ലിയ വിജയങ്ങളും വമ്പന്‍ അട്ടിമറികളും ഫുട്ബോളില്‍ ഇതിനു മുന്‍പും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും തന്നെ റഷ്യന്‍ ലോകകപ്പ് ഇതുവരെ ഉണ്ടാക്കിയ ഞെട്ടലിന്റെ ഏഴയലത്തു പോലും എത്തിയിട്ടില്ലെന്നു തന്നെ പറയേണ്ടി വരും. ലോകകപ്പില്‍ പങ്കെടുക്കുന്ന 32 ടീമുകളെ ഫിഫ പ്രഖ്യാപിച്ചപ്പോള്‍ ഭൂരിഭാഗം പേരും കപ്പുയര്‍ത്തുന്നവരെയും സെമി ഫൈനലിസ്റ്റുകളെയും എന്തിന് ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളെയും വരെ പ്രവചിച്ചു കഴിഞ്ഞിരുന്നു. എന്നാല്‍ റഷ്യന്‍ ലോകകപ്പ് അവസാന എട്ടു ടീമുകളില്‍ എത്തിനില്‍ക്കെ, നേരത്തെ പ്രവചനം നടത്തിയവരൊക്കെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ്.

Argentina

അര്‍ജന്റീന, ജര്‍മനി, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ ടീമുകളെല്ലാം അവസാന എട്ടിലെത്താതെ പുറത്തായി. ഇക്കൂട്ടത്തില്‍ ജര്‍മനിയും സ്പെയിനും ടൂര്‍ണമെന്റ് ഫേവറിറ്റുകളായാണ് റഷ്യയിലെത്തിയതെന്ന വസ്തുത കണക്കിലെടുക്കുമ്പോഴാണ് ഇത്തവണത്തെ ലോകകപ്പ് എത്രത്തോളം അനിശ്ചിതത്വം നിറഞ്ഞതാണെന്ന് മനസിലാവുക.

കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും മുന്‍ ചാമ്പ്യന്മാരെ പിന്തുടരുന്ന ശാപം ജര്‍മനിയേയും വിട്ടില്ല. ഗ്രൂപ്പില്‍ മെക്സിക്കോയോടും ദക്ഷിണ കൊറിയയോടും തോറ്റാണ് മുന്‍ ചാമ്പ്യന്മാര്‍ തിരിച്ച് വിമാനം കയറിയത്. 

കടുത്ത പോരാട്ടവീര്യം പുറത്തെടുത്ത ജപ്പാന്‍, സ്പെയിനിനെയും പോര്‍ച്ചുഗലിനെയും ഞെട്ടിച്ച മൊറോക്കോ, ഇംഗ്ലണ്ടിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്, സെനഗലിന്റെ കുതിപ്പ്, തങ്ങളുടെ ഏറ്റവും മികച്ച കളിക്കാരനില്ലാതെ സ്വീഡന്‍ നടത്തിയ മുന്നേറ്റം, അവസാന മിനിറ്റുകളിലെ ഗോളുകള്‍ തുടങ്ങി ഈ ലോകകപ്പ് നല്‍കുന്ന ആവേശവും ആശ്ചര്യങ്ങളും അവസാനിക്കുന്നില്ല.

വലിയ ടീമുകള്‍ ചെറിയ ടീമുകള്‍ എന്ന വ്യത്യാസം ഇത്തവണ ഉണ്ടായിരുന്നില്ല എന്നതു തന്നെയാണ് റഷ്യന്‍ ലോകകപ്പിനെ വ്യത്യസ്തമാക്കിയത്. വലിയവര്‍ ചെറിയവര്‍ എന്ന അന്തരം തന്നെ ഇത്തവണ ഇല്ലാതായി. വമ്പന്‍ ടീമുകള്‍ പോലും താരതമ്യേന ദുര്‍ബലരെന്ന് കരുതുന്നവര്‍ക്കു മുന്നില്‍ വിറയ്ക്കുകയായിരുന്നു.

റഷ്യ, ദക്ഷിണ കൊറിയ, ഐസ്​ലൻഡ്, ഇറാന്‍, മൊറോക്കോ എന്നിവര്‍ പരമ്പരാഗത ശക്തികള്‍ക്ക് വെല്ലുവിളിയാകുക മാത്രമായിരുന്നില്ല, മറിച്ച് അവര്‍ക്ക് പുറത്തേക്കുള്ള വഴിവെട്ടുകയും ചെയ്തു. ഇത്തരം ചില മത്സരങ്ങള്‍ ആകാംഷയുടെ എല്ലാ സീമകളും ലംഘിക്കുന്നവയുമായിരുന്നു.

japan

റഷ്യ, സ്പെയിനിനെ പുറത്താക്കിയപ്പോള്‍ ദക്ഷിണ കൊറിയ മുന്‍ ചാമ്പ്യന്മാരെ ആദ്യ റൗണ്ടില്‍ തന്നെ കെട്ടുകെട്ടിച്ചു. ബെല്‍ജിയത്തെ നന്നായി വിറപ്പിച്ചാണ് ജപ്പാന്‍ തോല്‍വി സമ്മതിച്ചത്. അതും ഇഞ്ചുറി ടൈമിലെ അവസാന മിനിറ്റിലെ ഗോളില്‍. നിശ്ചിത സമയത്ത് ജയത്തിലേക്കു കുതിച്ച ഇംഗ്ലണ്ടിനെ 93-ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ കൊളംബിയ പിടിച്ചുകെട്ടി. തുടര്‍ന്ന് അത്യന്തം ആവേശകരമായ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അവര്‍ തോല്‍വി സമ്മതിച്ചത്. 

16 ഗോളുകളാണ് ലോകകപ്പിലെ നോക്കൗട്ട് സ്റ്റേജിലെ സ്റ്റോപ്പേജ് ടൈമില്‍ പിറന്നത്. മാത്രമല്ല ഈ ലോകകപ്പിലെ ആകെ ഗോളുകളുടെ 13 ശതമാനവും പിറന്നതും ഇഞ്ചുറി ടൈമിലായിരുന്നു.

ലോകഫുട്ബോളിലെ മികച്ചവരെന്ന് വിലയിരുത്തപ്പെടുന്ന രണ്ട് താരങ്ങള്‍ വെറും നാലു മണിക്കൂറിനിടയില്‍ ലോകകപ്പെന്ന സ്വപ്നം അവസാനിപ്പിച്ച് മടങ്ങുന്നതിനും റഷ്യ സാക്ഷിയായി. ഇനിയൊരു ലോകകപ്പില്‍ ബൂട്ടുകെട്ടാന്‍ മെസിയും റൊണാള്‍ഡോയും ഉണ്ടാകുമോ? അറിയില്ല. അതുമാത്രമല്ല ഇരുവരും പെനാല്‍റ്റി പാഴാക്കുന്നതിനും ഈ ലോകകപ്പ് സാക്ഷ്യം വഹിച്ചു.

സ്പെയിനിനെതിരെ ആദ്യ മത്സരത്തിലെ ഹാട്രിക്ക് അടക്കം ഓര്‍മിക്കാന്‍ ഒട്ടേറെ നിമിഷങ്ങളുമായാണ് റൊണാള്‍ഡോ റഷ്യയില്‍ നിന്ന് മടങ്ങിയത്. എന്നാല്‍ മെസിയാകട്ടെ തന്റെ പ്രതാപകാലത്തിന്റെ നിഴലില്‍ മാത്രമായിരുന്നു. ജീവന്‍മരണ പോരാട്ടത്തില്‍ നൈജീരിയക്കെതിരെ നേടിയ ഒരു ഗോള്‍ മാത്രമാണ് മെസിക്ക് റഷ്യയില്‍ ഓര്‍മ്മിക്കാനായിട്ടുള്ളത്.

Portugal

കളി മാത്രമല്ല കളിക്കളത്തിനു പുറത്തും മികച്ച ലോകകപ്പായിരുന്നു ഇത്തവണത്തേത്. റഷ്യയിലെ കെട്ടിടങ്ങളും സേവനങ്ങളും മികച്ചവ തന്നെയായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായതു പോലെയുള്ള പ്രശ്നങ്ങളും വിവാദങ്ങളും കളത്തിനകത്തും പുറത്തും ഉണ്ടായിരുന്നില്ല.

വംശീയാധിക്ഷേപങ്ങള്‍ വര്‍ണ വിവേചനങ്ങള്‍ തുടങ്ങിയ വിവാദങ്ങളൊന്നും വലിയ തോതില്‍ റഷ്യന്‍ ലോകകപ്പിനെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നില്ല. ലോകകപ്പിനെത്തിയവരും റഷ്യന്‍ ജനതയുടെ ആതിഥ്യമര്യാദ ഒരിക്കലും മറക്കാനിടയില്ല. ഇവയെല്ലാം ചേര്‍ന്ന് ഫിഫയുടെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ലോകകപ്പെന്ന പേരിലേക്ക് ഓടിയടുക്കുകയാണ് റഷ്യ. പ്രവചനാതീതം എന്ന വാക്കിനൊപ്പം ചേര്‍ത്തുവെയ്ക്കാവുന്ന ഒന്നായിരിക്കുകയാണ് റഷ്യയിലെ ഇത്തവണത്തെ കായിക മാമാങ്കം. 

Content Highlights: Fifa World Cup 2018 Round Up