റഷ്യയിലെ മെട്രോ സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ നിര്‍ത്തുമ്പോള്‍ ഒരറിയിപ്പ് മുഴങ്ങും - 'അസ്തറോഷ്ന' യാത്രക്കാര്‍ ശ്രദ്ധിക്കുക എന്നര്‍ഥം. റഷ്യയില്‍ ഏറ്റവും കൂടുതല്‍ കേട്ട വാക്ക്. ആ വാക്ക് ഈ നാടിനെ സംബന്ധിച്ച് അത്രയും പ്രധാനപ്പെട്ടതാണ്. ശ്രദ്ധിച്ചും കരുതലോടെയും ജീവിക്കുക. എല്ലാ സ്വാതന്ത്ര്യങ്ങളും ഈ നാട് നല്‍കുന്നു. അമിത സ്വാതന്ത്ര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. പൗരന്‍മാരുടെ അവകാശങ്ങളെ അത്രയും സംരക്ഷിക്കുന്നു. അവരുടെ ജീവിതത്തെ കാത്തുകൊള്ളുന്നു.

റഷ്യന്‍ ജീവിതത്തിലെ ചില കൗതുകങ്ങള്‍ കൂടി ഇതാ...

രാജ്യം പ്രധാനം

ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് പരാജയപ്പെട്ടപ്പോള്‍, റഷ്യന്‍ ആരാധകര്‍ വിലപിച്ചു. പിന്നെ മനോനില വീണ്ടെടുത്തു. അവര്‍ ആരെയും കുറ്റപ്പെടുത്തിയില്ല. പെനാല്‍ട്ടി പാഴാക്കിയ കളിക്കാരോടുപോലും അവര്‍ ക്ഷമിച്ചു. മോസ്‌കോ ക്രെംലിനില്‍ നിന്നുള്ള മടക്കയാത്രയിലുടനീളം അവര്‍ റസിയ്യാ...റസിയ്യാ... ആരവങ്ങളുയര്‍ത്തി. പിറ്റേന്നത്തെ പ്രഭാതത്തില്‍ റഷ്യ സ്വതന്ത്രമായി. അവര്‍ക്കിനി സ്വന്തം ടീമിനെക്കുറിച്ചുള്ള ആവലാതികളില്ല. നിര്‍ഭയമായി ഈ ലോകകപ്പിനെ കാണാം.

രാജ്യത്തിനെതിരായ പരാമര്‍ശങ്ങളൊന്നും ഇവിടെ ക്ഷമിക്കപ്പെടില്ല. അപ്പോള്‍തന്നെ പിടിവീഴും. അലക്‌സി നവാള്‍നിയെ പോലുള്ള പ്രതിപക്ഷ നേതാക്കള്‍ പലപ്പോഴും ജയിലിലാണ്. രാഷ്ട്രീയം തിരഞ്ഞെടുപ്പുകാലത്ത് മാത്രമാണ്. അതൊഴിച്ചുള്ള കാലങ്ങളിലെല്ലാം രാജ്യത്തിന്റെ കൊടികള്‍ മാത്രം. രാഷ്ട്രീയപാര്‍ട്ടികളുടെ കൊടികളുയരില്ല. വിശേഷദിവസങ്ങളില്‍ ദേശീയപതാകകള്‍ പാറിക്കാനുള്ള സംവിധാനം വീടുകളിലും സ്ഥാപനങ്ങളിലും തെരുവുകളിലും നിര്‍മാണവേളയില്‍തന്നെ ഒരുക്കുന്നുണ്ട്.

മാധ്യമങ്ങള്‍

രാജ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒരു വാര്‍ത്തയോ ചിത്രമോ റഷ്യന്‍മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടില്ല. നമ്മുടെ നാട്ടിലേതുപോലെ, ചാനല്‍ചര്‍ച്ചകളില്‍ രാജ്യകാര്യങ്ങള്‍ വിഷയമാകില്ല. അത് മാധ്യമങ്ങളില്‍ വിഷയമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളും തയ്യാറല്ല. രാജ്യത്തെ സംബന്ധിക്കുന്ന എന്തു കാര്യങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസിഡന്റിനൊപ്പമാണ്. റഷ്യയില്‍ എന്തു സംഭവിക്കുന്നു എന്ന് ഈ രാജ്യത്തെ മലയാളികള്‍ പോലും മനസ്സിലാക്കുന്നത് മറുനാടുകളിലെ മാധ്യമങ്ങള്‍ വഴിയാണ്. ഇവിടത്തെ മാധ്യമങ്ങള്‍ക്കറിയാം, ലക്ഷ്മണരേഖ എന്താണെന്ന്. അതു ലംഘിച്ചാലുള്ള ഫലവും അവരെ നടുക്കുന്നു.

ജനമൈത്രിയില്ലാത്ത പോലീസ്

റഷ്യയിലെ പോലീസുകാരില്‍നിന്ന് ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കണ്ടാ. തെറ്റ് ചെയ്താല്‍ അകത്ത്. അറസ്റ്റ് ചെയ്യുന്നതുതന്നെ കമഴ്ത്തിക്കിടത്തി, മേലില്‍ കയറിയിരുന്ന്, പിന്നിലേക്കു നീണ്ട കൈകളില്‍ വിലങ്ങണിയിച്ചാണ്. ഒന്നുരണ്ട് സന്ദര്‍ഭങ്ങളില്‍ അത് കണ്ടു. സങ്കടംവന്നു.

വിട്ടുവീഴ്ചയില്ലാത്ത ട്രാഫിക്

സഞ്ചാരസ്വാതന്ത്ര്യങ്ങളെല്ലാം റഷ്യ ഒരുക്കിയിട്ടുണ്ട്. അതിവിശാലമായ റോഡുകള്‍, കിറുകൃത്യമായ ട്രാഫിക് സംവിധാനങ്ങള്‍. പക്ഷേ, നിയമങ്ങള്‍ പാലിക്കണം. അത് ലംഘിച്ചാല്‍ കാര്യങ്ങള്‍ വഷളാകും. കാല്‍നടയാത്രികര്‍ക്കും ഇത് ബാധകം. സീബ്രാ ലൈനിലൂടെയല്ലാതെ റോഡ് ക്രോസ് ചെയ്താല്‍ വന്‍പിഴയാണ്. പതിനായിരം റൂബിളോളം വരും. മത്സരങ്ങള്‍ കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍, പലപ്പോഴും ഇത് ലംഘിച്ചിട്ടുണ്ട്. പോലീസ് പിടിച്ചിട്ടുണ്ട്. കഴുത്തിലെ ഫിഫ അക്രഡിറ്റേഷന്‍ കാര്‍ഡ് കണ്ട് അവര്‍ തത്കാലം വെറുതെവിട്ടു. മദ്യപിച്ച് വാഹനമോടിക്കുന്നവനെ പിടിച്ചാല്‍ അവന്റെകാര്യം ഏതാണ്ട് തീരുമാനമാകും. എല്ലാ കാര്യങ്ങളും പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തും.

സ്ത്രീസ്വാതന്ത്ര്യം

സ്ത്രീകള്‍ക്ക് അത്രയും സ്വാതന്ത്ര്യമുള്ള നാടാണ് റഷ്യ. അവര്‍ക്ക് ഏത് പാതിരാത്രിയിലും ഇവിടെ സ്വതന്ത്രമായി സഞ്ചരിക്കാം. മര്യാദയില്ലാത്ത യാതൊരു പെരുമാറ്റങ്ങളും ഇവിടെ സാധ്യമല്ല. സ്ത്രീകള്‍ പക്ഷികളെപ്പോലെ ചിറകടിച്ചു പറക്കുന്നു. നമ്മുടെ നാട്ടിലേതുപോലെ നിരന്തരമായ മാനഭംഗങ്ങള്‍ ഇവിടെയില്ല. അവര്‍ അന്തസ്സോടെ ജീവിക്കുന്നു. അവരുടെ സമ്മതത്തോടെയല്ലാത്തതൊന്നും സംഭവിക്കില്ല. സ്ത്രീകളെ റഷ്യ അത്രയും ബഹുമാനിക്കുന്നു. ഈ യാത്രകളിലുടനീളം കണ്ടത് അതാണ്.

വക്കീലില്ലാത്ത വാദങ്ങള്‍

റഷ്യയിലെ കോടതികള്‍, കുറ്റവാളികള്‍ക്ക് പറയാനുള്ളത് നേരില്‍കേള്‍ക്കും. അതിന് വക്കീലിന്റെ സാന്നിധ്യം ആവശ്യമില്ല. പ്രതികളായി കോടതിയില്‍ വന്നുനില്‍ക്കുന്നവര്‍ക്ക് സത്യസന്ധമായി കാര്യങ്ങള്‍ പറയാം. തെറ്റു ചെയ്തവനായാലും നിരപരാധിയായാലും സംഭവിച്ചത് നേരില്‍ ബോധിപ്പിക്കാം. അങ്ങനെ രക്ഷപ്പെട്ട നിരപരാധികളെത്ര.

ആശുപത്രിയില്‍ സൗജന്യം

അസുഖമാണോ, ഒന്നു ഫോണ്‍ ചെയ്താല്‍ മതി, സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് നിമിഷനേരംകൊണ്ട് ആംബുലന്‍സെത്തും. റഷ്യയിലെ സകലസ്ഥലങ്ങളിലും അത്യാഹിതവിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ നമ്മെ, ആസ്പത്രിയിലെത്തിക്കും. അവിടംകൊണ്ട് തീരുന്നതല്ലെങ്കില്‍, അനുയോജ്യമായ മറ്റ് ആസ്പത്രികളിലേക്ക്. കാന്‍സര്‍ ഉള്‍പ്പെടെയുള്ള എല്ലാവിധ രോഗങ്ങളും ചികിത്സിക്കാന്‍ സര്‍വസജ്ജമായ ആശുപത്രികള്‍ തയ്യാര്‍. ഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളും ഈ സര്‍ക്കാര്‍ ആശുപത്രികള്‍ വഹിക്കുന്നു. രോഗാതുരനായ പൗരനെ റഷ്യ അത്രയും കനിവോടെ സമീപിക്കുന്നു. ഇവിടത്തെ ഡോക്ടര്‍മാര്‍ക്ക് ശമ്പളം നന്നേ കുറവാണ്. 50000 റൂബിള്‍ മാസം കിട്ടിയാല്‍ ഭാഗ്യം. പക്ഷേ, അവര്‍ക്ക് പണമല്ല, രോഗികളാണ് പ്രധാനം.

* ഇത് പുതിയ റഷ്യ. പുതിയ സംസ്‌കാരം. റഷ്യക്കാര്‍ സര്‍വസ്വാതന്ത്ര്യങ്ങളോടെ ഇവിടെ ജീവിക്കുന്നു. വ്ളാദിമിര്‍ പുതിന്‍ എന്ന നേതാവിന്റെ സംരക്ഷണത്തില്‍ അവര്‍ കഴിയുന്നു. ഏതൊരു രാജ്യത്തിനും വേണ്ടത് ശക്തനായ ഭരണാധികാരിയാണ്. അത് പുതിന്‍ റഷ്യയില്‍ സാധ്യമാക്കിയിരിക്കുന്നു.