സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗ്: വിന്റര്‍ പാലസ്... ഒരുകാലത്ത് റഷ്യന്‍ ഭരണസിരാകേന്ദ്രമായിരുന്ന ആ വിസ്മയപ്രപഞ്ചത്തിലേക്കാണ് ഈ യാത്ര. 1732 മുതല്‍ 1917 വരെ റഷ്യയെ അടക്കിഭരിച്ച സാര്‍ ചക്രവര്‍ത്തിമാരുടെ ആസ്ഥാനം. ആഡംബരക്കോട്ട... ഒരു സ്വപ്നലോകം.

സാര്‍ ചക്രവര്‍ത്തിമാരുടെ സിംഹാസനം കണ്ടു. അതിനുതാഴെ ഒരു പാദപീഠം. ആയിരത്തിയഞ്ഞൂറോളം മുറികള്‍, ആയിരത്തിയെണ്ണൂറോളം വാതിലുകള്‍, രണ്ടായിരത്തോളം ജനാലകള്‍. 700 റൂബിള്‍ കൊടുക്കണം ആ കാഴ്ച കാണാന്‍. ഒന്നരമണിക്കൂര്‍ ക്യൂവില്‍ നിന്നശേഷമാണ് ടിക്കറ്റ് കിട്ടിയത്. പിന്നെയും മണിക്കൂറുകള്‍ കാത്തുനിന്നാണ് കൊട്ടാരത്തിലേക്ക് പ്രവേശനം കിട്ടിയത്. കണ്ടുകണ്ടും നടന്നുനടന്നും മടുത്തു. എങ്ങനെയും അവിടെനിന്നിറങ്ങിയാല്‍ മതിയെന്നായി. ആഡംബരങ്ങളൊന്നും മനസ്സിനെ സ്പര്‍ശിച്ചില്ല. എന്തിനുവേണ്ടി ഈ സൗധങ്ങള്‍ കെട്ടിപ്പൊക്കിയിരിക്കുന്നു?

ലോകത്തിന്റെ വിശപ്പകറ്റാന്‍ വിന്റര്‍ പാലസിന് കഴിയും. അങ്ങ് വിറ്റേക്കുക. ആ പണം ലോകത്ത് പട്ടിണിയില്‍ കഴിയുന്ന പാവംപാവം മനുഷ്യര്‍ക്ക് നല്‍കുക. അപ്പോള്‍ സോഷ്യലിസം വരും. ലോകമെങ്ങുമുള്ള, വിവിധ മതങ്ങളുടെ ദേവാലയങ്ങള്‍ സ്വരുക്കൂട്ടിവെച്ചിരിക്കുന്ന സ്വത്തുക്കള്‍ എത്രയായിരിക്കും? നമ്മുടെയോ കാല്‍ക്കുലേറ്ററിന്റെയോ കണക്കുകൂട്ടലുകള്‍ക്കും അപ്പുറം. ഏത് മതത്തിന്റെ ദൈവമായാലും അവര്‍ പാവപ്പെട്ടവര്‍ക്കൊപ്പമായിരുന്നു.

കമ്യൂണിസ്റ്റ് വിപ്ലവം എന്തുകൊണ്ട് വൈകിപ്പോയി എന്നാണ് മനസ്സ് ചിന്തിച്ചത്. കുറേ മുതലാളിമാര്‍ സമ്പത്ത് കുന്നുകൂട്ടിവെച്ചിരിക്കുന്നു. അതിന്റെ എത്രയോ ഇരട്ടി മനുഷ്യര്‍ ദാരിദ്ര്യത്തില്‍ കഴിയുന്നു. അതിനു മറുപടി കമ്യൂണിസമായിരുന്നു. 1917-ല്‍ ബോള്‍ഷെവിക് വിപ്ലവകാരികള്‍ വിന്റര്‍ പാലസിനെ പിടിച്ചുകുലുക്കി. ഏതു നിമിഷവും അകത്തുകയറാമെന്ന സ്ഥിതി. അപ്പോള്‍ സാര്‍ ചക്രവര്‍ത്തി ഒരു യോഗം വിളിച്ചു. അഞ്ചു കസേരകളും മേശയുമായി ഒരു ചരിത്രസന്ദര്‍ഭം. കൂടെവന്ന ഗൈഡ് ആ നിമിഷങ്ങള്‍ വിവരിച്ചു.

ആ മേശയും കസേരകളും അതുപോലെ. വിപ്ലവത്തെ പ്രതിരോധിക്കാന്‍ ചക്രവര്‍ത്തിക്ക് മാര്‍ഗമില്ലായിരുന്നു. കമ്യൂണിസ്റ്റുകള്‍ ഇരച്ചുകയറി. പക്ഷേ, അവര്‍ക്ക് സങ്കല്പിക്കാന്‍ ആവുന്നതിനപ്പുറമായിരുന്നു വിന്റര്‍ പാലസ്. അത്രയും വിശാലം. മുറികളില്‍നിന്ന് മുറികളിലേക്ക് അവര്‍ ഓടിക്കയറി. എവിടെയുമെത്താനാകുന്നില്ല. പലരും ചക്രവര്‍ത്തിയുടെ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു. മണിക്കൂറുകള്‍ക്കൊടുവില്‍ അവര്‍ കൊട്ടാരം കൈയടക്കി. അങ്ങനെ ലോകത്ത് കമ്യൂണിസ്റ്റ് വിപ്ലവം സാധ്യമായി. സാര്‍ ഭരണം അസ്തമിച്ചു.

കമ്യൂണിസ്റ്റുകാര്‍ ഒന്നും കൊള്ളയടിച്ചില്ല. അത്ഭുതലോകംകണ്ട് ചിലരൊക്കെ പ്രലോഭിപ്പിക്കപ്പെട്ടു. പക്ഷേ, അവര്‍ക്ക് വിലക്കുണ്ടായിരുന്നു. ആരും ഒന്നും എടുക്കരുത്. അവര്‍ അതിലും വലിയൊരു സ്വപ്നലോകം ഭാവിയില്‍ പ്രതീക്ഷിച്ചു. പക്ഷേ...

കാണുന്നത് മുഴുവന്‍, വിസ്മയങ്ങള്‍. മിഹാലി മുണ്‍കാസി എന്ന വലിയ ചിത്രകാരന്റെ ശേഖരമാണ് ഒരു ഫ്‌ലോര്‍ നിറയെ. മൊസാര്‍ട്ടിന്റെ അന്ത്യനിമിഷങ്ങളും യേശുവിന്റെ കുരിശുമരണവും നാടന്‍ ജീവിതങ്ങളും പകര്‍ത്തിയ പെയിന്റിങ്ങുകള്‍ ജീവന്‍ തുളുമ്പിനില്‍ക്കുന്നു.

അകത്ത് ഒരു പള്ളിയുണ്ട്. എണ്ണമറ്റ കുരിശുകള്‍ അവിടെ കാണാം. സ്വര്‍ണവും വെള്ളിയും അമൂല്യമായ രത്‌നങ്ങളും പതിച്ച കുരിശുകള്‍. ഏതൊക്കെ രത്‌നങ്ങളെന്ന് താഴെ എഴുതിവെച്ചിട്ടുണ്ട്. യേശുവിനെ കൊന്ന ഒരു മരക്കുരിശ് അവിടെയെങ്ങും കണ്ടില്ല. ക്രൂശിതരൂപം സ്വര്‍ണത്തില്‍ തിളങ്ങിനില്‍ക്കുന്നു. 1702-ല്‍ സാര്‍ ചക്രവര്‍ത്തി വായിച്ച ബൈബിള്‍ കണ്ടു.

അതിമനോഹര പെയിന്റിങ്ങുകള്‍, ഉദാത്തമായ ശില്പങ്ങള്‍... ഹെര്‍മിറ്റേജ് മ്യൂസിയത്തെ ഇഷ്ടപ്പെട്ടുപോകുന്ന ചില കാഴ്ചകള്‍. ഈജിപ്തിന്റെ പൗരാണികത പകര്‍ത്തിയ വിശാലലോകം വേറെ.

എത്രയോ അളവില്‍ രത്‌നം, സ്വര്‍ണം, വെള്ളി, മറ്റ് ലോഹങ്ങള്‍, വിളക്കുകള്‍, ജനാലകള്‍, വാതിലുകള്‍... ഈ കൊട്ടാരത്തിന്റെ ഓരോ അണുവിലും ആഡംബരം നിറച്ചുവെച്ചിരിക്കുന്നു. ഇവിടെ വിപ്ലവം നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.