ്ങുന്നതിനിടെ ഓടിയെത്തിയത് ക്രിസ്റ്റ്യാനോ. ഗോളടിക്കാൻ കഴിയാതിരുന്നതിന്റെയോ തോറ്റുകൊണ്ടിരിക്കുന്നതിന്റെയോ നീരസം തെല്ലും മുഖത്ത് നിഴലിടാതെ, ഒരു ടീമംഗത്തെപ്പോലെ  
ഓടിച്ചെന്ന് കവാനിയെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് താങ്ങി ഗ്രൗണ്ടിന് പുറത്തെത്തിച്ചശേഷമാണ് ക്രിസ്റ്റ്യാനോ മടങ്ങിയത്.

കവാനിയുടെ ഗോളുകളേക്കാൾ ക്രിസ്റ്റ്യാനോയുടെ ഈ പ്രവർത്തിക്കാണ് സ്റ്റേഡിയത്തിൽ വലിയ കൈയടി കിട്ടിയത് എന്നത് വാസ്തവം. സോഷ്യൽ മീഡിയയിലും ക്രിസ്റ്റ്യാനോയുടെ ഈ പ്രവർത്തിക്ക് വലിയ അംഗീകാരമാണ് ലഭിച്ചത്.

പോർച്ചുഗൽ മത്സരം തോറ്റെങ്കിലും ഈയൊരൊറ്റ പ്രവർത്തി കൊണ്ട് ക്രിസ്റ്റ്യാനോ ലക്ഷങ്ങളുടെ ഹൃദയങ്ങൾ കീഴടക്കിയെന്ന് ചിലർ അഭിപ്രായപ്പെട്ടു.

പ്രീക്വാർട്ടറിന്റെ ഏഴ്, 62 മിനിറ്റുകളിലായിരുന്നു പോർച്ചുഗലിന്റെ കഥ കഴിച്ച കവാനിയുടെ ഗോളുകൾ.

കവാനിയുടെ പരിക്ക് യുറഗ്വായ്ക്ക് അക്ഷരാർഥത്തിൽ തിരിച്ചടിയായിരിക്കുകയാണ്. ക്വാർട്ടറിൽ കവാനിക്ക് കളിക്കാനാകുമോ എന്ന കാര്യം വ്യക്തമല്ല. പരിക്ക് ഭേദമാകാൻ അധികം സമയമില്ലെന്നാണ് കോച്ച് ഓസ്ക്കർ ടബരെസ് ആശങ്ക പ്രകടിപ്പിച്ചത്. പരിക്ക് എത്രമാത്രം ഗുരുതരമാണെന്ന് ഞങ്ങൾക്ക് അറിയില്ല. എങ്കിലും ടീമിന് ഇതിൽ ആശങ്കയുണ്ട്-ടബരെസ് പറഞ്ഞു.

പരിക്ക് വേഗം ഭേദമാകുമെന്നാണ് പ്രതീക്ഷയെന്ന് കവാനി പറഞ്ഞു. വീണ്ടും ഗ്രൗണ്ടിലെത്താൻ ആവുന്നതെല്ലാം ചെയ്യും-കവാനി പറഞ്ഞു.

Content Highlights: Fifa World Cup Christiano Ronaldo Helps Edinson Cavani Injury Portugal Uruguay