ലോകകപ്പിന് ഒരു ത്രിമൂര്‍ത്തിസങ്കല്പമുണ്ടായിരുന്നു - മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍. ആദ്യ രണ്ടുപേരും വോള്‍ഗയില്‍ അസ്തമിച്ചു. നെയ്മറിതാ തുടരുന്നു. ബ്രസീലും ആ മനുഷ്യനും ഈ ലോകകപ്പിനെ സജീവമായി നിലനിര്‍ത്തുന്നു. അവര്‍കൂടി ഇല്ലായിരുന്നെങ്കില്‍ റഷ്യ കൂടുതല്‍ ദരിദ്രമാകുമായിരുന്നു. ഈ ലോകകപ്പിന്റെ ഭാഗധേയങ്ങള്‍ക്കനുസരിച്ചാണെങ്കില്‍ അവര്‍ രാവിലെ റിയോ ഡി ജനൈറോയിലേയ്ക്ക് വിമാനം കയറിയേനേ. പക്ഷേ, കാലം പലതും കാത്തുവെച്ചിരിക്കുന്നു.

മെക്‌സിക്കന്‍ വലകളില്‍ നെയ്മര്‍ ഒന്നു തൊടുത്തു, മറ്റൊന്നിന് വീഥിയൊരുക്കി. പ്രീക്വാര്‍ട്ടര്‍ മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. തീക്ഷ്ണമായ മത്സരങ്ങള്‍ ബാക്കി. അതിനിടയില്‍ എന്തൊക്കെ സംഭവിക്കുമെന്ന് നമുക്കറിഞ്ഞുകൂടാ. പക്ഷേ, ഈ നിമിഷത്തില്‍ റഷ്യയും ലോകവും നെയ്മറെയും ബ്രസീലിനെയും ഉറ്റുനോക്കുന്നു.

ഇനിയുള്ള പോരാട്ടം ബ്രസീലും ഉയിര്‍ത്തെഴുന്നേറ്റ ലോകഫുട്ബോളിലെ രണ്ടാം നിരയുമായാണ്. അതെവിടെച്ചെന്ന് അവസാനിക്കുമെന്ന് അറിയില്ല. എവിടെയായാലും നെയ്മര്‍ക്ക് ലോകകിരീടത്തിലെത്താനുള്ള കഴിവുണ്ടെന്ന് ലോകം വിശ്വസിക്കുന്നു. ബാഴ്സലോണയെ ചാമ്പ്യന്‍സ് ലീഗില്‍, ചാരത്തില്‍നിന്ന് ആ മനുഷ്യന്‍ ഉയര്‍ത്തിയിട്ടുണ്ട്. വീണഭിനയിക്കുന്നു എന്ന് ഇപ്പോള്‍ ചീത്തപ്പേര്. ട്രോളുകളും പരിഹാസങ്ങളും നമ്മുടെ നാടിനെ കൊണ്ടുചെന്നെത്തിച്ച വിധി. രാഷ്ട്രീയനേതാക്കള്‍ക്കായാലും കായികതാരങ്ങള്‍ക്കായാലും പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായാലും ഒരു രക്ഷയുമില്ലാത്ത നാട്. 1986-ലും 1990-ലും ഡീഗോ മാറഡോണയെ ഇങ്ങനെ എത്രയോ വീഴ്ത്തിയിരിക്കുന്നു. ആ മനുഷ്യന്‍ വേദനകൊണ്ടു പുളയുന്നത് ടി.വി.യില്‍ കണ്ടിട്ടുണ്ട്. അന്നൊന്നും ഈ ക്രൂരപരിഹാസങ്ങളില്ലായിരുന്നു.

ഈ ലോകകപ്പ് ഒരു കാര്യം അടിവരയിട്ട് പറയുന്നു - ലോകഫുട്ബോളിന്റെ അഭിരുചികള്‍ തിരുത്തപ്പെടുകയാണ്. റഷ്യയില്‍ വീണ്ടും സോഷ്യലിസം വന്നിരിക്കുന്നു. അവശേഷിക്കുന്നവരില്‍ ആരും വിജയിക്കാം. ആരാധകര്‍ അതെത്രമാത്രം ഉള്‍ക്കൊള്ളുമെന്ന് അറിയില്ല. അര്‍ജന്റീനയുടെയും ക്രൊയേഷ്യയുടെയും ഫുട്ബോള്‍ നിലവാരങ്ങള്‍ ഒന്നളന്നാല്‍മതി. അറിയപ്പെടുന്ന ശക്തികള്‍ പാരമ്പര്യങ്ങളില്‍ ഭ്രമിക്കുമ്പോള്‍, കളിയുടെ കാണാക്കയങ്ങളില്‍നിന്ന് മുങ്ങാംകുഴിയിട്ട് കയറിവരുന്നവര്‍. അവരാണ് ഇനി ഫുട്ബോള്‍ ലോകം ഭരിക്കാന്‍പോകുന്നത്.

ഒരുവേള കീഴ്വഴക്കങ്ങള്‍ തിരുത്താനുള്ള സമയമായെന്ന് റഷ്യ ലോകകപ്പ് ഓര്‍മിപ്പിക്കുകയാവാം. പ്രസ്ഥാനങ്ങളും രാഷ്ട്രീയങ്ങളും വ്യക്തികളും വിനോദങ്ങളും ആരാധനകളുമൊക്കെ ഓരോ കാലഘട്ടത്തിലും മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ജീവിച്ചിരുന്നത് ബി.സി. മൂന്നൂറുകളിലാണ്. ലോകത്തെ ഏറ്റവും വലിയ പോരാളി എന്ന വിശേഷണം, നമുക്കറിയാത്ത കാലത്ത് ജീവിച്ചിരുന്ന ആ മനുഷ്യനാണ്. അലക്‌സാണ്ടറിനുശേഷം എത്രയോ ഭരണാധികാരികളും ഇസങ്ങളുമൊക്കെ വന്നുപോയി. ലോകകപ്പിന് വേദിയായ റഷ്യതന്നെ ഇക്കാലത്തിനിടെ എത്രയോ പരീക്ഷണങ്ങള്‍ കണ്ടു.

മാറ്റത്തിന്റെ കാലമാണിത്. വ്യക്തികള്‍ക്ക് വേണ്ടിയല്ല, ലോകകപ്പ് ഫുട്ബോള്‍ എന്ന മനുഷ്യമഹോത്സവത്തിനായി ബാനറുകള്‍ അണിനിരത്തുക. തത്കാലം നമ്മളോടൊപ്പം ബ്രസീലും നെയ്മറുമുണ്ട്. അതുകൂടി ഇല്ലാതായാലും ഫുട്ബോള്‍ ജയിക്കണ്ടേ....