മാക്സിം ഗോര്‍ക്കിയുടെ വിഖ്യാതനോവല്‍ 'അമ്മ'യുടെ അവസാനഭാഗത്ത്, മകന്‍ പാവെല്‍ വ്‌ലാസോവിനെ സൈബീരിയയിലേക്ക് ആജീവനാന്തം നാടുകടത്താന്‍ വിധിച്ചു. അമ്മയെ പിടികൂടി ഭീകരമായി മര്‍ദിച്ചു. കഠിനവേദനയിലും ആ അമ്മ വിളിച്ചുപറഞ്ഞു: ''ചോരയുടെ കടലുകള്‍ക്കുപോലും സത്യത്തെ മുക്കിക്കൊല്ലാന്‍ സാധ്യമല്ല. വിഡ്ഢികളേ...നിങ്ങള്‍ ജനങ്ങളുടെ വെറുപ്പ് വാരിക്കൂട്ടുകയേയുള്ളൂ.''

അമ്മയുടെ ശാപം ഫലിച്ചു. സോവിയറ്റ് യൂണിയന്റെയും റഷ്യയുടെയും ചരിത്രം നോക്കുക. എല്ലാ ഭരണാധികാരികളും ഏതെങ്കിലും വിധത്തില്‍ ജനങ്ങളുടെ വെറുപ്പ് വാരിക്കൂട്ടി. ചിലര്‍ ക്രൂരന്‍മാരായി, ചിലര്‍ പരിഹാസ്യരായി, ചിലര്‍ ലോകം കണ്ട വലിയ വിഡ്ഢികളായി. പരീക്ഷണങ്ങള്‍ സഹിച്ചുസഹിച്ച് ജനങ്ങള്‍ മടുത്ത സാമ്രാജ്യം.

******

അമ്മയുടെ മകന്‍ ചെന്നെത്തിയ സൈബീരിന്‍ മണ്ണിലാണിപ്പോള്‍. ഇത് യാക്കൂറ്റ്സ്, യാക്കൂട്ടിയ എന്ന സാഖാ റിപ്പബ്ലിക്കിന്റെ തലസ്ഥാനം. മൂന്നു ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍, തണുപ്പ് കൂടിയ സ്ഥലം. ഇവിടത്തെ കാലാവസ്ഥ ഞെട്ടിക്കും. മൈനസ് 64 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില താഴും. വേനലില്‍ കുറച്ചുകാലത്തേക്ക് 32 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരും. താപനിലയിലെ വ്യതിയാനം 100 ഡിഗ്രി സെല്‍ഷ്യസോളം. ഇപ്പോഴത്തെ തണുപ്പ് സഹിക്കാെമന്ന് ഒരു വിറയലോടെ പറയാനേ കഴിയൂ.

****

Yakutsk Museum
യാക്കൂറ്റ്‌സ് മ്യൂസിയത്തില്‍ നിന്ന്   ഫോട്ടോ: പി.ടി ബേബി

യാക്കൂറ്റ്സില്‍ ആദ്യം കണ്ടത് മാമോത്ത് മ്യൂസിയമാണ്. ലോകത്ത് മാമോത്തിന്റെ മ്യൂസിയമുള്ള ഏകസ്ഥലം. പത്തുപതിനായിരം കൊല്ലങ്ങള്‍ക്കുമുമ്പ് ഭൂമിയിലുണ്ടായിരുന്ന ഭീമന്‍ജീവി. ആറായിരം കിലോ ഭാരം. മൂന്നര മീറ്റര്‍ ഉയരം. ഓരോ കൊമ്പിനും 100 കിലോ വീതം ഭാരം. കൊടുംശൈത്യത്തില്‍ ഈ പ്രദേശത്ത് വാണ കൊമ്പന്‍ ഇവിടെ അസ്ഥികൂടമായി നിലകൊള്ളുന്നു. എന്നിട്ടും എന്തൊരു തലയെടുപ്പ്! അതൊരു കാഴ്ചയായിരുന്നു. യാക്കൂട്ടിയയില്‍ ജീവിച്ച അപൂര്‍വമൃഗങ്ങളുടെയും പക്ഷികളുടെയും പിന്നെ മനുഷ്യരുടെയും വിസ്മയക്കാഴ്ചകള്‍.

സൈബീരിയയ്ക്ക് റ്റാറ്റാര്‍ ഭാഷയില്‍ ഉറങ്ങുന്ന ഭൂമി എന്നാണര്‍ഥം. ഒരു രാജ്യമായിരുന്നെങ്കില്‍ ഇതാകും ഏറ്റവും വലിയ രാജ്യം. റഷ്യയുടെ 57 ശതമാനവും ഭൗമോപരിതലത്തിന്റെ 10 ശതമാനവും സൈബീരിയയാണ്. ഇതിന്റെ പേരിലാണ് വലിയ രാജ്യമെന്ന് റഷ്യ അഭിമാനിക്കുന്നത്. നാലുകോടിയോളമേ ജനസംഖ്യയുള്ളൂ. ജനസാന്ദ്രത ചതുരശ്രകിലോമീറ്ററില്‍ മൂന്നുപേര്‍ മാത്രം. അന്റാര്‍ട്ടിക്കയ്ക്ക് പുറത്ത് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ തണുപ്പ് യാക്കൂറ്റ്സിലെ ലെന നദീതടത്തിലാണ്.

*****

സൈബീരിയയിലേക്ക് നാടുകടത്തിയെന്നൊക്കെ ചെറിയ ക്ലാസുകളില്‍ പഠിച്ചിട്ടുണ്ട്. അന്നൊന്നും ഈ കൊടിയ തണുപ്പിനെയും അതിജീവനം അസാധ്യമായ തടവറകളെയും കുറിച്ച് അറിയില്ലായിരുന്നു. അതറിഞ്ഞപ്പോള്‍, സൈബീരിയയില്‍ പോകാതെ റഷ്യന്‍ യാത്രയ്ക്ക് പൂര്‍ത്തീകരണമില്ല എന്നുറപ്പിച്ചു. സൈബീരിയ കഴിഞ്ഞേ ലോകകപ്പ് ഫുട്ബോളുള്ളൂ.

Yakutsk Museum
യാക്കൂറ്റ്‌സ് മ്യൂസിയത്തില്‍ നിന്ന്   ഫോട്ടോ: പി.ടി ബേബി

1929-1953 കാലത്ത്, സുഖദസുന്ദരമായ കമ്യൂണിസ്റ്റ് കാലഘട്ടത്തില്‍, 1.4 കോടി ഹതഭാഗ്യര്‍ ഇവിടെ തടവില്‍ കഴിഞ്ഞു. അതില്‍ അഞ്ചേകാല്‍ലക്ഷത്തോളംപേര്‍ മരിച്ചുമണ്ണടിഞ്ഞു. അവരുടെ ഭൗതികാവശിഷ്ടങ്ങള്‍ക്കുമേലെ സഞ്ചരിക്കുമ്പോള്‍ ഹൃദയം പിടയ്ക്കും.

സാര്‍ ചക്രവര്‍ത്തിമാരുടെ കാലത്തുതുടങ്ങിയ ക്രൂരതയാണിത്. അന്ന് തടവുകാരെ നടത്തിക്കൊണ്ടാണ് പോയിരുന്നത്. മൂന്ന് കൊല്ലത്തോളമെടുക്കും നടന്നെത്താന്‍. ഭൂരിഭാഗവും വഴിയില്‍ മരിച്ചുവീഴും. അവരെ ചവിട്ടി കടന്നുപോയവര്‍, കഠിനദുരിതങ്ങളില്‍ക്കഴിഞ്ഞ് മണ്ണടിഞ്ഞു. മോസ്‌കോയില്‍നിന്ന് ആറര മണിക്കൂര്‍ നീണ്ട വിമാനയാത്രയില്‍ അക്ഷമ തോന്നിയപ്പോള്‍, ആ പാവങ്ങളെ ഓര്‍ത്തു. പില്‍ക്കാലത്ത് ട്രാന്‍സ് സൈബീരിയ റെയില്‍വേ വന്നു. വാഗണ്‍ ട്രാജഡികള്‍ ആദ്യം സംഭവിച്ചത് ആ തീവണ്ടികളിലാണ്.

സാര്‍ ഭരണകൂടങ്ങള്‍ക്കെതിരായ വിപ്ലവപ്രവര്‍ത്തനങ്ങളുടെ പേരില്‍ ലെനിനും സ്റ്റാലിനും സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ടവരാണ്. ലെനിന്‍ മൂന്നുവര്‍ഷം സൈബീരിയയില്‍ കഴിഞ്ഞു. സ്റ്റാലിന്‍ പലവട്ടം നാടുകടത്തപ്പെട്ടു. ആറ് പ്രാവശ്യം ആ മനുഷ്യന്‍ സൈബീരിയയില്‍ നിന്ന് രക്ഷപ്പെട്ടു.

Yakutsk Museum
യാക്കൂറ്റ്‌സ് മ്യൂസിയത്തില്‍ നിന്ന്   ഫോട്ടോ: പി.ടി ബേബി

പില്‍ക്കാലത്ത് അധികാരമേറിയപ്പോള്‍, തന്റെ വിമര്‍ശകരെ ഒന്നടങ്കം സ്റ്റാലിന്‍ കൊന്നുതള്ളുകയോ സൈബീരിയയിലേക്ക് നാടുകടത്തുകയോ ചെയ്തു. ഗുലാഗ് എന്ന കുപ്രസിദ്ധമായ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ തുറന്നത് സ്റ്റാലിനാണ്. അതില്‍ ഭൂരിഭാഗവും സൈബീരിയയില്‍. കഠിനജോലികളും കൊടിയ പീഡനങ്ങളുമായിരുന്നു. സ്റ്റാലിന്റെ ഭരണകാലത്ത് കൊല്ലപ്പെട്ടത് 20 ദശലക്ഷം പേരാണെന്നത് ഏറ്റവും ചെറിയ കണക്ക്.

നിരോധിക്കപ്പെട്ട പുസ്തകങ്ങള്‍ വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തെന്ന പേരില്‍ ഫയദോര്‍ ദസ്തയേവ്സ്‌കി നാലുവര്‍ഷത്തോളം സൈബീരിയയില്‍ കഴിഞ്ഞു. നാലുവര്‍ഷവും ചങ്ങലകളിലായിരുന്നു അദ്ദേഹം.

അങ്ങകലെ കുപ്രസിദ്ധമായ പോളിമ ഹൈവേയുണ്ട് അസ്ഥികളുടെ വീഥിയെന്നാണ് വിളിപ്പേര്. യാക്കൂറ്റ്സിലെ നിഷ്നി ബെസ്റ്റിയാക്കില്‍നിന്ന് മഗദാനിലേക്ക് 2030 കിലോമീറ്റര്‍ നീളുന്ന റോഡ്. സ്റ്റാലിന്റെ കാലത്ത് 1932-ല്‍ നിര്‍മാണം തുടങ്ങി. 1953-ല്‍ പൂര്‍ത്തിയായി. തടവുകാരായിരുന്നു തൊഴിലാളികള്‍. എണ്ണമറ്റ തടവുകാര്‍ അവിടെ മരിച്ചുവീണു. അവരെ മണ്ണിട്ടുമൂടി നിര്‍മാണം പുരോഗമിച്ചു. അവരുടെ അസ്ഥികളില്‍ പോളിമ ഹൈവേ രൂപംകൊണ്ടു.

സൈബീരിയ ഒരു അണ്ഡകടാഹമാണ്. ഏഴ് സമയമേഖലകള്‍ പിന്നിട്ടാണ് ഇവിടെയെത്തിയത്. ഇന്ത്യയും മോസ്‌കോയുമായി രണ്ടര മണിക്കൂര്‍ സമയവ്യത്യാസമേയുള്ളൂ. പക്ഷേ, മോസ്‌കോയും യാക്കൂറ്റ്സുമായി ആറു മണിക്കൂറോളമാണ് വ്യത്യാസം. ഇന്ത്യയുടെയത്ര വിസ്തൃതിയുണ്ട് സാഖാ റിപ്പബ്ലിക്കിന്. ഓടിയെത്തി സൈബീരിയയെ ഒന്നുതൊട്ട് തിരിച്ച് മോസ്‌കോയുടെ മാറിലണയാനുള്ള സമയമേയുള്ളൂ. ലോകകപ്പ് തുടങ്ങാറായി...

Content Highlights: PT Baby's Column From Russia, Siberia concentration camps