1974 ലോകകപ്പിന്റെ യോഗ്യതാറൗണ്ട്. വെംബ്ലിയില്‍ ഒരു ലക്ഷം ഇംഗ്ലീഷ് ആരാധകരുടെ മുന്നില്‍ ഇംഗ്ലണ്ട് പോളണ്ടിനെ നേരിടുന്നു. കമ്യൂണിസ്റ്റ് കോട്ടയില്‍നിന്നുവരുന്ന പോളണ്ടിനെക്കുറിച്ച് ആര്‍ക്കും ഒരു ചുക്കും അറിയാത്ത കാലം. ഉജ്ജ്വലജയത്തോടെ ലോകകപ്പിന് യോഗ്യത നേടാമെന്ന ഇംഗ്ലീഷുകാരുടെ മോഹം തകര്‍ത്തുകൊണ്ട് മത്സരം 1-1ന് സമനിലയിലായി. ഇംഗ്ലണ്ട് പുറത്ത്. ലോകത്തിനുമുന്നില്‍ പോളണ്ടിന്റെ മുഖം പ്രകാശിച്ചു.

1970-കള്‍ പോളണ്ട് ഫുട്ബോളിന്റെ വസന്തകാലമായിരുന്നു. എത്രയെത്ര നേട്ടങ്ങള്‍. 1974-ല്‍ ഇംഗ്ലണ്ടിനെ മറികടന്ന് ലോകകപ്പ് യോഗ്യത. 1938-ല്‍ ആദ്യലോകകപ്പ് കളിച്ചശേഷം 36 കൊല്ലത്തിനിപ്പുറം വീണ്ടും ലോകവേദിയില്‍. അതൊരു കുതിപ്പായിരുന്നു. അര്‍ജന്റീനയെ 3-2ന് അട്ടിമറിച്ച് തുടക്കം. ഹെയ്ത്തിയെ വീഴ്ത്തിയത് എതിരില്ലാത്ത ഏഴു ഗോളിന്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇറ്റലിയെയും 2-1ന് തകര്‍ത്തു. രണ്ടാം റൗണ്ടില്‍ സ്വീഡനെയും യുഗോസ്ലാവ്യയെയും കീഴടക്കി. എന്നാല്‍, പശ്ചിമജര്‍മനിയോട് 76-ാം മിനിറ്റില്‍ വഴങ്ങിയ ഒറ്റഗോളിന് തോറ്റതോടെ ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. ബ്രസീലിനെ തോല്‍പ്പിച്ച് പക്ഷേ, പോളണ്ട് മൂന്നാംസ്ഥാനം സ്വന്തമാക്കി. പോളിഷ് താരം ഗ്രെസ്ഗോര്‍സ് ലാത്തോ ഏഴു ഗോളുമായി ഗോള്‍ഡന്‍ ബൂട്ടിന് അവകാശിയായി. 

1982-ലും അതേ നേട്ടം പോളണ്ട് ആവര്‍ത്തിച്ചു. ഇറ്റലിയും കാമറൂണും പെറുവും ഉള്‍പ്പെട്ട ഗ്രൂപ്പില്‍നിന്ന് ഒന്നാം സ്ഥാനവുമായാണ് അടുത്തറൗണ്ടിലേക്ക് കടന്നത്. രണ്ടാം റൗണ്ടില്‍ ബെല്‍ജിയത്തെ തോല്‍പ്പിച്ചപ്പോള്‍ സോവിയറ്റ് യൂണിയനോട് സമനില. ഗ്രൂപ്പില്‍ ഒന്നാമതായി സെമിഫൈനലിലേക്ക്. പക്ഷേ, അവിടെ ഇറ്റലിയോട് 0-2ന് തോറ്റു. മൂന്നാംസ്ഥാന മത്സരത്തില്‍ ഫ്രാന്‍സിനെ 3-2നാണ് പോളണ്ട് തോല്‍പ്പിച്ചത്. 

ഒളിമ്പിക്സിലും നേട്ടങ്ങളുടെ ദശകം. 1972-ല്‍ സ്വര്‍ണവും 1976-ല്‍ വെള്ളിയും സ്വന്തം. അങ്ങനെ കുറേ വമ്പന്‍മാരെ വീഴ്ത്തുകയും നേട്ടങ്ങള്‍ കൊയ്യുകയും ചെയ്ത സുവര്‍ണകാലം. ഫിഫ റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനംവരെയെത്തി. പക്ഷേ, പില്‍ക്കാലത്ത് പോളണ്ട് ഫുട്ബോളിന് ആ നേട്ടങ്ങള്‍ ആവര്‍ത്തിക്കാനായില്ല. ലോകകപ്പില്‍ 1986-ല്‍ പ്രീക്വാര്‍ട്ടറില്‍ എത്തിയെങ്കിലും 2002-ലും 2006-ലും ആദ്യറൗണ്ടില്‍ത്തന്നെ പുറത്ത്. കഴിഞ്ഞ രണ്ടു ലോകകപ്പുകള്‍ക്കും യോഗ്യത നേടാനായില്ല.

യൂറോ കപ്പിനെക്കുറിച്ച് പോളണ്ടിനോട് ഒരക്ഷരം മിണ്ടരുത്. 2004 വരെ അവര്‍ യോഗ്യതപോലും നേടാത്ത ടൂര്‍ണമെന്റാണത്. 2008-ല്‍ ആദ്യമായി യോഗ്യതനേടിയപ്പോള്‍ ആദ്യറൗണ്ടില്‍ പുറത്ത്. 2012-ലും കഥയതുതന്നെ. എന്നാല്‍, 2016-ല്‍ ക്വാര്‍ട്ടര്‍ വരെയെത്താനായി.

റഷ്യയില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനുള്ള സുവര്‍ണാവസരം പോളണ്ടിന് മുന്നിലുണ്ട്. കൊളംബിയയും ജപ്പാനും സെനഗലും ഉള്‍പ്പെട്ട ഗ്രൂപ്പിലാണവര്‍. പരീക്ഷിക്കപ്പെടാന്‍ വമ്പന്‍മാരൊന്നുമില്ല. ലോകവേദിയില്‍ ടീമിന്റെ തിളക്കം വീണ്ടും കാണാന്‍ പോളിഷ് ജനത കാത്തിരിക്കുന്നു.

പോളണ്ട്

ലോകകപ്പ് - മൂന്നാം സ്ഥാനം (1974, 1982), പ്രീക്വാര്‍ട്ടര്‍ (1986)
യൂറോ കപ്പ് - ക്വാര്‍ട്ടര്‍ ഫൈനല്‍ (2012)
ഒളിമ്പിക്സ് - സ്വര്‍ണം (1972), വെള്ളി (1976)

Content Highlights: Poland World Cup Team and World Cup Expectations