മോസ്‌കോ: റഷ്യ ജ്ഞാനപ്പാന ചൊല്ലുകയാണെന്ന് ഈ പംക്തിയില്‍ നേരത്തേ എഴുതിയിരുന്നു. അത് സത്യമായി തുടരുകയാണ്. കണ്ടുകണ്ടങ്ങിരുന്നവരെ കാണാതായിരിക്കുന്നു. അവശേഷിക്കുന്നത് ഫ്രാന്‍സും ക്രൊയേഷ്യയും. അട്ടിമറിക്കപ്പെടാന്‍ ഒരു ടീംകൂടി മാത്രം - ഫ്രാന്‍സ്. അതുംകൂടി സംഭവിച്ചാല്‍, റഷ്യ ലോകകപ്പ് എല്ലാ അഭിരുചികളെയും തിരുത്തും. പൂന്താനം നമ്പൂതിരിയാണ് ഈ ലോകകപ്പിനെ നയിക്കുന്നത്.

റഷ്യയില്‍ പുതിയൊരു ചാമ്പ്യന്‍ വരുമെന്ന് മനസ്സ് എത്രയോ നാളായി പറയുന്നു, എഴുതുന്നു. അത് സംഭവിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്യട്ടെ. വരുന്ന മണിക്കൂറുകളില്‍ കാലം വിധിയെഴുതട്ടെ.

സത്യത്തില്‍ ആര്‍ക്കും ഒരെത്തുംപിടിയുമില്ല. സകലമാനരാജ്യങ്ങളിലെയും മാധ്യമപ്രവര്‍ത്തകര്‍ അണിനിരക്കുന്ന മീഡിയാ റൂം. ഒരു ഗാലറിപോലെ വിശാലം. ഫൈനലില്‍ ആരു ജയിക്കും? അവര്‍ക്കിടയില്‍ ഒരു അഭിപ്രായസര്‍വേ നടത്താമെന്നുതോന്നി. പിന്നെ, ഓരോരുത്തരുടെയും അരികിലേക്ക്. ഹു വില്‍ വിന്‍. അതാണ് ചോദ്യം. ഫ്രാന്‍സ്, ക്രൊയേഷ്യ, ഫ്രാന്‍സ്, ഫ്രാന്‍സ്, ഫ്രാന്‍സ്, ക്രൊയേഷ്യ... അഞ്ചു മിനിറ്റുകൊണ്ട് മനസ്സിലായി, ആര്‍ക്കും ഒരെത്തുംപിടിയുമില്ലെന്ന്. കൂടുതല്‍ പേരും പറഞ്ഞത് ഫ്രാന്‍സ് എന്നാണ്. ഫ്രാന്‍സിന്റെ പേര് പറഞ്ഞവരും സന്ദിഗ്ധാവസ്ഥയിലായിരുന്നു. ഒന്നും ഉറപ്പിക്കാന്‍വയ്യ. ക്രൊയേഷ്യ അത്ഭുതങ്ങള്‍ ആവര്‍ത്തിക്കുമെന്ന ചിലരുടെ യുക്തിവിചാരമാണ് കൂടുതല്‍ സത്യസന്ധമായിത്തോന്നിയത്.

കഴിഞ്ഞദിവസം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മോസ്‌കോയിലെ ഇന്ത്യന്‍ എംബസി ഒരു സ്വീകരണം നല്‍കിയിരുന്നു. ഇന്ത്യക്കാരുടെ പ്രതികരണമറിയാന്‍ ആ സന്ദര്‍ഭവും ഉപയോഗിച്ചു. അവരും പറഞ്ഞു -ഫ്രാന്‍സ്, ക്രൊയേഷ്യ, ഫ്രാന്‍സ്, ഫ്രാന്‍സ്, ഫ്രാന്‍സ്, ക്രൊയേഷ്യ... അതോടെ തീരുമാനിച്ചു. ഇനി ആരോടും ആ ചോദ്യം ചോദിക്കില്ലെന്ന്.

റഷ്യയില്‍ അത്ഭുതങ്ങള്‍ ബാക്കിയാണ്. ഈ ലോകകപ്പിന്റെ എല്ലാ റൗണ്ടിലും അട്ടിമറികള്‍ സംഭവിച്ചിട്ടുണ്ട്. തോല്‍ക്കാന്‍ ഒരു വമ്പനും ജയിക്കാന്‍ ഒരു ദുര്‍ബലനും - റഷ്യയിലെ സമവാക്യം അതാണ്. 

ആദ്യറൗണ്ടില്‍ നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനിയെ മെക്സിക്കോ തകര്‍ത്തു. ആ ചാരത്തില്‍നിന്ന് ജര്‍മനി പിന്നെ കരകയറിയില്ല. പ്രീക്വാര്‍ട്ടര്‍ തുടങ്ങുംമുമ്പേ ജര്‍മന്‍സൈന്യം വീടുകളിലെത്തി.

പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയും സ്‌പെയിനും ചോരവാര്‍ന്നുവീണു. അര്‍ജന്റീനയ്ക്കാണ് ശക്തരായ എതിരാളികളെ കിട്ടിയത് -ഫ്രാന്‍സ്. ലാറ്റിന്‍ കൊടി അവിടെ താഴ്ന്നു. സ്‌പെയിനിന് റഷ്യ ഒരെതിരാളിയേ ആയിരുന്നില്ല. പക്ഷേ, ഷൂട്ടൗട്ടില്‍, സ്പാനിഷ് മസാല രുചിയറിയുംമുമ്പേ ചവറ്റുകുട്ടയിലായി. ഈ ലോകകപ്പ് നേടുമെന്ന് പ്രവചിക്കപ്പെട്ട ടീമുകളിലൊന്നായ ബെല്‍ജിയം, ജപ്പാനെതിരേ രണ്ടു ഗോളിനു പിന്നില്‍. പിന്നെ മൂന്നു ഗോളടിച്ച് വന്‍തിരിച്ചുവരവ്.

ക്വാര്‍ട്ടറില്‍, ബ്രസീലിന്റെ തലയിലാണ് ഇടിത്തീവീണത്. ബെല്‍ജിയം അവരെ തരിപ്പണമാക്കി. ആദ്യസെമിയില്‍ ഫ്രാന്‍സ് അട്ടിമറികളെ അതിജീവിച്ചു. ബെല്‍ജിയത്തിനുമേല്‍ ജയം. രണ്ടാം സെമിയില്‍ പതിവുപോലെ അടുത്ത ആഘാതം. ക്രൊയേഷ്യ ഇംഗ്ലണ്ടിനെ നശിപ്പിച്ചുകളഞ്ഞു.

ഈ ലോകകപ്പിന്റെ ഇതുവരെയുള്ള പരിണാമഘട്ടങ്ങളെ വിലയിരുത്തുക. പ്രാഥമികറൗണ്ടിലും പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും സെമിഫൈനലിലും ആവര്‍ത്തിച്ച അട്ടിമറി. ഫൈനലിലും അത് സംഭവിക്കുമോ? റഷ്യ മറുപടിനല്‍കട്ടെ... സ്റ്റാര്‍ട്ടിങ് വിസില്‍ മുഴങ്ങട്ടെ...