''ബ്രസീലിനെപ്പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്'' - അതേ, ബ്രസീലിനെ കുറ്റം പറഞ്ഞാല്‍ ചിന്തുവിന് അടങ്ങിയിരിക്കാനാവില്ല. അവന്‍ കലിപ്പിലാകും, അതാരായാലും. ലോകകപ്പില്‍ ബ്രസീല്‍ പുറത്തായ ശേഷം തന്നെ കളിയാക്കിയ ചേട്ടന്‍മാരോട് വിരല്‍ ചൂണ്ടി കയര്‍ക്കുന്ന ചിന്തുവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

ഈ വീഡിയോ ചിന്തുവിനിപ്പോള്‍ സിനിമയിലേക്കുള്ള വഴിയും തുറന്നിരിക്കുകയാണ്. സംവിധായകന്‍ അനീഷ് ഉപാസനയാണ് ചിന്തുവിനെ തന്റെ പുതിയ ചിത്രമായ 'മധുരക്കിനാവി'ലേക്ക് ക്ഷണിച്ചിരിക്കുന്നത്. എറണാകുളം പുത്തന്‍വേലിക്കര കുത്തിയതോട് ഡേവിസ്-സിനി ദമ്പതികളുടെ ഇളയ മകനാണ് ചിന്തുവെന്ന് വിളിക്കുന്ന എവിന്‍. 

chanthu
ഫോട്ടോ: സനോജ് ഷാജി

കട്ട ബ്രസീല്‍ ഫാനാണ് ചിന്തു. നെയ്മറിനോടുള്ള ഇഷ്ടമാണ് തന്നെ ബ്രസീല്‍ ഫാനാക്കിയതെന്ന് ചിന്തു പറയുന്നു. ചിന്തുവിന്റെ ജ്യേഷ്ഠന്‍ എഡ്വിന്‍ അര്‍ജന്റീന ഫാനാണ്. അര്‍ജന്റീനയ്ക്ക് പിന്നാലെ ബ്രസീലും പുറത്തായപ്പോള്‍ ചിന്തുവിന്റെ വലിയച്ഛന്റെ മക്കളായ ജോണും ജിത്തുവും അതേക്കുറിച്ച് ചോദിച്ച് കുഞ്ഞു ബ്രസീല്‍ ആരാധകന്റെ സങ്കടം സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. മണിക്കൂറുകള്‍ക്കകം വീഡിയോ വൈറലാവുകയും ചെയ്തു.

ഈ വീഡിയോ കണ്ടാണ് കുട്ടി ആരാധകനെ തേടി അനീഷ് ഉപാസന ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. അധികം വൈകാതെ അന്വേഷണം ചിന്തുവിലേക്കെത്തുകയും ചെയ്തു. ചിന്തുവിന്റെ ആത്മാര്‍ത്ഥതയും നിഷ്‌കളങ്കതയും നിറഞ്ഞ സംസാരവും ശരീരഭാഷയുമാണ് തന്നെ ആകര്‍ഷിച്ചതെന്ന് അനീഷ് ഉപാസന പറയുന്നു. ചിന്തുവിനെ അഭിനയിപ്പിക്കാന്‍ ഓഡിഷന്റെ പോലും ആവശ്യമുണ്ടെന്ന് തോന്നിയില്ലെന്നും വിളിച്ചപ്പോള്‍ ചിന്തുവിന്റെ മാതാപിതാക്കള്‍ അഭിനയിക്കാന്‍ സമ്മതമറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാറ്റിനി, സെക്കന്‍ഡ്‌സ്, പോപ്പ്‌കോണ്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അനീഷ് ഉപാസന.

അനീഷ് ഉപാസന ഫെയ്‌സ്ബുക്ക് പോസ്റ്റ്

''പുതിയ ചിത്രമായ മധുരക്കിനാവിനായി ഒരു കുട്ടിയ്ക്കായുള്ള അന്വേഷണത്തിലായിരുന്നു ഞാന്‍. അപ്പോഴാണ് ഈ വീഡിയോ കാണുന്നത്. അത് കണ്ടപ്പോഴേ ഇവനാണ് എന്റെ കഥാപാത്രമെന്ന് തോന്നി. സാധാരണ കുട്ടികള്‍ കൈ ചൂണ്ടിയൊന്നും സംസാരിക്കാറില്ല. വീഡിയോയയില്‍ വിരല്‍ ചൂണ്ടി, അതും ഇടതു കൈയിന്റെ, സംസാരിക്കുന്ന അവന്റെ നിഷ്‌കളങ്കതയും ആത്മാര്‍ത്ഥതയും ഏറെ ആകര്‍ഷിച്ചു'' -അനീഷ് ഉപാസന മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

അപ്രതീക്ഷിതമായി വീട്ടിലെ കുസൃതിക്കുടുക്ക താരമായതിന്റെ അന്ധാളിപ്പിലാണ് ചിന്തുവിന്റെ വീട്ടുകാര്‍. വീഡിയോ വൈറലായതിനെ കുറിച്ചൊക്കെ സഹോദരന്റെ മക്കള്‍ പറഞ്ഞെങ്കിലും അതിത്രയും വലിയ സംഭവമാണെന്നൊന്നും കരുതിയിരുന്നില്ലെന്ന് ചിന്തുവിന്റെ അച്ഛന്‍ ഡേവിസ്. 'അനീഷ് സാര്‍ വിളിച്ച് മകനെ അഭിനയിപ്പിക്കാമോ എന്ന് ചോദിച്ചപ്പോള്‍ എന്താണ് പറയേണ്ടതെന്നറിയില്ലായിരുന്നു. അഭിനയിക്കാന്‍ അവനും താല്‍പര്യമാണ്. അടുത്ത ദിവസം അദ്ദേഹത്തെ കാണാന്‍ പോകുന്നുണ്ട്' -ഡേവിസ് പറഞ്ഞു.

chanthu
ചിന്തു അച്ഛന്‍ ഡേവിസിനും അമ്മ സിനിയ്ക്കുമൊപ്പം. ഫോട്ടോ: സനോജ് ഷാജി.

ബ്രസീല്‍ തോറ്റതോടെ വലിയ സങ്കടത്തിലായിരുന്നു ചിന്തുവെന്ന് അമ്മ സിനിയും പറയുന്നു. ഒടുവില്‍ ലോകകപ്പിന്റെ മാതൃകയൊക്കെ വാങ്ങിക്കൊടുത്താണ് സമാധാനിപ്പിച്ചത്. എന്നാല്‍, ചേട്ടന്‍ വന്ന് ബ്രസീല്‍ തോറ്റതിനെ കുറിച്ച് ചോദിച്ചതോടെ ദേഷ്യം മുഴുവന്‍ അവനോടായി.  കളിയുള്ളപ്പോള്‍ ഞങ്ങളെ സീരിയല്‍ കാണാനൊന്നും സമ്മതിക്കില്ലായിരുന്നു. ഇതൊക്കെ കണ്ടിട്ട് എന്തിനാണെന്നാണ് അവന്‍ ചോദിക്കുക. കളി കണ്ടിട്ടെന്തിനാണെന്ന് ചോദിച്ചാല്‍ അതില്‍ കാര്യമുണ്ടെന്ന് പറയും. ഒടുവില്‍ അവന്‍ പറഞ്ഞതുപോലെ അതിപ്പോള്‍ കാര്യമായിരിക്കുകയാണെന്നും സിനി കൂട്ടിച്ചേര്‍ത്തു.

സിനിമയും ഏറെ ഇഷ്ടമാണ് ചിന്തുവിന്. പുലിമുരുകനാണ് ഇഷ്ടചിത്രം. പുലിമുരുകന്‍ വേഷം സ്റ്റേജിലൊക്കെ അവതരിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍, വലുതാകുമ്പോള്‍ ഫുട്‌ബോള്‍ കളിക്കാരനാകണോ സിനിമാനടനാകണോ എന്ന ചോദ്യത്തിന് ഫുട്‌ബോള്‍ വിട്ടൊരു കളിയില്ലെന്നു പറയാന്‍ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല ഈ ഒന്നാംക്ലാസുകാരന്.

Content Highlights: Chinthu Katta Brazil Fan Viral Video Boy World Cup 2018