ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ നിലവാരം എത്രയോ ഉയര്‍ന്നതാണ്. ഇംഗ്ലീഷ് ഫുട്‌ബോളാണ് ലോകത്തെ നയിക്കുന്നത്'-പെലെ

ഫുട്‌ബോളിലെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ച ടീമാണ് ഇംഗ്ലണ്ട്. 1872 നവംബര്‍ 30-ന് സ്‌കോട്ട്‌ലന്‍ഡിനെതിരേയായിരുന്നു ആ ചരിത്രമത്സരം. അത് ഗോള്‍രഹിതമായി അവസാനിച്ചു. ഫുട്‌ബോളിലെ ഏറ്റവും പാരമ്പര്യമുള്ള ടീമുകളിലൊന്നാണ് ഇംഗ്ലണ്ട്. 1966-ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ അവര്‍ ചാമ്പ്യന്‍മാരായി. 56 കൊല്ലം കളിച്ചിട്ടും യൂറോകപ്പില്‍ പക്ഷേ, ഇംഗ്ലണ്ടിനൊരു കിരീടമില്ല. 1968-ലും 1996-ലും സെമിഫൈനലിലെത്തിയതാണ് വലിയ നേട്ടം. 

1966 ലോകകപ്പ്, കാണികളുടെ എണ്ണത്തില്‍ റെക്കോഡായിരുന്നു. 28 വര്‍ഷത്തിനുശേഷം അമേരിക്കയാണത് തിരുത്തിയത്. ഇംഗ്ലീഷ് ആരാധകര്‍ ഭ്രാന്തമായി തിങ്ങിനിറഞ്ഞ ഗാലറികള്‍ക്കു കീഴില്‍ ടീം ആവേശപൂര്‍വം കളിച്ചു. ആദ്യറൗണ്ടില്‍ യുറഗ്വായ്‌ക്കെതിരേ ഗോള്‍രഹിത സമനിലയോടെയായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. അടുത്ത മത്സരങ്ങളില്‍ മെക്‌സിക്കോയെയും ഫ്രാന്‍സിനെയും തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍. അര്‍ജന്റീനയെ ഒറ്റഗോളിന് തോല്‍പ്പിച്ച് സെമിഫൈനലില്‍. അവിടെ പോര്‍ച്ചുഗലിനെതിരേ 2-1ന് ജയം. അങ്ങനെ ഇംഗ്ലണ്ട്-പശ്ചിമജര്‍മനി ഫൈനലിന് കളമൊരുങ്ങി. ഫൈനല്‍ കാണാന്‍ വെംബ്ലി സ്റ്റേഡിയത്തില്‍ നിറഞ്ഞത് 96,924 ആളുകള്‍. 3.2 കോടി ബ്രിട്ടീഷുകാര്‍ ടി.വി.യില്‍ കളികണ്ടു. യു.കെ.യിലെ ടെലിവിഷന്‍ റെക്കോഡ്.

 ജെഫ് ഹേഴ്സ്റ്റിന്റെ ഹാട്രിക് ഇംഗ്ലണ്ടിനെ ആദ്യകിരീടത്തിലേക്ക് നയിച്ചു. ഹേഴ്സ്റ്റിന്റെ നേട്ടം ആവര്‍ത്തിക്കാന്‍ ഇന്നും ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഒരു ഗോളിന് പിന്നില്‍നിന്നശേഷമായിരുന്നു ഹേഴ്സ്റ്റിന്റെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഇംഗ്ലണ്ട് തിരിച്ചുവന്നത്. നിശ്ചിതസമയത്ത് സ്‌കോര്‍ തുല്യമായപ്പോള്‍ (2-2) കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. അധികസമയത്ത് ഹേഴ്സ്റ്റിന്റെ വിവാദഗോളിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തി. ക്ലോസ് റേഞ്ച് ഷോട്ട് ക്രോസ് ബാറിന്റെ അടിയില്‍ തട്ടി തിരിച്ചുവന്നു. എന്നാല്‍, റഫറി വിവാദതീരുമാനത്തിലൂടെ ഇംഗ്ലണ്ടിന് ഗോള്‍ അനുവദിച്ചു. പന്ത് ഗോള്‍ലൈന്‍ കടന്നില്ലെന്നാണ് പിന്നീട് തെളിഞ്ഞത്. ലൈന്‍സ്മാന്‍ സോവിയറ്റ് യൂണിയന്‍കാരനായിരുന്നു. സെമിയില്‍ ജര്‍മനി തോല്‍പ്പിച്ചത് സോവിയറ്റ് യൂണിയനെയാണ്. ലൈന്‍സ്മാന്‍ പക്ഷപാതം കാട്ടിയെന്ന് ജര്‍മനി ആരോപിക്കുന്നു. അധികസമയം തീരാന്‍ നിമിഷങ്ങള്‍ ശേഷിക്കേ, ഹേഴ്സ്റ്റ് അവസാനത്തെ ആണിയുമടിച്ചു. 

1990-ല്‍ നാലാം സ്ഥാനം നേടിയ ഇംഗ്ലണ്ട് അഞ്ചുവട്ടം ക്വാര്‍ട്ടറിലെത്തി. ബ്രസീലില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ആദ്യറൗണ്ടില്‍ത്തന്നെ പുറത്തായി. 1958-നുശേഷം ആദ്യമായി പ്രീക്വാര്‍ട്ടര്‍ കാണാതെ മടക്കം. മൂന്നു മത്സരങ്ങളില്‍നിന്ന് കിട്ടിയത് ഒരേയൊരു പോയന്റ്. ഇറ്റലിയോടും യുറഗ്വായോടും തോറ്റ അവര്‍ കോസ്റ്റാറീക്കയ്‌ക്കെതിരേ ഗോള്‍രഹിത സമനിലയിലായി. ലോകകപ്പില്‍ ഇംഗ്ലീഷുകാരുടെ ഏറ്റവും മോശം പ്രകടനം.

പതിനഞ്ചാം ലോകകപ്പിന് റഷ്യയിലേക്ക് വരുമ്പോള്‍ ഇംഗ്ലണ്ടിന് പ്രതീക്ഷകള്‍ ഏറെയാണ്. സമീപകാലത്ത് ഇംഗ്ലീഷ് ഫുട്‌ബോള്‍ ഏറെ വളര്‍ന്നിരിക്കുന്നു. 2017-ല്‍ ഇംഗ്ലണ്ടിന്റെ യൂത്ത് ടീമുകള്‍ മൂന്ന് കിരീടങ്ങളാണ് സ്വന്തമാക്കിയത്. ഫിഫ അണ്ടര്‍ 20 ലോകകപ്പ്, ഇന്ത്യയില്‍ നടന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ്, യുവേഫ യൂറോപ്യന്‍ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ ഇംഗ്ലണ്ട് ജേതാക്കളായി. അനിയന്‍മാരുടെ മികവ് റഷ്യയില്‍ ചേട്ടന്‍മാരും ആവര്‍ത്തിക്കുമോ എന്നാണ് അറിയേണ്ടത്.

 

Content Highlights: England Football Team and World Cup History