രാണ് ഏറ്റവും മികച്ച ഫ്രഞ്ച് ഫുട്ബോളർ. ജസ്റ്റ് ഫൊണ്ടെയ്നോ മിഷേൽ പ്ലാറ്റിനിയോ സിനദിൻ സിദാനോ? ലോകകപ്പാണ് നേട്ടത്തിന്റെ മാനദണ്ഡമെങ്കിൽ ഇവരാരുമല്ല, അത് ദിദിയർ ദെഷാംപ്സ് എന്ന ഡിഫൻസീവ് മിഡ്ഫീൽഡറാണെന്നു വേണം വിധിക്കാൻ. കാരണം രണ്ടു തവണ മാത്രമേ ഫ്രാൻസ് ലോകകപ്പിൽ മുത്തമിട്ടിട്ടുള്ളൂ. രണ്ടു തവണയും അമരത്ത് ദിദിയർ ദെഷാംപ്സുണ്ടായിരുന്നു. 1998ൽ ക്യാപ്റ്റനായും കൃത്യം ഇരുപത് വർഷം കഴിഞ്ഞപ്പോൾ പരിശീലകനായും.

ഈ നേട്ടം സ്വന്തമാക്കിയ ഒരാളേ ഉള്ളൂ ഫ്രഞ്ച് ഫുട്ബോളിന്റെ ചരിത്രത്തിൽ. മൂന്നു പേരേ ഉള്ളൂ ലോക ഫുട്ബോളിൽ തന്നെ. ബ്രസീലുകാരൻ മരിയോ സഗാലോയും ജർമൻ ഇതിഹാസം കൈസർ ഫ്രാങ്ക് ബെക്കൻബോവറും. കൈസർ ക്യാപ്റ്റനായി 1974ലിലും പരിശീലകനായി 1990ലുമാണ് ജർമനിക്ക് ലോകകപ്പ് സമ്മാനിച്ചത്. മരിയോ സഗാലോ കളിക്കാരന്റെ വേഷത്തിൽ ബ്രസീലിന് 1958, 62 ലോകകപ്പുകൾ നേടിക്കൊടുത്തപ്പോൾ 1970ലെ ലോകകപ്പ് മാനേജരായും 1994ലെ ലോാകകപ്പ് അസിസ്റ്റന്റ് മാനേജരായും ബ്രസീലിലെത്തിച്ചു.

ഈ നിരയിലേയ്ക്കാണ് ഇപ്പോൾ നാൽപത്തിയൊൻപതാം വയസ്സിൽ ദിദിയർ ദെഷാംപ്സും നടന്നുകയറിയിരിക്കുന്നത്. 1998ൽ ക്യാപ്റ്റൻ എന്ന നിലയിൽ ഫ്രാൻസിന്  ലോകകപ്പ് സമ്മാനിക്കുമ്പോൾ ടീമിന്  കരുത്ത് പകരാൻ സിനദിൻ സിദാൻ, തിയറി ഓൻ​റി, ഇമ്മാന്വൽ പെറ്റിറ്റ് എന്നീ ത്രിമൂർത്തികളുണ്ടായിരുന്നു. ചരിത്രത്തിന്റെ ആവർത്തനമെന്ന പോലെ ഇക്കുറി പരിശീലകവേഷത്തിൽ  കിരീടം സമ്മാനിക്കുമ്പോൾ എംബാപ്പെ, അന്റോയിൻ ഗ്രീസ്മൻ, പോൾ പോഗ്ബ എന്നിവരുടെ രൂപത്തിൽ മറ്റൊരു ത്രിമൂർത്തീസംഗമമുണ്ട് ഫ്രഞ്ച്നിരയിൽ.

നേട്ടങ്ങളുടെ കൊടുമുടിയിൽ തലയുയർത്തിയാണ് നിൽക്കുന്നതെങ്കിലും പരിശീലകവേഷത്തിൽ അത്ര എളുപ്പമായിരുന്നില്ല ദെഷാംപ്സിന്റെ യാത്ര. ഫ്രഞ്ച് ടീം ചരിത്രത്തിലെ ഇരുണ്ട ഒരു കാലത്തിലൂടെ കടന്നുപോകുമ്പോഴായിരുന്നു ദെഷാംപ്സിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. 1990ലെയും 94ലെയും ലോകകപ്പുകൾക്ക് യോഗ്യത നേടാൻ കഴിയാതെ ഫ്രഞ്ച് ടീം തകർന്ന കാലം. 1992ലെ യൂറോ കപ്പിന്റെ ആദ്യ റൗണ്ടിൽ പുറത്തായി.

1996ലെ യൂറോ കപ്പിന് ടീമിനെ ഒരുക്കുമ്പോൾ അന്നത്തെ പരിശീലകൻ ഐമി ഴാകെ എറിക് കന്റോണയെയായിരുന്നു ക്യാപ്റ്റനായി നിശ്ചയിച്ചിരുന്നത്. എന്നാൽ, കന്റോണയ്ക്ക് സസ്പെൻഷൻ ലഭിച്ചതോടെ കാര്യങ്ങൾ അടിമുടി മാറി മറിഞ്ഞു. സിദാനും മറ്റും ടീമിലെത്തി. ടീമിലെ ഏറ്റവും വെറ്ററൻ താരങ്ങളിൽ ഒരാളായ ദെഷാംപ്സ് യുവനിരയുടെ  നായകനുമായി. ഫ്രഞ്ച് ഫുട്ബോളിന്റെ ഗോൾഡൻ ജനറേഷൻ എന്നായിരുന്നു ഇവർ വിശേഷിപ്പിക്കപ്പെട്ടത്. ഈ വിളിപ്പേരിനെ ലോകകപ്പ് നേട്ടം കൊണ്ട് അവർ അന്വർഥമാക്കി. ലോകകപ്പിനുശേഷം ദെഷാംപ്സ് കളം വിട്ടെങ്കിലും  ലോകത്തിലെ ഏറ്റവും മികച്ച 125 താരങ്ങളിൽ ഒരാളായി ദെഷാംപ്സിനെ  പെലെ തിരഞ്ഞെടുത്തത് ഈ നേട്ടത്തിന്റെ പേരിലാണ്.

2012ൽ പരിശീലകവേഷം തേടിയെത്തിയപ്പോഴും മുള്ളുവഴികൾ തന്നെയായിരുന്നു മുന്നിൽ. ലോറന്റ് ബ്ലാങ്കിന്റെ പകരക്കാരനായി രണ്ടു വർഷത്തെ കരാറിലാണ് ദെഷാംപ്സ് പരിശീലകനായത്. എന്നാൽ, പിന്നീടുള്ള രണ്ടു ലോകകപ്പുകളിലും ഈ മുൻ നായകൻ തന്നെ ടീമിനെ പരിശീലിപ്പിച്ചിറക്കി. 

റഷ്യയിലേയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധാലുവായിരുന്നു ദെഷാംപ്സ്. പേരും പെരുമയുമല്ല, ഒരു ടീമായി ഒത്തൊരുമയോടെ കളിക്കാനുള്ള കഴിവ് മാത്രമാണ മാനദണ്ഡമാക്കിയത്. അങ്ങനെ സൂപ്പർതാരം കരീം ബെൻസെമ ടീമിൽ നിന്ന് പുറത്തായി. ഇതിന്റെ പേരിൽ വലിയ പഴി കേൾക്കേണ്ടിവന്നെങ്കിലും കോച്ച് ഒരിഞ്ച് പിന്നാക്കം പോയില്ല. ബെൻസെമയ്ക്കു പകരം പോഗ്ബയും ഗ്രീസ്മാനും എംബാപ്പയും ചേർന്നൊരു ഊർജകേന്ദ്രം സൃഷ്ടിച്ചെടുത്തു. അതിനെ സമർഥമായി കളിക്കളത്തിൽ വിന്യസിച്ചു.

കൊട്ടിഗ്ഘോഷങ്ങളൊന്നുമില്ലാതെ തന്നെ അവർ റഷ്യയിൽ ഓരോ മത്സരത്തിനുമിറങ്ങി. ശാന്തമായി തന്നെ ഓരോന്നും ജയിച്ചുകയറി. ഒടുവിൽ തികച്ചും ആധികാരികമായി തന്നെ അവസാന കടമ്പയും കടന്ന് കപ്പടിക്കുകയും ചെയ്തു.

രാവിനപ്പുറം ഒരു കപ്പ് കാത്തിരിപ്പുണ്ടെങ്കിൽ ഒരു ഫുട്ബോളറാവുന്നതിലും മനോഹരമായ മറ്റൊരു കാര്യവുമില്ലെന്നാണ് 1998 കപ്പ് സ്വന്തമാക്കിയപ്പോൾ ദെഷാംപ്സ് പറഞ്ഞത്. ഇരുപത് വർഷത്തിനുശേഷവും ഈ വാക്കുകൾക്ക് തിളക്കം ഒട്ടും മാഞ്ഞിട്ടില്ല. ലുഷ്നിക്കിയിലെ രാവിനപ്പുറവും ദെഷാംപ്സിനെയും ഫ്രാൻസിനെയും കാത്ത് പതിനെട്ട് കാരറ്റിന്റെ ആ കപ്പുണ്ടായിരുന്നു. ഉദാസീനനായ പരിശീലകൻ  എന്ന് ഇനിയാരും ദെഷാംപ്സിനെ വിളിക്കില്ല. വിജയങ്ങളുടെ പര്യായമാണ് ഇനി ഈ പഴയ ഡിഫൻസീവ് മിഡ്ഫീൽഡർ. ഫൊണ്ടെയ്നിനോ പ്ലാറ്റിനിക്കോ സിദാനോ അവകാശപ്പെടാനില്ലാത്തൊരു അപൂർവ വിശേഷണം. ഫ്രഞ്ച് ഫുട്ബോൾ തളർന്നും തകർന്നും ഉയർത്തെഴുന്നേറ്റും നെഞ്ചുവിരിച്ചു കടന്നുപോയ ഈ കാലതത്രയും ഒരേയൊരു ദെഷാംപ്സേ ഉണ്ടായിരുന്നുള്ളൂ.

Content Highlights: Deschamps Fifa World Cup France Champions 1998 World Cup