2010ൽ ദക്ഷിണാഫ്രിക്കയിൽ ലോകകപ്പ് നടക്കുമ്പോൾ ക്രിസ് ട്രിപ്പിയർക്ക് ആഘോഷിക്കാതിരിക്കാനായില്ല. ടി.വിയും സോഫയുമെല്ലാം പിടിച്ച് പുറത്ത് ലോണിലിട്ടു. ബറിയിലെ വീടിന് മുന്നിലെ  പത്തടി ഉയരമുള്ളൊരു മരം നാട്ടി. ഇംഗ്ലണ്ടിന്റെ കൊടി പാറിക്കാൻ.

എന്നാൽ, കാര്യങ്ങൾ വിചാരിച്ച മട്ടിൽ നടന്നില്ല. മുനിസിപ്പൽ കൗൺസിൽ ഇടപെട്ടു. അനുമതി ഇല്ലാതെ നാട്ടിയ കൊടിമരം അവർ നീക്കം ചെയ്യിച്ചു. കത്തിടപാടൊക്കെ കുറേ നടത്തിയെങ്കിലം ഫലമുണ്ടായില്ല. ഇംഗ്ലണ്ടിന്റെ കൊടി പാറിക്കാതെ തന്നെ ക്രിസ് ട്രിപ്പിയർക്കും മൂന്ന് ആൺമക്കൾക്കുമിരുന്ന് ഇംഗ്ലണ്ടിന്റെ കളി കാണേണ്ടിവന്നു. ഇംഗ്ലണ്ടിന് അന്ന് പ്രീക്വാർട്ടറിനപ്പുറം പോകാനായില്ല.

എന്നാൽ, എട്ടു വർഷത്തിനുശേഷം ഇതേ ക്രിസ് ട്രിപ്പിയറുടെ മകൻ കീറൻ ട്രിപ്പിയർ ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ  കൊടി ഉയരെ പാറിച്ചിരിക്കുകയാണ്. മോസ്ക്കോ ലുഷ്നിക്കി സ്റ്റേഡിയത്തിൽ ക്രൊയേഷ്യയ്ക്കെതിരായ സെമിയിൽ അവന്റെ വെടിയുണ്ട ഗോൾവല ഭേദിച്ചപ്പോൾ ബറിയിൽ മാത്രമല്ല, രാജ്യമാകെ ഇംഗ്ലണ്ടിന്റെ കൊടികൾ പാറുകയായിരുന്നു.

ലിങ്ഗാർഡിനെ ഫൗൾ ചെയ്തതിന് കിട്ടിയ കിക്ക് ട്രിപ്പിയർ ബോക്സിന് പുറത്ത് നിന്ന് വലയിലേയ്ക്ക് നേർരേഖ വരച്ച് പായിച്ചപ്പോൾ ബ്രിട്ടീഷ് ആരാധകരുടെ മനസ്സിൻ മിന്നിമാഞ്ഞത് 2006ലെ ലോകകപ്പാണ്. അന്ന് ഇക്വഡോറിനെതിരേ സാക്ഷാൽ ഡേവിഡ് ബെക്കാം നേടിയ ഫ്രീകിക്ക് ഗോളാണ്. ബെക്കാമിനുശേഷം ഡയറക്ടർ ഫ്രീകിക്കിൽ നിന്ന് ഗോൾ നേടുന്ന ആദ്യ ഇംഗ്ലീഷ് താരമായിരിക്കുകയാണ് ബറി ബെക്കാം എന്ന അപരനാമം പേറുന്ന കീറൻ ട്രിപ്പിയർ.

അന്ന് സ്റ്റുട്ട്ഗർട്ടിൽ നടന്ന പ്രീക്വാർട്ടറിന്റെ അറുപതാം മിനിറ്റിൽ ബെക്കാം നേടിയ ഈ ഗോളിനാണ് ഇംഗ്ലണ്ട് ഇക്വഡോറിനെ മറികടന്ന് ക്വാർട്ടറിലെത്തിയത്. എന്നാൽ, ക്വാർട്ടർറിൽ അവർ പോർച്ചുഗലിനോട് ഷൂട്ടൗട്ടിൽ വീണു.

ട്രിപ്പിയറുടെ ഫ്രീ കിക്ക്

ഇക്കുറി ബറി ബെക്കാമിന്റെ ഗോൾ പക്ഷേ, അവർക്ക് സമ്മാനിച്ചത് ഒരു സ്വപ്നമാണ്. ഇരുപത്തിയെട്ട് വർഷത്തിനുശേഷം ഒരു സെമിയിലാണ് ഇംഗ്ലണ്ടിനുവേണ്ടി ഈ ഗോൾ വീണിരിക്കുന്നത്.

സെമിയിൽ ബെക്കാമിനെ അനുസ്മരിപ്പിക്കുംവിധം ഗോൾ നേടിയത് മാത്രമല്ല, ട്രിപ്പിയറുടെ സവിശേഷത. ഇന്ന് ലോകഫുട്ബോളിലെ ഏറ്റവും മികച്ച വലതു വിംഗ് ബാക്കുകളിൽ ഒരാൾ കൂടിയാണ് ഈ ടോട്ടനം ഹോട്സ്പർ താരം.

റഷ്യൻ ലോകകപ്പിൽ ഗെരത് സൗത്ത് ഗെയ്റ്റ് മെനഞ്ഞ തന്ത്രങ്ങളെ ഇത്രത്തോളം എത്തിച്ചത് ട്രിപ്പിയറെന്ന വിംഗ്ബാക്ക് തന്നെയാണ്. അപാരമായ ഊർജം പേറുന്ന ട്രിപ്പിയർ പ്രതിരോധത്തിൽ മാത്രമല്ല, ആക്രമണത്തിലും ഒരുപോലെ തിളങ്ങി.

പാർശ്വങ്ങളിലൂടെ ചാലുകീറിയുള്ള ശരവേഗ മുന്നേറ്റവും വിംഗിൽ നിന്ന് കെയ്നിനെയും സ്റ്റെലിങ്ങിനെയും ലാക്കാക്കി പറക്കുന്ന കൃത്യതാർന്ന ക്രോസുകളും തന്നെയാണ് റഷ്യയിൽ ഇംഗ്ലണ്ടിന്റെ മുന്നേറ്റത്തിന്റെ ചാലകശക്തി. ഡെഡ് ബോൾ സാഹചര്യങ്ങളിൽ മാരകമാണ് ട്രിപ്പിയറുടെ പ്രകടനം. ടുണീഷ്യയ്ക്കെതിരായ ഹാരി കെയ്നിന്റെ ഗോളിനും ജോൺ സ്റ്റോൺസിന്റെ ഗോളിനും വഴിയൊരുക്കിയത് ട്രിപ്പിയറുെട കോർണറുകളായിരുന്നു. കൊളംബിയയ്ക്കെതിരേ ഷൂട്ടിൽ നിന്ന് ഒരു ഗോൾ നേടുകയും ചെയ്തു. അതും ജോർദൻ ഹെൻഡേഴ്സൺ ഒരു കിക്ക് പാഴാക്കിയശേഷമായിരുന്നു ട്രിപ്പിയർ കിക്കെടുക്കാൻ വന്നത്. വെടിയുണ്ടയ്ക്ക് വഴി പിഴച്ചതുമില്ല.

പഠിക്കുന്ന കാലത്ത് ബാസ്ക്ക്കറ്റ്ബോളിലും ടേബിൾ ടെന്നിസിലും അത്​ലറ്റിക്സിലും ക്രോസ് കൺട്രിയിലുമെല്ലാം മിടുക്കനായിരുന്നു. മാഞ്ചസ്റ്ററിന്റെ പ്രാന്തപ്രദേശമായ ബറിയിൽ കൂട്ടുകാർക്കും സഹോദരങ്ങൾക്കുമൊപ്പം പന്ത് തട്ടിത്തുടങ്ങിയ ട്രിപ്പിയർ എട്ടാം വയസ്സിൽ മാഞ്ചസ്റ്റർ സിറ്റിയുടെയും  യുണൈറ്റഡിന്റെയും അക്കാദമികളിൽ പരിശീലനം നടത്തി. എന്നാൽ, അച്ഛന്റെ ടീമായ യുണൈറ്റഡിന് പകരം സിറ്റിയോടായിരുന്നു കൂറ്.

സിറ്റി എണ്ണപ്പണത്തിൽ മിനുങ്ങിനിൽക്കുന്ന സമയത്താണ് ട്രിപ്പിയർ അ​ടങ്ങുന്ന തലമുറ സിറ്റിയിലെത്തിയത്. ഏറെ പഴി കേട്ടൊരു ശീലമുണ്ടായിരുന്നു അക്കാലത്ത് ട്രിപ്പിയർക്ക്. പരിശീലന സമയത്ത് ഗ്രൗണ്ട് സ്റ്റാഫിന്റെ തല ഉന്നംവച്ചായിരുന്നു ട്രിപ്പിയർ ലോങ് റേഞ്ചറുകൾ പരിശീലിക്കാറുണ്ടായിരുന്നത്. എന്നാൽ, ഈ ഷോട്ടുകൾ പായിക്കുന്നത് ആരാണെന്ന് ആർക്കും അറിയുമായിരുന്നില്ല. ഒടുവിൽ ഗ്രൗണ്ട്സ്റ്റാഫിന് ക്ലബിന് പരാതി കൊടുക്കേണ്ടിവരെ വന്നു.

എന്നാൽ, 2007 മുതൽ 2012 വരെ കളിച്ചിട്ടും ഒരിക്കൽ പോലും സിറ്റിയുടെ കുപ്പായത്തിലിറങ്ങാനുള്ള യോഗമുണ്ടായില്ല ട്രിപ്പിയർക്ക്. എന്നും  ബാർസ്ലിയിൽ വായ്പാതാരമാവാനായിരുന്നു യോഗം. 2015ൽ ടോട്ടനമിലെത്തിയപ്പോഴാണ് ട്രിപ്പിയറെ ലോകം തിരിച്ചറിഞ്ഞത്.

ദേശീയ ടീമിലെത്താൻ  പിന്നെയും ഒരുപാട് കാത്തിരിക്കേണ്ടിവന്നു ട്രിപ്പിയർക്ക്. കഴിഞ്ഞ വർഷം മാത്രമാണ് ടീമിൽ ഇടം നൽകിയത്. സ്കോട്ട്​ലൻഡിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു അരങ്ങേറ്റം. അരങ്ങേറ്റം കുറിച്ച് ഒരു ഡസൻ മത്സരമായപ്പോൾ തന്നെ ട്രിപ്പിയർ ടീമിനുവേണ്ടി ലക്ഷ്യം കണ്ടു. അതും നിർണായകമായ മത്സരത്തിൽ.

ബെക്കാമിന്റെ ഫ്രീ കിക്ക്

Content Highlights: Fifa World Cup Beckam Kieran Trippier Croatia England Semifinal