ളമൊന്ന് മാറ്റിച്ചവിട്ടുകയാണ്. മോസ്‌കോയില്‍നിന്ന് സെയ്ന്റ് പീറ്റേഴ്സ് ബര്‍ഗിലേക്ക്. ഒരുകാലത്ത് റഷ്യയുടെ തലസ്ഥാനം. സാര്‍ ഭരണകൂടം കമ്യൂണിസ്റ്റ് വിപ്ലവത്തില്‍ കടപുഴകിയ ചരിത്രനഗരം. വിപ്ലവഭൂമിയിലേക്ക് ലയണല്‍ മെസ്സിയും നെയ്മറും വരുന്നുണ്ട്. അവരൊടൊപ്പമല്ലാതെ ഈ ലോകകപ്പ് യാത്രകള്‍ക്ക് അര്‍ഥമില്ല. വെള്ളിയാഴ്ച ബ്രസീല്‍ കോസ്റ്ററീക്കയെയും അടുത്ത ചൊവ്വാഴ്ച അര്‍ജന്റീന നൈജീരിയയെയും ഇവിടെ നേരിടുന്നു. ലാറ്റിനമേരിക്കയുടെ വിധി നിര്‍ണയിക്കുന്ന പോരാട്ടഭൂമി.

സെയ്ന്റ് പീറ്റേഴ്സ് ബര്‍ഗ് അതിമനോഹരിയാണ്. ഈ നാഗരികപ്രൗഢി ചിലപ്പോഴൊക്കെ മോസ്‌കോയെക്കാള്‍ നമ്മെ വിസ്മയിപ്പിക്കും. മഹാനായ പീറ്റര്‍ സാര്‍ ചക്രവര്‍ത്തി സ്ഥാപിച്ച നഗരം. 1914-ല്‍ പെട്രോഗാര്‍ഡ് എന്നും 1924-ല്‍ ലെനിന്‍ഗ്രാഡ് എന്നും പേരുമാറ്റപ്പെട്ടെങ്കിലും 1991-ല്‍ സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗ് എന്ന പേര് തിരിച്ചുവന്നു. അരക്കോടിയേറെ ജനങ്ങള്‍ താമസിക്കുന്ന പീറ്റേഴ്സ്ബര്‍ഗ് മോസ്‌കോ കഴിഞ്ഞാല്‍ റഷ്യയിലെ രണ്ടാം വലിയ നഗരമാണ്. ഈ നാട്ടുകാര്‍ 'പിറ്റര്‍' എന്നു വിളിക്കും.

താമസിക്കുന്ന മുറിക്കു പുറത്ത് കടലാണ്. അവിടെ പ്രിന്‍സസ് അനക്താസിയ എന്ന ആഡംബരക്കപ്പല്‍ യാത്രയ്ക്ക് തയ്യാറെടുക്കുന്നു. അത് രാജ്യങ്ങള്‍ പിന്നിട്ടേ തിരിച്ചെത്തൂ. പീറ്റര്‍ ചക്രവര്‍ത്തി ഈ നഗരത്തിന്റെ തുറമുഖങ്ങളെ നന്നായി പ്രയോജനപ്പെടുത്തി. രാജ്യത്ത് ശക്തമായ നാവികസേനയുണ്ടാക്കി. സൈന്യത്തെ പാശ്ചാത്യനിലവാരത്തിനൊപ്പം വികസിപ്പിച്ചു.

പീറ്റര്‍ റൊമനോവ് അലക്സിയേവിച്ച്. 1672 ജൂണ്‍ ഒമ്പതിന് ജനനം. സാര്‍ അലക്സിസ് ചക്രവര്‍ത്തിയുടെ രണ്ടാമത്തെ ഭാര്യയിലെ പതിനാലാം മകന്‍. നാലാം വയസ്സില്‍ അച്ഛനെ നഷ്ടപ്പെട്ട കുട്ടി. പത്താം വയസ്സില്‍ സഹോദരന്‍ ഇവാന്‍ അഞ്ചാമനൊപ്പം അധികാരം പങ്കിട്ടു തുടക്കം. 1696-ല്‍ ഇവാന്‍ മരിച്ചതോടെ പീറ്റര്‍ സര്‍വപ്രതാപിയായി.

പീറ്ററിന് മുമ്പും പിമ്പും എന്നതാണ് റഷ്യയുടെ ചരിത്രം. പീറ്ററിന് മുമ്പുള്ള റഷ്യയെ മറ്റ് യൂറോപ്യന്‍മാര്‍ അപരിഷ്‌കൃതരാജ്യമായി കണ്ടു. ഈ പഴഞ്ചന്‍മണ്ണിനെ അവര്‍ അവഗണിച്ചു. റഷ്യ അക്കാലത്ത് അത്രയും പിന്നിലായിരുന്നു. യൂറോപ്പിന്റെ നവോത്ഥാനകാലത്തോട് റഷ്യ മുഖം തിരിച്ചുനിന്നു. കാലത്തിനൊത്ത് മാറാന്‍ അവര്‍ തയ്യാറായില്ല. യൂറോപ്പിലോ റഷ്യയിലോ എന്നറിയാതെ കിടന്ന സാര്‍റഷ്യ അസ്തിത്വം തേടുന്ന കാലം. പീറ്റര്‍ ദൃഢനിശ്ചയത്തിലായിരുന്നു. റഷ്യയെ മഹത്തായ രാജ്യമാക്കാന്‍ അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചു. പുതിയ ഭരണപരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. സ്‌കൂളുകള്‍ മതേതരമാക്കി. ശക്തമായ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയോട് പൊരുതി തന്റെ നയങ്ങള്‍ നടപ്പാക്കി.

യൂറോപ്പിനെ അനുകരിക്കുകയായിരുന്നു പീറ്റര്‍. 18 മാസം നീണ്ട പര്യടനം, അദ്ദേഹം യൂറോപ്പിലെമ്പാടും സന്ദര്‍ശിച്ചു. രാജ്യത്തെ ഏറ്റവും മിടുക്കരായ 50 പേരെ യൂറോപ്പിലേക്കയച്ച് കാലത്തിന്റെ പോക്കറിഞ്ഞു. ഇംഗ്ലണ്ട് അക്കാലത്തെ വലിയ നാവികശക്തിയായിരുന്നു. അദ്ദേഹം ഇംഗ്ലണ്ടിലെത്തി. തിരിച്ചെത്തിയ പീറ്റര്‍ ശക്തമായ നാവികസൈന്യത്തെ കെട്ടിപ്പടുത്തു. മാഞ്ചെസ്റ്ററിലും ലണ്ടനിലും പഠിച്ചു. യൂറോപ്യന്‍ നഗരങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടറിഞ്ഞു. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ രീതികളും നേരിട്ടറിഞ്ഞു. നാട്ടില്‍ മടങ്ങിയെത്തി അതെല്ലാം പ്രായോഗികമാക്കി. അപ്പോള്‍ അദ്ദേഹത്തിന് പ്രായം 26. റഷ്യന്‍ ആധുനികതയുടെ തുടക്കം. പുതിയ റഷ്യന്‍ തലമുറ പിറക്കുകയായ്. റഷ്യയുടെ ചരിത്രത്തിലെ ആദ്യ നാവികാസ്ഥാനം ടഗാന്റോഗില്‍ പിറന്നു.

1712-ലാണ് പീറ്റര്‍ സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗ് സ്ഥാപിക്കുന്നത്. അതോടെ റഷ്യയുടെ തലസ്ഥാനം മോസ്‌കോയില്‍നിന്ന് പീറ്റേഴ്സ്ബര്‍ഗിലേക്ക് മാറി. താമസിയാതെ സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗ് യൂറോപ്പിന്റെ വാതിലായി. റഷ്യ ഭൂഖണ്ഡത്തിലെ വലിയ ശക്തിയായി. 1721-ല്‍ പീറ്റര്‍ റഷ്യയെ ഒരു സാമ്രാജ്യമായി പ്രഖ്യാപിച്ചു. യൂറോപ്പിന്റെ നിലവാരത്തിനുമപ്പുറമായിരുന്നു സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗ്. 200 വര്‍ഷത്തോളം റഷ്യയുടെ തലസ്ഥാനമായിരുന്നു പീറ്റേഴ്സ്ബര്‍ഗ്.

1724 നവംബര്‍. റഷ്യന്‍ നാവികസേനയുടെ പദ്ധതികള്‍ സന്ദര്‍ശിക്കുകയായിരുന്നു പീറ്റര്‍. കണ്‍മുന്നില്‍ സൈനികരുടെ ഒരു ബോട്ട് മുങ്ങിത്താഴുന്നു. അവര്‍ കഠിനമായ തണുപ്പിലേക്ക് വീഴുന്നു. ചക്രവര്‍ത്തി മടിച്ചുനിന്നില്ല., രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. അദ്ദേഹവും മഞ്ഞില്‍പുതഞ്ഞു. രക്ഷപ്പെടുത്തിയെങ്കിലും പീറ്റര്‍ കഠിനമായി പനിച്ചു. വൃക്കകള്‍ തകരാറിലായി. ഗുരുതരാവസ്ഥയിലായി, താമസിയാതെ മരണം. പിന്‍ഗാമിയെ പ്രഖ്യാപിക്കാതെ 1725 ഫെബ്രുവരി എട്ടിന് 52-ാം വയസ്സില്‍ പീറ്റര്‍ അന്തരിച്ചു. അപ്പോഴേക്കും റഷ്യ ലോകത്തെ നിര്‍ണായകശക്തിയായിരുന്നു. പീറ്ററിന് മുമ്പും പിമ്പും എന്ന് റഷ്യ പകുക്കപ്പെട്ടിരിക്കുന്നു. ഇവിടെ സെയ്ന്റ് പീറ്റര്‍ ആന്‍ഡ് സെയ്ന്റ് പോള്‍ കത്തീഡ്രലില്‍ അദ്ദേഹം നിത്യനിദ്രകൊള്ളുന്നു.

വെള്ളിയാഴ്ച ബ്രസീലും നെയ്മറും ഈ നഗരത്തില്‍ പന്തുതട്ടാനെത്തുന്നു. എതിരാളി കോസ്റ്ററീക്ക. ജയമല്ലാതെ മറ്റൊന്നും ബ്രസീലിന് ചിന്തിക്കാനാവില്ല. മഹാനായ പീറ്റര്‍, ബ്രസീലിനെ അനുഗ്രഹിക്കുമോ?

Content Highlights : FIFA World Cup 2018, saint petersburg, russia, brazil, neymar, messi