സീസണ്‍ മുഴുവന്‍ ഒരേ ടീമിനായി പോരാടിയവര്‍ ലോകകപ്പില്‍ പരസ്പരം ഭിന്നിക്കും. ഒരേ ജേഴ്സിയില്‍, ഒരേ ആവേശത്തില്‍, ഒരേ ടീമിന്റെ വിജയത്തിനായി പോരാടിയ അവര്‍ ലോകകപ്പില്‍ വ്യത്യസ്ത കുപ്പായങ്ങളില്‍ അണിനിരക്കും. മൈതാനത്ത് 90 മിനിറ്റില്‍ അവര്‍ പരസ്പരം പോര്‍വിളിച്ചും മുനയൊടിച്ചും പോരാടും.

ക്ലബ്ബ് ഫുട്ബോളില്‍ ഒരേ ടീമിനായി കളിക്കുന്ന സുഹൃത്തുകള്‍ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍തന്നെ വ്യത്യസ്ത ടീമുകളിലായി പരസ്പരം ഏറ്റുമുട്ടുന്നുണ്ട്. 

ക്രിസ്റ്റ്യാനോ X റാമോസ്

പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പന്തുമായി കുതിക്കുമ്പോള്‍ അതു തടയിടുകയെന്നതാവും ലോകകപ്പില്‍ സെര്‍ജിയോ റാമോസിന്റെ ജോലി. ജൂണ്‍ 15-നാണ് ബി ഗ്രൂപ്പില്‍ സ്പെയിനും പോര്‍ച്ചുഗലും പരസ്പരം ഏറ്റുമുട്ടുന്നത്. സ്പാനിഷ് ലാലിഗ ക്ലബ്ബ് റയല്‍ മഡ്രിഡില്‍ അടുത്ത കൂട്ടുകാരായ ഇരുവരുടെയും ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കെന്ന് കാത്തിരുന്ന് കാണാം. 2012 യൂറോ കപ്പിലാണ് ഇരുവരും അവസാനമായി ഏറ്റമുട്ടിയത്. അന്ന് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ജയം റാമോസിന്റെ സ്പാനിഷ് ടീമിനൊപ്പം നിന്നു.

മെസ്സി X റാക്കിട്ടിച്ച്

മധ്യനിരയില്‍ ബാഴ്സലോണയുടെ അത്താണിയാണ് ക്രൊയേഷ്യക്കാരന്‍ ഇവാന്‍ റാക്കിട്ടിച്ച്. ലയണല്‍ മെസ്സിക്കും ലൂയി സുവാരസിനും മുന്നേറാന്‍ പാകത്തില്‍ പന്തെത്തിക്കുന്നതില്‍ മിടുക്കന്‍. കറ്റാലന്‍ ക്ലബ്ബില്‍ മെസ്സിയുടെ സുഹൃത്ത്. എന്നാല്‍ അടുത്ത മാസം 21-ന് ഡി ഗ്രൂപ്പില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ മെസ്സി അര്‍ജന്റീനിയന്‍ ജേഴ്സിയിലിറങ്ങുമ്പോള്‍ എതിര്‍ ടീമിലാവും ഇവാന്‍ റാക്കിട്ടിച്ചുണ്ടാവുക. ലോകകപ്പില്‍ ക്രൊയേഷ്യയയുടെ പ്രതീക്ഷയാണ് റാക്കിട്ടിച്ച്.

ലെവന്‍ഡോവ്സ്‌കി X ഹാമിഷ് റോഡ്രിഗസ്

ജര്‍മന്‍ ബുണ്ടസ് ലിഗ ക്ലബ്ബ് ബയറണ്‍ മ്യൂണിക്കിന്റെ മധ്യനിരയുടെ കരുത്താണ് കൊളംബിയന്‍ ഹാമിഷ് റോഡ്രിഗസ്. മധ്യനിരയില്‍ റോഡ്രിഗസ് നല്‍കുന്ന പന്തുകള്‍ സ്വീകരിച്ച് ഗോളടിക്കലാണ് മുന്നേറ്റനിരയില്‍ പോളിഷ് റോബര്‍ട്ടോ ലെവന്‍ഡോവ്സ്‌കിയുടെ വിനോദം. എന്നാല്‍ ലോകകപ്പില്‍ ഇരുതാരങ്ങളും പരസ്പരം പോരാടും. എച്ച് ഗ്രൂപ്പില്‍ പോളണ്ടും കൊളംബിയയും ഏറ്റുമുട്ടുമ്പോഴാണ് ഈ സുഹൃത്തുകള്‍ പരസ്പരം പോരിനിറങ്ങുക. ജൂണ്‍ 24-നാണ് പോളണ്ട്- കൊളംബിയ പോരാട്ടം

കെവിന്‍ ഡി ബ്രുയിന്‍ X റഹീം സ്റ്റെര്‍ലിങ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് ഇംഗ്ലീഷ് താരം റഹീം സ്റ്റെര്‍ലിങ്ങും ബെല്‍ജിയത്തിന്റെ കെവിന്‍ ഡി ബ്രുയിനും. എന്നാല്‍ ലോകകപ്പിന്റെ ഗ്രൂപ്പ് റൗണ്ടില്‍ ഇരുതാരങ്ങളും പരസ്പരം പോരിനിറങ്ങും. ജൂണ്‍ 28-ന് ജി ഗ്രൂപ്പില്‍ ബെല്‍ജിയവും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വരുമ്പോഴാണ് ഇരുവരെയും ഒരേമൈതാനത്ത് വ്യത്യസ്ത ജേഴ്സിയില്‍ കാണാനാവുക. ഡി ബ്രുയിന് ബെല്‍ജിയത്തിന്റെ മധ്യനിരയിലാണ് സ്ഥാനമെങ്കില്‍ ഇംഗ്ലീഷ് മുന്നേറത്തിലാവും സ്റ്റെര്‍ലിങ്ങുണ്ടാവുക.

Content Highlights: Club Friendly and World Cup Rivalry