1914ല്‍ ടൈറ്റാനിക്കിന്റെ കന്നിയാത്രയില്‍ ഉള്‍പ്പെട്ട ഏക ജപ്പാന്‍കാരനായിരുന്നു മാസാബുമി ഹൊസോനോ. അന്നത്തെ ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട അപൂര്‍വം ചിലരിലൊരാള്‍ ഹൊസാനോയായിരുന്നു. ഒരു ലൈഫ് ബോട്ട് തരപ്പെട്ടപ്പോള്‍ അദ്ദേഹം അതില്‍ ചാടിക്കയറി രക്ഷപ്പെട്ടു. എന്നാല്‍, അദ്ദേഹത്തെ ഒരു ഭീരുവായാണ് ജപ്പാന്‍കാര്‍ കണ്ടത്. മറ്റുള്ളവരൊടൊപ്പം സമുദ്രത്തിന്റെ ആഴങ്ങളില്‍ മറയണമായിരുന്നു എന്നാണ് അവരുടെ പക്ഷം. ജപ്പാന്‍കാര്‍ ധീരതയെ പ്രോത്സാഹിപ്പിക്കുന്നു.

തുടര്‍ച്ചയായ ആറാം ലോകകപ്പിന് യോഗ്യതനേടിയ ജപ്പാന്‍, ഏഷ്യയിലെ ഏറ്റവും കരുത്തരായ ടീമുകളിലൊന്നാണ്. എ.എഫ്.സി. ഏഷ്യന്‍ കപ്പില്‍ നാലു കിരീടങ്ങള്‍. മറ്റൊരു ടീമിനും സാധിക്കാത്ത നേട്ടം. ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ഒരു വട്ടം റണ്ണറപ്പ്. ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിന് അപ്പുറം പോകാനായിട്ടില്ല എന്നതാണ് സമുറായ് ബ്ലൂസിനെ വിഷമിപ്പിക്കുന്നത്. 

1968-ലെ ഒളിമ്പിക്‌സില്‍ വെങ്കലം നേടിക്കൊണ്ടാണ് ജപ്പാന്‍ അന്താരാഷ്ട്ര ശ്രദ്ധയിലെത്തുന്നത്. പക്ഷേ, ആദ്യ ലോകകപ്പ് ഫൈനല്‍ റൗണ്ടിന് യോഗ്യതനേടാന്‍ മൂന്നു പതിറ്റാണ്ടുകൂടി കാത്തിരിക്കേണ്ടിവന്നു. ജപ്പാന്‍ 1991-ല്‍ പ്രൊഫഷണല്‍ ജെ ലീഗ് രൂപവത്കരിച്ചതോടെ, കളികളുടെയും കളിക്കാരുടെയും നിലവാരമുയര്‍ന്നു. 92-ല്‍ ഏഷ്യന്‍കപ്പിന് ആതിഥ്യം വഹിച്ച് ജപ്പാന്‍ ജേതാക്കളായി. 

ലോകകപ്പിനായുള്ള കാത്തിരിപ്പിന് 98-ല്‍ വിരാമമായി. പക്ഷേ ആദ്യറൗണ്ടിലെ മൂന്നു കളിയും തോറ്റ് പുറത്തായി. 2000-ല്‍ സൗദിയെ തോല്‍പ്പിച്ച് രണ്ടാം ഏഷ്യന്‍കിരീടം നേടിയ ബ്ലൂ സമുറായ് 2002 ലോകകപ്പിന്റെ സഹ ആതിഥേയരായിരുന്നു. ബെല്‍ജിയത്തെ സമനിലയില്‍ തളച്ചും റഷ്യ, ടുണീഷ്യ ടീമുകളെ തോല്‍പ്പിച്ചും അവര്‍ ആദ്യമായി പ്രീക്വാര്‍ട്ടറിലെത്തി. എന്നാല്‍, തുര്‍ക്കിയോട് തോറ്റു പുറത്തായി. 2006-ല്‍ ആദ്യറൗണ്ടില്‍ മടങ്ങിയ അവര്‍ ദക്ഷിണാഫ്രിക്ക (2010) ലോകകപ്പിന് യോഗ്യതനേടിയ ആദ്യടീമായി. 

അവിടെ നിര്‍ണായക കളിയില്‍ ഡെന്‍മാര്‍ക്കിനെ 3-1ന് തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍ ഇടംകണ്ടു. എന്നാല്‍, പാരഗ്വായോട് ഷൂട്ടൗട്ടില്‍ തോറ്റ് മടങ്ങാനായിരുന്നു വിധി. കോച്ച് തകേഷി ഒകാഡ രാജിവെച്ചു. ആല്‍ബര്‍ട്ടോ സാക്കറോണി ചുമതലയേറ്റു. 2011-ല്‍ ഖത്തറില്‍ നടന്ന ഏഷ്യന്‍കപ്പില്‍ ഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ചാമ്പ്യന്‍മാര്‍. അതോടെ ഫിഫ കോണ്‍ഫെഡേഷന്‍സ് കപ്പിനും യോഗ്യനേടി. ഈ സമയത്ത് അര്‍ജന്റീന, ഫ്രാന്‍സ് ടീമുകളെ തോല്‍പ്പിച്ച് കരുത്തുകാട്ടി. പക്ഷേ, ബ്രസീല്‍ ലോകകപ്പില്‍ ആദ്യകടമ്പ കടക്കാതെ മടക്കം. ലോകകപ്പില്‍ ആദ്യമായി ഒരു ക്വാര്‍ട്ടര്‍ ഫൈനല്‍ - റഷ്യയില്‍ ജപ്പാന്റെ സ്വപ്നമതാണ്.

ജപ്പാന്‍

ലോകകപ്പ് - തുടര്‍ച്ചയായി ആറാം തവണയും ഫൈനല്‍ റൗണ്ടില്‍ , 2002-ലും 2010-ലും പ്രീക്വാര്‍ട്ടര്‍
എ.എഫ്.സി. ഏഷ്യന്‍ കപ്പ് - ചാമ്പ്യന്‍മാര്‍ (1992, 2000, 2004, 2011)
ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് - റണ്ണറപ്പ് (2001)
ഒളിമ്പിക്സ് - വെങ്കലം (1968)

Content Highlights: Russia World Cup Japan Team and their expectations