സ്വന്തം നാട്ടിലെ ഫുട്ബോള്‍ തെമ്മാടികളെയാണ് ലോകകപ്പില്‍ റഷ്യ ഏറ്റവും കൂടുതല്‍ പേടിക്കുന്നത്. അവരെ അടിച്ചമര്‍ത്തുമെന്ന് പ്രസിഡന്റ് വ്ളാഡ്മിര്‍ പുതിന്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 2016-ലെ യൂറോകപ്പില്‍ റഷ്യയുടെയും ഇംഗ്ലണ്ടിന്റെയും ആരാധകര്‍ ഏറ്റുമുട്ടി. അന്ന് നൂറോളം ഇംഗ്ലീഷുകാരെയാണ് റഷ്യന്‍ തെമ്മാടികള്‍ തല്ലിയോടിച്ചത്. ഇംഗ്ലണ്ടും റഷ്യയും നയതന്ത്രരംഗത്ത് വന്‍സംഘര്‍ഷങ്ങളില്‍ കഴിയുമ്പോള്‍ ശാന്തമായൊരു ലോകകപ്പ് റഷ്യയെ സംബന്ധിച്ച് നിര്‍ണായകമാണ്.

ഫുട്ബോളില്‍ വന്‍ശക്തിയായിരുന്നു സോവിയറ്റ് യൂണിയന്‍. മൂന്നുവട്ടം അവര്‍ ലോകകപ്പ് ക്വാര്‍ട്ടറിലെത്തി, ഒരുതവണ സെമിഫൈനല്‍ കളിച്ചു. എന്നാല്‍, സോവിയറ്റ് സാമ്രാജ്യം നിലംപൊത്തിയതോടെ ഫുട്ബോളിനും തകര്‍ച്ച സംഭവിച്ചു. സോവിയറ്റ് യൂണിയന്റെ പിന്‍മുറക്കാരായ റഷ്യക്ക് ലോകഫുട്ബോള്‍ വേദിയില്‍ ഇക്കാലത്തിനിടെ പറയത്തക്ക നേട്ടമൊന്നും ഉണ്ടായിട്ടില്ല. 1994-നുശേഷം മൂന്ന് ലോകകപ്പുകള്‍ക്ക് അവര്‍ യോഗ്യതനേടി. എന്നാല്‍ ഫൈനല്‍ റൗണ്ടില്‍ ഗ്രൂപ്പ് ഘട്ടത്തിനപ്പുറത്തേക്ക് കടക്കാനായില്ല. 

സോവിയറ്റ് സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്കു പിന്നാലെ വന്ന ബോറിസ് യെല്‍ത്സിന്റെ ദുര്‍ഭരണവും ചോരപ്പുഴയൊഴുക്കിയ ചെച്‌നിയന്‍ യുദ്ധവും റഷ്യയില്‍ ഫുട്ബോളിനെ പിന്നോട്ടടിപ്പിച്ചു. കളിക്കാര്‍ അങ്കലാപ്പിലായി. വിദേശ ക്ലബ്ബുകളില്‍ എങ്ങനെയെങ്കിലും എത്തിപ്പെടാന്‍ അവര്‍ ആഗ്രഹിച്ചു. ലീഗ് മത്സരങ്ങള്‍ ആവേശംകെട്ട് ഒഴിഞ്ഞ ഗാലറികള്‍ക്ക് താഴെ നടന്നു. പിന്നീട് കഥമാറി. എണ്ണപ്പണം വരികയും രാജ്യഭരണത്തില്‍ സ്ഥിരതയുണ്ടാവുകയും ചെയ്തതോടെ പതിയെ ഫുട്ബോള്‍ ഉണരാന്‍ തുടങ്ങി. 

ലോകകപ്പിന് ആതിഥ്യമരുളുന്നതോടെ, ഫുട്ബോളില്‍ ഒരു വലിയ കുതിച്ചുചാട്ടം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് റഷ്യ. ഫുട്ബോള്‍ ഇന്ന് രാജ്യത്തെ ഏറ്റവും ജനപ്രിയ വിനോദമാണ്. 2008 യൂറോകപ്പില്‍ സെമിഫൈനലില്‍ എത്താനായതാണ് റഷ്യയുടെ വലിയ നേട്ടം. അതിന് രണ്ടു വര്‍ഷംമുന്‍പ് നടന്ന യൂറോകപ്പില്‍ അവര്‍ക്ക് യോഗ്യതപോലും നേടാനായിരുന്നില്ല. പിന്നീടാണ് കോച്ച് ഗൂസ് ഹിഡിങ്കിനെ റഷ്യ പരീക്ഷിച്ചത്. അത് ഫലംകണ്ടു. 

യൂറോയില്‍ സ്വീഡനും സ്പെയിനും ഗ്രീസും ഉള്‍പ്പെട്ട കടുത്ത ഗ്രൂപ്പിലായിരുന്നു അവര്‍. ആദ്യമത്സരത്തില്‍ സ്പെയിനിനോട് 4-1ന് തോറ്റെങ്കിലും അടുത്ത രണ്ടു മത്സരങ്ങളില്‍ ഗ്രീസിനെയും സ്വീഡനെയും തോല്‍പ്പിച്ച് ക്വാര്‍ട്ടറിന് യോഗ്യതനേടി. ക്വാര്‍ട്ടറില്‍ ഹോളണ്ടിനെ അവര്‍ 3-1ന് തകര്‍ത്തു. അന്ന് ഒരു കൈയില്‍ ദേശീയപതാകയും മറുകൈയില്‍ ബിയര്‍കാനുകളുമായി റഷ്യക്കാര്‍ മോസ്‌കോയില്‍ നൃത്തംചവിട്ടി. സെമിയില്‍ പക്ഷേ, സ്പെയിനിനോട് പരാജയപ്പെട്ടു.

ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് യോഗ്യതയ്ക്ക് 1992 മുതല്‍ റഷ്യ ശ്രമിച്ചെങ്കിലും കഴിഞ്ഞവര്‍ഷം മാത്രമാണ് ഫലംകണ്ടത്. ആദ്യറൗണ്ടിനപ്പുറത്തേക്ക് കടക്കാനായില്ല. 2017 റഷ്യന്‍ ഫുട്ബോളിനെ സംബന്ധിച്ച് ഭേദപ്പെട്ടതായിരുന്നു. സൗഹൃദമത്സരങ്ങളില്‍ സ്പെയിനിനെയും (33) ബെല്‍ജിയത്തെയും (33) ഇറാനെയും (11) സമനിലയില്‍ പിടിച്ചപ്പോള്‍ ദക്ഷിണകൊറിയയെ 4-2ന് കീഴടക്കി. കരുത്തരായ അര്‍ജന്റീനയോട് ഒറ്റഗോളിനാണ് തോറ്റത്. കോണ്‍ഫെഡറേഷന്‍സ് കപ്പിലെ രണ്ട് തോല്‍വികളും ചെറിയ വ്യത്യാസത്തിനായിരുന്നു. പോര്‍ച്ചുഗലിനോട് 1-0നും മെക്സിക്കോയോട് 2-1നുമായിരുന്നു തോറ്റത്. 

റഷ്യയില്‍ ഫുട്ബോള്‍ ലീഗുകള്‍ താരതമ്യേന ഭേദപ്പെട്ടുനടക്കുന്നുണ്ട്. എന്നാല്‍, യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ ചെറിയ നേട്ടങ്ങളില്‍ റഷ്യന്‍ ക്ലബ്ബുകള്‍ ഒതുങ്ങി. സോവിയറ്റ് കാലഘട്ടത്തിനുശേഷം റഷ്യന്‍ ക്ലബ്ബുകള്‍ മൂന്ന് ചാമ്പ്യന്‍ഷിപ്പുകള്‍ സ്വന്തമാക്കിയിട്ടിട്ടുണ്ട്. 2005-ല്‍ സി.എസ്.കെ.എ. മോസ്‌കോയും 2008-ല്‍ സെനിത്ത് സെന്റ് പീറ്റേഴ്സ്ബര്‍ഗും യുവേഫാ കപ്പ് നേടി. 2008-ല്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ച് സെനിത്ത് സൂപ്പര്‍ കപ്പ് നേടുകയും ചെയ്തു. ചാമ്പ്യന്‍സ് ലീഗില്‍ ഒരു ശക്തിയായി വളരാന്‍ ക്ലബ്ബുകള്‍ക്ക് കഴിഞ്ഞില്ല. യുറഗ്വായും ഈജിപ്തും സൗദി അറേബ്യയും ഉള്‍പ്പെട്ട ഭേദപ്പെട്ട ഗ്രൂപ്പിലാണ് റഷ്യ. ചരിത്രത്തില്‍ ആദ്യമായി ഒരു പ്രീക്വാര്‍ട്ടര്‍ റഷ്യ സ്വപ്നംകാണുന്നു.

റഷ്യ

ലോകകപ്പ് - ഗ്രൂപ്പ് ഘട്ടം (1994, 2002, 2014), യോഗ്യതയില്ല (1998, 2006,2010)
യൂറോ കപ്പ് - ഗ്രൂപ്പ് ഘട്ടം (1996, 2000, 2012,2016), സെമിഫൈനല്‍ (2008)

Content Highlights: Russian team ready for world cup 2018