പോര്‍ച്ചുഗലിന് ഒരു ദേശീയ ഫുട്‌ബോള്‍ ടീമുണ്ട്. പേര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. വേറെ ചില കളിക്കാരും ആ ടീമിലുണ്ട്. - കാര്‍ലോസ് ക്വിറോസ് ( പോര്‍ച്ചുഗീസുകാരനായ ഫുട്‌ബോള്‍ കോച്ച്)

രൊറ്റ മനുഷ്യനെ ചുറ്റിപ്പറ്റിയാണ് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ നിലനില്‍ക്കുന്നത്. അയാള്‍ മനുഷ്യനല്ല, അതിമാനുഷനാണ്. ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ പ്രതിഭകളിലൊരാള്‍. അവന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അവന്റെ കാലുകളില്‍ മാന്ത്രികതയുണ്ട്. അവന്‍ ഒരു ഹെഡ്ഡറിനായ് ഉയരുന്നത്ര ഉയരാന്‍ ലോകത്ത് ഇന്ന് ഒരു താരത്തിനും കഴിവില്ല. പോര്‍ച്ചുഗലിനെ ലോകം ഉറ്റുനോക്കുന്നെങ്കില്‍ കാരണം ക്രിസ്റ്റ്യാനോ തന്നെ. തന്റെ നാലാമത്തെയും ഒരുപക്ഷേ, അവസാനത്തേതുമായ ലോകകപ്പിനാണ് ക്രിസ്റ്റ്യാനോ റഷ്യയിലെത്തുന്നത്. പോര്‍ച്ചുഗലിനുവേണ്ടി ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുകയും കൂടുതല്‍ ഗോളുകള്‍ നേടുകയും ചെയ്ത താരം ക്രിസ്റ്റ്യാനോ തന്നെ. ചാമ്പ്യന്‍സ് ലീഗില്‍ സൂപ്പര്‍ താരം നേടിയ ആ ബൈസിക്കിള്‍ കിക്ക് ഗോളിന്റെ ത്രില്ലില്‍ ഫുട്‌ബോള്‍ ലോകം റഷ്യയിലേക്കും ക്രിസ്റ്റ്യാനോയിലേക്കും ഉറ്റുനോക്കുന്നു.

ഏഴാം തവണയാണ് പോര്‍ച്ചുഗല്‍ ലോകകപ്പ് ഫൈനല്‍സിന് യോഗ്യത നേടുന്നത്, തുടര്‍ച്ചയായി അഞ്ചാം തവണയും. 1966ല്‍ ആയിരുന്നു അരങ്ങേറ്റം. അത് ഗംഭീരമാക്കി. പോര്‍ച്ചുഗല്‍ ആദ്യമായി ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനല്‍റൗണ്ട് കളിക്കുന്നു. ഇംഗ്ലണ്ടില്‍ നടന്ന ആ ലോകകപ്പില്‍ അവര്‍ മൂന്നാം സ്ഥാനം നേടി. യൂസേബിയോ എന്ന പ്രതിഭ അന്ന് ടീമിനൊപ്പമുണ്ടായിരുന്നു. ഒമ്പത് ഗോളുകളാണ് യൂസേബിയോ അന്ന് അടിച്ചത്.

2006 ലോകകപ്പില്‍ പോര്‍ച്ചുഗല്‍ വന്‍കുതിപ്പ് നടത്തി. ആദ്യ റൗണ്ടിലെ മൂന്ന് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പില്‍ ഒന്നാമതെത്തിയ അവര്‍ പ്രീക്വാര്‍ട്ടറില്‍ ഹോളണ്ടിനെ ഒറ്റ ഗോളിന് തോല്പിച്ചു. ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ കാണിക്കേണ്ടിവന്ന മത്സരമായിരുന്നു അത്. ബാറ്റില്‍ ഓഫ് ന്യൂറെംബര്‍ഗ് എന്ന പേരിലറിയപ്പെട്ട ആ കളിയില്‍ നാല് ചുവപ്പുകാര്‍ഡുകളും 16 മഞ്ഞക്കാര്‍ഡുകളുമാണ് റഷ്യന്‍ റഫറി വലെന്റിന്‍ ഇവാനോവ് പുറത്തെടുത്തത്. 23-ാം മിനിറ്റില്‍ മാനിഷെ നേടിയ ഗോളിനായിരുന്നു പോര്‍ച്ചുഗലിന്റെ വിജയം. മോശം റഫറിയിങ്ങിന് ഇവാനോവ് സ്വയമൊരു മഞ്ഞക്കാര്‍ഡ് കാണിക്കണമായിരുന്നു എന്നാണ് ഫിഫ പ്രസിഡന്റായിരുന്ന സെപ് ബ്ലാറ്റര്‍ അഭിപ്രായപ്പെട്ടത്. സസ്‌പെന്‍ഷനിലായ ഡെക്കോയും കോസ്റ്റീഞ്ഞയുമില്ലാതെ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ ഇംഗ്ലണ്ടിനെ നേരിട്ടു. അധികസമയത്തും കളി ഗോള്‍രഹിതമായതോടെ ഷൂട്ടൗട്ടിലേക്ക്. പോര്‍ച്ചുഗല്‍ 3-1ന് ജയിച്ചു. എന്നാല്‍ സെമിയില്‍ ഫ്രാന്‍സിനോട് തോറ്റു. മോസ്റ്റ് എന്റര്‍ടെയിനിങ് ടീം അവാര്‍ഡ് അത്തവണ പോര്‍ച്ചുഗലിനായിരുന്നു.

2010ല്‍ പ്രീക്വാര്‍ട്ടര്‍ കളിച്ച പോര്‍ച്ചുഗല്‍ കഴിഞ്ഞ ലോകകപ്പില്‍ ആദ്യറൗണ്ടില്‍ പുറത്തായി.

2016ല്‍ യൂറോകപ്പ് ജേതാക്കളായതാണ് പോര്‍ച്ചുഗല്‍ ഫുട്‌ബോളിലെ ഏറ്റവും വലിയ നേട്ടം. ഫൈനലില്‍ ആതിഥേയരായ ഫ്രാന്‍സിനെ അവര്‍ ഞെട്ടിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിക്കേറ്റ് മടങ്ങിയ മത്സരത്തില്‍ ഗോള്‍കീപ്പര്‍ റൂയി പാട്രീഷ്യോയും പെപ്പെ നയിച്ച പ്രതിരോധവും ഫ്രഞ്ച് മുന്നേറ്റങ്ങളില്‍ നിന്ന് പോര്‍ച്ചുഗലിനെ രക്ഷിച്ചു. നിശ്ചിതസമയം തീരുമ്പോള്‍ കളി ഗോള്‍രഹിതം. അധികസമയത്ത്, 109-ാം മിനിറ്റില്‍ ഏഡര്‍ പോര്‍ച്ചുഗലിന്റെ വിജയഗോള്‍ നേടി. മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുമായി ക്രിസ്റ്റ്യാനോ സില്‍വര്‍ ബൂട്ട് സ്വന്തമാക്കി.

സുവര്‍ണകാലത്തിന്റെ തുടര്‍ച്ചയിലാണ് പോര്‍ച്ചുഗല്‍ വീണ്ടും ലോകകപ്പിനെത്തുന്നത്.

പോര്‍ച്ചുഗല്‍

ഫിഫ റാങ്കിങ്:4

* ലോകകപ്പ്

മൂന്നാം സ്ഥാനം (1966)

നാലാം സ്ഥാനം (2006)

* യൂറോകപ്പ്

ജേതാക്കള്‍2016

റണ്ണേഴ്‌സ് അപ്പ് (2004)

സെമിഫൈനല്‍ (1984, 2000, 2012)

* കോണ്‍ഫെഡറേഷന്‍സ് കപ്പ്

മൂന്നാം സ്ഥാനം (2017)

* ഒളിമ്പിക്‌സ്

നാലാം സ്ഥാനം (1996)