ബെല്‍ജിയന്‍ കാര്‍ട്ടൂണിസ്റ്റ് ഹെര്‍ഗെയുടെ സൃഷ്ടിയായ ടിന്‍ടിന്‍ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം ലോകപ്രശസ്തമാണ്. സ്നോവി എന്ന വെളുത്ത നായക്കുട്ടിയുമായി ഉലകം ചുറ്റുന്ന ടിന്‍ടിന്‍. എന്നാല്‍ ടിന്‍ ടിന്നിനേക്കാള്‍ ബെല്‍ജിയത്തിലെ ആളുകള്‍ക്ക് സ്നേഹം കൂടുതല്‍ മറ്റൊരു താരത്തോടാണ്. രൂപത്തില്‍ ടിന്‍ ടിന്നിനോട് സാദൃശ്യം പുലര്‍ത്തുന്ന, റഷ്യന്‍ ലോകകപ്പില്‍ ബെല്‍ജിയത്തിന്റെ പ്രതീക്ഷയായ കെവിന്‍ ഡി ബ്രുയിന്‍. സ്വര്‍ണ നിറമുള്ള മുടിയും സ്‌കൂള്‍ കുട്ടിയുടെ മുഖവുമുള്ള ഡി ബ്രുയിനിനെ കണ്ടാല്‍ ഇത് ടിന്‍ ടിന്നില്ലേ എന്ന് നമ്മള്‍ സംശയിച്ചു നില്‍ക്കും. ടിന്‍ ടിന്നിന് സ്നോവിയുണ്ടായിരുന്നെങ്കില്‍ ഡി ബ്രുയിന്‍ ലോകം ചുറ്റുന്നത് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫുട്ബോളുമായാണ്. 

ബെല്‍ജിയത്തിലെ ഡ്രോന്‍ഗണില്‍ നിന്ന് തുടങ്ങി ലൂമിനസ് അറീനയും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജും ഇത്തിഹാദ് സ്റ്റേഡിയവും ചുറ്റി റഷ്യയിലെ ഫിഷ്റ്റ് ഒളിമ്പിക് സ്റ്റേഡിയത്തിലേക്ക് ആ യാത്ര എത്തിച്ചേരാന്‍ ഇനി അമ്പതില്‍ താഴെ ദിവസങ്ങളുടെ ദൂരം മാത്രമേ ബാക്കിയുള്ളു. ജൂണ്‍ പതിനെട്ടിന് ഇന്ത്യന്‍ സമയം രാത്രി 8.30ന് പനാമക്കെതിരെ ബെല്‍ജിയം കളത്തിലിറങ്ങുമ്പോള്‍ അവരുടെ പ്രതീക്ഷയെല്ലാം ഡി ബ്രുയിനെന്ന മധ്യനിരക്കാരനെ ചുറ്റിപ്പറ്റിയാകും.

ജിഞ്ചര്‍ പെലെ എന്നും മോഡേണ്‍ ക്രൈഫെന്നും വിളിപ്പേരുള്ള ഡി ബ്രുയിനിന്റെ കഴിഞ്ഞ യൂറോ കപ്പിലെ കളി കണ്ട് ബെല്‍ജിയത്തിന്റെ മുന്‍ ഗോള്‍കീപ്പര്‍ ജീന്‍ മരിയെ പിഫാഫ് കമന്റി ബോക്സിലിരുന്ന് പറഞ്ഞത് ഇങ്ങനെയാണ്.''ബെല്‍ജിയത്തിന്റെ കളിക്കാരില്‍ ബ്രുയിനാണ് ഏറ്റവും മികച്ചവന്‍. അവന്‍ നന്നായി അദ്ധ്വാനിക്കുന്നു. കളിക്കളത്തില്‍ തത്സമയം തന്ത്രങ്ങള്‍ നടപ്പിലാക്കുന്നവന്‍. ഇടതു വിങ്ങിലും വലതു വിങ്ങിലും ഒരുപോലെ കളി മെനയാന്‍ അറിയുന്നവന്‍. എതിരാളികള്‍ കളിക്കളത്തില്‍ ചിന്തിക്കുന്നത് എന്താണെന്ന് മനസ്സിലാക്കി അതിനനുസരിച്ച് കളി മാറ്റിക്കളിക്കാന്‍ അവന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല'.

മൈക്കല്‍ ഓവന്റെ ജഴ്സിയും പൂന്തോട്ടത്തിലെ കളിയും

മധ്യകാലഘട്ടത്തിലെ സന്ന്യാസി മഠങ്ങളുടെ ശേഷിപ്പുകളുള്ള ലിസ് നദിക്കരയിലെ ഡ്രോന്‍ഗണില്‍ നിന്നാണ് ഡി ബ്രുയിന്‍ പന്ത് തട്ടിത്തുടങ്ങുന്നത്. ഹോളിവുഡ് ഹൊറര്‍ സിനിമകളിലെ വീടുകളെ ഓര്‍മിപ്പിക്കുന്ന നദിക്കരയിലെ വീട്ടില്‍ ഫുട്‌ബോള്‍ മാത്രം സ്വപ്‌നം കണ്ടു അവന്‍ വളര്‍ന്നു. മൈക്കല്‍ ഓവന്റെ പത്താം നമ്പര്‍ ലിവര്‍പൂള്‍ ജഴസിയണിയാതെ അവന് ഉറക്കം വരില്ലായിരുന്നു്. പകല്‍ മുഴുവന്‍ ഫുട്ബോള്‍ കളിച്ചതിന്റെ വിയര്‍പ്പ് അതില്‍ പറ്റിയിട്ടുണ്ടാകും. അമ്മ അന്ന എത്ര നിര്‍ബന്ധിച്ചാലും വഴക്ക് പറഞ്ഞാലും ആ ജഴ്സിയൂരാന്‍ അവന്‍ സമ്മതിക്കില്ല. അതിന്റെ പേരില്‍ പലപ്പോഴും കുഞ്ഞു ഡി ബ്രുയിനിനെ അന്നയ്ക്ക് വേദിനിപ്പിക്കേണ്ടി വന്നിട്ടുണ്ട്.

kevin de bruyne
Photo: Twitter

അതു മാത്രമല്ല, ലിവര്‍പൂളിന്റെ കടുത്ത ആരാധകനായ കുഞ്ഞു ഡി ബ്രുയിന്‍ തന്റെ റൂമിലെ ചുമര് മുഴുവന്‍ റെഡ്‌സ് താരങ്ങളുടെ ചിത്രങ്ങളൊട്ടിച്ചു വെച്ചു. വാശിപിടിച്ച് ലിവര്‍പൂളിന്റെ ലോഗോയുള്ള ചുവപ്പ് കിടക്കവിരി അമ്മയെക്കൊണ്ടൊരിക്കല്‍ വാങ്ങിപ്പിക്കുകയും ചെയ്തു. 

വലങ്കാല്‍-ഇടങ്കാല്‍ വ്യത്യാസമില്ലാതെ ഇരുവിങ്ങുകളിലും അനായാസം കളിക്കുന്ന ഡി ബ്രുയിനിന്റെ ആ കളി മികവിന് പിന്നില്‍ ഒരു രഹസ്യമുണ്ട്. കുട്ടിക്കാലത്ത് തൊട്ടടുത്ത വീട്ടിലെ പൂന്തോട്ടത്തിലായിരുന്നു ഡി ബ്രുയിന്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ചിരുന്നത്. പക്ഷേ പൂന്തോട്ടത്തിലെ പൂക്കളും ചെടികളുമെല്ലാം പന്ത് തട്ടി ഒടിഞ്ഞപ്പോള്‍ കളി പ്ലാസ്റ്റിക് പന്തിലേക്ക് മാറ്റേണ്ടി വന്നു. പക്ഷേ ആ കളി ബോറായപ്പോള്‍ ഫുട്ബോള്‍ കൊണ്ടുതന്നെ കളിക്കാന്‍ സമ്മതിക്കണമെന്ന് ആവശ്യപ്പെട്ട് ഡി ബ്രുയിനും കൂട്ടുകാരും വീട്ടുടമസ്ഥനെ കണ്ടു. അവരുടെ ആവശ്യം അംഗീകരിച്ച വീട്ടുടമസ്ഥന്‍ പക്ഷേ ഒരു നിര്‍ദേശം മുന്നോട്ടുവെച്ചു. 'നിങ്ങള്‍ കളിച്ചോളു. പക്ഷേ നിങ്ങള്‍ക്ക് കളിക്കാന്‍ പ്രയാസമുള്ള കാലു കൊണ്ടാവണം അത്.' ചെടികളില്‍ ശക്തിയായി പന്ത് വന്ന് വീഴാതിരിക്കാനായിരുന്നു അയാള്‍ അങ്ങനെയൊരു സൂത്രമിറക്കിയത്. എന്നാല്‍ ആ നിര്‍ദേശം ഡി ബ്രുയിനിന്റെ കരിയറില്‍ തന്നെ നിര്‍ണായകമാകുകയായിരുന്നു. 

അന്നൊപ്പം കളിച്ചിരുന്ന കൂട്ടുകാര്‍ ഇന്ന് ഡി ബ്രുയിനിനെ വിളിക്കുന്ന പേര് 'ക്ലോത്ത് ഡ്രെയര്‍' എന്നാണ്. വാട്സ്ആപ്പില്‍ എന്തു മെസ്സേജ് അയച്ചാലും 'ഓകെ'യിലോ അതല്ലെങ്കില്‍ ഒരു സ്മൈലിയിലോ ഡി ബ്രുയിന്‍ റിപ്ലേ അവസാനിപ്പിക്കും. ഇത്രയും ഡ്രൈ ആയ ഡി ബ്രുയിനിനെ പിന്നെ വേറെ എന്തു വിളിക്കാനെന്നാണ് കൂട്ടുകാര്‍ ചോദിക്കുന്നത്.  

'കളിക്കാനിഷ്ടമില്ലെങ്കില്‍ ഇറങ്ങിപ്പൊക്കോളൂ'

ഫുട്ബോളെന്നാല്‍ ഡി ബ്രുയിനിന് 'ലേശം കൗതുകം കൂടുതലാണ്'. പരിശീലനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറാകില്ല. അതിന്റെ പേരില്‍ ഡി ബ്രുയിന്‍ മാധ്യമങ്ങളുടെ മുന്നില്‍വെച്ചു വരെ സഹതാരങ്ങളെ ചീത്ത വിളിച്ചിട്ടുണ്ട്. നൂറു ശതമാനവും ആത്മാര്‍ത്ഥത പുലര്‍ത്താനാകുന്നില്ലെങ്കില്‍ കളി നിര്‍ത്തി ഇറങ്ങിപ്പോകണമെന്നാണ് ബെല്‍ജിയം താരത്തിന്റെ പക്ഷം. ആറാം വയസ്സ് മുതല്‍ നാട്ടിലെ ക്ലബ്ബ് കെവിവി ഡ്രോഗണില്‍ കളിച്ചു തുടങ്ങിയ ഡി ബ്രുയിന്‍ എട്ടാം വയസ്സില്‍ ബെല്‍ജിയം ലീഗില്‍ കളിക്കുന്ന ഗെന്റിലെത്തി.

kevin de bruyne
Photo: Twitter

അന്ന് താരത്തിന്റെ കോച്ചായിരുന്ന ഫ്രാങ്ക് ഡി ലെയ്ന്‍ ഇന്നും ഓര്‍ക്കുന്ന ഒരു സംഭവമുണ്ട്. സ്പെയിനിലെ പരിശീലന ക്യാമ്പില്‍ വെച്ച് നടന്ന ഒരു സംഭവം. 'അന്ന് പരിശീലനം കഴിഞ്ഞ് എല്ലാവരും തിരിച്ചുപോകാന്‍ തയ്യാറായപ്പോള്‍ കുഞ്ഞു ഡി ബ്രുയിന്‍ മാത്രം വാശിപിടിച്ചു. രാത്രി മുഴുവന്‍ അവിടെ ചിലവഴിക്കണമായിരുന്നു ഡി ബ്രുയിനിന്. ഗോള്‍പോസ്റ്റ് പിടിച്ച്് വാശിപിടിച്ച് കരഞ്ഞ ഡി ബ്രുയിനിനെ ഞാന്‍ പിന്നീട് പറഞ്ഞു മനസ്സിലാക്കുകയായിരുന്നു. അന്ന് അവന്റെ കൈയുംപിടിച്ച് ഹോട്ടല്‍ റൂമിലേക്ക് നടന്നത് ഇപ്പോഴും ഓര്‍മ്മയുണ്ട്. പക്ഷേ ആ പിടിവാശി തന്നെയാണ് ഇന്ന് നില്‍ക്കുന്നിടത്തേക്ക് അവനെ എത്തിച്ചത്.'

ഗെന്റിന്റെ സ്റ്റാര്‍ താരമായിരുന്ന എല്‍യാനിവ് ബര്‍ദക്കെതിരെ ഡി ബ്രുയിന്‍ നടത്തിയ പരാമര്‍ശവും ഏറെ ശ്രദ്ധ നേടിയിരുന്നു. അന്ന് പത്തൊമ്പത് വയസ്സായിരുന്നു ഡി ബ്രുയിനിന് പ്രായം. 2012 ഫെബ്രുവരിയില്‍ നടന്ന ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെയായിരുന്നു ബെല്‍ജിയം താരത്തിന്റെ വിവാദ പ്രസ്താവന.'ഞാന്‍ എന്റെ സഹതാരങ്ങളെയോര്‍ത്ത് നാണിക്കുന്നു. കളിക്കണമെന്ന് ആഗ്രഹമില്ലാത്തവര്‍ കളി നിര്‍ത്തിപ്പോകുന്നതാണ് നല്ലത്' ഫുട്ബോളിനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഡി ബ്രുയിനിനെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്.

പക്ഷേ ഒരു പയ്യന്‍, സ്റ്റാര്‍ താരങ്ങള്‍ക്കെതിരെ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയപ്പോള്‍ കേട്ടവരെല്ലാം നെറ്റിചുളിച്ചു. 17-ാം വയസ്സില്‍ ഗെന്റിനൊപ്പം ബെല്‍ജിയം ലീഗ് കിരീടം നേടിയെങ്കിലും ഈ സ്വഭാവം കാരണം അവിടെ ഡി ബ്രുയിന് അധികം ആയുസുണ്ടായിരുന്നില്ല. രണ്ടാം സീസണില്‍ കളിക്കാരുടെ സമ്മര്‍ദ്ദം കാരണം ഗെന്റിന് ഡി ബ്രുയിനുമായുള്ള കരാര്‍ അവസാനിപ്പിക്കേണ്ടി വന്നു. അന്ന് സങ്കടത്തില്‍ മുങ്ങിയ ഡി ബ്രുയിന്‍ പറഞ്ഞു 'എന്റെ മോശം സ്വഭാവം കാരണം എനിക്ക് ഭാവിയില്ലെന്ന് ആളുകള്‍ പറയുന്നു. പക്ഷേ ആരുടെ വാക്കാണ് ശരിയെന്ന് കാലം തെളിയിക്കും.'

ഒടുവില്‍ ഡി ബ്രുയിനിനെത്തേടി യൂറോപ്പില്‍ നിന്നുള്ള വിളിയെത്തി. 2012ല്‍ ചെല്‍സിയുടെ നീലക്കുപ്പായത്തില്‍ അരങ്ങേറുമ്പോള്‍ ഡി ബ്രുയിന് ചെല്‍സി നല്‍കിയ വില ഏകദേശം 64 കോടി രൂപയായിരുന്നു, അതും അഞ്ചര വര്‍ഷം നീണ്ടു നില്‍ക്കുന്ന കരാറില്‍. എന്നാല്‍ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നിരാശ മാത്രമായിരുന്നു ഡി ബ്രുയിനിനെ കാത്തുനിന്നിരുന്നത്. ഈഡന്‍ ഹസാര്‍ഡിന്റെ താരപ്രഭക്ക് മുന്നില്‍ ബ്രുയിനിന് അധിക സമയവും ബെഞ്ചിലിരിക്കേണ്ടി വന്നു.

kevin de bruyne
Photo: Twitter

മൂന്ന് മത്സരങ്ങള്‍ മാത്രം ചെല്‍സിക്കായി കളത്തിലിറങ്ങിയ ബ്രുയിനിനെ വെര്‍ഡെര്‍ ബ്രെമന് വായ്പാ അടിസ്ഥാനത്തില്‍ കൈമാറുകയാണ് ചെല്‍സി ചെയ്തത്. ആ സമയത്ത് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിലേക്ക് ഡി ബ്രുയിനിനെ കൊണ്ടുവരാന്‍ ക്ലോപ്പ് നോക്കിയെങ്കിലും അത് വിജയകമായില്ല. മരിയോ ഗോഡ്സെയുടെ ഒഴിവ് നികത്താനായിരുന്നു ഇത്.

ഡി ബ്രുയിനിന് പോകാന്‍ താത്പര്യമുണ്ടായിരുന്നെങ്കിലും മൗറിന്യോ സമ്മതം നല്‍കിയില്ല. ലീഗ് കപ്പിലല്‍ സ്വിന്‍ഡനെതിരായ തന്റെ പ്രകടനത്തെ മൗറിന്യോ പരസ്യമായി വിമര്‍ശിക്കുക കൂടി ചെയ്തതോടെ ഡി ബ്രുയിന്‍ ചെല്‍സി വിടാന്‍ വാശിപിടിച്ചു. ഒടുവില്‍ 200 കോടി രൂപയ്ക്ക് ജര്‍മന്‍ ക്ലബ്ബ് വോള്‍ഫ്സ്ബര്‍ഗിന്റെ ഭാഗമായി ഡി ബ്രുയിന്‍. അന്നിറക്കിയ ആ പണത്തില്‍ വോള്‍ഫ്സ്ബര്‍ഗിന് പിന്നീട് ഖേദിക്കേണ്ടി വന്നില്ല. 

മാഞ്ചസ്റ്റര്‍ സിറ്റിയും ഗാര്‍ഡിയോളയും

പെപ്പ് ഗാര്‍ഡിയോളയുടെ ആദ്യ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇപിഎല്ലില്‍ മികവ് പുലര്‍ത്തിയത് യാദൃശ്ചികം മാത്രമല്ല, മധ്യനിരയില്‍ ഡി ബ്രുയിനും ഡേവിഡ് സില്‍വയും പുലര്‍ത്തിയ മികവ് കൂടിയായിരുന്നു അത്. ഫുള്‍ ബാക്കുകളുടെ അഭാവത്തില്‍ ഡി ബ്രുയിനിനെ വ്യത്യസ്ത പൊസിഷനുകളില്‍ ഗാര്‍ഡിയോള പരീക്ഷിച്ചു.

പക്ഷേ ഒരിക്കല്‍ പോലും ഡി ബ്രുയിന്‍ പരാതി പറഞ്ഞില്ല.പകരം പറഞ്ഞത് ഇതാണ് 'എതിരാളികള്‍ എന്താണ് ചിന്തിക്കുന്നതെന്ന് മനസ്സിലാക്കാന്‍ അതെന്ന സഹായിച്ചു. അവരുടെ അടുത്ത നീക്കം എങ്ങോട്ടാണെന്നും ആര്‍ക്കാണ് പാസ്സ് നല്‍കാന്‍ പോകുന്നതെന്നും മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞു'. അതിനുള്ള ഫലവും കണ്ടു. 18 അസിസ്റ്റുകളുമായാണ് ബെല്‍ജിയന്‍ താരം ആ സീസണ്‍ അവസാനിപ്പിച്ചത്. 

ഈ സീസണ്‍ തുടങ്ങുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ സീസണിലെ ഹൈലൈറ്റിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് ഡി ബ്രുയിന്‍ ഇങ്ങനെ കുറിച്ചു, 'എന്നെ കണ്ടോളൂ...'അത് ഈ സീസണിലേക്കുള്ള വെല്ലുവിളിയായിരുന്നു. സിറ്റി ഇപിഎല്‍ കിരീടം നേടിയപ്പോള്‍ ഡി ബ്രുയിനിന്റെ ആ വാക്കുകളും ശരിയാണെന്ന് തെളിയുകയാണ്. 

ബ്രസീല്‍ ലോകകപ്പില്‍ ബെല്‍ജിയത്തിനായി കളിച്ച ഡി ബ്രുയിന്‍ ഇത് രണ്ടാം ലോകപോരാട്ടത്തിനാണ് തയ്യാറെടുക്കുന്നത്. അന്ന് ബെലൊഹൊറിസോണ്ടയില്‍ നടന്ന ആദ്യ മത്സരത്തില്‍ അള്‍ജീരിയക്കെതിരെ ബെല്‍ജിയത്തിന്റെ ഗോളിന് വഴിയൊരുക്കിയ ബ്രുയിന്‍ കളിയിലെ താരമായി.

പിന്നീട് പ്രീ ക്വാര്‍ട്ടറില്‍ അമേരിക്കയ്ക്കെതിരെ എക്സ്ട്രാ ടൈമില്‍ ഗോള്‍ നേടി ബെല്‍ജിയത്തിന് വിജയം സമ്മാനിച്ചു. ക്വാര്‍ട്ടറില്‍ എതിരാളികളായി വന്നത് അര്‍ജന്റീനയായിരുന്നു. എട്ടാം മിനിറ്റില്‍ ഹിഗ്വെയ്ന്‍ നേടിയ ഗോളില്‍ തോറ്റ് അന്ന് നാട്ടിലേക്ക് മടങ്ങിയ ബെല്‍ജിയം നാല് വര്‍ഷങ്ങള്‍ക്കിപ്പുറം റഷ്യയിലെത്തിയിരിക്കുകയാണ്. അന്നത്തെ ഡി ബ്രുയിനല്ല ഇന്ന് ഒപ്പമുള്ളതെന്ന പ്രതീക്ഷയുമുണ്ട് ബെല്‍ജിയത്തിന്. 

പണമല്ല പ്രധാനം, കളിയാണ്

കൂടുതല്‍ പണം ലഭിക്കുമെന്ന ഒറ്റക്കാരണത്താല്‍ ഇതുവരെ ഡിബ്രുയിന്‍ ഒരു ക്ലബ്ബുമായും കരാറൊപ്പിട്ടില്ല. കളിയിലും ക്ലബ്ബിലും മാറ്റം അനിവാര്യമാണെന്ന് തോന്നുന്ന ഘട്ടങ്ങളില്‍ മാത്രമാണ് ബെല്‍ജിയം താരം ക്ലബ്ബ് മാറിയിട്ടുള്ളത്. ഇപ്പോഴും കൂടുതല്‍ വിലയുള്ള ഒരു സാധനം വാങ്ങുന്നതിന് മുമ്പ് ഡി ബ്രുയിന്‍ രണ്ടുവട്ടം ആലോചിക്കും. ഒരു കൊക്കോ കോള ബോട്ടിലിന് 2382 രൂപയാണ് വിലയെന്നറിഞ്ഞപ്പോള്‍ മദ്യം കഴിക്കാതെ ബാറില്‍ നിന്ന് വരെ ഡി ബ്രുയിന്‍ ഇറങ്ങിപ്പോന്നിട്ടുണ്ട്. 

kevin de bruyne
Photo: Twitter

ഫുട്ബോള്‍ കഴിഞ്ഞാല്‍ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഡി ബ്രുയിന് പക്ഷേ വ്യക്തിജീവിത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികള്‍ ഏറെയാണ്. തന്റെ കാമുകി കരോളിന്‍ ലിന്‍ജെനുമായി സഹതാരം തിബൗട്ട് കുര്‍ട്ടോയിസിന് അവിഹിത ബന്ധമുണ്ടെന്ന ഡി ബ്രുയിനിന്റെ വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

ബെല്‍ജിയം ടീമിനെയൊന്നാകെ ആ സംഭവം പിടിച്ചുകുലുക്കി. പരിശീലനത്തിനിടെ കുര്‍ട്ടോയിസിനെ ഡി ബ്രുയിന്‍ ആക്രമിക്കുന്നതു വരെ ആ കാര്യങ്ങള്‍ ചെന്നെത്തി. എന്നാല്‍ പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഡി ബ്രുയിന്‍ 2014ല്‍ മൈക്കല്‍ ലാക്റോയിസെന്ന യുവതിയുമായി പ്രണയത്തിലായി. ഒരു വര്‍ഷത്തിന് ശേഷം ബെല്‍ജിയം താരം ഒരു ആണ്‍കുഞ്ഞിന്റെ അച്ഛനായി. 

മെസ്സിയുടേയോ ക്രിസ്റ്റിയാനൊയുടേയോ സ്വന്തം ടീമിലെ ഹസാര്‍ഡിന്റെയോ താരപ്രഭയില്ലെങ്കിലും റഷ്യയിലേക്കായി ഡി ബ്രുയിന്റെ കാലുകള്‍ എന്തെങ്കിലും കാത്തുവെച്ചിട്ടുണ്ടാകും. തന്റെ ആത്മകഥയുടെ തലക്കെട്ടായ 'കീപ്പ് ഇറ്റ് സിംപിള്‍' പോലെത്തന്നെ ഒട്ടും സങ്കീര്‍ണമല്ലാത്ത, സിംപിളായ തന്ത്രങ്ങളായിരിക്കും അതെന്നുറപ്പാണ്. പക്ഷേ അത് വായിച്ചെടുക്കാന്‍ എതിരാളികള്‍ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് മാത്രം. 

Content Highlights:  Belgium Football Player Kevin De Bruyne And His Life