കസാന്‍: ലോകം കാത്തിരിക്കുന്ന ബ്രസീല്‍ - ബെല്‍ജിയം ക്വാര്‍ട്ടര്‍ പോരാട്ടം വെള്ളിയാഴ്ച ഇവിടെയാണ്. ആര് അതിജീവിക്കുമെന്ന് നമുക്കറിഞ്ഞുകൂടാ. ജീവിതത്തിന്റെ എല്ലാ അനിശ്ചിതത്വങ്ങളും ഈ ലോകകപ്പിനുണ്ട്.

എന്റെ പ്രിയതമയുടെ ഓര്‍മദിനം കൂടിയായ ഈ ദിവസത്തില്‍ റഷ്യയിലെ പ്രിയ സഹോദരിമാരെ ഓര്‍ത്തുപോവുകയാണ്. അവരാണ് ഈ രാജ്യത്തെ മുന്നോട്ടുനയിക്കുന്നത്. ജീവിക്കാന്‍ പെടാപ്പാട് പെടുന്നവര്‍.

പുരുഷകേന്ദ്രിതമെന്ന് കരുതുന്ന സകലജോലികളും ഇന്നാട്ടിലെ സ്ത്രീകള്‍ ചെയ്യുന്നു. വിമാനങ്ങളും മെട്രോ ട്രെയിനുകളും ട്രാമുകളും ബസ്സുകളുമൊക്കെ അവര്‍ അനായാസം നിയന്ത്രിക്കുന്നു. ഭൂരിഭാഗം ഷോപ്പുകളും നടത്തുന്നത് സ്ത്രീകളാണ്. മാര്‍ക്കറ്റുകളില്‍ അവരുടെ സജീവസാന്നിധ്യം കാണാം. പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്നവര്‍. അവര്‍ അടുക്കളയിലും അരങ്ങത്തും സജീവമാണ്. ഭൂരിഭാഗം തൊഴിലിടങ്ങളിലും സ്ത്രീകളുടെ ആധിപത്യം. എന്തിന്, വിമാനത്താവളങ്ങളില്‍ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും സുരക്ഷാപരിശോധനകള്‍ ഒരുപോലെ അവര്‍ ചെയ്യുന്നു.

ഇവിടത്തെ ആണുങ്ങള്‍ കള്ളുകുടിയില്‍ കേമന്‍മാരാണ്. ഈ പണി മുഴുവന്‍ചെയ്ത് രാത്രിയില്‍ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ അതിന്റെ ദുരനുഭവങ്ങള്‍ വേറെ.

റഷ്യയില്‍ ആണുങ്ങളേക്കാള്‍ കൂടുതല്‍ പെണ്ണുങ്ങളാണ്. 100 സ്ത്രീകള്‍ക്ക് 88 പുരുഷന്‍മാര്‍ എന്നാണ് കണക്ക്. പല സ്ത്രീകളുടെയും കല്യാണം നടക്കാതെ പോകുന്നു. അതുകൊണ്ട് അമേരിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പുരുഷന്‍മാരെ പ്രണയിച്ച് നാടുവിടുന്നവരുമുണ്ട്.

ഹിറ്റ്ലറുടെ അധിനിവേശത്തില്‍ പത്തു ലക്ഷത്തോളം റഷ്യക്കാരാണ് കൊല്ലപ്പെട്ടത്. വീടുകളില്‍ ആണുങ്ങളില്ലാതായി. സ്ത്രീകള്‍ക്ക് രംഗത്തിറങ്ങുകയല്ലാതെ നിര്‍വാഹമില്ലായിരുന്നു. അവരാണ് കുടുംബങ്ങളെ നിലനിര്‍ത്തിയത്, അതുവഴി രാജ്യത്തെയും. വീടിന്റെ ഗൃഹനാഥന്‍ സ്ത്രീയാണ്.

ചില അമ്മൂമ്മമാര്‍ പൂക്കള്‍ വില്‍ക്കാനായി തെരുവുകളില്‍ നില്‍ക്കുന്നതു കാണാം. ആവശ്യമില്ലെങ്കില്‍പ്പോലും ആളുകള്‍ അത് വാങ്ങിക്കുന്നു. ആ അമ്മൂമ്മയെ സഹായിക്കാതെ അവര്‍ക്ക് തിരിച്ചുനടക്കാനാവില്ല. കുഞ്ഞുങ്ങളെയുമെടുത്ത് ലഗേജും താങ്ങി മെട്രോകളിലും വിമാനത്താവളങ്ങളിലും വരുന്ന സ്ത്രീകളെ കണ്ടു. അവരെ സഹായിക്കാന്‍ ആണുങ്ങള്‍ അത്രയും ആത്മാര്‍ഥതയോടെയാണ് ഓടിച്ചെല്ലുന്നത്. രാപകലില്ലാതെ സ്ത്രീകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാം. സ്ത്രീകള്‍ അത്രയും ബഹുമാനിക്കപ്പെടുന്ന സമൂഹം.

ഈ ലോകകപ്പ് നിയന്ത്രിക്കുന്നത് സത്യത്തില്‍, ഈ രാജ്യത്തെ പെണ്‍കുട്ടികളാണ്. എണ്ണമറ്റ റഷ്യന്‍ പെണ്‍കുട്ടികള്‍ വൊളന്റിയര്‍മാരായി ജോലി ചെയ്യുന്നു. ലോകകപ്പിന്റെ അച്ചടക്കവും ഭദ്രതയും വൊളന്റിയര്‍മാരാണ് സംരക്ഷിക്കുന്നത്. ഇവിടെ ആണുങ്ങളായ വൊളന്റിയര്‍മാര്‍ നന്നേ കുറവ്. എവിടെയും പെണ്‍കുട്ടികള്‍. ആ കുഞ്ഞുമുഖങ്ങള്‍ കാണുമ്പോള്‍, സ്‌കൂളുകളില്‍ പോലും പഠിക്കുന്നവരുണ്ടെന്ന് തോന്നിപ്പോകുന്നു. ലോകകപ്പ് നേരില്‍ കാണുന്നവര്‍ക്കറിയാം, അവരുടെ വില. അവരുടെ സ്‌നേഹവും കരുതലും അനുഭവിക്കാതെ ഒരാള്‍ക്കുപോലും ഇവിടെനിന്ന് മടങ്ങിപ്പോകാനാവില്ല.

Content Highlights :  FIFA World Cup 2018, russian ladies, World Cup Volunteer, brazil vs belgium