ഷ്യന്‍ ലോകകപ്പിന്റെ കളിയും കണക്കും പരിശോധിച്ചാല്‍ ഫ്രാന്‍സിന്റെ ജയം യക്ഷിക്കഥപോലെ തോന്നും. കാരണം കണക്കുപുസ്തകങ്ങളില്‍ കിക്കോഫ് മുതല്‍ ഫൈനല്‍ വരെ അവര്‍ മുന്‍നിരക്കാരായിരുന്നില്ല. ബോള്‍ പൊസഷന്‍, ആക്രമണോത്സുകത, ഷോട്ടുകളുടെ ശരാശരി എന്നിവയിലൊന്നും ഒരിക്കല്‍പോലും ടീം മുന്നിലേക്കുവന്നില്ല. പ്രതിരോധപാഠങ്ങളിലും അവര്‍ക്ക് ഉയര്‍ന്നമാര്‍ക്ക് എല്ലായ്പ്പോഴും ലഭിച്ചില്ല. എന്നിട്ടും ലുഷ്നിക്കി സ്റ്റേഡിയത്തില്‍ അവര്‍ കപ്പുയര്‍ത്തി. അതിനു കാരണം ടീമിലെ നാല്‍വര്‍ സംഘമാണ്.

ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായ പോള്‍ പോഗ്ബ, എന്‍ഗോളെ കാന്റെ വിങ്ങര്‍ കൈലിയന്‍ എംബാപ്പെ, മുന്നേറ്റനിരയില്‍ കളിച്ച അന്റോയിന്‍ ഗ്രീസ്മാന്‍. ഇവരെ ചുറ്റിപ്പറ്റി, എന്നാല്‍ അമിതമായി ആശ്രയിക്കാതെ ദിദിയര്‍ ദെഷാംപ്സ് നടപ്പാക്കിയ തിരക്കഥയാണ് ലോക ഫുട്ബോളില്‍ മെഗാഹിറ്റായത്.

പോഗ്ബ-കാന്റെ അച്ചുതണ്ടാണ് കിരീടവിജയത്തിലെ അതിനിര്‍ണായക കണ്ണി. രണ്ടുപേരുടെ കളി വിരുദ്ധ ധ്രുവങ്ങളിലാണ്. എന്നാല്‍ അവര്‍ക്കിടയിലെ രസതന്ത്രമാണ് ടീമിന് കെട്ടുറപ്പും വിജയഫോര്‍മുലയും നല്‍കുന്നത്. വര്‍ത്തമാന ഫുട്ബോളിലെ ഏറ്റവും മികച്ച ഡിസ്ട്രോയറാണ് കാന്റെ. എതിര്‍മുന്നേറ്റങ്ങളെ മുളയിലെ നുള്ളിയെറിയാന്‍ കെല്‍പ്പുള്ളവന്‍. പ്രതിരോധത്തിനുമുന്നില്‍ കാന്റെ വരയ്ക്കുന്ന ലക്ഷ്മണരേഖ മറികടക്കാന്‍ എളുപ്പമല്ലെന്ന് ഫ്രാന്‍സ്-അര്‍ജന്റീന, ഫ്രാന്‍സ്-ബെല്‍ജിയം മത്സരങ്ങള്‍ തെളിയിച്ചു. മെസ്സിയുടെ സഞ്ചാരപഥം ഇല്ലാതാക്കിയും ലുക്കാക്കുവിനെ സ്വതന്ത്രനാക്കാതെയും കാന്റെ നടത്തിയത് ഒളിപ്പോരായിരുന്നു. സൂക്ഷിച്ചുനോക്കിയാല്‍ മാത്രം കാണുന്ന മായാജാലം.

കാന്റെയുടെ കളി ഫുട്ബോളിനെ അറിഞ്ഞ് കാണുന്നവര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നതാണ്. ഫ്രഞ്ച് പ്രതിരോധനിരയ്ക്ക് മുന്നിലുള്ള ചാവേര്‍പടയാളിയാണയാള്‍. സ്വന്തം ഏരിയ വിട്ട് അധികം മുന്നോട്ടുകയറാന്‍ ദെഷാംപ്സ് ഒരിക്കലും സ്വാതന്ത്ര്യം നല്‍കിയിരുന്നില്ല.അതിലൊട്ട് പരിഭവം കാണിക്കുകയും ചെയ്തില്ല. കളിയെ അയാള്‍ സമര്‍ഥമായി നിയന്ത്രിച്ചു. ചൂട് കൂട്ടിയും തണുപ്പിച്ചും ഫ്രാന്‍സ് കളിച്ചതെല്ലാം കാന്റെയില്‍ നിന്നാണ്. കാന്റെയുടെ നേരെ എതിര്‍വശമാണ് പോഗ്ബ. കില്ലിങ് പാസ്സുകളും എതിര്‍പ്രതിരോധത്തെ തച്ചുടയ്ക്കാന്‍ കഴിയുന്ന മുന്നേറ്റവും പോഗ്ബയില്‍ നിന്നുണ്ടാകും. വിങ്ങുകളിലെ ഒഴിഞ്ഞ പ്രദേശങ്ങളിലേക്ക് വരുന്ന നീളന്‍ പാസ്സുകളും നിരന്നു നില്‍ക്കുന്ന പ്രതിരോധത്തെ പിളര്‍ത്തുന്ന ത്രൂപാസുകളും പോഗ്ബയില്‍ നിന്നുണ്ടാകും. 

ടൂര്‍ണമെന്റില്‍ ഫ്രാന്‍സിന്റെ ആക്രമണത്തിന് കൃത്യമായ രൂപരേഖയുണ്ടായിരുന്നു. അതിലെ നിര്‍ണായക കണ്ണികളായിരുന്നു ഗ്രീസ്മാനും എംബാപ്പെയും. ക്ലബ്ബ് ഫുട്ബോളില്‍ കളിച്ച ഗ്രീസ്മാനെയല്ല ഫ്രഞ്ച് നിരയില്‍ കണ്ടത്. ഗോളടിക്കുന്നതിനൊപ്പം മറ്റൊരു ജോലി ദെഷാംപ്സ് ഏല്‍പ്പിച്ചിരുന്നു. എതിര്‍ പ്രതിരോധത്തിന്റെ മധ്യഭാഗത്ത് വിള്ളലുണ്ടാക്കുക. മുന്നേറ്റത്തില്‍ കളിക്കുന്ന ഒളിവര്‍ ജിറൂഡിന് കയറിപ്പോകാനുള്ള അവസരമുണ്ടാക്കുക. 

അതിവേഗക്കാരനെന്ന് ക്ലബ്ബ് ഫുട്ബോളില്‍ എംബാപ്പെ തെളിയിച്ചിട്ടുണ്ട്. ഫ്രഞ്ച് ടീമില്‍ എപ്പോഴും ഒടിക്കളിക്കുന്ന താരത്തെ ദെഷാംപ്സിന് വേണ്ടായിരുന്നു. പകരം നിശ്ചയിച്ച സമയത്ത് ഓടുന്ന എംബാപ്പെയെ പരിശീലകന്‍ സൃഷ്ടിച്ചെടുത്തു. സ്വന്തം ഹാഫിലേക്ക് ഇറക്കി നിര്‍ത്തിയ ശേഷം പന്തുമായി എംബാപ്പയെ ഓടിച്ചത് എതിര്‍ പ്രതിരോധത്തെ പിളര്‍ത്താനായിരുന്നു. വേഗവും ഡ്രിബ്ലിങ് മികവും കൊണ്ട് താരത്തിന് അനായാസം ചെയ്യാവുന്ന കാര്യം. ഒരു കടിഞ്ഞാണിട്ട് ദെഷാംപ്സ് അവതരിപ്പിച്ചപ്പോള്‍ ഫ്രാന്‍സിന്റെ ജയത്തില്‍ യുവതാരം നിറഞ്ഞുനിന്നു.

Content Highlights : Antoine Griezmann, Paul Pogba,Kylian Mbappe, N'Golo Kante, FIFA World Cup 2018