നാട്ടില്‍നിന്ന് ആസിഫ് സഹീര്‍ വിളിക്കുന്നു. ജൂണ്‍ 29-ന് മോസ്‌കോയിലെത്തുമെന്ന് പറയാന്‍. ആസിഫിന് 'കേരള മാറഡോണ' എന്ന് ഓമനപ്പേര്. കേരളം കണ്ട മികച്ച ഫോര്‍വേര്‍ഡുകളിലൊരാള്‍. നാട്ടില്‍നിന്ന് ഐ.എം. വിജയന്‍ വരുന്നുണ്ട്. ലോകപ്പ് ഉന്മാദത്തിലെത്തുമ്പോള്‍ വിജയന്‍ ഇവിടെയുണ്ടാകും. മലയാളികളുടെ ഫുട്ബോള്‍ തീര്‍ഥാടനങ്ങള്‍ വിസ്മയിപ്പിക്കുന്നതാണ്. ആരുമറിയാത്ത കഥകള്‍ എത്രയെത്ര.

ഫിഫ വേദിയില്‍ മാതൃഭൂമിയുടെ ആദ്യ സാന്നിധ്യം 2002-ലെ കൊറിയ - ജപ്പാന്‍ ലോകകപ്പിലായിരുന്നു. മാതൃഭൂമി റിപ്പോര്‍ട്ടര്‍ ഒ.ആര്‍. രാമചന്ദ്രന്റെ റിപ്പോര്‍ട്ടുകള്‍ കേരളത്തില്‍ ഫുട്ബോളിന്റെ അഭിരുചികളെ മാറ്റിമറിച്ചു. അത് മുതലുള്ള എല്ലാ ലോകകപ്പുകളും മാതൃഭൂമി നേരിട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യക്ക് കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും ലോകകപ്പ് മത്സരങ്ങള്‍ നേരിട്ടുകാണാന്‍ പോകുന്ന മലയാളികള്‍ ഒട്ടേറെ. അക്കൂട്ടത്തിലൊരാളാണ് ജോര്‍ജ് തോമസ്. കൊച്ചിയില്‍ ബിസിനസ്സുകാരനായ അങ്കമാലി കുറുമശ്ശേരിക്കാരന്‍. ജോര്‍ജിന്റെയും ആദ്യ ലോകകപ്പ് 2002-ലായിരുന്നു. തുടര്‍ച്ചയായി അഞ്ചാം ലോകകപ്പിനാണ് ജോര്‍ജ് റഷ്യയിലെത്തിയിരിക്കുന്നത്. 2002ല്‍ ദക്ഷിണകൊറിയ, ഇറ്റലിയെ അട്ടിമറിച്ച മത്സരമാണ് ആദ്യം കണ്ടത്.

ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള നടവരമ്പ് കല്ലുംകുന്ന് എന്ന ഗ്രാമത്തില്‍നിന്ന് ഇതാ രണ്ട് സഹോദരങ്ങള്‍ - ചിത്രകുമാറും ശ്രീകുമാറും. 1986-ല്‍ ഡീഗോ മാറഡോണ ജയിച്ച ലോകകപ്പാണ് അവരെയും ഫുട്ബോളിന്റെ വഴികളിലേക്കെത്തിച്ചത്. കല്ലുപറമ്പില്‍ ശ്രീധരേട്ടന്റെ വീട്ടിലാണ് അന്നവര്‍ കളി കണ്ടത്. വീട്ടുകാരെ രാത്രിയില്‍ വിളിച്ചുണര്‍ത്തിയുള്ള സാഹസം. ശ്രീധരേട്ടന് നന്ദി. അന്നുമുതല്‍ ഫുട്ബോളിലെ സകലസംഭവങ്ങളും ഈ സഹോദരങ്ങള്‍ കാണുന്നു. ഇപ്പോള്‍ ആദ്യമായി അവര്‍ ലോകവേദിയിലെത്തിയിരിക്കുന്നു.

പാലക്കാടന്‍ 'മട്ട ഫാന്‍സ്'

ലോകകപ്പ് കാണാന്‍ പാലക്കാട്ട് നിന്നുള്ള ഒരു സംഘം. പാലക്കാട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ മുന്‍ സെക്രട്ടറിയും കേരള ഫുട്ബോള്‍ അസോസിയേഷന്‍ ജോയന്റ് സെക്രട്ടറിയുമായ എ. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പോര്‍ച്ചുഗല്‍-മൊറോക്കോ മത്സരം കാണാനുണ്ടായിരുന്നു. മകന്‍ ധീരജ് (സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍, ബെംഗളൂരു), പാലക്കാട് മണപ്പുളിക്കാവിലെ ഹരിശങ്കര്‍, മകന്‍ അര്‍ജുന്‍, ബിജോയ് ശങ്കര്‍ (സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍, ബെംഗളൂരു), കെ.വി. സുനി, ആന്റണി തോമസ് എന്നിവരാണ് സംഘത്തിലുള്ളത്. ജൂണ്‍ 30 വരെ സംഘം റഷ്യയിലുണ്ടാവും. അവരാണ് ലോകവേദിയില്‍ ഇന്ത്യന്‍ ദേശീയ പതാക പാറിച്ചത്.

ഒരു നാലംഗസംഘം ദിവസങ്ങളായി റഷ്യയിലുണ്ട്. അനുരാജ് (തൊടുപുഴ), ദീപു പൗലോസ് (ആലുവാ), ആഷു എസ്. കുമാര്‍ (നെട്ടൂര്‍), മഹമൂദ് മൊയ്ദു (കാസര്‍കോട്) എന്നിവര്‍. 29 വരെ ഇവിടെയുണ്ടാകും. അനുരാജ്, ആഷു, ദീപു എന്നിവര്‍ ബാങ്കുദ്യോഗസ്ഥരാണ്. മൊയ്ദു സ്റ്റാര്‍ട്ടപ്പ് കമ്പനി നടത്തുന്നു.

ഈ ദിവസങ്ങള്‍ക്കിടെ ലോക ഫുട്ബോള്‍ വേദിയില്‍ എത്രയെത്ര മലയാളികളെ കണ്ടുമുട്ടി? ജര്‍മനി -മെക്‌സിക്കോ മത്സരവേദിയിലാണ് കോട്ടയംകാരനായ രഞ്ജിത്തിനെ കണ്ടത്. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഫെയ്സ്ബുക്കില്‍ ജോലി ചെയ്യുകയാണ് രഞ്ജിത്ത്. ഒപ്പം ചെന്നൈയില്‍ ജോലിചെയ്യുന്ന ബന്ധുവായ മഞ്ജുനാഥുമുണ്ട്. ഫൈനല്‍ വരെ അവര്‍ റഷ്യയിലുണ്ടാവും.