'ലോകത്തെ മികച്ച താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ലയണല്‍ മെസ്സിയോ? ലോകത്തെ കേമന്‍ ക്രിസ്റ്റ്യാനോയാണ്. മെസ്സി വേറെയേതോ ഒരു ഗ്രഹത്തില്‍നിന്നുള്ളയാളാണ്.'-തുര്‍ക്കി ഫുട്ബോള്‍ താരം ആര്‍ദ തുറാന്‍

ലോകകിരീടമാണ് ഒരു കളിക്കാരന്റെ കരിയര്‍ പൂര്‍ണമാക്കുന്നത്. പെലെയും മാറഡോണയും സിനെദിന്‍ സിദാനും ആ ബഹുമതികളാല്‍ ലോകത്തെ പ്രകാശിപ്പിച്ചു. 1986-ല്‍ ഏതാണ്ട് ഒറ്റയ്ക്കാണ് മാറഡോണ അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചത്. 

റഷ്യ ലോകകപ്പിന്റെ ശ്രദ്ധാകേന്ദ്രം ലയണല്‍ മെസ്സിയാണ്. മെസ്സിക്ക് ഇനിയൊരു ലോകകപ്പ് കളിക്കാനായേക്കില്ല. അവസാന അവസരം. ഇതുംകൂടി നഷ്ടമായാല്‍ കരിയര്‍ അപൂര്‍ണമായി അവസാനിക്കും. ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ പ്രതിഭയെന്ന് ഭൂരിഭാഗം ആരാധകരും കരുതുന്ന മെസ്സിയെ സംബന്ധിച്ച് റഷ്യന്‍ ലോകകപ്പ് ഒരു ജീവന്‍മരണ പോരാട്ടമാണ്.

ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഫുട്ബോള്‍ ടീം ബ്രസീലോ അര്‍ജന്റീനയോ? തര്‍ക്കമുണ്ടാവാം. പക്ഷേ, ഇങ്ങ് കേരളത്തിലുള്‍പ്പെടെ അര്‍ജന്റീനയെ ഭ്രാന്തമായി സ്നേഹിക്കുന്ന കോടിക്കണക്കിന് ആരാധകര്‍ ലോകമെമ്പാടുമുണ്ട്. ഡീഗോ മാറഡോണയുടെ ലോകകപ്പ് വിജയത്തിനുശേഷമാണ് ഈ ആരാധന തീവ്രമായത്. മെസ്സിയെന്ന താരത്തെ ഇപ്പോള്‍, അര്‍ജന്റീനയെ ലോകം ഉറ്റുനോക്കുന്നു.

1930-ലെ ആദ്യ ലോകകപ്പിന്റെ ഫൈനല്‍ കളിച്ച ടീമാണ് അര്‍ജന്റീന. പക്ഷേ, യുറഗ്വായോട് തോറ്റുപോയി. അഞ്ചുവട്ടം അവര്‍ ഫൈനലിലെത്തി. 1978-ല്‍ സ്വന്തം നാട്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ ആദ്യമായി ചാമ്പ്യന്‍മാരായി. പിന്നെ, 86-ല്‍ മാറഡോണയുടെ അശ്വമേധം. അടുത്ത ലോകകപ്പിലും അര്‍ജന്റീന ഫൈനലിലെത്തി. വിവാദമായ ഒരു പെനാല്‍റ്റി ഗോളില്‍ പശ്ചിമജര്‍മനിയോട് തോറ്റു. കഴിഞ്ഞ ലോകകപ്പില്‍ മെസ്സി നയിച്ച അര്‍ജന്റീന കിരീടത്തിന് അരികിലെത്തിയതാണ്. എന്നാല്‍, ഫൈനലില്‍ ജര്‍മനിയോട് എക്സ്ട്രാ ടൈമിലെ ഒറ്റഗോളിന് പരാജയം. 

കോപ്പ അമേരിക്കയില്‍ 14 കിരീടങ്ങളാണ് അര്‍ജന്റീന സ്വന്തമാക്കിയത്. 92-ല്‍ ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പും ജയിച്ചു. ആതന്‍സിലും ബെയ്ജിങ്ങിലും ഒളിമ്പിക് സ്വര്‍ണവും സ്വന്തമാക്കി. മെസ്സിക്ക് യോഗമില്ലാ എന്ന് ലോകം പലവട്ടം ചിന്തിച്ചിട്ടുണ്ട്. ലോകകപ്പിലും കോപ്പ അമേരിക്കയിലും ശതാബ്ദി കോപ്പ ടൂര്‍ണമെന്റിലും ഫൈനലിലാണ് ടീം തോറ്റത്. കോപ്പ ഫൈനലില്‍ ഷൂട്ടൗട്ടില്‍ പെനാല്‍റ്റി പുറത്തേക്കടിച്ചുകളഞ്ഞ് കളി മതിയാക്കാന്‍ തീരുമാനിച്ച മെസ്സിയെ അര്‍ജന്റീന അനുനയിപ്പിച്ച് വീണ്ടും ടീമിനൊപ്പം ചേര്‍ക്കുകയായിരുന്നു. 

ഇത്തവണ ലോകകപ്പിന് യോഗ്യതനേടുന്നത് അഗ്‌നിപരീക്ഷകളെ അതിജീവിച്ചാണ്. ലാറ്റിനമേരിക്കന്‍ യോഗ്യതാറൗണ്ടിലെ അവസാനമത്സരത്തില്‍ ഇക്വഡോറിനെ നേരിടുമ്പോള്‍, ജയിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന മാര്‍ഗം മാത്രമായിരുന്നു അര്‍ജന്റീനയ്ക്കുമുന്നില്‍. 38-ാം സെക്കന്‍ഡില്‍ ഇക്വഡോര്‍ ഗോളടിച്ചതോടെ അര്‍ജന്റീനയും ലോകവും ഞെട്ടി. പക്ഷേ, മെസ്സി എന്ന മാസ്മരികപ്രതിഭ തന്റെ പ്രാണനടക്കിപ്പിടിച്ച് കുതിച്ചു. അടുത്ത 20 മിനിറ്റില്‍ സൂപ്പര്‍താരത്തിന്റെ രണ്ടു ഗോളുകള്‍. അര്‍ജന്റീന മുന്നില്‍. അതു മതിയായിരുന്നു. എന്നാല്‍, 44-ാം മിനിറ്റില്‍ മൂന്നാം ഗോളും ഹാട്രിക്കും നേടി മെസ്സി അര്‍ജന്റീനയുടെ മേല്‍ക്കോയ്മ അരക്കിട്ടുറപ്പിച്ചു. ലോകം ആ പ്രതിഭയെ നമിച്ചു. ഒരു ലോകകിരീടം അര്‍ജന്റീനയ്ക്കല്ല, മെസ്സിക്ക് നല്‍കണേ എന്ന് ലോകം പ്രാര്‍ഥിക്കുന്നു.

ഒരു വര്‍ഷം മുന്‍പേ നടന്ന സൗഹൃദമത്സരത്തില്‍ അര്‍ജന്റീന ബ്രസീലിനെ തോല്‍പ്പിച്ചിരുന്നു. ഏതു ടീമിനെയും തോല്‍പ്പിക്കാന്‍ കരുത്തുള്ള ടീമാണ് അര്‍ജന്റീന. ശൂന്യതയില്‍നിന്ന് ഗോളുകള്‍ സൃഷ്ടിക്കുന്ന മെസ്സി എന്ന മാന്ത്രികന്‍ ടീമിലുണ്ടെങ്കില്‍ അവര്‍ക്ക് എന്തും സാധ്യമാകും. ഈ ലോകകപ്പ് മെസ്സിയോട് നീതിപുലര്‍ത്തുമോ എന്നതാണ് വലിയ ചോദ്യം. 

Content Highlights: Lionel Messi and Argentina World Cup Dreams