വിശക്കാതിരിക്കാനാണ് അവന്‍ ഫുട്ബോള്‍ കളിച്ചുതുടങ്ങിയത്. കാരണം അമ്മ എവിടെനിന്നെങ്കിലും കടംവാങ്ങിയ റൊട്ടിയും അല്പം പാലുമായിരുന്നു അതുവരെ അവന്റെ ഭക്ഷണം. ചിലദിവസങ്ങളില്‍ അതുമുണ്ടാകില്ല. പട്ടിണി കടുത്തപ്പോള്‍ അമ്മ പാലില്‍ വെള്ളംചേര്‍ത്ത് നല്‍കാന്‍ തുടങ്ങി. ഒടുവില്‍ അത് വെറും പച്ചവെള്ളമായി മാറുന്നതും സങ്കടത്തോടെ അവന്‍ തിരിച്ചറിഞ്ഞു. കണ്ണീരുപ്പുമാത്രം രുചിച്ച് വിശപ്പ് ആളിക്കത്തുന്ന വയറും തടവി വീടിന്റെ മുറ്റത്തെ മരച്ചോട്ടില്‍ ഇരുന്ന എത്രയോ ദിനരാത്രങ്ങള്‍. അത്തരമൊരു പകലിലാണ് അരികിലുള്ള പാടത്തുനിന്ന് കാല്‍പ്പന്തുകളിയുടെ ആരവങ്ങള്‍ അവന്റെ കാതോരത്തേക്ക് ഒഴുകിയെത്തിയത്. ആ പകലില്‍ മരച്ചോട്ടില്‍ മുട്ടുകുത്തിനിന്ന് അവന്‍ ദൈവവുമായി ഒരു ഉടമ്പടിയുണ്ടാക്കി... 

''ദൈവമേ എന്റെ സങ്കടങ്ങള്‍ക്കുമേല്‍ ഇതുവരെ നിന്റെ പ്രകാശം ചൊരിയപ്പെട്ടിട്ടില്ല. എന്നിട്ടും ഞാന്‍ നിന്നില്‍ വിശ്വസിക്കുന്നു. വിശപ്പാണ് ഇപ്പോള്‍ എന്റെ മുന്നിലുള്ള വലിയ സങ്കടവും യാഥാര്‍ഥ്യവും. വിശക്കാതിരിക്കാന്‍ ഞാനിതാ ഫുട്ബോള്‍ കളിച്ചുതുടങ്ങുന്നു. എന്റെ വിശപ്പിനുമേല്‍ കാല്‍പ്പന്തുകളിയുടെ ലഹരി നുരഞ്ഞുപതയേണമേ...'' ഒരു പ്രാര്‍ഥനയുടെ സങ്കീര്‍ത്തനവുമായി കാല്‍പ്പന്തുകളിയുടെ മൈതാനത്തേക്ക് നടന്ന ആ പയ്യന്‍ കഴിഞ്ഞ രാവില്‍ സോച്ചിയിലെ പുല്‍മൈതാനത്ത് പ്രാര്‍ഥനയോടെ വീണ്ടും മുട്ടുകുത്തി നിന്നു. ഗോളുകളുടെ സമ്മാനവുമായി രാജ്യത്തിന്റെ അഭിമാനമായ ആ പുത്രന് വേണ്ടി ബെല്‍ജിയം മുഴുവന്‍ ആ നേരം കൈയടിക്കുന്നുണ്ടായിരുന്നു. അപ്പോഴും സങ്കടങ്ങളുടെ കാര്‍മേഘങ്ങള്‍ പെയ്തുതീരാത്ത മുഖവുമായി അവന്‍ ദൈവത്തോട് എന്തോ പറയുന്നതുപോലെ തലകുനിച്ചുതന്നെ നിന്നിരുന്നു... ഇവന്‍ റൊമേലു ലുക്കാക്കു... സങ്കടങ്ങളുടെ കൂടപ്പിറപ്പായ ഫുട്ബോളര്‍.

ദൈവത്തോട് എന്നും എപ്പോഴും സങ്കടങ്ങള്‍മാത്രം പറയാന്‍ വിധിക്കപ്പെട്ടവനായിരുന്നു ലുക്കാക്കു. കാല്‍പ്പന്തുകളിയുടെ ആകാശത്ത് വിജയത്തിന്റെ വലിയ നക്ഷത്രമായി മിന്നുമ്പോഴും സങ്കടങ്ങളുടെ കൂട്ടുകാരനാകാന്‍ വിധിക്കപ്പെട്ട ഒരാള്‍. കുട്ടിക്കാലത്ത് ദാരിദ്ര്യത്തിന്റെ മുള്ളുകളാണ് അവനെ പോറലേല്‍പ്പിച്ചതെങ്കില്‍ പിന്നീടങ്ങോട്ട് വര്‍ണവിവേചനത്തിന്റെ കൂരമ്പുകളേറ്റാണ് അവന്‍ ഏറെയും പിടഞ്ഞത്. ''രാജ്യത്തിനുവേണ്ടി കളിക്കുമ്പോഴും പലരും എന്റെ മനസ്സിന്റെ സങ്കടങ്ങള്‍ കാണാറില്ല. ഗോളടിക്കുമ്പോള്‍ ഞാന്‍ അവര്‍ക്ക് ബെല്‍ജിയന്‍ സ്ട്രൈക്കറായ ലുക്കാക്കുവാണ്. ഗോളടിക്കാന്‍ കഴിയാതെ ഫോം അല്പം മങ്ങിയാല്‍ ഞാന്‍ അവര്‍ക്ക് കോംഗോ വംശജനായ ലുക്കാക്കുവാകും..'' ഒരിക്കല്‍ ലുക്കാക്കു പറഞ്ഞ വാക്കുകളില്‍ ബെല്‍ജിയത്തില്‍നിന്നും ഇംഗ്ലണ്ടില്‍നിന്നും തനിക്കു നേരിട്ട കയ്‌പേറിയ അനുഭവങ്ങളുടെ നേര്‍ചിത്രങ്ങളുണ്ട്.

ദാരിദ്യത്തെ ഡ്രിബിള്‍ ചെയ്ത് കയറാനുള്ള അവിരാമമായ ശ്രമങ്ങളുടെ ഫ്രെയിമിലാണ് കുഞ്ഞുലുക്കാക്കുവിന്റെ ജീവിതം തെളിഞ്ഞുതുടങ്ങിയത്. പിതാവ് റോജര്‍ ലുക്കാക്കു അറിയപ്പെടുന്ന ഒരു ഫുട്ബോളറായിരുന്നെങ്കിലും കരിയറിന്റെ അവസാനമായതോടെ ആ കുടുംബത്തിന്റെ സമ്പാദ്യം കൊടിയ ദാരിദ്ര്യംമാത്രമായി. മക്കള്‍ക്ക് ഒരു നേരത്തെ ഭക്ഷണമെങ്കിലും നല്‍കാന്‍ അമ്മ അയല്‍ക്കാരോട് കടം വാങ്ങിത്തുടങ്ങിയത് നനഞ്ഞ കണ്ണുകളോടെയാണ് കുഞ്ഞു ലുക്കാക്കു കണ്ടുനിന്നത്. ദാരിദ്ര്യം കടുത്തപ്പോള്‍ അമ്മ പാലില്‍ വെള്ളംചേര്‍ക്കുന്നത് താന്‍ എത്രയോ തവണ കണ്ടിരിക്കുന്നുവെന്ന് പറയുമ്പോള്‍ ഇപ്പോഴും ലുക്കാക്കുവിന്റെ കണ്ണുകളില്‍ സങ്കടങ്ങളുടെ സാഗരം തന്നെ അലയടിക്കുന്നുണ്ട്. പണമടയ്ക്കാന്‍ കഴിയാത്തതിനാല്‍ വീട്ടിലെ വൈദ്യുതിയും കേബിളും കട്ട് ചെയ്തതോടെ ലുക്കാക്കു ഇരുട്ടില്‍ കഴിഞ്ഞ എത്രയോ രാത്രികളുണ്ടായിരുന്നു.

വിശപ്പ് അറിയാതിരിക്കാന്‍ കാല്‍പ്പന്തുകളിയുടെ ലോകത്തേക്ക് സഞ്ചാരം തുടങ്ങിയപ്പോഴും ലുക്കാക്കുവിന്റെ മുന്നില്‍ ഡിഫന്‍സ് ഗെയിം പോലെ നിറഞ്ഞത് ദാരിദ്ര്യം തന്നെയായിരുന്നു. സ്‌കൂള്‍ ടീമിനായി കളത്തിലിറങ്ങാന്‍ കുഞ്ഞുലുക്കാക്കുവിന് ഒരു ബൂട്ടുപോലും ഉണ്ടായിരുന്നില്ല. അന്ന് നഗ്‌നപാദനായി കളിച്ച ലുക്കാക്കു കൗമാരകാലത്ത് പിതാവിന്റെ കീറിത്തുടങ്ങിയ ബൂട്ട് ഉപയോഗിച്ചാണ് കളിച്ചിരുന്നത്. അങ്ങനെ ദാരിദ്യത്തോട് പടവെട്ടി കളിച്ചുതുടങ്ങിയ ജീവിതമാണ് ലുക്കാക്കുവിനെ ഒടുവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗെന്ന സ്വപ്നരാജ്യത്തെത്തിച്ചത്.

കൗമാരകാലത്ത് മനസ്സില്‍ പൂത്ത സ്വപ്നമായിരുന്ന ചെല്‍സിയുടെ കളിമുറ്റമായിരുന്നു ലുക്കാക്കുവിനെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിത്തുടങ്ങിയത്. കൗമാരകാലത്ത് കൂട്ടുകാര്‍ക്കൊപ്പം ചെല്‍സിയുടെ കളിമുറ്റമായ സ്റ്റാംഫഡ്ബ്രിജ് സ്റ്റേഡിയത്തിലെത്തിയപ്പോള്‍ അലറിക്കൊണ്ട് ലുക്കാക്കു പറഞ്ഞ വാചകങ്ങള്‍ ഇന്നും ആരാധകരുടെ മനസ്സിലുണ്ട്. ''എന്തൊരു സ്റ്റേഡിയമാണിത്. എന്റെ ജീവിതത്തില്‍ ഞാന്‍ സങ്കടങ്ങള്‍കൊണ്ട് ഒരുപാട് കരഞ്ഞിട്ടുണ്ട്. ഇനി ജീവിതത്തില്‍ ഞാന്‍ സന്തോഷംകൊണ്ട് കരയുകയാണെങ്കില്‍ അത് ചെല്‍സിക്കായി ഈ സ്റ്റേഡിയത്തില്‍ കളിക്കുന്ന ദിവസമായിരിക്കും. ചെല്‍സിയെ എനിക്ക് അത്രമേല്‍ ഇഷ്ടമാണ്...'' ലുക്കാക്കു പറഞ്ഞ വാക്കുകളില്‍ ചെല്‍സിയോടുള്ള ഇഷ്ടം നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. ആരാധ്യപുരുഷനായ ദിദിയര്‍ ദ്രോഗ്ബയുടെ സാന്നിധ്യമായിരുന്നു ചെല്‍സിയെ ഇത്രമേല്‍ സ്‌നേഹിക്കാന്‍ ലുക്കാക്കുവിനുള്ള ഒരേയൊരു കാരണം. ദ്രോഗ്ബ കളിച്ച ചെല്‍സിയില്‍ കളിക്കാനുള്ള മോഹവുമായി വളര്‍ന്ന ലുക്കാക്കു ഒടുവില്‍ ആ സ്വപ്നം സാക്ഷാത്കരിച്ചപ്പോള്‍ അന്നാദ്യമായി അതു സംഭവിച്ചു... സന്തോഷംകൊണ്ട് ലുക്കാക്കു ജീവിതത്തിലാദ്യമായി കരഞ്ഞു.

സങ്കടങ്ങളുടെ കൈപിടിച്ച് കാല്‍പ്പന്തുകളിയുടെ മൈതാനത്തേക്കെത്തിയ ലുക്കാക്കു ഒടുവില്‍ ലോകകപ്പ് എന്ന രാജകീയവേദിയില്‍ എത്തിനില്‍ക്കുമ്പോഴും അയാളുടെ കൂടെ നിഴല്‍പോലെ പിന്നെയും സങ്കടങ്ങള്‍ ബാക്കിയാകുന്നുണ്ട്. പാനമയ്‌ക്കെതിരായ ഡബിള്‍ ഗോള്‍ നേട്ടത്തോടെ രാജ്യത്തിന്റെ അഭിമാനമായ നിമിഷത്തിലും ലുക്കാക്കു പറഞ്ഞ വാക്കുകള്‍ അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ''എന്റെ തോല്‍വി കാണാന്‍ ഇപ്പോഴും കുറേപ്പേര്‍ കാത്തിരിക്കുന്നുണ്ട്..'' ലുക്കാക്കു പറഞ്ഞ വാക്കുകള്‍ ഫുട്ബോളിനെ സ്‌നേഹിക്കുന്നവരുടെ മനസ്സിലും മുറിവുകളുണ്ടാക്കുന്നുണ്ട്. ലുക്കാക്കുവിന്റെ ഹൃദയത്തില്‍ സ്പര്‍ശിച്ചാല്‍ നമുക്കും അത് തൊട്ടറിയാനാകും... സങ്കടങ്ങളെ സ്‌നേഹിച്ച അവന്റെ ഹൃദയത്തില്‍ പൊടിഞ്ഞ വേദനയുടെ തണുപ്പ്.

Content Highlights : Romelu Lukaku, Belgian footballer,  FIFA World Cup 2018