ജോഗോ ബൊണീറ്റോ എന്നാല്‍ സുന്ദരമായ കളി. ബ്രസീല്‍ ഫുട്ബോള്‍ താരം ദീദിയാണ് കളിയെക്കുറിച്ചുള്ള ഈ പ്രയോഗം ആദ്യം നടത്തിയതെന്ന് ഒരു പക്ഷമുണ്ട്. ഫുട്ബോള്‍ കളിയെ മൊത്തത്തില്‍ വിശേഷിപ്പിക്കുന്ന ഒരു സങ്കല്‍പമാണിത്. അതേസമയം ബ്രസീലിന്റെ കളിയുടെ തത്വശാസ്ത്രത്തെ വിശദീകരിക്കുന്നതുമാണ് ഈ പദപ്രയോഗം. എന്നാല്‍ ബ്രസീലുകാരായ കാണികള്‍ക്ക് കളിയെക്കാള്‍ പ്രധാനം അതിന്റെ ഫലത്തിലാണെന്ന് ബ്രസീല്‍ ഫുട്ബോളിനെക്കുറിച്ച് എഴുതാറുള്ള ടിം വിക്കറി വാദിക്കുന്നു.

നാട്ടില്‍ നടക്കുന്ന കളി കാണാന്‍ ആളുകള്‍ കുറഞ്ഞു വരുന്നതിനെക്കുറിച്ച്, ബ്രസീല്‍ ഫുട്ബോള്‍ സംഘാടകരുടെ വലിയ വിമര്‍ശകനായ റൊമാരിയോയെപ്പോലുള്ള മുന്‍താരങ്ങള്‍ ഉല്‍ക്കണ്ഠാകുലരാണ്. അതായത് ലോകത്തെ ഏറ്റവും പ്രശസ്തമായ ഫുട്ബോള്‍ സംസ്‌ക്കാരത്തിന്റെ ഉള്ളില്‍ നിന്നു തന്നെ അതിനെക്കുറിച്ചുള്ള വേവലാതികള്‍ ഉയരുന്നത ഇങ്ങകലെ പ്രൊഫഷണല്‍ കളിയിലേക്ക് ചുവുടവെച്ചു നീങ്ങുന്ന നമ്മെ അത്ഭുതപ്പെടുത്തും. അതവിടെ നില്‍ക്കട്ടെ.

ആദ്യ മല്‍സരത്തില്‍ ബ്രസീല്‍ പഴയ കാല താരങ്ങള്‍ കളിക്കുന്നതു പോലെ ഗിറ്റാറുകള്‍ കയ്യിലെടുത്ത് തീരെ ധൃതിയില്ലാതെ തുടങ്ങി. മിനുമിനുത്ത തുണി തുന്നിച്ചേര്‍ത്ത മേശയില്‍ ബില്ല്യാഡ്സ് പന്ത് ഉരുളുന്നതു പോലെ പന്ത് ഉരുട്ടിക്കളിച്ചു. വൈകാതെ കുട്ടീന്യോ വെടിയുണ്ട പോലത്തെ അടിയോടെ ബ്രസീലിനെ ഞെട്ടിക്കുകയും ചെയ്തു. ബ്രസീലിനെ ഞെട്ടിച്ചു എന്നു പറയാന്‍ കാരണമുണ്ട. ലോകത്ത് ആറാം റാങ്കുള്ള സ്വിറ്റ്സര്‍ലൻഡ് തീരെ ഞെട്ടിയതു പോലെ തോന്നിയില്ല. ബ്രസീലിന്റെ കളത്തില്‍ കളിക്കാന്‍ അവര്‍ വിസമ്മതിച്ചു. സ്വന്തം കളിയിലേക്ക് എതിരാളികളെ ക്ഷണിക്കുകയും ചെയ്തു.

തന്നെ സമീപിച്ച് എന്തെങ്കിലും അബദ്ധം കാട്ടിക്കൂട്ടാന്‍ നെയ്മര്‍ ചില നേരം  എതിരാളികള്‍ക്കു വേണ്ടി കാത്തു നിന്നു.ചില നേരങ്ങളില്‍ എതിരാളികള്‍ ആ ചൂണ്ടിയില്‍ കൊത്തി. ബ്രസീലിന്റെ നക്ഷത്രത്തെ 10 തവണ എതിര്‍ ടീം ഫൗള്‍ ചെയ്തു. അതിന്റെ പേരില്‍ മാത്രം മൂന്നൂ മഞ്ഞക്കാര്‍ഡുകളും വാങ്ങി. പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചുവന്ന നെയ്മര്‍ ഇടക്കിടെ നിലത്തുവീണപ്പോള്‍ വാവിട്ടു കരഞ്ഞു. കരച്ചിലിന്റെ ദൃശ്യങ്ങളില്‍ നിന്നാകട്ടെ ക്യാമറകള്‍ പെട്ടെന്നൊന്നും കട്ടു ചെയ്യുകയുമില്ല. ബാഴ്സലോണയ്ക്ക് വേണ്ടി നെയ്മര്‍ ഇതു പോലെയാണോ കളിച്ചിരുന്നത് ? മാര്‍സലോ, തന്നെ ആരും വേണ്ട പോലെ ക്ഷണിച്ചിട്ടില്ലെന്ന മട്ടില്‍ ഓരത്ത് നില്‍പ്പുണ്ടായിരുന്നു. റയലിന് കളിക്കുമ്പോഴുള്ള സ്വഛന്ദത മാര്‍സലോവിനെ വിട്ടുപോയി.

സ്വിസ് ആല്‍പ്സില്‍ ധ്യാനം പരിശീലിച്ചുവന്നതു പോലെ ഷക്കീരിയും അക്കഞ്ചിയും മറ്റും തികഞ്ഞ ശാന്തതയോടെ എതിരാളെകളെ നേരിട്ടു. നെയ്മറിന്റെ കരച്ചില്‍ കണ്ട് ബെഹ്റാമി ഒരു നേരം ചിരിച്ചു. ആദ്യം തങ്ങള്‍ക്ക് ഗോള്‍ വീഴുമെന്നും അത് തങ്ങള്‍ തിരിച്ചടിക്കുമെന്നും അന്തര്‍നേത്രത്താല്‍ അവരുടെ പരിശീലകന്‍ പെറ്റ്കോവിച്ച് കണ്ടതു പോലെയായിരുന്നു പിന്നീട് അവര്‍ കളിച്ചത്.

പല പാരമ്പര്യത്തില്‍ നിന്നും വരുന്നവരാണ് സ്വിസ് ടീമംഗങ്ങള്‍. കൊസോവന്‍ അഭയാര്‍ത്ഥി കുടുംബത്തില്‍ നിന്നും വരുന്നവര്‍ അവരുടെ ടീമിന്റെ നട്ടെല്ലാണ്. പഴയ ബാള്‍ക്കന്‍ പ്രദേശങ്ങല്‍ ഛിന്നഭിന്നമായപ്പോള്‍ അതിന്റെ രക്തത്തുള്ളികളില്‍ നിന്ന് ആറു പുതിയ ടീമുകള്‍ ജനിച്ചു, കൊസോവോയെ കൂടാതെ. ഷക്കീരി, ഗ്രാനിത് ചക്ക, നെയ്മറെ കുരുക്കിട്ടു പിടിച്ച വാലോണ്‍ ബെഹ്രാമി എന്നിവര്‍ കൊസോവന്‍ വംശജരാണ്.

മൂന്നു ലക്ഷത്തോളെ അഭയാര്‍ത്ഥികള്‍ക്ക് സ്വിറ്റ്സര്‍ലണ്ട് അഭയം നല്‍കി.കൊസോവന്‍ ഫുട്ബോള്‍ ടീം ഉണ്ടായിക്കഴിഞ്ഞാല്‍ നല്ല കളിക്കാര്‍ അങ്ങോട്ടു പോയേക്കുമോയെന്ന ആശങ്കയും ഇടക്കാലത്ത് സ്വിറ്റ്സര്‍ലണ്ടുകാര്‍ക്ക് ഉണ്ടായിരുന്നു.എന്നാല്‍ തങ്ങള്‍ക്ക് ജീവിതം തന്ന നാടിനെ ഉപേക്ഷിക്കില്ലെന്ന നിലപാടുകാരാണ് ഷക്കീരിയെയും ബെഹ്രാമിയെയും പോലുള്ളവര്‍.

പെറ്റ്‌കോവിച്ച് ഭാവിയില്‍ കണ്ടതു പോലെ സ്വിസ് ടീം ഗോള്‍ മടക്കി.ഷക്കീരിയുടെ കോര്‍ണര്‍ വലയിലേക്ക് ഹെഡ് ചെയ്യും മുന്‍പ് സുബേര്‍, മിറാന്‍ഡയെ തള്ളുകയുണ്ടായി. ബ്രസീല്‍ കോച്ച് ചീച്ചെ (ടിറ്റെ എന്നല്ല, ഏതാണ്ട് ഇങ്ങനെയാണത്രെ പറയുക. ദൈവത്തിനറിയാം.)

അത് നല്ല കളിയല്ലെന്ന് വാദിക്കുകയുണ്ടായി. വാറിന്റെ ദൃഷ്ടിയില്‍ ഇത് പെട്ടിട്ടുണ്ടായിരിക്കണം. ഉന്തുന്നത് നിയമവിരുദ്ധമാണ്. അതേസമയം വലിയ ശക്തി, എക്സസ്സീവ് ഫോഴ്സ്, പ്രയോഗിച്ചുവോ എന്ന വിലയിരുത്താന്‍ റഫറിക്ക് ഒരു പഴുതുണ്ട്. നിയമം വ്യാഖ്യാനിക്കുമ്പോള്‍ അത് ഫുട്ബോളിന്റെ സ്വാഭാവിക രീതികള്‍ക്ക് അനുസൃതമാണോ എന്ന് നോക്കാനും റഫറി ബാധ്യസ്ഥനാണ്. അതാണ് മറ്റൊരു വശം.

കയ്യാലപ്പുറത്തെ തേങ്ങയാണ് ഇത്തരം തീരുമാനങ്ങള്‍ എന്നു പറയാം.മിറാന്‍ഡ കുറച്ചുകൂടി ശ്രദ്ധാലുവാകണമായിരുന്നു.റഫറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നതാണ് നല്ലത്. അതേസമയം നെയ്മര്‍ ഓരോ തവണയും വീണപ്പോള്‍ റഫറി ഫൗള്‍ വിളിച്ചുവെന്ന പരാതി സ്വിസ് ടീമിനുമുണ്ട്. നെയ്മറെ തടയുക എളുപ്പമല്ലെന്ന് സ്വിസ് ഫുള്‍ ബാക്ക് ലിക്സ്റ്റന്‍സ്‌റ്റൈനര്‍ സമ്മതിക്കുന്നുമുണ്ട്.നെയ്മറുടെ വേഗതയും സാങ്കേതിക മേന്‍മയും നെയ്മര്‍ക്ക് നേര്‍ക്കുനേര്‍ നിന്ന ലിക്സ്റ്റൈനര്‍ എടുത്തുകാട്ടുന്നു.

അവസാന ഘട്ടങ്ങളില്‍ ബ്രസീല്‍ കൊണ്ടുപിടിച്ചു ശ്രമിക്കുകയുണ്ടായി. വൈകിയ ഒരു ഗോള്‍ ജനിക്കാന്‍ സാധ്യതയുണ്ടായിരുന്നു.സ്വിറ്റ്സര്‍ലൻഡിന്റെ ഏക സ്ട്രൈക്കര്‍ ഹാരിസ് സെഫറോവിച്ച് 19 തവണയാണ് പന്ത് തൊട്ടത് എന്ന് ഒരു കണക്കുണ്ട്.അതേ സമയം സെന്‍ട്രല്‍ ഡിഫന്‍ഡര്‍ അക്കഞ്ചി 47 തവണ പന്ത് തൊട്ടു എന്നതില്‍ അത്ഭുതമില്ല.

പെലെയുടെ കാലത്ത് മാത്രമല്ല,പിന്നീടും ബ്രസീല്‍ മനോഹരമായി കളിച്ചിട്ടുണ്ട്. അതില്‍ ചില ടീമുകള്‍ ലോകകപ്പ് ജയിച്ചിട്ടില്ല. 1982 ല്‍ സ്പെയിനില്‍ കളിച്ച കളി നോക്കുക. പ്രശസ്തമായ ആ മിഡ്ഫീല്‍ഡിലെ കണ്ണിയിലൊന്നായ സോക്രട്ടീസിന്റെ ചുണ്ടില്‍ എരിയുന്ന സിഗരറ്റും ഫല്‍ക്കാവോവിന്റെ ചുണ്ടില്‍ ഒരു മൂളിപ്പാട്ടും സീക്കോവിന്റെ കയ്യില്‍ ഒരു ഗിറ്റാറും ടോണിഞോ സെരീസാവിന്റെ കയ്യില്‍ പകുതി ഒഴിഞ്ഞ ഗ്ലാസും ഉണ്ടെന്നും തോന്നും.

ഒരു കണ്ണ് അടച്ചു പിടിച്ച് കോണുകള്‍ അളന്നും  കുത്തിയും നോക്കുന്നതായും സന്ദര്‍ശകരുമായി കളി ചരിയില്‍ ഏര്‍പ്പെടുന്നതായും തോന്നും.അത്തരമൊരു കളി കളിക്കാന്‍ ഇനി ആവും  എന്നു തോന്നുന്നില്ല. ആ കളിയുടെ സ്റ്റൂളിലിരിക്കുക ഇനി പ്രയാസമാവും.അങ്ങനെ സാധിക്കാത്ത പക്ഷം മറ്റു ടീമുകളെ പരിമിതികളെയും ശക്തിയെയും കുറിച്ചുള്ള യാഥാര്‍ഥ്യബോധത്തോടെ നേരിടുകയാവും നല്ലത്, രണ്ടു സ്റ്റൂളുകളില്‍ ഇരിക്കുക ബുദ്ധിമുട്ടാണ്. മറ്റുടീമുകളെപ്പോലെയല്ല തങ്ങള്‍ എന്ന വിചാരം അഹങ്കാരമാണ്, തോല്‍വിയിലേക്കുള്ള എളുപ്പവഴിയുമാണ്.
                 
സ്വിറ്റ്സർലൻഡ് എന്നതു പോലെ മെക്സിക്കോയും തങ്ങള്‍ എണ്ണം തികയ്ക്കാന്‍ വന്നവരല്ലെന്ന് മനോഹരമായ ഭാഷയില്‍ പറഞ്ഞു. സോംബ്രോറോ (വലിയ അരികുകളുള്ള മെക്സിക്കന്‍ തൊപ്പി) ധരിച്ച് കുതിരപ്പുറത്ത് കടിഞ്ഞാണയച്ച് അവര്‍ പാഞ്ഞു. 2012 ലെ ഒളിംപിക്സില്‍ നെയ്മറുടെ ബ്രസീലിനെ തോല്‍പ്പിച്ച് സ്വര്‍ണം നേടിയിട്ടുണ്ട് അവര്‍. 2005 ലും 11 ലും അണ്ടര്‍ 17 ലോക ചാമ്പ്യന്മാരായിരുന്നു അവര്‍. അതായത് കളിയുടെ വളര്‍ച്ചയില്‍ നന്നായി ശ്രദ്ധവെക്കുന്നു.

ജര്‍മനിയുടെ വശങ്ങള്‍ തുളക്കാന്‍ നല്ല വേഗമുള്ള രണ്ട് ഓട്ടക്കാരെ- ഗോള്‍ നേടിയ ലൊസാനോവിനെയും ലായുണിനെയും-കണക്കുകൂട്ടി നിയോഗിച്ചുവെന്ന് അവരുടെ പരിശീലകന്‍ ഹ്വാന്‍ കാര്‍ലോസ് ഒസാറിയൊ പറയുകയുണ്ടായി.മെക്സിക്കോക്കാര്‍ ഒരു വലിയ ത്രികോണം വരുക്കുകയും ലൊസാനോ അതിനൊടുവില്‍ ഓസിലിനെ വെട്ടിച്ച് ഗോളടിക്കുകയും ചെയ്തു. തുടരെ തുടരെയുള്ള മിന്നല്‍ പോലെയായിരുന്നു മെക്സിക്കോയുടെ ആക്രമണം.ജര്‍മനി ഗോള്‍ തിരിച്ചടിക്കാന്‍ പരിശ്രമിച്ചുവെങ്കിലും അപ്പോഴേക്കും മെക്സിക്കോ നിരപ്പലകകള്‍ നിരത്തിയിരുന്നു.

അഞ്ചു തവണ ചാമ്പ്യന്‍മാരായ ബ്രസീല്‍ ആശങ്കപ്പെടുന്നതു പോലെ തന്നെ നാലു തവണ ചാമ്പ്യന്‍മാരായ ജര്‍മനിയും തങ്ങളുടെ നാട്ടിലെ ഫുട്ബോള്‍ ഘടനയെക്കുറിച്ച് ആശങ്കപ്പെടുന്നുണ്ടെന്നത് നമ്മെ ആശ്ചര്യപ്പെടുത്തും.ഒരു ടീം തന്നെ -ബയറൺ മ്യൂണിക്ക്- ആധിപത്യം പുലര്‍ത്തുന്നതും പുതിയ പുതിയ കളിക്കാരെ തുടര്‍ച്ചയായി കണ്ടെത്താന്‍ കഴിയാത്തതും അവരെ അലട്ടുന്നതായി ചില വാര്‍ത്തകള്‍ പറയുന്നു.18 വയസ്സുവരെ കുട്ടികള്‍ക്ക് സ്‌കൂള്‍ പഠനം നിര്‍ബന്ധമാണ്.

സ്‌കൂള്‍ കഴിഞ്ഞുള്ള സമയത്ത് ഫുട്ബോള്‍ പരിശീലനമാവാം. ഇംഗ്ലണ്ടിലാകട്ടെ ഇത് 16 വയസ്സാണ്.പുതിയ കളിക്കാരെ സൃഷ്ടിക്കുന്നതില്‍ തങ്ങള്‍ പിന്‍തള്ളപ്പെടുമോ എന്ന ആശങ്കയാണവര്‍ക്ക്. ഒരേ ടീം തന്നെ ജയിക്കുമ്പോള്‍ ,അത്ര പണമില്ലാത്ത, എന്നാല്‍ ജനകീയമായി സംഘടിപ്പിക്കപ്പെടുന്ന ക്ലബ്ബുകളെ ആരാധകര്‍ ഉപേക്ഷിച്ചു പോകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.

സ്വന്തം ജീവിതാനുഭവങ്ങള്‍ വെച്ച് ഒരു നോവല്‍ ആര്‍ക്കും എഴുതാമെന്ന് പറയാറുണ്ട്. രണ്ടാമത്തെ നോവല്‍ എഴുതാനാവുമോ എന്നതാണ് പ്രധാനം. വലിയ ടീമുകളോട് മല്‍സരിക്കുന്നതു പോലെ തന്നെ വെല്ലുവിളിയാണ് തുല്യം നില്‍ക്കുന്ന ടീമുകളോട് പൊരുതുന്നതും. രണ്ടാമത്തെയും മൂന്നാമത്തെയും രചനകള്‍ നിര്‍വഹിക്കുന്നത് അപ്പോഴാകണം. മെക്സിക്കോ അതെഴുതുമോ എന്ന് വൈകാതെ വ്യക്തമാവും.

Content Highlights: Brazil Team's Performance vs Switzerland In World Cup 2018