ഡെന്‍മാര്‍ക്കിനെതിരായ പ്രീക്വാര്‍ട്ടറില്‍ ലൂക്ക മോഡ്രിച്ച് പെനാല്‍റ്റി പാഴാക്കിയപ്പോള്‍ ഒരു ക്രൊയേഷ്യക്കാരന്‍ പ്രതികരിച്ചത് ഇപ്പോള്‍ ദൈവമുണ്ടെന്ന് തെളിഞ്ഞു എന്നായിരുന്നു. ആ അഭിപ്രായപ്രകടനം കേട്ട് ശരിക്കും ഞെട്ടിപ്പോയെന്നാണ് ബി.ബി.സിയുടെ സെഗ്‌രബിലെ ലേഖകന്‍ ഗയ് ഡെലൗനി എഴുതിയത്. സ്വന്തം ക്യാപ്റ്റന്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിനെ ദൈവത്തിന്റെ ഇടപെടലായി വ്യാഖ്യാനിക്കണമെങ്കില്‍ എത്രമാത്രം ചീഞ്ഞളിഞ്ഞതായിരിക്കണം ക്രൊയേഷ്യന്‍ ഫുട്‌ബോളിലെ സ്ഥിതിഗതികളെന്നും ഡെലൗനി ഒരു ലേഖനത്തില്‍ കുറിച്ചു.

ഈയൊരു അവസ്ഥയിലേയ്ക്ക് ഒഴിഞ്ഞ കൈയുമായി വരുന്ന ലൂക്ക മോഡ്രിച്ചിനും ഇവാന്‍ റാക്കിറ്റിച്ചിനുമെല്ലാം എന്തു സംഭവിക്കും എന്നതാണ് കലാശപ്പോരിലെ രാത്രി ബാക്കിയാക്കുന്ന ചോദ്യം. ക്രൊയേഷ്യയ്ക്ക് ഈ തോല്‍വി ഒരു വെറും കിരീടനഷ്ടം മാത്രമല്ല, ജീവിതത്തിലേയ്ക്ക് തിരിച്ചുകയറാനുള്ള ഒരു കച്ചിത്തുരുമ്പ് കൂടിയാണ് കൈയില്‍ നിന്ന് വഴുതിപ്പോയത്. ഫ്രാന്‍സിനോട് അടിയറവു പറഞ്ഞെങ്കിലും ക്രൊയേഷ്യയ്ക്ക് ഇന്ന് ലോകമെങ്ങും ആരാധകരാണ്. റഷ്യന്‍ ലോകകപ്പിലെ അവരുടെ കുതിപ്പിനെ ഒരു മുത്തശ്ശിക്കഥ പോലെയാണ് വാഴ്ത്തിപ്പാടുന്നത്.

എന്നാല്‍, ലൂക്ക മോഡ്രിച്ചിനും ക്രൊയേഷ്യയ്ക്കും കിരീടനേട്ടത്തിന് ആഘോഷത്തിനപ്പുറത്തെ മറ്റ് പല അര്‍ഥതലങ്ങളുമുണ്ടായിരുന്നു. ഒരു രക്ഷാമാര്‍ഗമായിരുന്നു അവര്‍ക്ക് കിരീടനേട്ടം. മറ്റുള്ളവര്‍ ക്രൊയേഷ്യയുടെ രണ്ടാം സ്ഥാനത്തെ വിജയത്തോളം വിലമതിക്കുമ്പോള്‍ കപ്പില്ലാതെ വെറും കൈയോടെയുള്ള മടക്കം ആലോചിക്കാവുന്ന ഒന്നല്ല ക്രൊയേഷ്യന്‍ ടീമിന്. ഒരുപക്ഷേ, അത്ര മികച്ച സ്വീകരണമാവില്ല ടീമിനെ കാത്തിരിക്കുന്നതെന്ന് ഗോള്‍ഡണ്‍ ബോള്‍ സ്വന്തമാക്കിയ ലൂക്ക മോഡ്രിച്ചിനു തന്നെ അറിയാം.

മനുഷ്യരക്തത്തിന്റെ ഗന്ധമുണ്ട് ക്രൊയേഷ്യ എന്ന രാജ്യത്തിനും അതിന്റെ ഫുട്‌ബോള്‍ പാരമ്പര്യത്തിനും. ചോര ചിന്തി നേടിയ സ്വാതന്ത്രത്തിനുശേഷം അവര്‍ സ്വാഭിമാനം തിരിച്ചുപിടിച്ചത് ഫുട്‌ബോളിലൂടെയാണ്. എന്നാല്‍, ഇതേ ഫുട്‌ബോള്‍ തന്നെ അവരുടെ ആത്മാഭിമാനത്തെ മുറിവേല്‍പിക്കുന്നതാണ് പിന്നീട് കണ്ടത്. ഡയനാമോ സെഗ്‌രബിന്റെ മേധാവി ഡ്രാക്കോ മാമിച്ചാണ് ഈ പുഴുക്കുത്തിന് വഴിവച്ചത്. ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ആകെ ആടിയുലയുകയായിരുന്നു മാമിച്ചിന്റെ അഴിമതിയില്‍. ഉണ്ണാനും ശ്വസിക്കാന്‍ പോലും ഫുട്‌ബോള്‍ അനിവാര്യമായ ഒരു ജനത ഉള്ളുരുകി ഫുട്‌ബോള്‍ താരങ്ങളെയും അതിന്റെ നടത്തിപ്പുകാരെയും വെറുത്ത ഇരുണ്ട കാലം കൂടിയാണ് കടന്നുപോയത്. 

ലോകകപ്പിന് തൊട്ടു മുന്‍പ് മാമിച്ച് ആറര വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതോടെ തകര്‍ച്ച അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തി. കേസുമായി ബന്ധപ്പെട്ട് ലൂക്ക മോഡ്രിച്ച് കള്ള സത്യവാങ്മൂലം നല്‍കി എന്ന ആരാപോണം ക്രൊയേഷ്യന്‍ ജനതയെ ശരിക്കും രോഷാകുലരാക്കി. ലോകകപ്പിനായി റഷ്യയിലേയ്ക്ക് യാത്രയാകുന്നതിന് തൊട്ടുമുന്‍പാണ് മോഡ്രിച്ചിന്റെ വീടിന്റെ മതിലില്‍ നിറയെ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. മോഡ്രിച്ചും ലൊവ്‌റെന്നും മാമിച്ചിന്റെ തട്ടിപ്പിന് കൂട്ടുനിന്നു എന്നത് ക്രൊയേഷ്യന്‍ ജനതയ്ക്ക് പൊറുക്കാവുന്ന ഒന്നായിരുന്നില്ല. മോഡ്രിച്ചിനെ ഒരു ദുരന്തം എന്നാണ് ചിലര്‍ വിലയിരുത്തിയത്. അങ്ങനെയാണ് ക്യാപ്റ്റന്റെ പിഴവുകള്‍ ആഘോഷിക്കുന്നതിന്റെ അപൂര്‍വ കാഴ്ചയ്ക്കും ക്രൊയേഷ്യ സാക്ഷ്യം വഹിച്ചത്.

കപ്പുമായി വന്നാലും ഇല്ലെങ്കിലും മോഡ്രിച്ച് മാമിച്ചിന്റെ കേസില്‍ വഞ്ചനാക്കുറ്റത്തിന്റെ വിചാര നേരിടുക തന്നെ വേണം എന്ന് ഇപ്പോഴും വാദിക്കുന്നവരുണ്ട്. ചാമ്പ്യന്മരായാണ് തിരിച്ചുവരുന്നതെങ്കില്‍ ഒരുപക്ഷേ, ഇതില്‍ മോഡ്രിച്ചിന് ഒരു ഇളവ് പ്രതീക്ഷിക്കാമായിരുന്നു. കപ്പില്ലാതെ വരുന്നവര്‍ക്ക് ഒരുപാട് കാലം ആശ്വാസവാക്കുകള്‍ കേട്ട ചരിത്രമില്ല. കേസ് വീണ്ടും തലപൊക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കുറ്റം തെളിയിക്കപ്പെട്ടാല്‍ അഞ്ചു വര്‍ഷത്തെ തടവാണ് ശിക്ഷ.

ക്രൊയേഷ്യന്‍ പ്രസിഡന്റിന്റെ ഗ്യാലറികളിലെ സാന്നിധ്യവും ക്രൊയേഷ്യയുടെ കള്ളിക്കുപ്പായത്തില്‍ പാര്‍ലമെന്റ് ചേര്‍ന്നതെല്ലാം ഫുട്‌ബോളിന് അവര്‍ കല്‍പിക്കുന്ന വിലയുടെ സൂചനകളാണ്. അതുകൊണ്ടു തന്നെ ഫുട്‌ബോളിലെ അഴിമതി രാഷ്ട്രീയത്തിലും വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്.  അഴിമതിക്ക് അഴിയെണ്ണും മാമിച്ച് ഭരണകക്ഷിയായ  ക്രൊയേഷ്യന്‍ നാഷണലിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു. ഫുട്‌ബോളിനെ ശുദ്ധീകരിക്കാനുള്ള മുന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളെ പുതിയ സര്‍ക്കാര്‍ തകര്‍ത്തത് മാമിച്ചിന്റെ സ്വാധീനത്താലാണെന്ന് ആരോപണമുണ്ട്. അതുകൊണ്ടുതന്നെ പ്രതിപക്ഷവും ഡയനാമോ സെഗ്‌രബിലെ വിമത വിഭാഗവും വലിയൊരു വിഭാഗം ആരാധകരും യുദ്ധമുഖത്താണ്. ഇവരുടെ രോഷത്തിലേയ്ക്കാണ് മോഡ്രിച്ചിനും കൂട്ടര്‍ക്കും കപ്പില്ലാതെ വന്നിറങ്ങേണ്ടിവരുന്നത്. ഇതാണ് ലോകകപ്പിന്റെ അവശേഷിപ്പ് ഉയര്‍ത്തുന്ന ചോദ്യവും.

Content Highlights: Croatia Lost To France In World Cup Final And Its Aftereffects