പ്പിനും ചുണ്ടിനുമിടയില്‍ വിജയത്തിന്റെ പാനപാത്രം തട്ടിയുടഞ്ഞപ്പോള്‍ ക്രൊയേഷ്യന്‍ കളിക്കാര്‍ നിലത്തുവീണു കരഞ്ഞു. ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ച് തലയ്ക്ക് കൈകൊടുത്തിരുന്നു പോയെങ്കിലും സമനില വീണ്ടെടുത്ത് ഫ്രഞ്ച് താരങ്ങളെ അഭിനന്ദിക്കാനെത്തി. അവര്‍ മോഡ്രിച്ചിനെ ആശ്വസിപ്പിച്ചു. ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്സ് താരങ്ങളുടെ കൈകളാല്‍ മാനത്തേക്കുയര്‍ന്നു.

ഒരു മാസം റഷ്യയില്‍ വിസ്മയക്കുതിപ്പ് നടത്തിയ ക്രൊയേഷ്യ തകര്‍ന്നു. ചരിത്രത്തിന്റെ തനിയാവര്‍ത്തനം കൂടിയായിരുന്നു അത്. 1998 സെമിയില്‍ ഫ്രാന്‍സിനുമുന്നിലാണ് ക്രൊയേഷ്യ വീണത്. തെറ്റുകളുടെ ഘോഷയാത്രയായിരുന്നു ലുഷ്നിക്കി സ്റ്റേഡിയം കണ്ടത്. മൂന്ന് ഗോളുകള്‍ വീണത് ഒരു വന്‍കളിയില്‍ ഒരിക്കലും സംഭവിക്കരുതാത്ത പിഴവുകള്‍ കൊണ്ട്. അതില്‍ കുറച്ചു തെറ്റു വരുത്തിയവര്‍ കപ്പുംകൊണ്ടുപോയി. പക്ഷേ, ഫ്രഞ്ച് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് മണ്ടത്തരം കൊണ്ട് ലോകത്തെ ഞെട്ടിച്ചുകളഞ്ഞു. എതിരാളിക്ക് ഗോളടിക്കാന്‍ പാസ് നല്‍കുക എന്ന പരമാബദ്ധം.

എത്ര വേഗമാണ് മനുഷ്യന്റെ വിധി മാറി മറിയുന്നത്. ക്രൊയേഷ്യയെ ഫൈനല്‍ വരെയെത്തിച്ച വന്‍താരങ്ങളുടെ വീഴ്ച ഫൈനലില്‍ അവരുടെ ദുരന്തമായി. സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ വിജയഗോളടിച്ച മാരിയോ മാന്‍സൂക്കിച്ച് ഇക്കുറി സ്വന്തം പോസ്റ്റിലേക്കാണ് തലകൊണ്ട് പന്ത് ചെത്തിയിട്ടത്. പൊടുന്നനെ മാന്‍സൂക്കിച്ചിന്റെ തലയില്‍ വില്ലന്‍വേഷം വന്നുവീണു. 18-ാം മിനിറ്റില്‍ വീണ ആ ഗോളാണ് കളി മാറ്റിമറിച്ചത്. അതുവരെ ക്രൊയേഷ്യന്‍ മുന്നേറ്റങ്ങളില്‍ വിറച്ചുകൊണ്ടിരുന്ന ഫ്രാന്‍സിന് പിടിവള്ളി. പക്ഷേ, വിട്ടുകൊടുക്കുന്നവര്‍ അല്ലല്ലോ ക്രൊയേഷ്യ. 29-ാം മിനിറ്റിലെ ഇവാന്‍ പെരിസിച്ചിന്റെ സമനിലഗോള്‍ എന്തു സുന്ദരമായിരുന്നു.

അപ്പോഴേക്കും പെരിസിച്ചിന്റെ വില്ലന്‍വേഷത്തിന് സമയമായിരുന്നു. പെരിസിച്ച് കൈകൊണ്ട് തൊട്ടതോടെ പെനാല്‍ട്ടി. അന്റോയിന്‍ ഗ്രീസ്മാന്‍ അത് അനായാസം വലയിലാക്കി. സ്വന്തം പിഴവില്‍ നിന്ന് രണ്ടാം ഗോളും വന്നതോടെ ക്രൊയേഷ്യക്ക് മനസ്സിലായി, ഇത് തങ്ങളുടെ ദിവസമല്ലെന്ന്. ആ വിവശതയിലേക്ക് ഫ്രാന്‍സ് പടര്‍ന്നുകയറി. പോള്‍ പോഗ്ബയും കൈലിയന്‍ എംബാപ്പെയും കൂടി ലക്ഷ്യം കണ്ടതോടെ ഫ്രാന്‍സിന്റെ കിരീടം ഉറച്ചു. പെലെയ്ക്ക് ശേഷം ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന കൗമാര താരം എന്ന ബഹുമതിയും എംബാപ്പെയ്ക്ക്.

ക്രൊയേഷ്യന്‍ ഗാലറി ഇതെല്ലാം കണ്ട് തകര്‍ന്നിരിക്കുകയായിരുന്നു. എങ്കിലും ലോകത്തിന്റെ ഹൃദയം കവര്‍ന്നാണ് അവര്‍ റഷ്യ വിടുന്നത്. ഫൈനലില്‍ എത്തിയപ്പോഴേ അവര്‍ ഹീറോകളായി കഴിഞ്ഞിരുന്നു. മോസ്‌കോ മെട്രോയിലും ബസ്സുകളിലും വീഥികളിലൂം ആരവങ്ങളുയര്‍ത്തിയായിരുന്നു ക്രൊയേഷ്യന്‍ ആരാധകരുടെ വരവ്. സ്റ്റേഡിയത്തിന് പുറത്ത് അവര്‍ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു.

കളിതുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പ് സമാപനച്ചടങ്ങുകള്‍. വില്‍സ്മിത്ത്, നിക്കി ജാം, കൊസോവിയന്‍ കലാകാരി ഇറ ഇസ്ട്രേഫി എന്നിവര്‍ ചേര്‍ന്ന് ലോകകപ്പ് ഗാനമായ ലിവ് ഇറ്റ് അപ്പ് ആലപിച്ചു. പിന്നീട് ലോകകപ്പ് ഭാഗ്യചിഹ്നമായ സബിവാക്കയുടെ ആഘോഷമായ എഴുന്നള്ളിപ്പ്. കുട്ടികളോടൊപ്പം സബിവാക്ക ആടിപ്പാടി. പിന്നീട് സബിവാക്കയുടെ വികാരനിര്‍ഭരമായ വിടപറച്ചില്‍. അതാ വരുന്നു ലോകകപ്പ് ട്രോഫി. 

ലോകത്തെ ഏറ്റവും സമ്മോഹനമായ കിരീടം. മുന്‍ ജര്‍മന്‍ താരം ഫിലിപ്പ് ലാം അത് ഗ്രൗണ്ടിലേക്കെത്തിച്ചു. ഫ്രഞ്ച്, ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍മാരുടെ മുഖങ്ങള്‍ സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ തെളിഞ്ഞു. ആരാവും ആ ഭാഗ്യവാന്‍? ഫ്രഞ്ച് ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസിനെയാണ് ചരിത്രത്തിന്റെ സുവര്‍ണനിമിഷങ്ങള്‍ കാത്തിരുന്നത്.