ക്രൊയേഷ്യയുടെ വിജയംകണ്ട് നമ്മുടെ ഐ.എം. വിജയൻ മോസ്‌കോ ലുഷ്‌നിക്കി സ്റ്റേഡിയത്തിൽ മതിമറന്നിരുന്നു. ‘‘ദ്‌തെന്താ കളി, മ്മള്

കണ്ടിട്ടില്ലല്ലോ’’ എന്ന് വിജയൻ.

-വിജയൻ തന്നെ പറയട്ടെ

‘‘ക്രൊയേഷ്യ എല്ലാ മാച്ചും നന്നായി കളിച്ചു. ഒന്നും മോശമാക്കിയില്ല. ബ്രസീലും അർജന്റീനയും ജർമനിയുമെല്ലാം നന്നായി കളിക്കും. പലതിലും ജയിക്കും, ചില മത്സരങ്ങളിൽ തോൽക്കും. ഇതങ്ങനെയല്ല. ക്രൊയേഷ്യ ഒരേ ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്നു. അവർ കഴിഞ്ഞ മൂന്നു കളികളിലും എക്‌സ്ട്രാ ടൈമിനെ അതിജീവിച്ചവരാണ്. എന്തൊരു മനക്കരുത്ത്. ലൂക്കാ മോഡ്രിച്ച് എന്ന മനുഷ്യൻ എന്തു രസത്തിലാണ് കളി നിയന്ത്രിക്കുന്നത്. കോച്ച് സ്ലാറ്റ്‌ക്കോ ഡാലിച്ച് ഗംഭീരകക്ഷിയാണ്.

അയാൾക്കറിയാം വേണ്ടതെന്താണെന്ന്. അയാളത് സമയത്ത് ചെയ്യും. കോച്ചിന്റെ പവർ ആ മനുഷ്യൻ കാണിച്ചു. ഇംഗ്ലണ്ടിന് അഹങ്കാരമായിരുന്നു. ആരെയും ജയിക്കാമെന്ന പൂതി. അതുപക്ഷേ, ക്രൊയേഷ്യയുടെ അടുത്ത് നടന്നില്ല. മര്യാദയ്ക്ക് കളിച്ചാൽ ഇംഗ്ലണ്ടിന് ജയിക്കാമായിരുന്നു.

എനിക്കിഷ്ടം ബ്രസീൽ ലോകകപ്പായിരുന്നു. അവിടെ തകർത്തുവാരിയില്ലേ. എങ്കിലും റഷ്യ ലോകകപ്പ് അടിപൊളിയാണ്. എല്ലാ മത്സരങ്ങളും സൂപ്പർ. കാണാതിരിക്കാനാവില്ല. എപ്പോൾ, എന്തൊക്കെ സംഭവിക്കുമെന്ന് പറയാനൊക്കില്ല. നമ്മൾ വിചാരിക്കുന്നതുപോലെയല്ല കാര്യങ്ങൾ. ആരും ഏതുനിമിഷവും വീഴാം. ക്രൊയേഷ്യ ഈ കപ്പ് ജയിക്കണമെന്നാണ് എന്റെ ആഗ്രഹം. അവരത് അർഹിക്കുന്നു. ലോകഫുട്‌ബോൾ മാറട്ടെ’’

വിജയൻ മോസ്‌കോയിലെ ഫൈനലും കാണുന്നുണ്ട്. വിജയൻ ഉൾപ്പെട്ട മലയാളി സംഘത്തിന്റെ ആതിഥേയൻ തൃശ്ശൂർ സ്വദേശിയായ ജേക്കബ് പുന്നൂസാണ്. വെയ്റ്റ് ലിഫ്റ്റിങ്ങിൽ മുൻ സംസ്ഥാന ചാമ്പ്യൻ. യൂണിവേഴ്‌സിറ്റി ചാമ്പ്യൻ കൂടിയായ ജേക്കബിന്റെ പേരിലായിരുന്നു ഒരിക്കൽ സംസ്ഥാന റെക്കോഡ്. ദേശീയ ഫോറസ്റ്റ് മീറ്റിൽ വെള്ളിയും നേടിയിട്ടുണ്ട്. ഇപ്പോൾ ഫിസിക്കൽ ട്രെയിനറായി മോസ്‌കോയിൽ ജോലിചെയ്യുന്നു.