കോസ്റ്ററീക്കയ്ക്കെതിരേ അവസാനനിമിഷങ്ങളില്വീണ രണ്ടു ഗോളുകള്‍ക്കൊടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍, നെയ്മര്‍ മൈതാനത്തിരുന്ന് മുഖംപൊത്തി കരയുകയായിരുന്നു. റഷ്യയില്‍ ആദ്യമായി താന്‍ ഗോളടിച്ചിരിക്കുന്നു, ബ്രസീല്‍ ജയിച്ചിരിക്കുന്നു. ഈ മത്സരവും സമനിലയാവുകയോ തോല്‍ക്കുകയോ ചെയ്തിരുന്നെങ്കില്‍ കഥ മറ്റൊന്നാകുമായിരുന്നു. ലോകകപ്പിന്റെ മനോഹാരിതയും ബ്രസീലിന്റെ പെരുമയും നെയ്മറുടെ ഹീറോയിസവും ഇതാ തിരിച്ചുവന്നിരിക്കുന്നു.
ആരാധകരെ ഈ ലോകകപ്പ് മുള്‍മുനയില്‍ നിര്‍ത്തുന്നു. ആധിപിടിച്ച് അവര്‍ അവശരായിരിക്കുന്നു. കോസ്റ്ററീക്കയ്ക്കെതിരേ നിശ്ചിതസമയം തീരുമ്പോള്‍ സമനിലയിലേക്കെന്ന് പലരും കരുതി. എങ്ങനെ സ്റ്റേഡിയത്തിനു പുറത്തുകടക്കുമെന്ന് ബ്രസീലുകാര്‍ പേടിച്ചിരിക്കണം. നിമിഷങ്ങള്‍ക്കുള്ളിലാണ് കഥ മാറിയത്.
ബ്രസീലിന്റെയും കോസ്റ്ററീക്കയുടെയും ആരാധകര്‍ തിങ്ങിനിറഞ്ഞാണ് പ്രിമോത്സ്കായ സ്റ്റേഷനില്‍നിന്ന് ഉച്ചക്ക് മെട്രോ ട്രെയിന്‍ പുറപ്പെട്ടത്. ഇരുകൂട്ടരും നല്ല സൗഹൃദത്തിലായിരുന്നു. ഒരുമിച്ചുനിന്ന് ഫോട്ടോയെടുക്കാന്‍ തിരക്ക്.
പണ്ടൊക്കെയായിരുന്നെങ്കില്‍ ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ആരാധകര്‍ക്ക് നല്ല വിലയുണ്ടായിരുന്നു. ഇന്നതല്ല അവസ്ഥ. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ റഷ്യയില്‍ വെള്ളംകുടിക്കുകയല്ലേ. അവര്‍ ദേശീയനിറങ്ങളില് വിചിത്രവേഷധാരികളായി വരുമ്പോള്‍ ആളുകള്‍ സഹതാപത്തോടെ നോക്കുന്നു, ഇന്ന് ആരോട് തോല്ക്കാന്പോവുന്നു എന്ന ഭാവത്തില്‍. അര്‍ജന്റീന ആരാധകരുടെ കാര്യം ഏതാണ്ട് തീരുമാനമായിട്ടുണ്ട്. ഹൃദയം തകര്‍ന്നുപോയി എന്നാണ് ഭൂരിഭാഗം അര്‍ജന്റീനക്കാരും പ്രതികരിച്ചത്. അവസാന മത്സരത്തില്‍ അദ്ഭുതം പ്രതീക്ഷിക്കുകയാണവര്‍.
കോസ്റ്ററീക്കയ്ക്കെതിരായ മത്സരത്തിന് ബ്രസീല്‍ ആരാധകര്‍ വമ്പന്‍ ആഘോഷങ്ങളുമായാണ് എത്തിയത്. ആദ്യമത്സരത്തില്‍ സെര്‍ബിയയോട് തോറ്റ ടീമാണ് കോസ്റ്ററീക്ക. അവരെ തോല്പിച്ചില്ലെങ്കില് പിന്നെ, ബ്രസീലിന്റെ പെരുമയ്ക്ക് എന്തര്‍ഥം? പക്ഷേ, വിജയത്തിന് അവസാനനിമിഷംവരെ കാത്തിരിക്കേണ്ടിവന്നു.
മെക്സിക്കോക്കെതിരേ തോറ്റ് സര്‍വവും തകര്‍ന്ന് ജര്‍മന്‍ ആരാധകര്‍ മടങ്ങുമ്പോള്‍, അവര്‍ക്കേതിരേ അശ്ലീല ആംഗ്യവുമായ് ചില മെക്സിക്കോ ആരാധകര്‍ വന്നതോര്‍ക്കുന്നു. ചിലര്‍ സ്വന്തം ടീമംഗങ്ങള്ക്കേതിരേ രോഷപ്രകടനം നടത്തുന്നതുകണ്ടു. നാട്ടില്‍ വാ, കാണിച്ചുതരാമെന്ന മട്ടിലാണവര്‍.
കാരണം, വന്പ്രതിസന്ധിയിലാണവര്. അന്യായകാശും മുടക്കിയാണ് ലോകകപ്പ് കാണാനെത്തിയത്. റഷ്യയിലെ ഹോട്ടലുകളാണെങ്കില്‍ സന്ദര്‍ശകരെ പിഴിയുന്നതില്‍ മത്സരിക്കുന്നു. വാടക പത്തിരട്ടിയോളം കൂട്ടി. പലരും വര്‍ഷങ്ങളോളം സ്വരുക്കൂട്ടിയുണ്ടാക്കിയ പണവുമായാണ് വന്നിട്ടുള്ളത്. മുഖത്തും തലയിലും ചായം പൂശാനും വേഷങ്ങള്‍ കെട്ടാനുമുള്ള കാശ് വേറെ.
നെയ്മറും ബ്രസീലും തത്കാലം രക്ഷപ്പെട്ടിരിക്കുന്നു. സാമൂഹികമാധ്യമങ്ങളുടെ കുത്തിനോവിക്കലിന് മിന്നുന്ന രണ്ടു ഗോളുകള്‍കൊണ്ട് അവര്‍ മറുപടിനല്കിയിരിക്കുന്നു.
Content Highlights : FIFA World Cup 2018, neymar, brazil, costa rica