യൂറോപ്പിലെ പ്രമുഖ ലീഗുകളിലെയും ടോപ്‌സ്‌കോറര്‍മാര്‍ ഇത്തവണ റഷ്യന്‍ ലോകകപ്പിനെത്തുന്നുണ്ട്. ലയണല്‍ മെസ്സി, മുഹമ്മദ് സല, എഡിന്‍സന്‍ കവാനി, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി,മൗറോ ഇക്കാര്‍ഡി, ചാമ്പ്യന്‍സ് ലീഗിലെ ഗോള്‍ വേട്ടയുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരാണ് റഷ്യയില്‍ എതിര്‍വല നിറയ്ക്കാമെന്ന പ്രതീക്ഷയോടെയെത്തുന്നത്...

മുഹമ്മദ് സല (പ്രീമിയര്‍ ലീഗ്)

മുഹമ്മദ് സലയെന്ന ഈജിപ്തുകാരനാണ് ഇക്കുറി ഇംഗ്ലണ്ടില്‍ സുവര്‍ണപാദുകം സ്വന്തമാക്കിയത്. 32 ഗോളുകള്‍ നേടിയ സല പ്രീമിയര്‍ ലീഗില്‍ ഇത്തവണ റെക്കോഡിടുകയും ചെയ്തു. 38 മത്സരങ്ങളുള്ള ലീഗ് സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുകയെന്ന റെക്കോഡാണ് ലിവര്‍പൂള്‍ മുന്നേറ്റ താരം സ്വന്തമാക്കിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലൂയി സുവാരസ്, അലന്‍ ഷിയറര്‍ എന്നിവരെ മറികടന്നാണ് റെക്കോഡിട്ടത്. ലോകകപ്പില്‍ എ ഗ്രൂപ്പിലാണ് ഈജിപ്തിന്റെ സ്ഥാനം.

കളിച്ച മിനിറ്റ്: 2921
ഗോള്‍: 32
അസിസ്റ്റ്: 10

ലയണല്‍ മെസ്സി (ലാലിഗ)

ബാഴ്‌സലോണയ്ക്കായി 34 ഗോളുകളാണ് അര്‍ജന്റീന താരം ലയണല്‍ മെസ്സി സ്​പാനിഷ് ലാലിഗയില്‍ അടിച്ചുകൂട്ടിയത്. ലോകകപ്പില്‍ ഡി ഗ്രൂപ്പില്‍ ഐസ് ലന്‍ഡ്, ക്രൊയേഷ്യ, നൈജീരിയ എന്നിവരോടൊപ്പമാണ് അര്‍ജന്റീന കളിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്നിലാക്കിയാണ് മെസ്സിയുടെ മുന്നേറ്റം.

കളിച്ച മിനിറ്റ്: 2973|
ഗോള്‍: 34
അസിസ്റ്റ്: 12

റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി (ബുണ്ടസ് ലിഗ)

എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ബയറണ്‍ മ്യൂണിക്കിന്റെ പോളിഷ് താരം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി ബുണ്ടസ് ലിഗയില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. രണ്ടാമതുള്ള ഫ്രെയ്ബര്‍ഗിന്റെ നീല്‍ പീറ്റേഴ്‌സനേക്കാള്‍ 14 ഗോളിന്റെ ലീഡുണ്ട് ലെവന്‍ഡോവ്‌സ്‌കിക്ക്. സെനഗല്‍, കൊളംബിയ, ജപ്പാന്‍ എന്നിവര്‍ക്കൊപ്പമാണ് ലോകകപ്പില്‍ ലെവന്‍ഡോവ്‌സ്‌കി നയിക്കുന്ന പോളണ്ടിന്റെ സ്ഥാനം.

കളിച്ച മിനിറ്റ്: 2169
ഗോള്‍: 29
അസിസ്റ്റ്: 2

എഡിന്‍സണ്‍ കവാനി ( ഫ്രഞ്ച് ലീഗ് വണ്‍)

യുറഗ്വായിയുടെ എഡിന്‍സണ്‍ കവാനിയാണ് ഫ്രാന്‍സില്‍ സുവര്‍ണ പാദുകത്തിന് അര്‍ഹനായത്. ഫ്രഞ്ച് ചാമ്പ്യന്‍മാരായ പി.എസ്.ജി.ക്കായി കളിക്കുന്ന കവാനി 28 ഗോളുകളാണ് സീസണില്‍ നേടിയത്. എ ഗ്രൂപ്പിലാണ് കവാനിയുടെ യുറഗ്വായിയുടെ സ്ഥാനം.

കളിച്ച മിനിറ്റ്: 2588
ഗോള്‍: 28
അസിസ്റ്റ്: 6

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (ചാമ്പ്യന്‍സ് ലീഗ്)

ചാമ്പ്യന്‍സ് ലീഗില്‍ ഫൈനല്‍ ബാക്കിയുണ്ടെങ്കിലും റയല്‍ മഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഏറക്കുറെ ടോപ്‌സ്‌കോറര്‍ പദവി സ്വന്തമാക്കിയിട്ടുണ്ട്. 15 ഗോളുകളാണ് സൂപ്പര്‍ താരം ഇതുവരെ നേടിയത്. ഫൈനലില്‍ റയലിന്റെ എതിരാളികളായ ലിവര്‍പൂളിന്റെ റോബര്‍ട്ടോ ഫിര്‍മിനോയും മുഹമ്മദ് സലയുമാണ് രണ്ടാമതുള്ളത്. ഇരുവരും പത്തുഗോള്‍ വീതം നേടി.

സ്‌പെയിന്‍, മൊറോക്കോ, ഇറാന്‍ എന്നിവരടങ്ങിയ ബി ഗ്രൂപ്പിലാണ് ലോകകപ്പില്‍ പോര്‍ച്ചുഗലിന്റെ സ്ഥാനം.

കളിച്ച മിനിറ്റ്: 1080
ഗോള്‍: 15
അസിസ്റ്റ്: 3

ഇറ്റാലിയന്‍ സീരി എയില്‍ ഇറ്റലിയുടെ സിറോ ഇമ്മൊബിലാണ് 29 ഗോളോടെ മുന്നിലുള്ളത്. അര്‍ജന്റീനയുടെ മൗറോ ഇക്കാര്‍ഡി 28 ഗോളോടെ രണ്ടാം സ്ഥാനത്തുണ്ട്. അവസാന റൗണ്ടിലാകും ടോപ് സ്‌കോറര്‍ ആരെന്ന് തീരുമാനിക്കപ്പെടുന്നത്.

Content Highlights: Fifa World Cup 2018 Goal Scorers Mohamed Salah Messi Lewandowski Cristiano Ronaldo Cavani