ഷ്യന്‍ ജീവിതത്തിന് ഇന്ന് ഒരു മാസം. കടന്നുപോയത് തീക്ഷ്ണമായ രാപകലുകള്‍. പൊള്ളിക്കുന്ന മത്സരങ്ങള്‍. നിരന്തരമായ യാത്രകള്‍. കാഴ്ചകളുടെ വിസ്മയങ്ങള്‍. അനുഭവങ്ങളുടെ കാഠിന്യം. റഷ്യന്‍ നഗരങ്ങളിലൂടെ അനുനിമിഷമുള്ള യാത്രകളിലെ ചില നിമിഷങ്ങള്‍

പണിയായുധങ്ങളാണ് രാജാവേ...

ദേഹപരിശോധനകള്‍ക്കും ലഗേജ് പരിശോധനകള്‍ക്കും നിന്നുകൊടുത്തുമടുത്തു. മെട്രോയിലും വിമാനത്താവളങ്ങളിലും ലോകകപ്പ് സ്റ്റേഡിയങ്ങളിലും അത്രയും കര്‍ശനമായ പരിശോധനകളാണ്. വിമാനത്താവളങ്ങളില്‍ രണ്ടുവട്ടം ദേഹപരിശോധന നടത്തും. കയറിച്ചെല്ലുമ്പോള്‍ ഒരുതവണ. ചെക്ക് ഇന്‍ ചെയ്തുകഴിഞ്ഞാല്‍ അതിലും കഠിനം. ബെല്‍റ്റൂരി മടുത്തു. ഇനിയീ ബെല്‍റ്റ് വേണ്ടാ എന്ന് ഒരുവട്ടം തീരുമാനമെടുത്തു. പക്ഷേ, സാധ്യമല്ല. നടന്നുനടന്നും ഭക്ഷണം കഴിക്കാതെയും വയറ് ചുരുങ്ങി. ബെല്‍റ്റില്ലെങ്കില്‍ പാന്റ്‌സ് താഴെവീഴും എന്ന അവസ്ഥ. സ്റ്റേഡിയങ്ങളിലേക്ക് കടക്കുമ്പോള്‍ ഒരു രക്ഷയുമില്ല. ബാഗിലെ സകലസാധനങ്ങളും എടുത്തുകാണിക്കണം. 'ഇത് ഞങ്ങളുടെ പണിയായുധങ്ങളാണ് രാജാവേ' എന്ന് പറയണമെന്ന് പലവട്ടം തോന്നി.

നഷ്ടമായ എമിഗ്രേഷന്‍

മോസ്‌കോയിലെത്തുമ്പോള്‍ വിമാനത്താവളത്തില്‍നിന്ന് എമിഗ്രേഷന്‍ കാര്‍ഡ് തരും. യാത്രയിലുടനീളം സൂക്ഷിക്കേണ്ടത്. ഒരു ചെറിയ കടലാസ്. അത് പാസ്‌പോര്‍ട്ടില്‍വെച്ചു. ഏതു നിമിഷവും അത് നഷ്ടപ്പെടാമെന്ന് അന്നേ മനസ്സു പറഞ്ഞു. അതുകൊണ്ട് പ്രാണനടക്കിപ്പിടിക്കുന്നതുപോലെ അത് സംരക്ഷിച്ച് യാത്രതുടര്‍ന്നു. നിഷ്നി നവ്ഗറോദില്‍ അത് സംഭവിച്ചു. ഒരു ഹോട്ടലില്‍ എത്തി പാസ്‌പോര്‍ട്ട് നല്‍കി.

റിസപ്ഷനിസ്റ്റ് ചോദിച്ചു - എവിടെ എമിഗ്രേഷന്‍ കാര്‍ഡ്?

പാസ്‌പോര്‍ട്ടിലുണ്ടായിരുന്നല്ലോ എന്നു പറഞ്ഞപ്പോള്‍, ഇല്ലെന്ന് മറുപടി. ഉണ്ടെന്ന ഉറപ്പോടെ പറഞ്ഞു. പക്ഷേ, അവര്‍ കൈമലര്‍ത്തി. ഹോട്ടലുകളില്‍ എമിഗ്രേഷന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഇല്ലെങ്കില്‍ പടിക്കുപുറത്ത്. കണ്ടുപിടിച്ചുവരാന്‍ ഹോട്ടലുകാരുടെ നിര്‍ദേശം. നിഷ്നിയിലെ മറ്റൊരു ഹോട്ടലില്‍നിന്നാണ് വന്നത്. അവിടേക്ക് ടാക്‌സിയെടുത്തു പാഞ്ഞു. അവിടെയെങ്ങാനുമാണോ നഷ്ടപ്പെട്ടത്. അവിടെയെത്തി തിരച്ചിലോടുതിരച്ചില്‍. താമസിച്ചിരുന്ന മുറി അരിച്ചുപെറുക്കി. റിസപ്ഷന്‍ കൗണ്ടര്‍ മുഴുവന്‍ തിരഞ്ഞു. ഇല്ലാ...

നിസ്സഹായനായി തിരിച്ചുവന്നു. അവര്‍ പറഞ്ഞു - ഈ കാര്‍ഡ് എമിഗ്രേഷന്‍ ഓഫീസില്‍ ഏല്പിക്കേണ്ടതാണ്. അതില്ലെങ്കില്‍ ഇവിടെ താമസിക്കാനാവില്ല.എല്ലാം നഷ്ടപ്പെട്ടെന്ന അവസ്ഥയില്‍ അവിടെ നിലത്ത് തളര്‍ന്നിരുന്നു. ഒരു മണിക്കൂറോളം അങ്ങനെയിരുന്നപ്പോള്‍, റിസപ്ഷനില്‍നിന്ന് വിളി. എമിഗ്രേഷന്‍ കാര്‍ഡുയര്‍ത്തി പുഞ്ചിരിച്ചുനില്‍ക്കുന്നു, അവര്‍. സ്പസിബാ (സോറി) എന്ന് പലവട്ടം പറഞ്ഞു. ആ പെണ്‍കുട്ടിയുടെ കൈകളില്‍പ്പിടിച്ചു കരഞ്ഞുപോയി.അവര്‍ പാസ്‌പോര്‍ട്ട് വാങ്ങിവെച്ചപ്പോള്‍, അതില്‍നിന്ന് എമിഗ്രേഷന്‍ കാര്‍ഡ് അറിയാതെ നിലത്തുവീണുപോയതാണ്. നാലു മണിക്കൂറിന്റെ ശാരീരിക, മാനസിക സംഘര്‍ഷങ്ങള്‍ക്ക് അവസാനം.

നോ റിസര്‍വേഷന്‍...

ബ്രസീല്‍-ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനലിനായി കസാനിലേക്ക്. കസാനിലെ വിമാനത്താവളത്തില്‍നിന്ന് അമ്പതു കിലോമീറ്ററോളം അകലെയാണ് താമസിക്കുന്ന സ്ഥലം. മീഡിയ ബസ്, സിറ്റി സെന്റര്‍വരെ. അവിടെനിന്ന് 2000 റൂബിള്‍ കൊടുത്താണ് ഹോട്ടലിലെത്തിയത്. എവിടെയെങ്കിലും ഒന്ന് തലചായ്ക്കണമെന്നവിധം അവശതയിലായിരുന്നു. പത്തു മിനിറ്റോളം ഏവിയേറ്റര്‍ ഹോട്ടലിലെ റിസപ്ഷനിസ്റ്റ് കംപ്യൂട്ടറില്‍ പരതി. ഒടുവില്‍ പറഞ്ഞു: ''നിങ്ങളുടെ പേരില്‍ ഈ ഹോട്ടലില്‍ റിസര്‍വേഷനില്ല.'' മാസങ്ങള്‍ക്കുമുമ്പേ ബുക്കുചെയ്തതാണെന്നു പറഞ്ഞു. ഒന്നുകൂടി നോക്കിയശേഷം ആ പെണ്‍കുട്ടി പറഞ്ഞു: ''നോ റിസര്‍വേഷന്‍.'' എങ്കില്‍ കൈയിലെ പൈസകൊടുത്ത് താമസിക്കാമെന്നു കരുതി. പക്ഷേ, അവര്‍ പറഞ്ഞു: ''നോ റൂം വേക്കന്റ്.'' അതുകേട്ട് തളര്‍ന്ന് ലോബിയിലെ സോഫയിലിരുന്നു. എന്തുചെയ്യണമെന്ന് ഒരു നിശ്ചയവുമില്ല. റിസപ്ഷനിലെ പെണ്‍കുട്ടികള്‍ ആ കാഴ്ച സഹതാപത്തോടെ കണ്ടിരുന്നു. ഈ രാത്രി ഈ സോഫയില്‍ കിടന്നോട്ടേ എന്നു ചോദിച്ചു. അവര്‍ക്ക് മറുപടിയില്ല. മണിക്കൂറുകള്‍ കടന്നുപോയി. ഒടുവിലതാ റിസപ്ഷനിസ്റ്റ് ഓടിയടുത്തെത്തുന്നു. ''ഉണ്ട്, നിങ്ങള്‍ക്ക് റിസര്‍വേഷനുണ്ട്. ഞങ്ങള്‍ക്ക് തെറ്റിയതാണ്...''

യുവര്‍ ട്രെയിന്‍ ഈസ് പാസ്ഡ് എവേ...'

മോസ്‌കോയില്‍നിന്ന് സെയ്ന്റ് പീറ്റേഴ്സ് ബര്‍ഗിലേക്ക് പോകാനായി ബുള്ളറ്റ് ട്രെയിന്‍ പുറപ്പെടുന്ന സ്റ്റേഷനിലെത്തി. അവിടെ ലോകകപ്പ് യാത്രക്കാരെ സഹായിക്കാന്‍ ഡെസ്‌ക്കുണ്ട്. ടിക്കറ്റ് കാണിച്ചു. കൗണ്ടറിലുണ്ടായിരുന്ന വൊളന്റിയര്‍ ആ ടിക്കറ്റിലേക്കുനോക്കി നിരാശയോടെ പറഞ്ഞു: ''യുവര്‍ ട്രെയിന്‍ ഈസ് പാസ്ഡ് എവേ.'' പറഞ്ഞത് മനസ്സിലാക്കിയപ്പോള്‍ തകര്‍ന്നുപോയി. ദിവസവും സമയവും മാറിപ്പോയിരിക്കുന്നു. പിഴവ്... ഒരിക്കലും സംഭവിക്കാന്‍ പാടില്ലാതിരുന്നത്. എങ്കിലും, അതൊരു ട്രെയിന്‍ ടിക്കറ്റായിരുന്നു. അടുത്ത ട്രെയിനില്‍ ഒഴിവുണ്ടായിരുന്നു. മറ്റൊന്നെടുത്തു. നിശ്ചയിച്ച സമയത്തിന് രണ്ടു മണിക്കൂര്‍ വൈകിയാണെങ്കിലും സെയ്ന്റ് പീറ്റേഴ്സ് ബര്‍ഗിലെത്തി. അവിടെ അര്‍ജന്റീനയുടെയും ബ്രസീലിന്റെയും മത്സരങ്ങളുണ്ടായിരുന്നു. രണ്ടും കണ്ടു.

ഇന്ന് സോച്ചിയിലെത്തണം

ബ്രസീല്‍-ബെല്‍ജിയം മത്സരം കഴിഞ്ഞയുടന്‍ ഒരു ഓട്ടമത്സരം. പുലര്‍ച്ചെ മൂന്നിനാണ് സോച്ചിയിലേക്കുള്ള വിമാനം. മോസ്‌കോയില്‍നിന്ന് മാറിക്കയറിവേണം അവിടെയെത്താന്‍. സോച്ചിയില്‍ റഷ്യ-ക്രൊയേഷ്യ ക്വാര്‍ട്ടര്‍. സമയം പാലിക്കാനുള്ള പെടാപ്പാട്. സമയം ഇവിടെ അത്രയും വിലപ്പെട്ടതാണ്. ഒരു ഹോട്ടലില്‍ രാവിലെ എത്തിയാല്‍ അകത്തുകയറാമെന്ന് വിചാരിക്കണ്ടാ. ചെക്ക് ഇന്‍ ടൈം രണ്ടുമണിയാണ്. അതുവരെ അലയണം. ഉച്ചയ്ക്ക് 12 മണിയാകുമ്പോള്‍ മുറിയിലേക്ക് വിളിവരും - ചെക്ക് ഔട്ട്. അതിന്റെ അര്‍ഥം ഗെറ്റ് ഔട്ട് എന്നാണ്.