russia
രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലര്‍
കീഴടങ്ങിയ സ്ഥലത്തെ രക്തസാക്ഷിമണ്ഡപത്തില്‍
നവവധൂവരന്മാര്‍ എത്തിയപ്പോള്‍.

'ഷൂര്‍ണല്‍' എന്നാല്‍, റഷ്യന്‍ ഭാഷയില്‍ പ്രസിദ്ധീകരണം, ആനുകാലികം എന്നൊക്കെയാണര്‍ഥം. പത്രപ്രവര്‍ത്തകന് ഷൂര്‍ണലിസ്റ്റ് എന്ന് പേര്. ജേണലില്‍നിന്ന് ജേണലിസ്റ്റ് ഉണ്ടാകുന്നതുപോലെ. 'പുട്ടഷസ്തിവ്യ' എന്നു പറഞ്ഞാല്‍ യാത്രകള്‍. ഒരു പത്രപ്രവര്‍ത്തകന്റെ യാത്രകള്‍ എന്നാണ് ഈ തലവാചകത്തിന്റെ അര്‍ഥം. ലോകത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യയില്‍ കേട്ടും അനുഭവിച്ചും അറിഞ്ഞ ചില നുറുങ്ങുകള്‍ ഇതാ...

'കിളി' പോയ റഷ്യക്കാര്‍

ഇംഗ്ലീഷിനോടും ഡോളറിനോടും റഷ്യക്കാര്‍ക്ക് എന്നും വിരോധമായിരുന്നു. ലോകകപ്പ് വന്നതോടെയാണ് റഷ്യക്കാര്‍ക്ക് ലോകം വിസ്മയക്കാഴ്ചയായത്. എല്ലാ ലോകരാജ്യങ്ങളില്‍നിന്നുള്ളവരും ഇന്നീ നാട്ടിലുണ്ട്. അവര്‍ക്കൊന്നും റഷ്യന്‍ ഭാഷ അറിയില്ല. റഷ്യക്കാര്‍ക്ക് റഷ്യന്‍ ഭാഷയല്ലാതെ മറ്റൊന്നും വശവുമില്ല. കുഴഞ്ഞില്ലേ കാര്യങ്ങള്‍. വിദേശസഞ്ചാരികള്‍ക്ക് എന്തെന്തെല്ലാം സംശയങ്ങളുണ്ടാവും. സംശയം ചോദിക്കുന്നവര്‍ക്കുമുന്നില്‍നിന്ന് പോലീസുകാരും നാട്ടുകാരും ഓടിയൊളിക്കുന്നു. റഷ്യക്കാരുടെ 'കിളി' പോയിരിക്കുന്നു. ഇപ്പോഴവര്‍ ഇംഗ്ലീഷിന്റെ വിലയറിയുന്നു. മെട്രോയില്‍ ഇംഗ്ലീഷ് ബോര്‍ഡുകളും അറിയിപ്പുകളും വന്നത് ലോകകപ്പ് വേദിയായി റഷ്യ നിശ്ചയിക്കപ്പെട്ടശേഷം. പക്ഷേ, ഇതിനിടയിലും പുതിയ തലമുറയിലെ കുട്ടികള്‍ സ്വപ്രയത്‌നത്താല്‍ ഇംഗ്ലീഷ് പഠിച്ചിരുന്നു. അവര്‍ക്കിപ്പോള്‍ നല്ല ഡിമാന്‍ഡാണ്. അവരില്‍ പലരും വൊളന്റിയേഴ്സായി ജോലിചെയ്യുന്നു.

സുവാരസിന്റെ ആരാധകന്‍

ഒരു മെട്രോ സ്റ്റേഷനില്‍ വഴിയറിയാതെ പകച്ചുനില്‍ക്കുമ്പോള്‍ ഒരാള്‍ സഹായത്തിനെത്തി. പേര് അലക്‌സ്. ഫുട്ബോള്‍ ആരാധകന്‍. പോകേണ്ട ലൈനില്‍ കൃത്യമായി എത്തിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്. ഫുട്ബോള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്ത്യയില്‍നിന്ന് വന്നതാണെന്ന് പറഞ്ഞപ്പോള്‍ വലിയ സന്തോഷം. ബിസിനസുകാരനായ അലക്‌സിന് ഇംഗ്ലീഷ് അറിയാം. യുറഗ്വായുടെ ലൂയി സുവാരസാണ് അലക്‌സിന്റെ ഇഷ്ടകളിക്കാരന്‍. സുവാരസ് ലോകഫുട്ബോളിലെ ഏറ്റവും ചീത്തക്കുട്ടിയാണെന്നു പറഞ്ഞപ്പോള്‍ മറുപടി ഇങ്ങനെ -'പ്രതിഭകള്‍ അങ്ങനെയാണ്. കുറേ മോശം കാര്യങ്ങള്‍ കൈയിലുണ്ടാവും. അതുകൊണ്ടുകൂടിയാണ് ഈ ഇഷ്ടം. മാറഡോണയെ നോക്കൂ. ചീത്തക്കുട്ടിയല്ലേ. പക്ഷേ, ലോകം മുഴുവന്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നില്ലേ.'

വിവാഹം രക്തസാക്ഷിമണ്ഡപത്തില്‍

ഹിറ്റ്ലര്‍ കീഴടങ്ങിയ പാര്‍ക്ക് പബേദിയിലൂടെ സഞ്ചരിക്കുമ്പോഴാണ് നവവധൂവരന്‍മാരെ കാണുന്നത്. അവരുടെ ഒരു ഫോട്ടോയെടുത്തു. അല്പം പ്രായമായവരാണ്. കൂടെ കുട്ടികളുമുണ്ട്. റഷ്യയില്‍ അങ്ങനെയാണ്. ഒരുമിച്ച് ജീവിച്ച് പരസ്പരം മനസ്സിലാക്കിയശേഷമാണ് പല വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യുന്നത്. മൂന്നുദിവസമാണ് വിവാഹാഘോഷം. വെള്ളിയാഴ്ച തുടങ്ങും. കെട്ട് ശനിയാഴ്ച. ഞായറാഴ്ച ആഘോഷം കൊഴുക്കും. തിങ്കളാഴ്ച രാവിലെ ചിക്കന്‍ സൂപ്പും കഴിച്ച് ജോലിയിലേക്ക്. ചിക്കന്‍ സൂപ്പ് കഴിച്ചാല്‍ മദ്യത്തിന്റെ 'കെട്ട്' ഇറങ്ങുമത്രെ. വിവാഹം കഴിഞ്ഞാല്‍ ദമ്പതികള്‍ ആദ്യം രക്തസാക്ഷി മണ്ഡപത്തിലേക്ക് പോകും. രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ ധീരജവാന്‍മാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചശേഷമാണ് ജീവിതം തുടങ്ങുക.

റഷ്യന്‍ കൂടോത്രം

ക്രിസ്തീയവിശ്വാസം തീവ്രമാണെങ്കിലും കൂടോത്രത്തിന്റെ ഉഗ്രസ്ഥലമാണ് റഷ്യ. റഷ്യക്കാരില്‍ പലരും അതൊക്കെ വിശ്വസിക്കുന്നു. പ്ലാസ്റ്റിക് പൂക്കള്‍, കത്രിക, ബ്ലേഡ്, സൂചി, തലമുടി... ഇവയിലൊക്കെ കൂടോത്രം വെക്കാമെന്ന് വിശ്വാസം. പരിസരങ്ങളില്‍ ഇവ കണ്ടാല്‍ കൂടോത്രം, കൂടോത്രം... എന്ന് വിളിച്ചുകൂവും. പിന്നെ അതൊഴിപ്പിക്കാനുള്ള മറുവിദ്യകള്‍. ആറാമിന്ദ്രിയം അറിയുമെന്ന് അവകാശപ്പെടുന്ന ജാലവിദ്യക്കാര്‍ക്ക് നല്ല ഡിമാന്‍ഡ്. അവരുടെ കണ്‍സള്‍ട്ടിങ് ഫീസ് പതിനായിരം റൂബിളോളം വരും. ഭര്‍ത്താക്കന്‍മാരെ കൂടെനിര്‍ത്താനും ഒഴിവാക്കാനും സ്ത്രീകള്‍ കൂടോത്രക്കാരെ സമീപിക്കുന്നു. സ്ത്രീകളാണ് ജ്യോതിഷരംഗത്ത് കൂടുതലും. കേരളത്തില്‍ വന്ന് ജ്യോതിഷം പഠിച്ച് പ്രയോഗിക്കുന്ന റഷ്യക്കാരുമുണ്ട്. അവര്‍ക്ക് നല്ല പരിഗണനയാണ്.

യോഗയുടെ യോഗം

റഷ്യയില്‍ മുട്ടിനുമുട്ടിന് യോഗകേന്ദ്രങ്ങളുണ്ട്. റഷ്യക്കാര്‍ യോഗ പഠിച്ച് അതിന്റെ മാസ്റ്റര്‍മാരായിരിക്കുന്നു. ഹിമാലയത്തില്‍വരെ വന്ന് യോഗ പഠിച്ച് നാട്ടിലെത്തി അത് പ്രചരിപ്പിച്ചവരുണ്ട്. റഷ്യയില്‍ ഒരു വിശേഷ ചികിത്സയുണ്ട്. ഒരു മുറിയില്‍ 80 ഡിഗ്രി സെന്റീഗ്രേഡില്‍ പാറ പഴുപ്പിക്കും. എന്നിട്ട് ആ മുറിയിലിരുത്തി ശരീരം വിയര്‍പ്പിക്കും. നില്‍ക്കക്കള്ളിയില്ലാതാകുമ്പോള്‍ തണുത്ത വെള്ളത്തിലേക്ക് ചാടിക്കും. ശരീരകോശങ്ങള്‍ക്കുപോലും വ്യായാമമാകുന്ന ചികിത്സയാണിത്. സൗണെ എന്നാണ് പേര്. അതിലേക്ക് യോഗയെ സമന്വയിപ്പിക്കുകയാണ് റഷ്യക്കാര്‍.

ശുചിത്വനഗരം

റഷ്യ ക്ലീനാണ്. എവിടെയും ഒന്നും വലിച്ചെറിയപ്പെടുന്നില്ല. ഓരോ റഷ്യക്കാരനും ഇക്കാര്യത്തില്‍ മാതൃകകാട്ടുന്നു. മാലിന്യങ്ങള്‍ ഇടാന്‍ പെട്ടികളുണ്ട്. അതെല്ലാം മനോഹരമായി വെച്ചിരിക്കുന്നു. ആണുങ്ങളും പെണ്ണുങ്ങളും മത്സരിച്ചു പുകവലിക്കുന്നവരാണ്. പക്ഷേ, കുറ്റികള്‍ കൃത്യമായ സ്ഥലങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നു. ഒരു മിഠായിക്കടലാസ് പോലും റോഡിലില്ല. നഗരത്തെ വലംവെക്കുന്ന മോസ്‌കോ നദി ശുദ്ധമാണ്. മാലിന്യമുക്തം. ഒരു വെള്ളക്കുപ്പിപോലും അവിടെ ഒഴുകിനടക്കുന്നില്ല. നിര്‍മാണസ്ഥലങ്ങളില്‍നിന്ന് ലോറികള്‍ വീഥിയിലേക്ക് കയറുംമുമ്പ് ടയറുകള്‍ വൃത്തിയായി കഴുകുന്നു. റോഡില്‍ ചെളിപുരളാന്‍ റഷ്യക്കാര്‍ സമ്മതിക്കില്ല. മാലിന്യങ്ങളെല്ലാം കൊണ്ടുപോയി സംസ്‌കരിച്ച് വളമായി തിരിച്ചെത്തുന്നു.

ഇന്ത്യ കളിക്കുന്നുണ്ടോ?

പാര്‍ട്ടിസാന്‍സ്‌കായ മെട്രോ സ്റ്റേഷനില്‍വെച്ചാണ് മിഷണറീസ് ഓഫ് ചാരിറ്റീസിലെ ഒരു സിസ്റ്ററെ കാണുന്നത്. ചിരിച്ചപ്പോള്‍ സിസ്റ്റര്‍ അടുത്തുവന്നു. ഇന്ത്യക്കാരനാണല്ലേ എന്ന് ചോദിച്ചു. റഷ്യയില്‍ എന്താണ് കാര്യം എന്നു ചോദിച്ചപ്പോള്‍, ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ വന്നതാണെന്ന് പറഞ്ഞു. അപ്പോള്‍ ഒരു മറുചോദ്യം -'ലോകകപ്പില്‍ ഇന്ത്യ കളിക്കുന്നുണ്ടോ?'

സിസ്റ്ററുടെ കൈ മുത്തി യാത്രയായി...

content Hughlights : russian and english, fifa world cup 2018, russian Black magic, russian marriage