ഫുട്ബാൾ ലോകം ഫ്രാൻസിന്റെ പട്ടാഭിഷേകം ആഘോഷിക്കുമ്പോൾ പഴയൊരു സ്‌കോർലൈൻ ഓർമവരുന്നു.  ഫ്രാൻസ് 2,  ഇന്ത്യ 1. കൃത്യം 70 വർഷം മുൻപത്തെ  ഒരു ജൂലൈ 31 ന്റെ ത്രസിപ്പിക്കുന്ന ഓർമ... ഷൂസ്റ്റ് ഫൊന്തെയിന്റെയും റെയ്മൺ കോപയുടെയും മിഷേൽ പ്ലാറ്റിനിയുടെയും സിനദിൻ സിദാന്റെയും കൈലിയൻ എംബപ്പെയുടെയും മുൻഗാമികളെ ജീവിതത്തിലൊരിക്കലും ബൂട്ടണിഞ്ഞു ശീലിച്ചിട്ടില്ലാത്ത ഇന്ത്യൻ കളിക്കാർ നഖശിഖാന്തം വിറപ്പിച്ചുവിട്ട ദിവസം. 

1948 ലണ്ടൻ ഒളിമ്പിക്സിലെ ആ  വീറുറ്റ പോരാട്ടത്തിൽ ആദ്യം ഗോളടിച്ചത് പ്രബലരായ ഫ്രാൻസ്; ഇരുപത്തെട്ടാം മിനിറ്റിൽ ലെഫ്റ്റ് ഇൻസൈഡ് റെനേ കോർബിനിലൂടെ. ഇടവേള കഴിഞ്ഞു മൈസൂർക്കാരൻ ശാരംഗപാണി രാമൻ ഇന്ത്യക്ക് വേണ്ടി ഗോൾ മടക്കുന്നു --മേവലാലിന്റെ ഒരു ഹൈ ക്രോസ്‌ നെഞ്ചിൽ ഏറ്റുവാങ്ങി, ഫ്രഞ്ച് പ്രതിരോധമൊരുക്കിയ പദ്മവ്യൂഹത്തിലേക്ക്  ഒറ്റയ്ക്ക് നുഴഞ്ഞുകയറിക്കൊണ്ട്. കളി 89 മിനിറ്റ് പിന്നിടുമ്പോഴും മത്സരം 1-1ന് സമനിലയിൽ...

ഇൽഫോഡ് സ്റ്റേഡിയത്തിലെ ഇരുപതിനായിരത്തോളം വരുന്ന ജനക്കൂട്ടം അന്തംവിട്ടിരിക്കുകയായിരുന്നു; ബൂട്ടണിഞ്ഞ ഫ്രഞ്ച് പടയ്ക്കെതിരേ ബൂട്ടണിയാത്ത  ഇന്ത്യയുടെ, പ്രത്യേകിച്ച് രാമന്റെ  കിടിലൻ പ്രകടനം കണ്ട്.  ഒടുവിൽ, അവസാനവിസിലിന് ഒരൊറ്റ നിമിഷം മാത്രം അകലെ വെച്ച് ആ ചെറുത്തുനിൽപ്പ് അവസാനിക്കുന്നു. റെനേ പെഴ്സിലൻ ബോക്സിനു തൊട്ടു പുറത്തുനിന്നു തൊടുത്ത വെടിയുണ്ട  ഇന്ത്യൻ ഗോൾകീപ്പർ വരദരാജിന്റെ ചൂണ്ടുവിരലിൽ ഉരുമ്മി വലയിലേക്ക് . സ്‌കോർ 2 - 1.

ഞെട്ടരുത്. മത്സരത്തിൽ  രണ്ടു  പെനാൽട്ടി കിക്കുകൾ പാഴാക്കിയിരുന്നു ആദ്യത്തെ ``ഔദ്യോഗിക'' അന്താരാഷ്ട്ര മത്സരം കളിക്കുകയായിരുന്ന ഇന്ത്യ. രണ്ടും നിരന്തര ആക്രമണത്തിലൂടെ രാമൻ നേടിയെടുത്ത കിക്കുകൾ. പക്ഷേ ശൈലൻ മന്നയും മഹാബീർ പ്രസാദും പന്തടിച്ചു പറത്തിയത് പുറത്തേക്ക്. സ്പോട്ട് കിക്കുകൾ അടിച്ചു പരിശീലിച്ചിട്ടില്ല  അതുവരെ  ഇന്ത്യൻ കളിക്കാർ.

indian football

തോറ്റു പുറത്തായെങ്കിലും, ബ്രിട്ടനിലെ ജോർജ്ജ് ആറാമൻ ചക്രവർത്തി ഉൾപ്പെടെ എണ്ണമറ്റ ആരാധകരെ നേടിയെടുത്തിരുന്നു ഡോ. ടാലിമറോൺ ആവോ എന്ന ജനറൽ ഫിസിഷ്യൻ നയിച്ച നഗ്നപാദ ഇന്ത്യൻ ടീം. തിരിച്ചുപോരും വഴി സൗഹൃദമത്സരങ്ങളിൽ പ്രബലരായ അയാക്സ് ആംസ്റ്റർഡാമിനെയും (5-1), വെസ്റ്റ് അമച്വർ ക്ലബ്ബിനെയും (4-0) തകർത്തു അവർ. മേവലാലിന്റെ ഇരട്ട ഹാട്രിക്കോടെ ബെന്റാൽസ്‌ ക്ലബ്ബിനെതിരെ   നേടിയ 15-0 വിജയം ഇന്നോർക്കുമ്പോൾ അവിശ്വസനീയം. 

ആദ്യത്തെ ഇന്ത്യൻ ഒളിമ്പിക് ടീമിലെ ചരിത്രപുരുഷന്മാരിൽ പലരെയും നേരിട്ട് കണ്ട് സംസാരിക്കാനും അവരെ കുറിച്ചെഴുതാനും കഴിഞ്ഞത് കളിയെഴുത്തുജീവിതത്തിലെ അപൂർവ സൗഭാഗ്യങ്ങളിൽ ഒന്ന്: രാമൻ, മേവലാൽ, അഹമ്മദ് ഖാൻ, മന്ന, അനിൽ നന്ദി, പരാബ്, സഞ്ജീവ ഉച്ചിൽ, വജ്രവേലു, ധൻരാജ്....പലരും തീരാ ദുരിതങ്ങളുമായി പടവെട്ടി ജീവിതത്തിന്റെ കളിക്കളത്തിൽ തപ്പിത്തടഞ്ഞു വീണവർ. കൃഷിക്കാരും സാദാ പോലീസുകാരും പട്ടാളക്കാരും തൊട്ട് പോർട്ടർമാർ വരെയുണ്ടായിരുന്നു അക്കൂട്ടത്തിൽ. അവരെയൊക്കെ ആരോർക്കുന്നു ഇന്ന്?  

ലണ്ടൻ ഒളിമ്പിക്സിൽ ഫ്രാൻസിനെ നേരിട്ട ഇന്ത്യൻ ടീം ഇതാ: കെ വരദരാജ് (ഗോളി), താജ് മുഹമ്മദ്, ശൈലേന്ദ്ര മന്ന, ബഷീർ, ടി ആവോ (ക്യാപ്റ്റൻ), മഹാബീർ പ്രസാദ്, റോബിദാസ്, പരാബ്, മേവലാൽ, അഹമ്മദ് ഖാൻ, രാമൻ. പകരക്കാർ: അനിൽ നന്ദി, വജ്രവേലു, ധൻരാജ്, തിരുവല്ല പാപ്പൻ, എസ് നന്ദി, കൈസർ, സഞ്ജീവ ഉച്ചിൽ. കോച്ച്: ബൊലായ് ദാസ് ചാറ്റർജി.

Content Highlights: Fifa Worlc Cup France India Olympic Match