പെനാല്‍റ്റി കിക്കിന്റെ ആദ്യ രക്തസാക്ഷികളില്‍ ഒരാള്‍ ഒരു കോഴിക്കോട്ടുകാരനായിരുന്നു എന്നറിയുക - യൂണിവേഴ്‌സല്‍ ക്ലബ്ബിന്റെ വിഖ്യാത ഗോള്‍കീപ്പര്‍ രാരന്‍. മുപ്പതുകളിലാണ്. കോഴിക്കോടന്‍ ഫുട്ബാളില്‍ ചാലഞ്ചേഴ്‌സും യൂണിവേഴ്‌സലും തമ്മിലുള്ള വൈരം കളിക്കളത്തിനകത്തും പുറത്തും കത്തിപ്പടരുന്ന  കാലം. റോവിംഗ് സെന്റര്‍ഹാഫ് കോട്ടായി അച്ചുവാണ് ചാലഞ്ചേഴ്‌സിന്റെ ഹീറോ. മധ്യനിരയിലെ ഓര്‍ക്കെസ്ട്ര നിയന്ത്രിക്കുന്നതില്‍ മാത്രമല്ല , എതിര്‍ പ്രതിരോധനിരയിലൂടെ നുഴഞ്ഞുകയറി അസാധ്യമായ ആംഗിളുകളില്‍ നിന്ന് വെടിയുണ്ടകള്‍ ഉതിര്‍ക്കുന്നതിലും കേമന്‍. 

മറ്റൊരു ഖ്യാതി കൂടിയുണ്ട് അച്ചുവിന്. കരുത്തനായ ഈ ഓള്‍ റൗണ്ടറുടെ  പെനാല്‍റ്റി കിക്കുകള്‍ ഗോള്‍കീപ്പര്‍മാര്‍ രക്ഷപ്പെടുത്തിയ ചരിത്രമില്ല. 12 വാര ദൂരെ പെനാല്‍റ്റി സ്‌പോട്ടില്‍ അച്ചു പന്ത് കൊണ്ടുവെക്കുമ്പോഴേ ഗോളിയുടെ മുട്ടിടിക്കും. തീപാറുന്ന ആ ഷോട്ട് കൈകൊണ്ടോ നെഞ്ചുകൊണ്ടോ തടുക്കാന്‍ ശ്രമിച്ചു  ഒടുവില്‍ പന്തിനൊപ്പം വലയില്‍ ചെന്ന് കുടുങ്ങിയ ഗോള്‍കീപ്പര്‍മാരുടെ കദനകഥകള്‍ അയവിറക്കി കേട്ടിട്ടുണ്ട് പഴമക്കാര്‍.

ആ കോട്ടായി അച്ചുവിനെയാണ് രാരന്‍ പോരിനു വിളിച്ചത്. അച്ചുവിന്റെ പെനാല്‍റ്റി കിക്ക്  തടുത്തിടും- അതായിരുന്നു വെല്ലുവിളി. രാരനെ അറിയുന്നവര്‍ക്ക് ഞെട്ടലുണ്ടായില്ല എന്നതാണ് സത്യം. ബാറിനടിയിലെ സാഹസികപ്രകടങ്ങള്‍ക്ക് പേരുകേട്ട ഗോളി. അസാമാന്യ ധൈര്യശാലിയും. 

വീര്‍പ്പടക്കി നിന്ന ചാലഞ്ചേഴ്‌സിന്റെയും യൂണിവേഴ്‌സലിന്റെയും ആരാധകരെ സാക്ഷിനിര്‍ത്തി അച്ചുവിന്റെ കിക്ക് രാരന്‍ നെഞ്ചില്‍ ഏറ്റുവാങ്ങുന്നു. ആവേശഭരിതരായ യൂണിവേഴ്‌സലിന്റെ ആരാധകര്‍ പ്രിയതാരത്തെ ചുമലില്‍ ഏറ്റിയാണത്രെ നഗരം ചുറ്റിയത്. പക്ഷെ കഥയുടെ ആന്റി-ക്ലൈമാക്‌സ് വരാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. വീട്ടിലെത്തിയ രാരന്‍ രക്തം ഛര്‍ദിച്ചു നിലത്തുവീണു. ചരിത്രം സൃഷ്ടിച്ച സേവിന്റെ ആഘാതത്തില്‍ നിത്യരോഗിയായിത്തീര്‍ന്ന രാരന്‍ പിന്നീടൊരിക്കലും കളിക്കളത്തില്‍ തിരിച്ചെത്തിയില്ല. മരണം വരെ നീണ്ടു രാരന്റെ ദുരിതം. 
 
രാരന്മാരുടെ തലമുറ അവസാനിക്കുന്നില്ല. ''നല്ലൊരു പെനാല്‍റ്റി സേവിനോളം ഹരം പകരുന്ന മറ്റൊന്നുമില്ല എന്റെ ജീവിതത്തില്‍,'' റഷ്യയുടെ ഇതിഹാസതുല്യനായ ഗോള്‍ കീപ്പര്‍ ലെവ്  യാഷിന്റെ പ്രശസ്തമായ വാക്കുകള്‍. യൂറി ഗഗാറിന്‍ ബഹിരാകാശത്തു പറന്നുനടക്കുന്ന കാഴ്ച  പോലും അത് കഴിഞ്ഞേ വരൂ. പതിറ്റാണ്ടുകള്‍ നീണ്ട സംഭവബഹുലമായ തന്റെ ഫുട്ബാള്‍  ജീവിതത്തില്‍ നൂറ്റി അന്‍പതിലേറെ പെനാല്‍റ്റി കിക്കുകള്‍ തടുത്തിട്ട ചരിത്രമുണ്ട്  യാഷിന് .   

lev yashin
ലെവ് യാഷിന് പെലെയുടെ ചലഞ്ച്   ഫോട്ടോ കടപ്പാട്: ഗെറ്റി ഇമേജസ്‌

പക്ഷെ യാഷിന്റെ കാലത്ത് പെനാല്‍റ്റി കിക്കുകള്‍ മിക്കവാറും ഒരു ലോട്ടറിയായിരുന്നു. സ്‌പോട്ടില്‍ നിന്ന് പന്ത് തൊടുക്കുന്നവനും കാത്തു നില്‍ക്കുന്ന ഗോള്‍കീപ്പര്‍ക്കും അമിത പ്രതീക്ഷകളുടെ ഭാരമില്ല. ടൈബ്രേക്കർ എന്ന ഇടപാട് ഫിഫയും യുവെഫയും ഒന്നും ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലാത്ത കാലം.  ഇന്നതല്ല സ്ഥിതി.  ഫുട്ബാളിലെ ഏറ്റവും തന്ത്രപ്രധാനമായ വിദ്യകളില്‍ ഒന്നായി പെനാല്‍റ്റി കിക്ക് മാറി കഴിഞ്ഞു.

ശാരീരികവും മാനസികവുമായ എകാഗ്രപരിശീലനം വേണം അതിന്. പന്തിന്റെ ഗതി നിശ്ചയിക്കാന്‍  ആറാം ഇന്ദ്രിയത്തിന്റെ പിന്തുണ  മാത്രം പോര. ശാസ്ത്രീയഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍  വേണം കൈകാലുകളുടെ  ചെറുചലനം പോലും. അടിക്കുന്നവനും തടുക്കുന്നവനും ഇത് ഒരുപോലെ ബാധകം. നിര്‍ണായക ലീഗ് മത്സരത്തില്‍ പെനാല്‍റ്റി അലക്ഷ്യമായി  പുറത്തേക്കടിച്ചു  പാഴാക്കിയതിന്റെ പേരില്‍, ഒരു അള്‍ജീരിയന്‍  ഫുട്‌ബോളറെ  നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ചു ഞെരിവട്ടം പൂശിയത്  അടുത്ത കാലത്താണ്.  കളിയുടെ ഗൗരവം ഏറുന്തോറും, അടിയുടെ വീര്യവും കൂടും. കൊലപാതകം വരെ എത്തുമത്. 

ഹെല്‍മട്ട് ഡക്കാഡം എന്നൊരു ഗോളിയുണ്ട്. എണ്‍പതുകളിലെ  സ്റ്റുവാ ബുക്കാറസ്റ്റ് ടീമിന്റെ വിശ്വസ്ത കാവല്‍ഭടന്‍. ഷൂട്ട് ഔട്ടില്‍  ചെന്നൊടുങ്ങിയ 1986 -ലെ യുറോപ്യന്‍ കപ്പ് ഫൈനലില്‍  ബാഴ്‌സലോണക്കെതിരെ  തുടര്‍ച്ചയായി നാല് സ്‌പോട്ട് കിക്കുകള്‍ രക്ഷപ്പെടുത്തി ചരിത്രം സൃഷ്ടിച്ച ഡക്കാഡം, റമോണ്‍ സാഞ്ചസ് സ്റ്റേഡിയത്തിലെ ആ അനര്‍ഘനിമിഷങ്ങള്‍ ഓര്‍ത്തെടുക്കുന്നത്  ഇങ്ങനെയാണ് : അലെക്‌സാന്ദ്രോയുടെ  ആദ്യ കിക്ക് ഏത് ദിശയില്‍ വരുമെന്ന്  ഒരു സൂചനയും ഉണ്ടായിരുന്നില്ല.  രണ്ടും കല്‍പ്പിച്ച്  ഞാന്‍ ഡൈവ് ചെയ്തത് വലത്തേക്കാണ്. ഭാഗ്യത്തിന്  ഷോട്ട് വന്നതും ആ വഴി തന്നെ. അടുത്ത കിക്ക്  പെട്രാസയുടെ വക. ആ  കണ്ണുകളില്‍ നിന്ന്  അയാളുടെ   മനസ്സ് എനിക്ക്  വായിച്ചെടുക്കാമായിരുന്നു.  ആദ്യ ഡൈവ് വലത്തേക്കായിരുന്നല്ലോ. ഇത്തവണ ഞാന്‍  ഇടത്ത് ഭാഗത്തേക്ക് ഡൈവ് ചെയ്യും എന്ന് കരുതിയിരിക്കണം പെട്രാസ. പക്ഷെ,  ഞാന്‍ പറന്നത് വലതു ഭാഗത്തേക്കാണ്. പന്ത് പുഷ്പം പോലെ എന്റെ കയ്യില്‍.  

അടുത്ത കിക്ക് എടുക്കാന്‍ പിച്ചി അലോണ്‍സോ നടന്നു വരുന്നത് കണ്ടപ്പോള്‍ തന്നെ ഞാന്‍ മനസ്സില്‍ ഉറച്ചിരുന്നു ഇത്തവണയും വലതു ഭാഗത്തേക്ക് ഡൈവ് ചെയ്യണമെന്ന്. ആദ്യ രണ്ടു തവണയും വലത്തേക്ക് ചാടിയ ഒരു ഗോളി മൂന്നാം തവണയും അത് ആവര്‍ത്തിക്കുമെന്ന്  പാവം അലോണ്‍സോ പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെ ആ ഷോട്ടും എന്റെ കയ്യില്‍ ഒതുങ്ങുന്നു. പിന്നത്തെ  കിക്ക് എടുത്തത് മാര്‍കോസ്. ഇത്തവണ എനിക്ക് ചെറിയ ഒരു ആശയക്കുഴപ്പം. പഹയന്‍ എവിടെക്കാണ് അടിക്കുക? ഒരു ചെറിയ റിസ്‌ക് എടുക്കാമെന്ന്  എന്റെ മനസ്സ് പറഞ്ഞു. ഞാന്‍ ഡൈവ് ചെയ്തത് ഇടത്തേക്ക്. പന്ത് വന്നതും അതെ  ആംഗിളില്‍ തന്നെ....''

ഹെല്‍മട്ട് ഡക്കാഡമിന്റെ കണ്ണഞ്ചിക്കുന്ന റിഫ്ലക്‌സുകളുടെ ചിറകിലേറി  അങ്ങനെ സ്റ്റുവാ ബുക്കാറസ്റ്റ് ചരിത്രത്തില്‍ ആദ്യമായി യുറോപ്യന്‍ കപ്പ് നേടുന്നു. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ അത്ഭുതം തോന്നും. ഒരൊറ്റ ജഡ്ജ്‌മെന്റ് പിഴച്ചിരുന്നെങ്കില്‍ എല്ലാം തകര്‍ന്നടിഞ്ഞേനെ...ദൈവാനുഗ്രഹത്താല്‍ അങ്ങനെ സംഭവിച്ചില്ല. എന്റെ ഊഹങ്ങള്‍ എല്ലാം ശരിയായി. യാദൃചികം എന്നേ ഞാന്‍ പറയൂ. ..'' 

ഡക്കാഡമിന്റെ  സേവ്‌

ഡക്കാഡമിന്റെത് മനഃശാസ്ത്രപരമായ സമീപനം. മറ്റ് ചിലരുണ്ട്. കിക്കെടുക്കുന്ന എതിരാളിയുടെ മനസ്സ്  മാത്രമല്ല  പൂര്‍വകാലചരിത്രം കൂടി ചികഞ്ഞു നോക്കും അവര്‍. പോര്‍ച്ചുഗലിന്റെ  റിക്കാര്‍ഡോയെ  ഓര്‍മ വരുന്നു.  2006 ലെ ലോകകപ്പ് ക്വാര്‍ട്ടര്‍ഫൈനലിലെ ഷൂട്ട് ഔട്ടില്‍ പ്രബലരായ ഇംഗ്ലണ്ടിന്റെ ഗതി മുടക്കിയ ഗോള്‍കീപ്പര്‍. ഫ്രാങ്ക്  ലംപാര്‍ഡ്, സ്ടീവന്‍ ജെറാര്‍ഡ്, ജെയ്മി  കാരഗര്‍ എന്നിവരുടെ കിക്കുകള്‍ തലങ്ങും വിലങ്ങും ചാടിമറിഞ്ഞ്  വഴിക്കുവഴിയായി തടുത്തിടുകയായിരുന്നു റിക്കാര്‍ഡോ. ഇംഗ്ലീഷ് കളിക്കാര്‍ ഓരോരുത്തരും പ്രാദേശിക- അന്താരാഷ്ട്ര മത്സരങ്ങളില്‍  അതുവരെ എടുത്ത  പെനാല്‍റ്റി കിക്കുകളുടെ വീഡിയോ ക്ലിപ്പിങ്ങുകള്‍ മുഴുവന്‍ വിശദമായി പരിശോധിച്ചു പഠിച്ച ശേഷമാണ് താന്‍ കളിയ്ക്കാന്‍ ഇറങ്ങിയതെന്ന് പിന്നീട് റിക്കാര്‍ഡോ വെളിപ്പെടുത്തി.

അതേ ലോകകപ്പില്‍ അര്‍ജന്റീനയെ നേരിട്ട ജര്‍മന്‍ ടീമിന്റെ കീപ്പറായിരുന്നു ജെന്‍സ് ലേമാന്‍. ഷൂട്ട് ഔട്ടിലേക്ക് നീണ്ട ആ മത്സരത്തില്‍, ഓരോ അര്‍ജന്റീന കളിക്കാരനും കിക്കെടുക്കാന്‍ ഒരുങ്ങുമ്പോള്‍, കുനിഞ്ഞിരുന്നു സോക്‌സില്‍ തിരുകിയിരുന്ന കടലാസ് തുണ്ടിലൂടെ കണ്ണോടിക്കുന്ന  ലേമാന്റെ ചിത്രം മറക്കാനാവില്ല. കിക്കര്‍മാരുടെ വ്യത്യസ്തമായ ഷൂട്ടിംഗ് ശൈലികള്‍  കടലാസ് കഷ്ണങ്ങളില്‍ എഴുതി ഗോളിയുടെ സോക്‌സില്‍ തിരുകിയത് ജര്‍മന്‍ ഗോള്‍കീപ്പിംഗ് കോച്ച് ആന്‍ഡ്രിയ കോപ്‌കെ. 

മുമ്പും അത്തരം അടവുകള്‍ കളിക്കളത്തില്‍ പരീക്ഷിച്ച് വിജയിപ്പിച്ചയാളാണ് ലേമാന്‍ . ഇന്റര്‍ മിലാനെതിരായ 1997-ലെ യുവേഫ കപ്പ് ഫൈനലില്‍ ഷാല്‍ക്കെ  വിജയത്തിലേക്ക് കുതിച്ചത്  ലേമാന്റെ ഒന്നാന്തരമൊരു പെനാല്‍റ്റി  സേവിന്റെ  പിന്‍ബലത്തോടെ ആയിരുന്നു. അന്ന് ലേമാനെ തുണച്ചത് ടീം മാനേജര്‍ ഹ്യുസ് സ്റ്റീവന്‍സിന്റെ  പെഴ്‌സണല്‍ ഡാറ്റാബേസ് ആണ്. പതിനയ്യായിരം പെനാല്‍റ്റി  കിക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു ഹ്യുസ് ആ ഡാറ്റാബേസില്‍. അര്‍ജന്റീനക്കെതിരായ  ലോകകപ്പ് മത്സരത്തിന്റെ തലേന്നും ഞാന്‍ സ്റ്റീവന്‍സിനെ ഫോണില്‍ വിളിച്ചു. ഓരോ കളിക്കാരനും കിക്കെടുക്കുന്ന രീതി അദേഹത്തിന് മനഃപാഠമായിരുന്നു. കണ്ണിന്റെ കൃഷ്ണമണികളുടെ ചലനം പോലും..'' ലേമാന്‍  ഓര്‍ക്കുന്നു.

അഗാധമായ  സാങ്കേതിക ജ്ഞാനവും ഗവേഷണവും കൊണ്ട് മാത്രം പെനാല്‍റ്റി  കിക്കുകള്‍ രക്ഷപ്പെടുത്താനാവുമെന്നു ലേമാന്‍  പോലും വിശ്വസിക്കാനിടയില്ല. സത്യത്തില്‍  പെനാല്‍റ്റി ഷൂട്ട് ഔട്ട് മനസ്സുകളുടെ പോരാട്ടമാണ് . ജോയല്‍ ബാറ്റ്‌സ് ഒരിക്കല്‍ നിരീക്ഷിച്ച പോലെ, ഒരു പുരികത്തിന്റെ ചലനം കൊണ്ട് പോലും പ്രതിയോഗിയുടെ മനോവീര്യം കെടുത്താന്‍  കഴിയുന്ന ദ്വന്ദയുദ്ധം. 120 മിനുട്ട് നേരം ഗ്രൗണ്ടില്‍ അസാധ്യമായ പ്രകടനം കാഴ്ചവച്ചു ഗാലറികളുടെ  മനം കവര്‍ന്ന  ശേഷം  ഷൂട്ട് ഔട്ടില്‍ ദയനീയമായി പരാജയപ്പെടുന്ന കീപ്പര്‍മാര്‍ ധാരാളമുണ്ട്. പെനാല്‍ട്ടിയിലെ രാജാക്കന്മാര്‍ മത്സരവേളയില്‍ വട്ടപ്പൂജ്യമായി  മാറുന്നതും സാധാരണം . ഏതായാലും ആദ്യത്തെ കൂട്ടത്തിലല്ല ബാറ്റ്‌സിന്റെ സ്ഥാനം. 

ഫ്രഞ്ച് ഗോള്‍കീപ്പര്‍  ജോയല്‍ ബാറ്റ്‌സിനെ ഇന്ന് നാം ഓര്‍ക്കുന്നത് അദ്ദേഹത്തിന്റെ ചരിത്രപ്രസിദ്ധമായ പെനാല്‍റ്റി  സേവുകളുടെ പേരിലാണ്. 1986 ലെ മെക്‌സിക്കോ ലോകകപ്പില്‍ ഫ്രാന്‍സിനു സെമി ഫൈനലിലേക്ക് ചീട്ടു വാങ്ങിക്കൊടുത്ത ബാറ്റ്‌സിന്റെ എണ്ണം പറഞ്ഞ സേവുകള്‍ മറക്കാനാകുമോ? ചില്ലറക്കാരല്ല അന്ന് ബാറ്റ്‌സിനു മുന്നില്‍ മുട്ടു മടക്കിയത്. സീക്കൊയെയും സോക്രട്ടീസിനെയും പോലുള്ള അതിമാനുഷര്‍. ബ്രസീല്‍ മറക്കാനാഗ്രഹിക്കുന്ന ആ രാത്രി, മെക്‌സിക്കോ ഒളിമ്പിക് സ്റ്റേഡിയത്തില്‍  കൊളോസസ്സിനെ  പോലെ തലയുയര്‍ത്തി നിന്നത് ജോയല്‍ ബാറ്റ്‌സ്  എന്ന ഗോള്‍കീപ്പറാണ്. 

 ജോയല്‍ ബാറ്റ്‌സിന്റെ സേവ്‌

നാല് വര്‍ഷം പഴക്കമുള്ള  അര്‍ബുദ രോഗത്തെ അളവറ്റ മനോവീര്യം കൊണ്ടും നിശ്ചയദാര്‍ഡ്യം കൊണ്ടും പ്രതിരോധിച്ച ബാറ്റ്‌സിനു മുന്നില്‍ ആദ്യം കീഴടങ്ങിയത് സീക്കോ. കളി തീരാന്‍ പത്തു മിനുട്ടുള്ളപ്പോള്‍ പന്തുമായി ഡേഞ്ചര്‍ സോണില്‍ കുതിച്ചെത്തിയ ബ്രാങ്കോയെ ബാറ്റ്‌സ് മുന്നോട്ടു കയറി ടാക്കിള്‍ ചെയ്തു  വീഴ്ത്തിയപ്പോള്‍ പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടാന്‍ റുമാനിയന്‍ റഫറി യോവാന്‍ ഇഗ്‌ന മടിച്ചില്ല. സീക്കൊ എടുത്ത കിക്ക് വലതു വശത്തേക്ക് വായുവില്‍ നീന്തി ബാറ്റ്‌സ് തടുത്തിടുന്നു. 

എക്‌സ്ട്രാ ടൈം കഴിഞ്ഞിട്ടും സമനില. ഒടുവില്‍  ഷൂട്ട് ഔട്ട്. ആദ്യ കിക്ക് എടുക്കാന്‍ വന്നത് സാക്ഷാല്‍ സോക്രട്ടീസ് . സ്‌പോട്ട് കിക്കിന്റെ ആശാന്‍ ആയിരുന്നിട്ടും ബാറ്റ്‌സിന്റെ  പ്രതിരോധം തകര്‍ക്കാന്‍ പോന്ന വെടിമരുന്ന് ഉണ്ടായിരുന്നില്ല സോക്രട്ടീസിന്റെ ബൂട്ടുകളില്‍. തിരിച്ചു സെന്റര്‍ സര്‍ക്കിളിലേക്കുള്ള  സോക്രട്ടീസിന്റെ തലതാഴ്ത്തിയുള്ള  നടത്തം മറക്കാനാവുമോ? ആ ആഘാതത്തില്‍  നിന്ന് സോക്രട്ടീസ് പിന്നീട് കരകയറിയതേയില്ല.   

റോബര്‍ട്ടോ ബാജിയോയുടേതാണ്  മറ്റൊരു പെനാല്‍റ്റി ദുരന്തം.  1994-ലെ ലോകകപ്പ് ഫൈനല്‍ ഗോള്‍രഹിത റെഗുലേഷന്‍  ടൈമും എക്‌സ്ട്രാ ടൈമും കടന്നു ടൈബ്രേക്കരിലേക്ക് കുതിക്കുന്നു. ഷൂട്ട് ഔട്ടില്‍  3 - 2 നു ബ്രസീല്‍ മുന്നിട്ടു നില്‍ക്കെയാണ്   കിക്ക് എടുക്കാന്‍ ബാജിയോയുടെ വരവ്.  പെനാല്‍റ്റി കിക്കുകള്‍ ഗോളാക്കി മാറ്റുന്നതില്‍ ബാജിയോയോളം തിളക്കമുള്ള റെക്കോര്‍ഡ് ആ  ഇറ്റാലിയന്‍ ടീമില്‍ മറ്റാര്‍ക്കുമില്ല. പക്ഷെ ഇത്തവണ ബാജിയോയുടെ കണക്കു കൂട്ടല്‍ പിഴച്ചു. പന്ത് പറന്നത് ബാറിനു മുകളിലൂടെ പുറത്തേക്ക്. ഒപ്പം ഇറ്റലിയുടെ കപ്പ് പ്രതീക്ഷകളും. ടൂര്‍ണമെന്റില്‍ ഉടനീളം മിന്നുന്ന ഫോമിലായിരുന്ന ബാജിയോ ഒരൊറ്റ നിമിഷം കൊണ്ട് വെറുക്കപ്പെട്ടവനായി  മാറുന്നു. ഇന്നും ബാജിയോയെ വേട്ടയാടുന്ന ദുസ്വപ്നമാണ് പസഡേന സ്റ്റേഡിയത്തിലെ ആ രാത്രി. 

അടുത്തിടെ ഫിഫ ഡോട്ട് കോമിനു വേണ്ടി  എഴുതിയ ഒരു കുറിപ്പില്‍ ബാജിയോ ആ അഭിശപ്ത നിമിഷങ്ങള്‍ അയവിറക്കിയത്  ഇങ്ങനെയാണ്: ബ്രസീലിയന്‍ കീപ്പര്‍ ടഫറേലിനു ഡൈവിംഗ് ഒരു ദൗര്‍ബല്യമാണ് എന്ന് എനിക്കറിയാം.  കിക്ക് പുറപ്പെടുന്നതിനു ഒപ്പം, ചിലപ്പോള്‍ തൊട്ടുപിന്നാലെ,  അയാള്‍ ഡൈവ് ചെയ്തിരിക്കും;  ഉറപ്പ്. അതുകൊണ്ട് തന്നെ പോസ്റ്റിന്റെ മധ്യഭാഗത്തേക്ക് പന്ത് അടിക്കാനാണ് ഞാന്‍ തീരുമാനിച്ചത്- ഏതാണ്ട് ഒരു മീറ്റര്‍ ഉയരത്തിലുള്ള ഒരു ഷോട്ട്. കാല്‍ നീട്ടിയാല്‍ പോലും അയാള്‍ക്ക് പന്തില്‍ തൊടാന്‍ കഴിയരുത്. അതായിരുന്നു ലക്ഷ്യം. 

പ്രതീക്ഷിച്ച പോലെ ടഫറേല്‍ ഇടതു വശത്തേക്ക് ഡൈവ് ചെയ്തു. എല്ലാം പ്ലാന്‍ അനുസരിച്ച്  നടന്നിരുന്നെങ്കില്‍ അത് ഗോളായേനെ. പക്ഷെ പന്തിന്റെ ഫ്ലൈറ്റ് എന്റെ വരുതിയില്‍ നിന്നില്ല.  മൂന്നു മീറ്ററോളം ഉയരത്തിലാണ് അത് പറന്നത്. ജീവിതത്തില്‍ ആദ്യമായി ഒരു പെനാല്‍റ്റി കിക്ക് പുറത്തേക്കടിച്ചു  തുലയ്ക്കുകയായിരുന്നു ഞാന്‍...''

roberto baggio
പെനാല്‍റ്റി നഷ്ടപ്പെടുത്തിയ ശേഷം റോബര്‍ട്ടോ ബാജിയോ   ഫോട്ടോ: എ.എഫ്.പി

പാഴായ ആ പെനാല്‍റ്റിയുടെ പേരില്‍ താന്‍  ബലിയാടാകുകയായിരുന്നു  എന്ന് തുറന്നുപറയുന്നുണ്ട്  ബാജിയോ. ഞാന്‍ ആ ഗോള്‍ അടിച്ചിരുന്നെങ്കില്‍ പോലും അവസാന പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചു ബ്രസീലിനു ജയിക്കാമായിരുന്നു. എനിക്ക് മുന്‍പ് കിക്കുകള്‍ പാഴാക്കിയ ഫ്രാങ്കോ ബരേസിയെയും മസ്സാരോയെയും ആരും കുറ്റക്കാരായി കണ്ടില്ല. എല്ലാവരുടെയും കണ്ണില്‍  ഞാനായിരുന്നു വില്ലന്‍. ഇറ്റലിയെ ഫൈനലില്‍ എത്തിച്ചത് ഞാന്‍ ആണെന്ന കാര്യം പോലും  എല്ലാവരും സൗകര്യപൂര്‍വം മറന്നു. ലോക്കര്‍ റൂമില്‍ വാതിലടച്ചു ഒറ്റയ്ക്കിരുന്നു  പൊട്ടികരഞ്ഞത് ഓര്‍മയുണ്ട്...''

ഷൂട്ട്ഔട്ടിന്റെ ഏറ്റവും വലിയ വിമര്‍ശകനാണ് ഇന്ന് ബാജിയോ. പെനാല്‍റ്റി കിക്കുകളിലൂടെ  ലോകകപ്പ് ഫൈനലിലെ വിധി  നിശ്ചയിക്കുന്നതിനോട് ഒരിക്കലും  പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല.  തികഞ്ഞ അനീതിയാണത്. നാല് വര്‍ഷത്തെ എല്ലാം മറന്നുള്ള കഠിനാധ്വാനം വെറും മൂന്നു മിനുട്ട് കൊണ്ട് പുകയായി പോകുക.. ഏതു ടീമിന് സഹിക്കാനാകും അത്? ഗോള്‍ഡന്‍ ഗോള്‍ നല്ലൊരു ഉപാധിയായിരുന്നു. അല്ലെങ്കില്‍ റിപ്ലേ...'' ബാജിയോയുടെ വാക്കുകള്‍.  
 
മറിച്ച് ചിന്തിക്കുന്നവരും കണ്ടേക്കാം;  ചെക്ക്  മിഡ്ഫീല്‍ഡര്‍ അന്റോനിന്‍  പനേങ്കയെ പോലെ. ഒരൊറ്റ പെനാല്‍റ്റി കിക്കിലൂടെയാണ് പനേങ്ക അനശ്വരത നേടിയത്- പശ്ചിമ ജര്‍മ്മനിക്കെതിരായ  1976 ലെ യുറോപ്പ്യന്‍ നേഷന്‍സ് കപ്പ്  ഫൈനലില്‍.  ഷൂട്ട് ഔട്ടിലെ നിര്‍ണായക കിക്ക് തൊടുക്കാന്‍ സകല  ഊര്‍ജവും സംഭരിച്ചു  കുതിച്ചെത്തിയ പനേങ്ക പന്തിനു തൊട്ടു മുന്നില്‍ സ്വിച്ചിട്ട പോലെ ഒറ്റ നില്‍പ്പ് . കനത്ത ഷോട്ട് പ്രതീക്ഷിച്ചു നിന്ന ഗോള്‍കീപ്പര്‍ സെപ് മേയര്‍  ഇടതു  വശത്തേക്ക് ഡൈവ് ചെയ്യുന്നതിനിടെ, പനേങ്ക പന്ത് മൃദുവായി പോസ്റ്റിന്റെ ഒത്ത നടുവിലേക്ക് നിന്ന നില്‍പ്പില്‍ ചിപ്പ് ചെയ്യുന്നു. ദുര്‍ബലമായ ആ ഷോട്ട് നേരെ വലയില്‍ ചെന്ന് വീണപ്പോള്‍ ബല്‍ഗ്രേഡിലെ ക്രവേന സ്വസ്ദ സ്റ്റേഡിയത്തിലെ ഗാലറിയില്‍ പടര്‍ന്ന കാതടപ്പിക്കുന്ന നിശബ്ദത ഈ  ജന്മം മറക്കാനിടയില്ല സെപ് മേയര്‍.  പൊട്ടിത്തെറിയ്ക്ക് മുന്‍പുള്ള മൗനമായിരുന്നു അത്.  7 - 5 നു ജയിച്ച് ചെക്കൊസ്ലോവാക്യ ചരിത്രത്തില്‍ ആദ്യമായി, അവസാനമായും, യൂറോപ്യന്‍ ജേതാക്കളായ നിമിഷം. 
 
കൗമാരകാലത്തെ  ഒരു വാശിയില്‍ നിന്നാണ് അത്തരമൊരു കിക്ക് പരീക്ഷിക്കാന്‍ ധൈര്യം കിട്ടുന്നത്,'' പില്‍ക്കാലത്ത് പരിശീലകനും ടെലിവിഷന്‍  കമന്റേറ്ററും  ഒക്കെയായി പേരെടുത്ത പനേങ്ക പറയുന്നു. പ്രേഗിലെ  ബൊഹീമിയന്‍  ക്ലബ്ബില്‍ കളിക്കുന്ന കാലത്ത് ഗോള്‍കീപ്പര്‍ ടെനെക് റൂസ്‌കയുമായി പന്തയം വെക്കുന്ന പതിവുണ്ടായിരുന്നു പനേങ്കയ്ക്ക്. വിസ്മയാവഹമായ മെയ് വഴക്കമുള്ള റൂസ്‌കയെ സ്‌പോട്ട് കിക്കിലൂടെ കീഴ്‌പെടുത്തണം. അതാണ് പന്തയം. ബെറ്റ് ജയിച്ചാല്‍ പനെന്കയ്ക്ക്  ഒരു കുപ്പി ബിയര്‍ . തോറ്റാല്‍ തിരിച്ചും. 

സ്ഥിരമായി  കിക്ക് രക്ഷപ്പെടുത്തി റൂസ്‌ക ബെറ്റ് ജയിക്കും. എനിക്ക് ബിയര്‍ നഷ്ടം. പോരാത്തതിന് മാനഹാനിയും.  തോല്‍വി സ്ഥിരമായപ്പോള്‍ റൂസ്‌കയെ കീഴ്‌പ്പെടുത്താനുള്ള പുതിയൊരു മാര്‍ഗം കണ്ടെത്തേണ്ടത് അത്യാവശ്യമായി. 99 ശതമാനം  ഗോള്‍കീപ്പര്മാരും  പെനാല്‍റ്റി കിക്ക്  സ്‌പോട്ടില്‍ നിന്ന് പുറപ്പെടുന്നതിനു നിമിഷാര്‍ദ്ധം മുന്‍പെങ്കിലും ഡൈവ് ചെയ്യുന്ന ശീലക്കാരാണെന്ന കണ്ടെത്തലില്‍ നിന്നാണ് ഇത്തരമൊരു കപട കിക്ക് പരീക്ഷിക്കാനുള്ള ധൈര്യം എനിക്ക് വീണുകിട്ടുന്നത്. റൂസ്‌കയുടെ കാര്യത്തില്‍ അത് നൂറു ശതമാനം ശരിയായിരുന്നു. പിന്നീട് ക്ലബ് തലത്തിലും അന്താരാഷ്ട്ര തലത്തിലും പല തവണ ഞാന്‍ ഈ പരീക്ഷണം വിജയിപ്പിച്ചിട്ടുണ്ട്..''

ജര്‍മ്മനിക്കെതിരായ  ചരിത്രപ്രസിദ്ധമായ  ഫൈനലില്‍ പനേങ്ക നിര്‍ണായക കിക്ക് എടുക്കാന്‍ സ്‌പോട്ടിലേക്ക് നടക്കവേ, ആ കാഴ്ച കാണാനുള്ള കെല്‍പ്പില്ലാതെ കണ്ണ് പൊത്തി തിരിഞ്ഞു  നില്‍ക്കുകയായിരുന്നു  ചെക്ക് കോച്ച് വാക്ലാവ് ജെസെക്കും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ജോസെഫ് വെന്‍ഗ്ലോസ്സും. ആ ഘട്ടത്തില്‍ അത്തരമൊരു ഷോട്ട് പരീക്ഷിക്കാന്‍ ധൈര്യമുള്ളവന്‍ ഒന്നുകില്‍ ഒരു ഭ്രാന്തന്‍ ആയിരിക്കും; അല്ലെങ്കില്‍ ഒരു അസാമാന്യ ജീനിയസ്..'' പനേങ്കയുടെ സാഹസത്തെ കുറിച്ച് പെലെ ഒരിക്കല്‍ പറഞ്ഞു. 

എന്തായാലും പനേങ്കയുടെ ഗോള്‍ കൊണ്ട് ഒരു ഗുണമുണ്ടായി. ജര്‍മനി ഉള്‍പ്പെടെയുള്ള ലോകഫുട്‌ബോള്‍ ശക്തികള്‍ ഷൂട്ട് ഔട്ട് അതീവഗൗരവത്തോടെ കണ്ടു തുടങ്ങി. പെനാല്‍റ്റി അടിക്കാനും തടുക്കാനുമുള്ള പരിശീലനത്തിന്  പ്രത്യേക കോച്ചുകള്‍ വന്നു. പിന്നീടങ്ങോട്ട് അപൂര്‍വമായേ പ്രധാന ടൂര്‍ണമെന്റുകളില്‍  ജര്‍മ്മനി ടൈബ്രേക്കര്‍ അടിയറ വച്ചിട്ടുള്ളു എന്ന് ചരിത്രം പറയുന്നു . പനേങ്കയ്ക്ക്  നന്ദി.

1976 ലെ യുറോപ്പ്യന്‍ നേഷന്‍സ് കപ്പ് ഫൈനല്‍

പനേങ്കയുടെ പെനാല്‍റ്റി കിക്ക് ശൈലി പരീക്ഷിക്കുന്നവര്‍ ധാരാളമുണ്ട് ഇന്ന്.  2006ലെ  ലോകകപ്പ്  ഫൈനലിന്റെ ഏഴാം മിനുട്ടില്‍ ഫ്രഞ്ച് ക്യാപ്റ്റന്‍ സിനദിന്‍ സിദാന്‍ നേടിയ ഗോള്‍ ഓര്‍ക്കുക. പരിചയസമ്പന്നനും പേരുകേട്ട പെനാല്‍റ്റി സ്‌പെഷ്യലിസ്റ്റുമായ ഇറ്റാലിയന്‍ കീപ്പര്‍ ജിയാന്‍ ല്യുഗി  ബുഫോണിനെ  അക്ഷരാര്‍ത്ഥത്തില്‍ ബഫൂണ്‍ ആക്കുകയായിരുന്നു  സിദാന്‍. 

ബുഫോണിനെ പോലെ അങ്ങേയറ്റം തന്ത്രശാലിയായ  ഒരു ഗോള്‍കീപ്പര്‍ക്ക് ഒരിക്കലും സംഭവിച്ചു കൂടാത്ത പിഴവ്.  ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന്റെ ലുയി ഫിഗോയുടെയും യുറോ 2008 ല്‍  റുമേനിയയുടെ അഡ്രിയാന്‍ മ്യുട്ടുവിന്റെയും കിക്കുകള്‍ ബുഫോണ്‍  രക്ഷപ്പെടുത്തിയ ശൈലി  കളിക്കമ്പക്കാര്‍ മറക്കാനിടയില്ല.  എത്ര ജീനിയസ്  ആയാലും പെനാല്‍റ്റിയില്‍ ഗോള്‍കീപ്പറേക്കാള്‍  മനശാസ്ത്രപരമായ മുന്‍തൂക്കം കിക്കെടുക്കുന്ന ആള്‍ക്ക് തന്നെയാണ്.,'' ബുഫോണ്‍ പറയുന്നു. കിക്കര്‍ക്കു  മുന്നില്‍ നൂറുകണക്കിനാണ് സാധ്യതകള്‍.  കീപ്പര്‍ക്ക് ആകെയുള്ളത് ഒരൊറ്റ സാധ്യത മാത്രം.  ചില സാഹചര്യങ്ങളില്‍ അതു അരയായി കുറയാനും മതി..''.ഈ  അര്‍ധാവസരം മുതലാക്കുന്നിടത്താണ് ഏതു ഗോള്‍കീപ്പറുടെയും  വിജയം.  

120 വര്‍ഷം  മുന്‍പ് ഒരു സെപ്റ്റംബര്‍ 14 ന്,  ഇംഗ്ലണ്ടിലെ  മോളിന്യൂ സ്റ്റേഡിയത്തില്‍  വച്ച് ഫുട്ബാളിലെ  ആദ്യത്തെ പെനാല്‍റ്റി കിക്ക് തൊടുക്കുമ്പോള്‍ വൂള്‍വര്‍ഹാംട്ടണ്‍ വാണ്ടറേഴ്‌സിന്റെ ജോണ്‍ ഹീത്ത് സങ്കല്‍പ്പിച്ചിരിക്കുമോ, തന്റെ കിക്ക് ചെന്ന് വീഴുക ചരിത്രത്തിലാണെന്ന്?  എതിരാളികളായ ആക്രിംഗ്ടണ്‍ ക്ലബ്ബിന്റെ ഗോളി പന്ത് കണ്ടത് പോലുമില്ല എന്നതാണ് സത്യം. 

അതിനും മൂന്നു മാസം മുന്‍പ്,  1891 ജൂണ്‍ രണ്ടിനാണ് ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ ബോര്‍ഡ് പെനാല്‍റ്റിക്കു  ഔദ്യോഗികമായി പച്ചക്കൊടി കാട്ടുന്നത്.  തുടക്കത്തിലെ മുറുമുറുപ്പിനു ശേഷം ഫുട്‌ബോള്‍ ലോകം  ഫ്രീ കിക്കിനെയും ഫ്‌ളാഗ് കിക്കിനെയുമൊക്കെ പോലെ  പെനാല്‍റ്റിയെയും  മനസ്സുകൊണ്ട്  അംഗീകരിച്ചു തുടങ്ങുന്നു. പക്ഷെ പെനാല്‍റ്റി ഷൂട്ട് ഔട്ടിന്റെ കഥ അതല്ല. 1952 ലെ യുഗോസ്ലാവ് കപ്പ് മുതലേ അനൌദ്യോഗികമായി ഷൂട്ട് ഔട്ട്  (ഇന്നത്തേതില്‍ നിന്ന് വ്യത്യസ്തമായ  മാതൃകയില്‍ )  നിലവില്‍ ഉണ്ടെങ്കിലും , ഫിഫയും യുവേഫയും  അതിനു അംഗീകാരം നല്‍കുന്നത് 70 ലാണ്.  അതും മനസ്സില്ലാമനസ്സോടെ. കടുത്ത പ്രതിഷേധങ്ങളുടെ അകമ്പടിയോടെ കടന്നു വന്ന ടൈബ്രേക്കര്‍ ഇന്നും വിവാദങ്ങളില്‍ നിന്ന് മോചനം നേടിയിട്ടില്ല. 
       
1968-ലെ മെക്‌സിക്കോ ഒളിമ്പിക് ഫുട്ബാള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇസ്രായേലിനേറ്റ പരാജയമാണ് ഒരര്‍ഥത്തില്‍ ഷൂട്ട് ഔട്ടിനു ഔദ്യോഗിക അംഗീകാരം നല്‍കാന്‍ ഫിഫയെ പ്രേരിപ്പിച്ചത് . ബള്‍ഗേറിയക്കെതിരായ മത്സരത്തില്‍ സമനില വഴങ്ങിയ ഇസ്രയേല്‍ ഒടുവില്‍ നറുക്കെടുപ്പിലൂടെ പുറത്താകുകയായിരുന്നു. 120 മിനിറ്റ് പൊരുതിക്കളിച്ച് , മത്സരത്തില്‍  ഉടനീളം മേധാവിത്വം പുലര്‍ത്തിയ  ഒരു ടീമിനോട്  ഇതില്‍പരം ഒരു  ക്രൂരത  കാണിക്കാനില്ല എന്നായിരുന്നു ഇസ്രായേലി ഫുട്ബാള്‍ ഫെഡറേഷന്റെ  നിലപാട്. അത് ന്യായവുമായിരുന്നു. നറുക്കെടുപ്പിനും ടോസ്സിനും പകരം മത്സരജേതാക്കളെ നിശ്ചയിക്കാന്‍  പുതിയൊരു മാര്‍ഗം നിര്‍ദേശിച്ച്  ഇസ്രായേലി ഫെഡറേഷന്റെ മുന്‍ ഭാരവാഹി യോസഫ് ഡാഗന്‍  ഫിഫയ്ക്ക് കത്തെഴുതുന്നു. ടൈബ്രേക്കര്‍ ആയിരുന്നു ഡാഗന്‍ കണ്ടെത്തിയ ആ പോംവഴി.  

ഡാഗന്റെ  നിര്‍ദേശം  ഫിഫ അര്‍ഹിക്കുന്ന ഗൗരവത്തോടെ തന്നെ കണ്ടു.  രണ്ടു വര്‍ഷം കഴിഞ്ഞു ഹള്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മിലുള്ള വാറ്റ്‌നി  കപ്പ് സെമിഫൈനല്‍ മത്സരത്തില്‍  ടൈബ്രേക്കര്‍ ഔദ്യോഗികമായി  അരങ്ങേറ്റം കുറിക്കുന്നു. മത്സരം ജയിച്ചത് യുണൈറ്റഡ്.  ജോര്‍ജ് ബെസ്റ്റിന്റെ ബൂട്ടില്‍ നിന്നായിരുന്നു  ഷൂട്ട് ഔട്ടിലെ ആദ്യ ഗോള്‍.  ആദ്യം കിക്ക് പാഴാക്കി  ചരിത്രത്തിന്റെ ഭാഗമായി തീര്‍ന്നത്  ഡെന്നിസ് ലോയും.  

പിന്നീടുള്ളത് നമുക്കറിയാവുന്ന കഥ. എത്രയോ കൊലകൊമ്പന്‍ ഫുട്ബാള്‍ ടീമുകളുടെ കണ്ണീര്‍ വീണു കുതിര്‍ന്ന കഥയാണത്. '' ആ യോസഫ് ഡാഗനെ ഒന്ന് കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ...'' യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ രണ്ടു വര്‍ഷം മുന്‍പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് ഷൂട്ട് ഔട്ടില്‍ കീഴടങ്ങിയ ശേഷം ചെല്‍സിയുടെ മാനേജര്‍ അവ്‌റാം ഗ്രാന്റ് ആത്മഗതമെന്നോണം ഉരുവിട്ട വാക്കുകള്‍ ഓര്‍മ വരുന്നു. റഷ്യയിലും കഥ മറിച്ചാവാനിടയില്ല. പാവം ഡാഗന്‍ . കാലം അദ്ദേഹത്തോട്  പൊറുക്കട്ടെ.

(ഇല്ലസ്‌ട്രേഷന്‍: മനോജ് കുമാര്‍ തലയമ്പലത്ത്‌)

Content Highlights: Celebrated Goal Keepers and Penalty Saves