ഫുട്‌ബോള്‍ ലളിതമായൊരു കളിയാണ്, 22 കളിക്കാര്‍ 90 മിനിറ്റും ഒരു പന്തിനു പിന്നാലെ പായുന്നു. ഒടുവില്‍ ജര്‍മനി ജയിക്കുന്നു - ഗാരി ലിനേക്കര്‍ 

ലോകഫുട്ബോളിലെ പവര്‍ഹൗസാണ് ജര്‍മനി. ഏതു ടൂര്‍ണമെന്റ് വന്നാലും അവര്‍ ഫേവറിറ്റുകള്‍. നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനി റഷ്യയില്‍ കിരീടം നിലനിര്‍ത്തിയാലും ആരും അതിശയിക്കില്ല. അത്രയും ഊര്‍ജം പ്രവഹിക്കുന്ന ടീം. പശ്ചിമജര്‍മനിയായിരുന്നപ്പോഴും പിന്നീട് ഏകീകൃത ജര്‍മനിയായപ്പോഴും അവര്‍ കരുത്തര്‍തന്നെ. 20 ലോകകപ്പുകളില്‍ ജര്‍മനി എട്ടു ഫൈനല്‍ കളിക്കുകയും നാലു കിരീടങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. യൂറോപ്യന്‍ ഫുട്ബോളിന്റെ മാരകമായ പ്രഹരശേഷിയുള്ള ജര്‍മനി എക്കാലവും എതിരാളികളുടെ പേടിസ്വപ്നംതന്നെ.

1954-ല്‍ ഹംഗറിയുടെ മാന്ത്രികമഗ്യാറുകളെ ഫൈനലില്‍ തോല്‍പ്പിച്ചാണ് പശ്ചിമജര്‍മനി ആദ്യ ലോകകപ്പ് സ്വന്തമാക്കുന്നത്. 32 മത്സരങ്ങള്‍ തുടര്‍ച്ചയായി തോല്‍വിയറിയാതെ കളിച്ചുവന്ന ഹംഗറിയെ 3-2ന് തോല്‍പ്പിച്ചത് 'ബേണിലെ അദ്ഭുതം' എന്നപേരില്‍ പില്‍ക്കാലത്ത് അറിയപ്പെട്ടു.

1966-ല്‍ ജര്‍മനി വീണ്ടും ഫൈനലില്‍. വെംബ്ലിയില്‍ ഇംഗ്ലണ്ടിനെ നേരിടുന്നു. എക്സ്ട്രാ ടൈമില്‍ ജെഫ് ഹേഴ്സ്റ്റിന്റെ വിവാദഗോളില്‍ ഇംഗ്ലണ്ട് മുന്നിലെത്തി. പന്ത് ഗോള്‍വര കടന്നിരുന്നില്ല. ഹേഴ്സ്റ്റ് ഒരു ഗോള്‍കൂടി നേടിയതോടെ ഇംഗ്ലണ്ട് 4-2ന് ലോകകിരീടം നേടി. അടുത്ത ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ച് പകരംവീട്ടിയെങ്കിലും സെമിയില്‍ ഇറ്റലിയോട് 4-3ന് തോറ്റു. നൂറ്റാണ്ടിലെ മത്സരം എന്നാണ് ആ സെമി അറിയപ്പെട്ടത്. എക്സ്ട്രാ ടൈമില്‍ അഞ്ചു ഗോളുകളാണ് പിറന്നത്. യുറഗ്വായെ തോല്‍പ്പിച്ച് പശ്ചിമജര്‍മനി മൂന്നാംസ്ഥാനം നേടി. 10 ഗോളുമായി ഗെര്‍ഡ് മുള്ളര്‍ ടൂര്‍ണമെന്റിന്റെ ടോപ്പ് സ്‌കോററാവുകയും ചെയ്തു.

1974-ല്‍ ഫ്രാന്‍സ് ബെക്കന്‍ബോവര്‍ നയിച്ച ടീം പശ്ചിമജര്‍മനിക്ക് രണ്ടാം കിരീടം നേടിക്കൊടുത്തു. മ്യൂണിക്കില്‍ നടന്ന ഫൈനലില്‍ യൊഹാന്‍ ക്രൈഫിന്റെ ഹോളണ്ടിനെ 2-1ന് തോല്‍പ്പിച്ചു. മുള്ളറുടെതായിരുന്നു വിജയഗോള്‍. ആ ടൂര്‍ണമെന്റ് രാഷ്ട്രീയപ്രാധാന്യമുള്ള മറ്റൊരു മത്സരത്തിന് സാക്ഷ്യംവഹിച്ചു. പശ്ചിമജര്‍മനിയെ ആദ്യറൗണ്ട് മത്സരത്തില്‍ പൂര്‍വജര്‍മനി നേരിട്ടു. പൂര്‍വ ജര്‍മനിക്കായിരുന്നു ജയം (1-0).

1984ലെ യൂറോകപ്പില്‍ ജര്‍മനി ആദ്യറൗണ്ടില്‍ പുറത്തായതോടെ, ബെക്കന്‍ബോവര്‍ പുതിയ പരിശീലകനായി ചുമതലയേറ്റു. 86-ല്‍ ഫൈനലിലെത്തിയെങ്കിലും ഡീഗോ മാറഡോണയ്ക്ക് അവകാശപ്പെട്ടതായിരുന്നു ആ ലോകകപ്പ്. 90-ല്‍ അതേ അര്‍ജന്റീനയെ ഒരു പെനാല്‍റ്റി ഗോളില്‍ കഷ്ടിച്ച് വീഴ്ത്തി ജര്‍മനിക്ക് മൂന്നാം കിരീടം. ക്യാപ്റ്റനായും കോച്ചായും ലോകകപ്പ് നേടുന്ന ആദ്യവ്യക്തിയായി ബെക്കന്‍ബോവര്‍.

പില്‍ക്കാലത്ത് ബെര്‍ലിന്‍ മതില്‍ പൊളിച്ചുമാറ്റുകയും ജര്‍മനി ഒന്നാവുകയും ചെയ്തു. ടീമുകള്‍ ഇണങ്ങിവരാന്‍ സമയമെടുത്തു. 92-ല്‍ യൂറോകപ്പിന്റെ ഫൈനലില്‍ എത്തിയെങ്കിലും തോറ്റു. ഏകീകൃത ജര്‍മനിയുടെ ആദ്യ സുപ്രധാന കിരീടം 1996-ലെ യൂറോ കപ്പായിരുന്നു. എന്നാല്‍, 98 ലോകകപ്പില്‍ അവര്‍ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് തോറ്റ് പുറത്തായി.

2002 ലോകകപ്പില്‍ ജര്‍മനി വീണ്ടും ഫൈനലില്‍. ലോകകപ്പില്‍ ആദ്യമായി ജര്‍മനി-ബ്രസീല്‍ ഫൈനല്‍. എന്നാല്‍, റൊണാള്‍ഡോയുടെ ഇരട്ടഗോളുകള്‍ ജര്‍മനിയെ തകര്‍ത്തുകളഞ്ഞു. 2014-ല്‍ സര്‍വപ്രതാപങ്ങളോടെയുമാണ് ജര്‍മനി ജേതാക്കളായത്. സെമിയില്‍ ആതിഥേയരായ ബ്രസീലിനെ 7-1ന് തരിപ്പണമാക്കിയപ്പോള്‍ ലോകം ഞെട്ടി. ബ്രസീല്‍ ഒന്നടങ്കം കരഞ്ഞു. കളി 30 മിനിറ്റ് പിന്നിടുമ്പോള്‍ 5-0ന് ജര്‍മനി മുന്നിലെത്തിയിരുന്നു.

ഫൈനലില്‍ അര്‍ജന്റീനയുടെയും സര്‍വോപരി ലയണല്‍ മെസ്സിയുടെയും മോഹങ്ങള്‍ തല്ലിക്കെടുത്തി ജര്‍മനി എക്സ്ട്രാ ടൈമില്‍ നേടിയ ഒറ്റ ഗോളിന് വിജയിച്ചു. ലാറ്റിനമേരിക്കയ്ക്കുമേല്‍ യൂറോപ്പിന്റെ അധീശത്വം ഉറപ്പിച്ച് ആ ലോകകപ്പ് അവസാനിച്ചു. ഇക്കുറി റഷ്യയില്‍ ജര്‍മനിക്ക് ഏറ്റവും വെല്ലുവിളിയുയര്‍ത്തുക മുറിവേറ്റ ആ രണ്ട് ലാറ്റിനമേരിക്കന്‍ ടീമുകളായിരിക്കും.

ജര്‍മനി

ലോകകപ്പ് -നാലുവട്ടം ചാമ്പ്യന്‍മാര്‍ (1954, 1974, 1990, 2014) , നാലുവട്ടം റണ്ണേഴ്സ് അപ്പ്, മൂന്നുവട്ടം മൂന്നാം സ്ഥാനം
യൂറോകപ്പ്-  മൂന്നു കിരീടങ്ങള്‍ (1972, 1980, 1996), മൂന്നുവട്ടം റണ്ണേഴ്സ് അപ്പ്
കോണ്‍ഫെഡറേഷന്‍സ് കപ്പ്- ചാമ്പ്യന്‍മാര്‍ (2017), മൂന്നാം സ്ഥാനം (2005)

Content Highlights: Germany Football Team and History In World Cup