സാനില്‍ വീണ ഒരു തുള്ളി കണ്ണുനീരിന് ലയണല്‍ മെസ്സി എന്ന് പേര്. മെസ്സിക്ക് കാലം പൂര്‍ണതനല്‍കിയില്ല. സോച്ചിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെയും കാലം കടലില്‍ താഴ്ത്തി. വോള്‍ഗാനദിയിലെ ഓളങ്ങള്‍പോലും അശാന്തമായിരിക്കുന്നു. ഇനി മെസ്സിയും ക്രിസ്റ്റ്യാനോയും ഇല്ലാത്ത ലോകകപ്പ്.

അര്‍ജന്റീനയിലെ റൊസാരിയോയില്‍ രണ്ടു വിസ്മയങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ചെ ഗുവേരയും ലയണല്‍ മെസ്സിയും ആ മണ്ണില്‍ പിറന്നു. അവരെ ലോകം നെഞ്ചോടുചേര്‍ത്തു. ചെ ഗുവേര പില്‍ക്കാലത്ത് നിഷ്ഠുരമായി വധിക്കപ്പെട്ടു. ഡീഗോ മാറഡോണയുടെ കൈകളില്‍, തൊപ്പിവെച്ച ആ ചെറുപ്പക്കാരന്റെ മുഖം ആലേഖനം ചെയ്തിട്ടുണ്ട്. മെസ്സിക്കും ചെ ഗുവേരയുടെ വിധിതന്നെ. ആത്യന്തികഭൗതികനിമിഷങ്ങളുടെ അവസാന ചവിട്ടുപടികളില്‍ രണ്ടുപേരും ഇടറിവീണു. റൊസാരിയോ... കരയരുതെന്ന് എങ്ങനെ പറയും. പൊട്ടിപ്പൊട്ടിക്കരയുക, ലോകം കണ്ണീരില്‍ പിടയുകയാണെങ്കില്‍, റൊസാരിയോയുടെ സങ്കടപ്പെരുമഴയ്ക്ക് ആഴങ്ങളില്ല.

ലോകജനത ഒന്നടങ്കം ഒരു പൂമാലയുമായി കാത്തിരിക്കുകയായിരുന്നു, മെസ്സിയെ അണിയിക്കാന്‍. 1986-ല്‍ ഡീഗോ മാറഡോണ അര്‍ജന്റീനയ്ക്കുവേണ്ടി ലോകകപ്പ് നേടുമ്പോള്‍ മെസ്സി ജനിച്ചിട്ടില്ല. ഇന്ന്, മാറഡോണ അര്‍ജന്റീനയുടെ കളികള്‍ കാണാന്‍ റഷ്യയിലുണ്ട്.

പൊരിവെയിലില്‍ തിളയ്ക്കുകയായിരുന്നു അര്‍ജന്റീന. എരിതീയില്‍നിന്ന് വറചട്ടിയിലേക്കാണ് വന്നുവീണത്. അവിടെനിന്ന്, പൊരിഞ്ഞ പ്രാണനെ രക്ഷപ്പെടുത്താനുള്ള കുതിപ്പില്‍ അവരെ അഗ്‌നി വിഴുങ്ങി.

അഗ്‌നിപരീക്ഷകള്‍ അതിന്റെ എല്ലാവിധ കാഠിന്യങ്ങളോടെയും മുന്നിലുണ്ടായിരുന്നു. ഇത്രയും അനുഭവിച്ച ടീമുകളില്ല. അത് യോഗ്യതാറൗണ്ട് മുതല്‍ തുടങ്ങിയതാണ്. റഷ്യന്‍ യോഗ്യതയ്ക്കുള്ള അവസാനദിനത്തിലായിരുന്നു മെസ്സിയുടെ ഹാട്രിക്കും മോഹനമായ ആ വരവും. റഷ്യയില്‍, ആദ്യറൗണ്ടിന്റെ അവസാനനിമിഷങ്ങളിലാണ്, പ്രീക്വാര്‍ട്ടര്‍ പ്രവേശം. അവിടെയും അന്ത്യശ്വാസംവരെ പൊരുതി. പക്ഷേ...

ചങ്കല്ല, ചങ്കിടിപ്പാണ് മെസ്സി എന്ന് നാട്ടില്‍നിന്ന് കിട്ടിയ ഒരു പോസ്റ്റര്‍. അതെ, അവര്‍ അത്രയും ചങ്കിടിപ്പിച്ചു. ഈ കപ്പില്‍ ലോകത്തിന് ഒരു ഹൃദയതാളമുണ്ടെങ്കില്‍ അത് അര്‍ജന്റീനയ്‌ക്കൊപ്പമായിരുന്നു. ഡീഗോ മാറഡോണയുടെ പിന്‍മുറക്കാരായ കളിക്കാരും ലോകത്തെ ആരാധനയുടെ തറവാടാക്കിയ അവരുടെ ആരാധകരും നെഞ്ചിടിപ്പോടെ കാത്തിരുന്നു.

പ്രീക്വാര്‍ട്ടറിന്റെ ആദ്യദിനത്തില്‍ ലണ്ടനില്‍നിന്നൊരു പ്രവചനം കേട്ടു. മത്സരഫലം ഇങ്ങനെയായിരിക്കും - അര്‍ജന്റീന-1 ഫ്രാന്‍സ് - 2
യുറഗ്വായ് - 2 പോര്‍ച്ചുഗല്‍ - 1

ഹൃദയം പൊടിഞ്ഞു. പക്ഷേ, വിശ്വസിച്ചില്ല - എല്ലാ പ്രവചനങ്ങളെയും അര്‍ജന്റീന അതിജീവിക്കുമെന്ന് മനസ്സ് പറഞ്ഞു.

ഇനിയില്ല, മെസ്സിയും ക്രിസ്റ്റ്യാനോയും. ലോകത്തിന് അതുള്‍ക്കൊള്ളുക പ്രയാസമാണ്. മെസ്സിക്കുമുന്നില്‍ കാലം പരവതാനിവിരിച്ചുകിടക്കുകയാണെന്ന് ആശ്വസിക്കുന്നു. 1987 ജൂണ്‍ 24-ന് ജനിച്ച മെസ്സിക്ക് 31 വയസ്സ്. 1985 ഫെബ്രുവരി അഞ്ചിന് ജനിച്ച ക്രിസ്റ്റ്യാനോക്ക് 33.

അയ്യപ്പപ്പണിക്കര്‍ എഴുതിയതുപോലെ

കാലമതീവ വിശാലം കാമിനി
കളയുക കരയും ശീലം നാമിനി...

കൂടുതലൊന്നും എഴുതാനാകുന്നില്ല, മനസ്സ് പിടയുകയാണ്. ഖത്തര്‍ ലോകകപ്പിലേക്ക് ലോകം ഇവിടെ തിരിയുന്നു.