'ണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍...'

നമ്മള്‍ ഇതുവരെ കണ്ടുകൊണ്ടിരുന്ന 16 ടീമുകള്‍ ഇതാ അപ്രത്യക്ഷമായിരിക്കുന്നു. അത് അടുത്തദിവസങ്ങളില്‍ കുറഞ്ഞുകുറഞ്ഞുവരും. ജൂലായ് 15-ന് ഒരൊറ്റരാജ്യത്തിലേക്ക് ഫുട്ബോള്‍ സാമ്രാജ്യം ചുരുങ്ങും. റഷ്യ ലോകകപ്പ് ആദ്യറൗണ്ട് പിന്നിട്ടിരിക്കുന്നു. ഇനി മരണമില്ലാത്ത മത്സരങ്ങളില്ല. രണ്ടിലൊന്ന് -അതേയുള്ളൂ ഇനിയുള്ള പോരാട്ടങ്ങളില്‍.

അവശേഷിക്കുന്ന 16 ടീമുകള്‍ക്കെങ്കിലും ഒരു ജ്ഞാനപ്പാന വാങ്ങിക്കൊടുക്കുന്നത് നന്നായിരിക്കും. കഴിഞ്ഞ ലോകകപ്പില്‍ മാളികമുകളേറിയ ജര്‍മനിയുടെ തോളില്‍ ദക്ഷിണകൊറിയ രണ്ടു മാറാപ്പുകള്‍ ചാര്‍ത്തിനല്‍കി കഥയവസാനിപ്പിച്ചു. രണ്ടുനാലു ദിനംകൊണ്ട് അര്‍ജന്റീനയെ തണ്ടിലേറ്റുകയും ചെയ്തു. ഒന്നും ശാശ്വതമല്ല. തണ്ടിലേറുന്നതും മാറാപ്പു ചുമക്കുന്നതും ഊഴംവെച്ച് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പൂന്താനത്തിന് സ്തുതി.

ലോകചാമ്പ്യന്‍മാരെ അട്ടിമറിച്ചതുകൊണ്ട് ദക്ഷിണകൊറിയ പ്രത്യകിച്ചൊന്നും നേടിയില്ല. ജര്‍മനിയെ കൊന്ന് അവര്‍ ആത്മഹത്യചെയ്യുകയായിരുന്നു. മാധ്യമങ്ങളില്‍ മിക്കപ്പോഴും വായിക്കുന്ന വാര്‍ത്തകളിലൊന്നുപോലെ. കളിയും ജീവിതവും അല്ലെങ്കിലും രണ്ടല്ലല്ലോ. മോസ്‌കോയിലെ പാര്‍ക്ക് പൊബേദിയെക്കുറിച്ച് നേരത്തേ ഈ പംക്തിയില്‍ എഴുതിയിരുന്നു. ജര്‍മന്‍ ഏകാധിപതി ഹിറ്റ്ലര്‍ കീഴടങ്ങിയതിന്റെ സ്മാരകമാണത്. മെക്‌സിക്കോ ജര്‍മനിയെ ആദ്യമത്സരത്തില്‍തന്നെ അട്ടിമറിച്ചതായിരുന്നു ആ സന്ദര്‍ഭം. ഇതാ വീണ്ടും ജര്‍മന്‍സേന റഷ്യയില്‍ തകര്‍ന്നടിഞ്ഞിരിക്കുന്നു. കാലത്തിന്റെ പോക്ക്.

വന്‍മരങ്ങള്‍ ഏതുനിമിഷവും കടപുഴകാമെന്നതാണ് ഈ ലോകകപ്പിന്റെ പോക്ക്. ഫുട്ബാളിലെ സാമ്രാജ്യത്വങ്ങള്‍ റഷ്യയില്‍ വെല്ലുവിളിക്കപ്പെടുന്നു. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനല്‍ കളിച്ച ടീമുകളാണ് ജര്‍മനിയും അര്‍ജന്റീനയും. ആദ്യറൗണ്ടിലെ അവസാനമത്സരത്തിലെ അന്തിമനിമിഷങ്ങള്‍വരെ അര്‍ജന്റീന പ്രാണന്‍കിട്ടാതെ പിടഞ്ഞു. അവസാനശ്വാസമെടുത്താണ് പ്രീക്വാര്‍ട്ടിലേക്ക് യോഗ്യതനേടിയത്.

'അല്പകര്‍മികളാകിയ നാമെല്ലാം
അല്പകാലംകൊണ്ടോരോരോ ജന്തുക്കള്‍
ഗര്‍ഭപാത്രത്തില്‍ പൂക്കും പുറപ്പെട്ടും
കര്‍മം കൊണ്ട് കളിക്കുന്നതിങ്ങനെ'

എന്ന് തിരിച്ചറിഞ്ഞ് റഷ്യയില്‍നിന്ന് മടങ്ങിപ്പോയവര്‍.

'എത്രകാലമിരിക്കുമിനിയെന്നും
സത്യമോ നമുക്കേതുമൊന്നില്ലല്ലോ'
എന്ന ബോധ്യത്തോടെ റഷ്യയില്‍ തുടരുന്നവര്‍.

'ഭൂപത്മത്തിന് കര്‍ണികയായിട്ടു
ഭൂധരേന്ദ്രനതിലല്ലോ നില്‍ക്കുന്നു'

അത് അര്‍ജന്റീനയുടെ കളികാണാന്‍ ഗാലറിയിരിക്കുന്ന ഡീഗോ മാറഡോണയാണ്. ലോകഫുട്ബോളിലെ ഏറ്റവും വലിയ പ്രതിഭകള്‍ ഇപ്പോഴും നമ്മോടൊപ്പമുണ്ട് എന്നതാണ് ഈ കാലത്തിന്റെ സാഫല്യം. വീല്‍ച്ചെയറില്‍ ജീവിതം കുരുങ്ങിയ പെലെ ബ്രസീലില്‍ കഴിയുന്നു. ഡീഗോ മാറഡോണ റഷ്യയിലുണ്ട്. കാണുന്ന ചുരുട്ടിന്റെയോ കാണാത്ത മറ്റെന്തോക്കെയോ ലഹരികളില്‍ മയങ്ങി ആ മനുഷ്യന്‍ അര്‍ജന്റീനയുടെ മത്സരങ്ങള്‍ കാണുന്നു. അര്‍ജന്റീനയ്‌ക്കെതിരേ നൈജീരിയ സമനിലഗോളടിച്ചപ്പോള്‍, മയക്കത്തില്‍നിന്ന് പാതിവിടര്‍ന്ന കണ്ണുകളോടെ മൈതാനത്തേക്കുനോക്കി. റോഹോ വിജയഗോളടിച്ചപ്പോള്‍ ഇരുകൈകളും ഉയര്‍ത്തി ആഹ്ലാദംകൊണ്ടു.

ലോകഫുട്ബോളിലെ ബ്രാഹ്മണ്യം ബ്രസീലിന്റേതാണ്. ജര്‍മനി പുറത്തായതോടെ കിരീടത്തില്‍ അവര്‍ക്കൊപ്പമെത്താന്‍ തത്കാലം ആര്‍ക്കുമാവില്ല. ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായെങ്കിലും അവരുടെ ഭാവി അത്ര ഭദ്രമെന്ന് പറഞ്ഞുകൂടാ. ആദ്യമത്സരത്തില്‍ അവര്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് സമനിലയില്‍ കുരുങ്ങി. പിന്നീടുള്ള രണ്ടു മത്സരങ്ങളും 2-0ന് ജയിച്ചു. അവസാനമത്സരത്തില്‍ സെര്‍ബിയയോട് കഷ്ടിച്ച് രക്ഷപ്പെട്ടതാണ്. സെര്‍ബിയ പലവട്ടം ഗോളിനരികിലെത്തിയതാണ്. നെയ്മര്‍ ചില ഇന്ദ്രജാലങ്ങള്‍ കാട്ടിയെങ്കിലും ഗോളുകള്‍ വഴിമാറിപ്പോയി.

'ബ്രാഹ്മണ്യം കൊണ്ട് കുന്തിച്ചു കുന്തിച്ച്
ബ്രഹ്മാവുമെനിക്കൊക്കാ...'

എന്ന നിലയിലാണ് ബ്രസീല്‍. എന്താകുമോ എന്തോ?

പ്രീക്വാര്‍ട്ടര്‍ തുടങ്ങുകയായി. പഴയ കുടത്തില്‍ തന്നെയാകുമോ വീഞ്ഞുപകരുക. അതോ പുതിയ കുടത്തില്‍ പുതിയ വീഞ്ഞെത്തുമോ? ഒരു പുതിയ ചാമ്പ്യന്‍ റഷ്യയില്‍ ഉദയംചെയ്യുമോ? ലോകകപ്പിന്റെ അഭിരുചികള്‍ തിരുത്തപ്പെടുമോ?

'കൊതിച്ചീടുന്ന ബ്രഹ്മത്തെക്കണ്ടിട്ടു
കുതിച്ചീടുന്നു ജീവനും...'

റഷ്യയില്‍ കളി തുടരട്ടെ. ലോകമേ, ഭൂമിമലയാളമേ... ഇമചിമ്മരുതേ...