indira gandhiഷ്യയിലെ മലയാളി സുഹൃത്ത് ഒരു കഥപറഞ്ഞു. ഇവിടത്തെ ഒരമ്മയ്ക്ക് ഹിന്ദുസ്ഥാനിലെ ഒരു പിടി മണ്ണ് വേണം. മരിക്കുമ്പോള്‍ അത് കുഴിമാടത്തിലിടണമെന്ന് ആഗ്രഹം. ഇന്ത്യയില്‍ നിന്ന് അമ്മയ്ക്ക് മണ്ണെത്തി. ഇന്ത്യയോട് അത്രയും പ്രിയമാണ് റഷ്യാക്കാര്‍ക്ക്. ഇന്ത്യ അവര്‍ക്ക് ഹിന്ദുസ്ഥാനാണ്. ഇന്ത്യക്കാര്‍ ഹിന്ദൂസും. അങ്ങനെ വിളിക്കുന്നതില്‍ മതത്തിന്റെ വേലിക്കെട്ടുകളൊന്നുമില്ല. ലോകകപ്പ് വേദികളിലൂടെയുള്ള യാത്രയ്ക്കിടയില്‍ ഇന്നാട്ടുകാരുടെ ഇന്ത്യന്‍ സ്‌നേഹം തിരിച്ചറിഞ്ഞു. വഴിയറിയാതെ നടന്നു തളര്‍ന്നുപോയ സന്ദര്‍ഭങ്ങളില്‍ എത്രയോ റഷ്യക്കാര്‍ രക്ഷയ്‌ക്കെത്തി.

സെയ്ന്റ് പീറ്റേഴ്സ് ബര്‍ഗിലെ ഒരു റെസ്റ്റോറന്റില്‍ ചെല്ലുമ്പോള്‍ ഒരാള്‍ ചോദിച്ചു - ഇന്ത്യ? അതെ എന്നു പറഞ്ഞപ്പോള്‍ ഒരു ഹിന്ദിഗാനത്തിന്റെ ഈരടികളുയര്‍ന്നു. മിഥുന്‍ ചക്രവര്‍ത്തി, രാജ്കപുര്‍, അമിതാഭ് ബച്ചന്‍ എന്നീ പേരുകളും പറഞ്ഞു. ഇന്ത്യന്‍ സിനിമയ്ക്ക് ഇവിടെ അത്രയും ഡിമാന്‍ഡാണ്. ഇന്ത്യന്‍ കുടുംബബന്ധങ്ങളെ കൊതിയോടെയാണ് റഷ്യക്കാര്‍ കാണുന്നത്. ഹൃദയസ്പര്‍ശിയായ കുടുംബകഥകള്‍ പറയുന്ന ഹിന്ദിസിനിമകള്‍ കണ്ട് അമ്മമാര്‍ കരയുന്നു. ഇവിടെ കുടുംബബന്ധങ്ങള്‍ അത്ര കെട്ടുറപ്പുള്ളതാണെന്ന് പറയാനാവില്ല. പഠിക്കുന്ന കാലത്തേ കുട്ടികള്‍ കുടുംബം വിട്ടുപോകുന്നു. ഇന്ത്യയില്‍ അച്ഛനമ്മമാര്‍ക്ക് ലഭിക്കുന്ന സംരക്ഷണം റഷ്യക്കാര്‍ അറിയുന്നു. മതത്തിന്റെ കെട്ടുപാടുകളിലൊന്നും റഷ്യക്കാര്‍ കുടുങ്ങിക്കിടക്കുന്നില്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിശാലമനസ്‌കരാണവര്‍.

ഇന്ത്യന്‍ സംസ്‌കാരങ്ങളെ എത്രയോ കാലം മുമ്പേ റഷ്യ സ്വീകരിച്ചിരിക്കുന്നു. 170 വര്‍ഷം മുമ്പ് ഭഗവദ്ഗീത റഷ്യനിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്. തര്‍ജമ ചെയ്യപ്പെട്ട ആയുര്‍വേദ, യോഗാ ഗ്രന്ഥങ്ങള്‍ നിരവധിയാണ്. മിക്ക ക്രിസ്ത്യന്‍ കുടുംബങ്ങളിലും ഈ പുസ്തകങ്ങളുണ്ട്. കുറച്ചുനാള്‍ മുമ്പ് മോസ്‌കോയില്‍ യോഗാ ഫെസ്റ്റിവല്‍ നടന്നു. രണ്ടായിരത്തോളം റഷ്യക്കാരാണ് അതില്‍ പങ്കെടുത്തത്. എണ്ണമറ്റ യോഗാകേന്ദ്രങ്ങള്‍ രാജ്യത്തെങ്ങുമുണ്ട്. ഇന്ത്യയില്‍ വന്ന് യോഗാ പഠിച്ച് നാട്ടില്‍ പ്രയോഗിക്കുന്നവര്‍. 

മഹാത്മാഗാന്ധിയുടെയും നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും പ്രതിമകള്‍ മോസ്‌കോയിലുണ്ട്. ഇന്ദിരയുടെ പേരില്‍ ഒരു സ്ട്രീറ്റ് തന്നെയുണ്ട്. ഇന്ത്യക്കാരനാണോ, ഒരു ബഹുമാനം ഇവിടെ നമുക്കുറപ്പാണ്. നമുക്കും റഷ്യയോട് അങ്ങനെ തന്നെയായിരുന്നല്ലോ. 'സോവിയറ്റ് എന്നൊരു നാടുണ്ടത്രെ, പോകാന്‍ കഴിഞ്ഞെങ്കിലെന്ത് ഭാഗ്യം' എന്ന് നമ്മള്‍ ഒരു കാലത്ത് ആഗ്രഹിച്ചിരുന്നില്ലേ.