യൂറോപ്പിലെ ഏറ്റവും സ്വാതന്ത്ര്യദാഹികളായ രണ്ടു ജനതയുടെ ആഗ്രഹങ്ങളാണ് ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ മാറ്റുരയ്ക്കുന്നത് -ക്രോട്ടുകളുടെയും ഫ്രഞ്ചുകാരുടെയും. പ്രഭുത്വത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരായ പൊട്ടിത്തെറികളാണ് 'സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' എന്നീ മുദ്രാവാക്യങ്ങളായി ഫ്രാന്‍സില്‍ രണ്ടുനൂറ്റാണ്ടുമുമ്പ് ഉരുവംകൊണ്ടത്. ആ മുദ്രാവാക്യങ്ങളെ, പുറത്തുനിന്നുവരുന്ന എന്തിനെയും സ്വീകരിക്കാനുള്ള ഹൃദയവിശാലതയായി അവരുള്‍ക്കൊണ്ടു.

ക്രോട്ടുകളാകട്ടെ, തങ്ങളെ സാമന്തരാക്കാനുള്ള പുറം ശക്തികളുടെ ശ്രമങ്ങളെ രക്തരൂഷിതമായിത്തന്നെ എതിര്‍ത്തു. ഓസ്ട്രിയമുതല്‍ സെര്‍ബിയ വരെയുള്ള സാംസ്‌കാരിക വൈജാത്യങ്ങളോട് മുഖം കടുപ്പിച്ചു. സ്ലാവുകളുടെ സ്വത്വം കാത്തുസൂക്ഷിച്ചു. യുഗോസ്‌ളാവ്യയ്ക്കുവേണ്ടി കളിക്കുമ്പോഴും തങ്ങള്‍ ക്രോട്ടുകളാണെന്ന് വിളിച്ചുപറഞ്ഞു. തങ്ങളുടെ അസ്തിത്വത്തിനായി അവസാന നിമിഷംവരെ പൊരുതി.

ഫുട്ബോളിലും അങ്ങനെത്തന്നെ. രണ്ടു സ്വാതന്ത്ര്യവാദികള്‍; പക്ഷേ, രണ്ടുവഴികള്‍. വൈവിധ്യങ്ങളുടെ മനോഹര സങ്കലനമായ ഫ്രഞ്ച് ശൈലി. ആക്രമണനൈരന്തര്യത്തിന്റെ മൂര്‍ച്ചയുമായി ക്രോട്ടുകളുടെ കളി. ഫ്രഞ്ച് സമൂഹത്തെയും ഫുട്ബോളിനെയും വഴിമാറ്റിയത് വിദേശികളാണെന്നുപറയാം. കോഞ്ഞ്യാക്കിനെക്കാള്‍ വീര്യമുള്ളവരാണ് ഫ്രഞ്ചുകാര്‍ എന്ന് ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തത് രണ്ട് ഇറ്റാലിയന്‍ വംശജരാണ്. വിപ്ലവാനന്തര നായകന്‍ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടും മിഷേല്‍ പ്ലാറ്റിനിയും. യുദ്ധത്തെയും ഫുട്ബോളിനെയും കലയാക്കി ഉയര്‍ത്തിയവര്‍. തോല്‍വിയിലും നായകപരിവേഷം നേടിയവര്‍.

യൂറോപ്പില്‍ വംശീയത കൊടികുത്തിയ 1931-ലാണ് സെനഗലുകാരനായ റൗള്‍ ഡിയാഗ്നെ ഫ്രഞ്ച് ജേഴ്‌സിയണിഞ്ഞത്. വോള്‍ട്ടയര്‍ ജ്ഞാനസ്നാനം ചെയ്യിച്ച ചിന്തകളില്‍ വര്‍ണവും വര്‍ഗവും ഇല്ലായിരുന്നു... പെലെയ്ക്കുമുമ്പ് 'കറുത്ത മുത്ത്' എന്ന വിളിപ്പേരുകിട്ടിയതും ഒരു ഫ്രഞ്ച് ഫുട്ബോളര്‍ക്കാണ്, 1938-ല്‍ ഫ്രാന്‍സിനുവേണ്ടി കളിച്ച മൊറോക്കന്‍ വംശജന്‍ ലാര്‍ബ ബെന്‍വാരാകിന്... 'ഞാന്‍ രാജാവാണെങ്കില്‍ അദ്ദേഹം ദൈവമാണ്' -പെലെ എഴുതി. ഫ്രാന്‍സിനുവേണ്ടി കളിച്ചെങ്കിലും അദ്ദേഹം ഒരിക്കലും പൗരത്വം സ്വീകരിച്ചില്ല. ഫ്രാന്‍സിന് മുഷിവു തോന്നിയതുമില്ല.

1950-ല്‍ ഫ്രഞ്ച് ഫുട്ബോളില്‍ ആദ്യവസന്തം തീര്‍ത്തത് പുറംനാട്ടുകാരാണ്. സ്പാനിഷ് വംശജനായ ജസ്റ്റ് ഫൊണ്ടൈന്‍, പോളിഷ് വംശജരായ റയ്മണ്ട് കോപ, മരിയന്‍ വിസ്നെയ്സ്‌ക, താഡെ സിസോവ്സ്‌കി എന്നീ അതികായര്‍. അറുപതുകളിലും എഴുപതുകളിലുമുള്ള വീഴ്ചകളില്‍നിന്ന് ഫ്രഞ്ച് ഫുട്ബോളിനെ ഉയര്‍ത്തിയതും വിദേശരക്തമുള്ളവര്‍ തന്നെ. പുല്‍മേട്ടിലെ രാജകുമാരനായ പ്ലാറ്റിനിയും മാലിക്കാരനായ ടിഗാനെയും സ്പാനിഷ് രക്തമുള്ള ലൂയി ഫെര്‍ണാണ്ടസും അടങ്ങുന്ന 'ലെ കരെ മാജിക' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മധ്യനിരയിലെ മാന്ത്രികസംഘം. അക്കാലത്താണ് ലോക ഫുട്ബോള്‍ ഏറ്റവും സുന്ദരവും നാടകീയവുമായ മത്സരം കണ്ടത്. 

1986-ലെ ബ്രസീല്‍-ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. പിന്നീടിങ്ങോട്ട് എത്രയോ കളിക്കാര്‍. കരീബിയയില്‍നിന്നും വടക്കന്‍ ആഫ്രിക്കയില്‍നിന്നും പോളിനേഷ്യയില്‍നിന്നും അര്‍ജന്റീനയില്‍നിന്നുമുള്ള പ്രതിഭാധനര്‍. ഫ്രഞ്ച് ഫുട്ബോളിന്റെ വിശ്വമാനവികതയുടെ മുഖങ്ങളായി ലോകകപ്പ് നേടിക്കോടുത്ത സിദാന്‍മുതല്‍ ഡേവിഡ് ട്രസഗെ വരെ നീണ്ടനിര. ഫൈനലിനിറങ്ങുമ്പോള്‍ നമ്മള്‍ കാണാനിരിക്കുന്നതും ആ സങ്കലനങ്ങളുടെ കരുത്തുറ്റ സൗന്ദര്യംതന്നെ. അവര്‍ ഫ്രഞ്ച് കുപ്പായത്തിലൂടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.

ക്രോട്ടുകള്‍ക്കും കളി സ്വാതന്ത്ര്യപ്രഖ്യാപനമാണ്. വ്യക്തിത്വമില്ലാത്ത ഒരു കുഞ്ഞുയൂറോ രാജ്യമല്ല തങ്ങള്‍ എന്ന് പ്രഖ്യാപിക്കാനുള്ള കളി. ഇതര സംസ്‌കാരങ്ങളോട് സംശയം പുലര്‍ത്തിയ ക്രോട്ടുകള്‍ ഫ്രഞ്ചുകാരോട് അതുകാണിച്ചില്ല. ക്രോട്ടുകളെ മതം പഠിപ്പിച്ചത് നൂറ്റാണ്ടിന്റെ ആദ്യദശകത്തിലവിടെയെത്തിയ ഫ്രഞ്ച് ബനഡിക്ട് സന്ന്യസിമാരാണ്. ഫ്രഞ്ച് സംസ്‌കാരവും ഭാഷയും സ്വീകരിക്കുന്നത് കുലീനമായി സ്ലാവുകള്‍ കണ്ടിരുന്നു. ക്രോട്ടുകള്‍ പക്ഷേ, നെപ്പോളിയനാല്‍ വശീകരിക്കപ്പെട്ടു. കൈയടക്കാനാണ് നെപ്പോളിയനെത്തിയത്. അദ്ദേഹം അവിടെ ഇലീരിയന്‍ പ്രവിശ്യ സൃഷ്ടിച്ചു. വിപ്ലവാന്തര നായകന്‍ പക്ഷേ, ക്രോട്ടുകള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കി. ഓസ്ട്രിയന്‍ നുകത്തിനുകീഴില്‍ ഞെരിഞ്ഞിരുന്ന ക്രോട്ടുകള്‍ക്ക് നെപ്പോളിയന്‍ രക്ഷകനായി. ഇന്നും തെരുവുകളില്‍ ബോണപ്പാര്‍ട്ട് സൈനിക മേധാവികളുടെ പേരുകള്‍ കാണാം.

സ്വന്തം ഭാഷയില്‍ തീവ്രമായ ആത്മാഭിമാനം പുലര്‍ത്തുന്ന ക്രോട്ടുകള്‍ പക്ഷേ, 1876-ല്‍ ഫ്രഞ്ചിനെ സ്‌കൂള്‍പഠനത്തിന്റെ ഭാഗമാക്കി. അതിന്റെ പ്രതിഫലനമാണ് ലോകോത്തര ഫ്രഞ്ച് എഴുത്തുകാരന്‍ എമില്‍ സോളയും വൈദ്യശാസ്ത്ര ചരിത്രകാരന്‍ മിര്‍കോ ഗ്രമെക്കും മറ്റും. യുഗോസ്‌ളാവ്യ ഛിന്നഭിന്നമായപ്പോള്‍ ക്രോട്ടുകള്‍ക്ക് സ്വന്തമായ അസ്തിത്വമുണ്ടെന്ന് ലോകത്തെ ധരിപ്പിച്ചത് ഫ്രഞ്ച് ബുദ്ധിജീവിസമൂഹമാണ്. എന്തിന്, ഫ്രഞ്ച് പതാകയുടെ നീലയും വെള്ളയും ചുവപ്പുമാണ് ക്രോയേഷ്യയും കൊടിയടയാളമായി സ്വീകരിച്ചത്.

എന്നാല്‍, കളിയുടെ കാര്യത്തില്‍ തങ്ങളുടെ ചിരവൈരികളായ ജര്‍മന്‍കാരുടെ ബ്ലീസ്റ്റ്കീര്‍ഗ് തന്ത്രമാണവര്‍ സ്വീകരിച്ചതെന്നത് കൗതുകം. സംയുക്താക്രമണം, അവസാനത്തെ അര്‍ധാവസരങ്ങള്‍വരെ ഉപയോഗിക്കുക. ഭാവുകത്വത്തില്‍ ഫ്രഞ്ചുകാരെയും യുദ്ധതന്ത്രത്തില്‍ ജര്‍മന്‍കാരെയും അനുകരിക്കുക. യൂറോപ്പില്‍ തങ്ങള്‍ക്ക് മേല്‍വിലാസം നല്‍കാന്‍ സഹായിച്ച മഹത്തായ പാരമ്പര്യത്തിന് ഏതുരീതിയിലുള്ള മറുപടിയാണ് ക്രോയേഷ്യ നല്‍കുകയെന്ന് ഞായറാഴ്ച രാത്രി കാണാം.