ടിന്‍ ടിനും ആസ്ട്രിക്‌സും രണ്ടു കാലത്തെ കഥകളാണ്. രണ്ട് തലങ്ങളില്‍ നിന്ന് തലമുറകള്‍ക്ക് ആവേശം പകര്‍ന്ന കഥാപാത്രങ്ങളാണ്. സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഫ്രാന്‍സ്-ബെല്‍ജിയം ക്വാര്‍ട്ടര്‍ഫൈനല്‍ പോരാട്ടത്തെ ടിന്‍ടിന്‍- ആന്‍സ്ട്രിക്‌സ് പോരാട്ടമായാണ് ചില ഫ്രഞ്ച് മാധ്യമങ്ങള്‍  ചിത്രീകരിച്ചത്. ബെല്‍ജിയകാരനായ ജോര്‍ജസ് റെമി സൃഷ്ടിച്ച ടിന്‍ടിന്‍ ചുവന്ന ചെകുത്താന്മാരെയും വിഖ്യാത ഫ്രഞ്ച് കോമിക് ആസ്ട്രിക്‌സ് സ്വാഭാവികമായും ഫ്രഞ്ച് ടീമിന്റെയും പ്രതീകമായി.

നിന്നെപോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കണമെന്ന് വേദപുസ്തകത്തില്‍ പറയുമെങ്കിലും രാജ്യതന്ത്രത്തില്‍ അയല്‍ക്കാര്‍ ശത്രുക്കളാണ്. അതിര്‍ത്തികള്‍ യുദ്ധഭൂമികളും. രാജ്യതന്ത്രത്തിലെ ഈ ശത്രുത സ്വാഭാവികമായും കളികളിലേയ്ക്കും സംക്രമിക്കും. രോഗമായി വളരും. ഇംഗ്ലീഷ്‌ ചാനലിന്റെ തീരത്തെ അയല്‍ക്കാരായ ഫ്രാന്‍സിനും ബെല്‍ജിയത്തിനുമിടയില്‍ അങ്ങനെ പറയത്തക്ക രാഷ്ട്രീയ ശത്രുതയില്ല. ഫുട്‌ബോളിലുമില്ല വൈരം. മറ്റൊരു അയല്‍ക്കാരായ നെതര്‍ലന്‍ഡ്‌സാണ് ബെല്‍ജിയത്തിന്റെ ഫുട്‌ബോളിലെ എതിരാളികള്‍. ഭൂമിശാസ്ത്രപരമായി അകലെയുള്ള ഇറ്റലിയാണ് ഫ്രാന്‍സിന്റെ കളത്തിലെ എതിരാളി.

അതുകൊണ്ട് തന്നെ ഫ്രാന്‍സും ബെല്‍ജിയവും തമ്മിലുള്ള പോരാട്ടത്തിന്റെ  പ്രതീകങ്ങളായി രണ്ട് കോമിക് കഥാപാത്രങ്ങള്‍ അവതരിച്ചതില്‍ തെല്ലുമില്ല അതിശയോക്തി. ബെല്‍ജിയത്തിനുമേല്‍ ഫ്രാന്‍സ് വിജയമാഘോഷിച്ചപ്പോള്‍ അതിനൊരു രാഷ്ട്രീയമാനം കൈവരാതിരുന്നതിനും ആഘോഷങ്ങള്‍ അതിരുവിടാതിരുന്നതിനും ഒരു കാരണം ഇതുതന്നെ.

ഒരു വശത്ത് ഫ്രാന്‍സിന്റെയും മറുവശത്ത് ബെല്‍ജിയത്തിന്റെയും ദേശീയ പതാകകള്‍ പ്രദര്‍ശിപ്പിച്ച ബെല്‍ജിയത്തിന്റെ അതിര്‍ത്തി നഗരമായ കോമിനെസ് നഗരത്തിലെ കഫേ ദേ ദൗനസ് തന്നെ ഈ സൗഹൃദത്തിന്റെ ഉത്തമ ഉദാഹരണമാണ്. ഇവിടെ മാത്രമല്ല, നഗരത്തിലെ ഒട്ടുമിക്ക കഫേകളിലും വീടുകളിലും രണ്ട് രാജ്യങ്ങളിലെയും പതാകകള്‍ ഒരുപോലെ പാറുന്നുണ്ട്. ലോകകപ്പ് സെമിയുടെ മത്സരഫലത്തെ ആഘോഷവും കണ്ണീരുമായാണ് ഇവിടുത്തുകാര്‍ വരവേറ്റത്.

Content Highlights: As France take on Belgium in WC semis French media goes gaga over Asterix vs Tintin rivalry