'അറബ് വസന്ത'ത്തില്‍ ഏകാധിപത്യ സര്‍ക്കാരുകള്‍ കടപുഴകിയപ്പോള്‍ ഈജിപ്തിലും കലാപം പൊട്ടിപ്പുറപ്പെട്ടു. ഫുട്ബോള്‍ ആരാധകരായിരുന്നു അന്ന് കയ്റോയില്‍ സര്‍ക്കാരിനെതിരേ പടനയിച്ചവരില്‍ ഭൂരിഭാഗവും. ഹുസ്നി മുബാറക്കിന്റെ ഭരണം തെറിച്ചു. ജനാധിപത്യത്തിലൂടെ മുഹമ്മദ് മുര്‍സി പകരം പ്രസിഡന്റായെങ്കിലും പട്ടാള ഇടപെടലില്‍ അദ്ദേഹവും പുറത്തായി. അശാന്തമായ കാലത്ത് രാജ്യത്ത് ഫുട്ബോളിനും പതനമായി. ലോകകപ്പ് യോഗ്യതയോടെ അവര്‍ വീണ്ടും കുതിക്കുകയാണ്

ഈജിപ്ത് രണ്ടു വട്ടമേ ലോകകപ്പ് ഫൈനല്‍ റൗണ്ട് കളിച്ചിട്ടുള്ളൂ, 1934-ലും 1990-ലും. ഒരു ജയം പോലും നേടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. അതേസമയം, ആഫ്രിക്കയിലെ ഏറ്റവും കരുത്തരായ ടീമുകളിലൊന്നാണ് ഈജിപ്ത്. ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സില്‍ ഏഴ് തവണ അവര്‍ ചാമ്പ്യന്‍മാരായി. മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത നേട്ടം. ഫിഫ ലോകറാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനം വരെയെത്തി. ആദ്യ പത്തില്‍ ഇടംനേടിയ മൂന്ന് ആഫ്രിക്കന്‍ ടീമുകളിലൊന്ന്. 28 വര്‍ഷത്തെ ഇടവേളക്ക് ശേഷം മൂന്നാം ലോകകപ്പിനെത്തുന്ന ഈജിപ്ത് ഏറെയൊന്നും പ്രതീക്ഷിക്കുന്നില്ല. പക്ഷേ, ലോകവേദിയില്‍ ഒരു ജയം -ഫറവോമാരുടെ സ്വപ്നമാണത്.

1934 ലോകകപ്പില്‍ ഈജിപ്ത് ഒറ്റ മത്സരമേ കളിച്ചുള്ളൂ. അതില്‍ ഹംഗറിയോട് 4-2ന് തോറ്റു. 90ല്‍ മഗ്ദി അബ്ദെല്‍ഘാനിയുടെ ഒരു ഗോള്‍ മാത്രമുണ്ട് ഓര്‍മിക്കാന്‍. രണ്ട് തോല്‍വിയും രണ്ട് സമനിലയും - അതാണ് ഇതുവരെയുള്ള ഈജിപ്തിന്റെ ലോകകപ്പ് ഫലം. ആഫ്രിക്കയില്‍ നിന്നുള്ള സെനഗലും കാമറൂണും ഉള്‍പ്പെടെയുള്ള മറ്റു ടീമുകള്‍ ഈജിപ്തിനേക്കാള്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. എന്നിട്ടും, ലോകകപ്പ് കളിച്ച ആദ്യ ആഫ്രിക്കന്‍ ടീമായ ഈജിപ്തിന് ഒരു വിജയം പോലും നേടാനാവാത്തത് എന്തുകൊണ്ട്. ഇത്തവണ, റഷ്യയും ഉറുഗ്വായും സൗദി അറേബ്യയും ഉള്‍പ്പെട്ട ഗ്രൂപ്പിലെത്തിയ ഈജിപ്ത് ആദ്യജയം പ്രതീക്ഷിക്കുന്നു.

ആഫ്രിക്കയ്ക്ക് പുറത്തേക്ക് വിജയരഥം തെളിക്കാന്‍ ഈജിപ്തിന് ആകുന്നില്ല. രണ്ടുവട്ടം കോണ്‍ഫെഡറേഷന്‍സ് കപ്പ് കളിച്ചെങ്കിലും ആദ്യറൗണ്ടില്‍ത്തന്നെ പുറത്തായി. മുഹമ്മദ് സല എന്ന സൂപ്പര്‍താരവും അര്‍ജന്റീനക്കാരനായ ഹെക്ടര്‍ കൂപ്പര്‍ കോച്ചുമാണ് ഒരിക്കല്‍ക്കൂടി ഈജിപ്തിനെ ലോകകപ്പിലെത്തിച്ചത്. യോഗ്യതാറൗണ്ടില്‍ ഈജിപ്ത് നേടിയ ഗോളുകളുടെ 71 ശതമാനവും സല എന്ന ലിവര്‍പൂള്‍ താരത്തിന്റെ ബൂട്ടുകളില്‍ നിന്നായിരുന്നു. യോഗ്യതാറൗണ്ടില്‍ കോംഗോയ്ക്കെതിരായ നിര്‍ണായകമത്സരത്തില്‍ ഇഞ്ചുറി ടൈമിന്റെ നാലാം മിനിട്ടിലായിരുന്നു സലയുടെ വിജയഗോള്‍. ആരാധകര്‍ നൃത്തം ചവിട്ടി. ഈജിപ്ഷ്യന്‍ ആര്‍മിയുടെ ഹെലികോപ്റ്ററുകള്‍ കയ്റോയ്ക്ക് ചുറ്റും പറന്ന് പൂക്കള്‍ വിതറി.

ഈജിപ്ത് 

ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ്- ഏഴ് വട്ടം ചാമ്പ്യന്‍മാര്‍ (1957, 1959, 1986, 1998, 2006, 2008, 2010)
ഓള്‍ ആഫ്രിക്കന്‍ ഗെയിംസ് - രണ്ട് തവണ ചാമ്പ്യന്‍മാര്‍ (1987, 1995)
ആഫ്രോ ഏഷ്യന്‍ കപ്പ് ഓഫ് നേഷന്‍സ് - രണ്ട് വട്ടം റണ്ണേഴ്സ് അപ്പ് (1988, 2007)
പാന്‍ അറബിക് ഗെയിംസ് - നാല് വട്ടം ചാമ്പ്യന്‍മാര്‍ (1953, 1965, 1992, 2007)
അറബ് കപ്പ് ഓഫ് നേഷന്‍സ് - ഒരു തവണ ചാമ്പ്യന്‍മാര്‍ (1992)
പലസ്തീന്‍ കപ്പ് ഓഫ് നേഷന്‍സ് - രണ്ട് വട്ടം ചാമ്പ്യന്‍മാര്‍ (1972, 1975)
മെഡിറ്ററേനിയന്‍ ഗെയിംസ് - 1955ല്‍ ചാമ്പ്യന്‍മാര്‍.

Content Highlights: egypt team for world cup and egypt's expectations