ഷ്യ ഒരു നെരിപ്പോടിലാണ്. എന്തും സംഭവിക്കാം എന്ന നിലയിലേക്കാണ് ലോകകപ്പിന്റെ പോക്ക്. നാളെ ആരെന്തുമെന്തെന്നുമാര്‍ക്കറിയാം എന്ന അവസ്ഥ. ഓരോ ദിവസവും എന്തെങ്കിലും നാടകീയതകള്‍, ആരും പ്രതീക്ഷിക്കാത്ത വഴിത്തിരിവുകള്‍... ഈ അനിശ്ചിത്വംതന്നെയാണ് റഷ്യ ലോകകപ്പിന്റെ ജീവന്‍.

മുന്‍ലോകചാമ്പ്യന്‍മാരും ലോകത്തെ ഏറ്റവും മികച്ചതാരങ്ങളും ദിവസേനയെന്നോണം അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്നു. ലോകത്തെ രണ്ടാംനിര ടീമുകള്‍ മുന്നിലേക്ക് കയറിവരുന്നു. ഒരു പുതിയ ചാമ്പ്യന്‍ ഈ മണ്ണില്‍ ഉദയംചെയ്യുമോ എന്ന ചോദ്യത്തിന് പ്രസക്തി കൂടിവരുന്നു. ഫുട്ബോളിന്റെ അഭിരുചികള്‍ ഇവിടെ തിരുത്തപ്പെടുകയാണ്.

തുടരുന്ന വമ്പന്‍മാരുടെ കാര്യമാണ് കഷ്ടം. നേര്‍ച്ചയ്ക്ക് വെച്ചിരിക്കുന്ന കോഴിയെ പോലെയാണ്. ജര്‍മനി, കാലം ഇത്രയും കലുഷമാവാന്‍ കാത്തുനിന്നില്ല. നേരത്തേ പോയി.

മുന്‍ ലോകചാമ്പ്യന്‍മാരായ സ്പെയിനിനെ അട്ടിമറിച്ചശേഷമുള്ള ഞായര്‍രാവില്‍ റഷ്യ ഉറങ്ങിയില്ല. റഷ്യന്‍ നഗരങ്ങളിലെമ്പാടും ആഘോഷങ്ങള്‍. ലോകകപ്പിന്റെ വൊളന്റിയേഴ്സായി ജോലിചെയ്യുന്ന പെണ്‍കുട്ടികള്‍ പോലും തുള്ളിച്ചാടുന്നതു കണ്ടു. റഷ്യന്‍ മാധ്യമപ്രവര്‍ത്തകര്‍ ആവേശം കൊണ്ടലറുന്നു. അവധി ദിവസത്തിലെത്തിയ വന്‍വിജയം റഷ്യക്കാര്‍ ശരിക്കും ആടിത്തിമര്‍ത്തു. ഈ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളില്‍ ഫിഫ റാങ്കിങ്ങില്‍ ഏറ്റവും പിന്നില്‍ റഷ്യയാണ്. പോരെങ്കില്‍ ലോകകപ്പിനുമുമ്പ് മോശം ഫോമിലുമായിരുന്നു.

ഫുട്ബോളില്‍ വന്‍ശക്തിയായിരുന്നു സോവിയറ്റ് യൂണിയന്‍. മൂന്നുവട്ടം അവര്‍ ലോകകപ്പ് ക്വാര്‍ട്ടറിലെത്തി, ഒരു തവണ സെമിഫൈനലിലും. എന്നാല്‍ സോവിയറ്റ് സാമ്രാജ്യം നിലംപൊത്തിയതോടെ ഫുട്ബോളിനും തകര്‍ച്ച സംഭവിച്ചു. സോവിയറ്റ് യൂണിയന്റെ പിന്‍മുറക്കാരായ റഷ്യക്ക് ലോകഫുട്ബോള്‍ വേദിയില്‍ ഇക്കാലത്തിനിടെ പറയത്തക്ക നേട്ടമൊന്നും ഉണ്ടായിട്ടില്ല. 1994-നുശേഷം മൂന്ന് ലോകകപ്പുകള്‍ക്ക് അവര്‍ യോഗ്യത നേടി. എന്നാല്‍, ഗ്രൂപ്പ് ഘട്ടത്തിനപ്പുറത്തേക്ക് കടക്കാനായില്ല.

2002 ലോകകപ്പില്‍ ആതിഥേയരായ ദക്ഷിണ കൊറിയയുടെ മുന്നേറ്റത്തെ ഓര്‍മിപ്പിക്കുന്നു റഷ്യ. ഒരു ജയംകൂടി സാധ്യമായാല്‍ കൊറിയയുടെ നേട്ടത്തിനൊപ്പമെത്തും. സോവിയറ്റ് യൂണിയന്റെ സെമിപ്രവേശത്തിന്റെ ആവര്‍ത്തനവുമാവും.

സ്വന്തം ടീം ക്വാര്‍ട്ടറിലെത്തിയതോടെ, ആരാധകര്‍ അതിരുവിടുമോയെന്ന് ആശങ്ക അധികൃതര്‍ക്കുണ്ട്. അതുകൊണ്ട് എല്ലാവരും കരുതലിലാണ്. സ്വന്തം നാട്ടിലെ ഫുട്ബോള്‍ തെമ്മാടികളെയാണ് ലോകകപ്പില്‍ റഷ്യ ഏറ്റവുംകൂടുതല്‍ പേടിക്കുന്നത്. അവരെ അടിച്ചമര്‍ത്തുമെന്ന് പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ നേരത്തേതന്നെ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 2016-ലെ യൂറോകപ്പില്‍ റഷ്യയുടെയും ഇംഗ്ലണ്ടിന്റെയും ആരാധകര്‍ ഏറ്റുമുട്ടി. അന്ന് നൂറോളം ഇംഗ്ലീഷുകാരെയാണ് റഷ്യന്‍ തെമ്മാടികള്‍ തല്ലിയോടിച്ചത്. നയതന്ത്രരംഗത്ത് മറ്റ് രാജ്യങ്ങളുമായി അത്ര രസത്തിലല്ലാത്ത ബന്ധത്തില്‍ കഴിയുന്ന റഷ്യക്ക് ശാന്തസുന്ദരമായൊരു ലോകകപ്പ് വളരെ പ്രധാനമാണ്.

എന്തായാലും ഇതുവരെ റഷ്യന്‍ ആരാധകര്‍ വലിയ സംഘര്‍ഷങ്ങളിലേക്കൊന്നും പോയിട്ടില്ല. ആതിഥേയ ടീമിന്റെ മുന്നേറ്റം ടൂര്‍ണമെന്റിനെ ആവേശത്തിലാഴ്ത്തും.

Content Highlights : FIFA World Cup 2018, germany, spain, portugal, bresil, france, argentina