ഐസ്‌ലാന്റിനെതിരായ സമനിലയും ക്രൊയേഷ്യക്കെതിരായ തോല്‍വിയും അര്‍ജന്റീനയുടെ പ്രീക്വാട്ടര്‍ മോഹങ്ങളെ തുലാസിലാക്കിയിരിക്കുകയാണ്. നൈജീരിയക്കെതിരായ മത്സരത്തിലെ ജയത്തിനൊപ്പം ഐസ്‌ലാന്റിന്റെ മത്സര ഫലത്തെയും ആശ്രയിച്ചാണ് അര്‍ജന്റീനയുടെ പ്രീക്വാട്ടര്‍ പ്രതീക്ഷകള്‍. ഈ സാഹചര്യത്തില്‍ അര്‍ജന്റീന ആരാധിക മെലിസ സമറുഗ തന്റെ വിലയിരുത്തലുകള്‍ പങ്കുവെയ്ക്കുന്നു.

ഒരു അര്‍ജന്റീനക്കാരി എന്ന നിലയില്‍ എനിക്ക് ദുഃഖമുണ്ട്, രാഷ്ടത്തിന് മുഴുവന്‍ ഈ ദുഃഖമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. എന്നാലത് ക്രൊയേഷ്യക്കെതിരായ തോല്‍വികൊണ്ട് മാത്രമല്ല, ഈ ലോകകപ്പിലെ അര്‍ജന്റീനയുടെ മൊത്തത്തിലുള്ള പ്രകടനം കണ്ടിട്ടാണ്. സാംപോളിയുടെ കുട്ടികളുടെ കളി തികച്ചും ദയനീയമാണെന്ന് പറയാതെ വയ്യ.

അര്‍ജന്റീനയ്ക്ക് ഫുട്‌ബോള്‍ ലഹരിയാണെന്ന് ലോകം മുഴുവന്‍ അറിയുന്ന കാര്യമാണ്. ഫുട്‌ബോള്‍ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുതിര്‍ന്നവരെയും പാവപ്പെട്ടവനേയും പണക്കാരനേയും ഒരു പോലെ സന്തോഷിപ്പിക്കുന്നു. എന്നാല്‍ അര്‍ജന്റീനയുടെ ഭാഗത്തുനിന്ന് ഇത്രയും മോശമായ ഒരു പ്രകടനം ഞങ്ങളുടെ ലോകകപ്പ് ഓര്‍മകളിലെങ്ങുമില്ല. 

ഇത് വെറും സാങ്കേതിക പ്രശ്‌നമല്ല. കളിക്കാരുടെ തിരഞ്ഞെടുപ്പ്, തന്ത്രങ്ങള്‍, മുന്നൊരുക്കം എന്നിവയിലെല്ലാം കോച്ചിന് പിഴച്ചിരിക്കുന്നു. ചെറുടീമായ ഐസ്‌ലാന്റിനെതിരെ സമനില വഴങ്ങിയതോടെ ഒരു പുതിയ ഫോര്‍മേഷന്‍ കോച്ച് പരീക്ഷിച്ചു. ശക്തരായ ക്രോയേഷ്യയെ നേരിടുംമുമ്പ് ഇതിനോട് പൊരുത്തപ്പെടാനും മനസിലാക്കാനും കളിക്കാര്‍ക്ക് വേണ്ടത്ര സമയം ലഭിച്ചില്ല. ദുര്‍ബലമായ പ്രതിരോധവും കെട്ടുറപ്പില്ലാത്ത മധ്യനിരയും മൂര്‍ച്ഛയില്ലാത്ത ആക്രമണവുമായിരുന്നു ഇതിന്റെ ഫലം. 

Melisa Samarugaമത്സരത്തിലുടനീളം മെസ്സിക്ക് പന്തെത്തിച്ച് കൊടുക്കാനാണ് അര്‍ജന്റീന ശ്രമിച്ചത്. അദ്ദേഹത്തില്‍ നിന്ന് മാജിക് അവര്‍ പ്രതീക്ഷിച്ചു. ഈ തന്ത്രം നാല് വര്‍ഷം മുമ്പ് ബ്രസീല്‍ ലോകകപ്പില്‍ രൂപപ്പെടുത്തിയതും എതിരാളികള്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നതും എളുപ്പത്തില്‍ പ്രതിരോധിക്കാവുന്നതുമായിരുന്നു. ക്രോയേഷ്യന്‍ പ്രതിരോധനിര മെസ്സിയെ നിശബ്ദനാക്കുകയെന്ന ജോലി ഭംഗിയായി നിര്‍വഹിച്ചു. 64നാം മിനിറ്റ് വരെ ഒരു ഷോട്ട് പോലും ഉതിര്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. വളരെ കുറച്ച് പാസുകള്‍ മാത്രമാണ് മെസ്സിക്ക് കൊടുക്കാന്‍ സാധിച്ചത്. ടീമിലെ മറ്റൊരാള്‍ക്കും ഉണര്‍ന്നുകളിക്കാനും സാധിച്ചില്ല. 

കളിക്കളത്തില്‍ മാത്രമല്ല പുറത്തും തെറ്റുകളുടെ പരമ്പരയാണ് കണ്ടത്. മത്സര ശേഷമുള്ള പത്രസമ്മേളനത്തിലും കോച്ച് തെറ്റുകള്‍ ആവര്‍ത്തിച്ചു. കോച്ചിന്റെ വാക്കുകളില്‍ പ്രതീക്ഷ തീര്‍ത്തുമില്ലായിരുന്നു. കളിക്കാര്‍ക്ക് തന്റെ കളിയും തന്ത്രങ്ങളും മനസിലാക്കാന്‍ സാധിച്ചില്ലെന്ന വിചിത്രമായ പ്രസ്താവനയാണ് രണ്ടാമത്തെ മത്സരശേഷം അദ്ദേഹം നടത്തിയത്. അത് മനസിലാക്കാന്‍ അദ്ദേഹത്തിന് എന്തുകൊണ്ട് ഇത്രയും സമയമെടുത്തു.

അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ പ്രകടനം പുറത്തെടുക്കേണ്ട അവസരത്തില്‍ എന്തുകൊണ്ട് 23 താരങ്ങള്‍ക്ക് മനസിലാകും വിധം തന്റെ തന്ത്രങ്ങളില്‍ മാറ്റം വരുത്തുവാന്‍ അദ്ദേഹം തയ്യാറായില്ല. തനിക്ക് വേണ്ടവിധത്തില്‍ മത്സരം മനസിലാക്കാന്‍ സാധിച്ചില്ലെന്ന അദ്ദേഹത്തിന്റെ കുമ്പസാരവും വിചിത്രമാണ്. എന്താണ് ഒരു കോച്ച് എന്ന അനിവാര്യമായ ചോദ്യമാണ് തിരിച്ച് ചോദിക്കാന്‍ തോന്നുന്നത്.

അദ്ദേഹത്തിന്റെ കഴിവുകേടുകള്‍ ഇപ്പോള്‍തന്നെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാണ്. സാംപോളിക്ക് കീഴില്‍ ടീം കളിച്ച 13 കളികളെ വിലയിരുത്തുകയാണ് ആരാധകരിപ്പോള്‍. ഈ 13 കളികളിലും 13 ലൈന്‍അപ്പുകളും 58 താരങ്ങളെയുമാണ് അദ്ദേഹം പരീക്ഷിച്ചത്. ഇതിനിടയില്‍ കോച്ചും താരങ്ങളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇക്കാര്യം ഒരു മുതിര്‍ന്ന താരം നിഷേധിച്ചിരുന്നു. 

എന്നാല്‍ ഐസ്‌ലാന്റിനെതിരായ നൈജീരിയയുടെ 2-0ന്റെ വിജയം ഞങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. നൈജീരിയക്കെതിരായ ഞങ്ങളുടെ അടുത്ത മത്സരം എളുപ്പമാകില്ലെങ്കിലും കഠിനമായി പരിശ്രമിച്ചാല്‍ നൈജീരിയെ മറികടന്ന് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാന്‍ സാധിക്കും. അതാണ് അര്‍ജന്റീനക്കാരുടെ സ്വപ്‌നവും.

തേല്‍വിയെ സംബന്ധിച്ച് അര്‍ജന്റീനയില്‍ ഉയരുന്ന ചര്‍ച്ചകള്‍ക്ക് മാറ്റമില്ല. കോച്ചുമായുള്ള പ്രശ്‌നങ്ങള്‍, പുതിയ കളിക്കാര്‍, പരിചയക്കുറവ്, ബാഴ്‌സയിലെ പോലെ മെസ്സിക്ക് തിളങ്ങാന്‍ സാധിക്കുന്നല്ല എന്നിങ്ങനെ സ്ഥിരം പല്ലവികള്‍. ചിലതൊക്കെ ശരിയാണ്. എന്നാല്‍ ഇതിനുള്ള പ്രതിവിധിയും ടീമിനുള്ളില്‍ തന്നെയാണ്. 

ഞങ്ങളുടെ പ്രതീക്ഷ ഇനിയും അസ്തമിച്ചിട്ടില്ല. ഞങ്ങള്‍ വിജയം തുടരും. ജൂണ്‍ 26ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ അത്ഭുതങ്ങള്‍ നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.