നസംഖ്യ 48 ലക്ഷം മാത്രം. പക്ഷേ, ഈ ചെറിയ രാജ്യത്ത് ഫുട്ബോള്‍ ആവേശം അലയടിക്കുന്നു. സ്‌കൂളുകള്‍, പള്ളികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് നാടെമ്പാടും ഗ്രൗണ്ടുകള്‍. എവിടെ നോക്കിയാലും കളി. മധ്യ അമേരിക്കയില്‍ നാല് ലോകകപ്പുകള്‍ കളിച്ച മറ്റൊരു ടീമില്ല

കോണ്‍കകാഫ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു വട്ടം ചാമ്പ്യന്‍മാരാണ് കോസ്റ്ററീക്ക. 1990-ലാണ് കോസ്റ്ററീക്ക ആദ്യമായി ലോകകപ്പിന് യോഗ്യത നേടുന്നത്. അരങ്ങേറ്റത്തില്‍ തന്നെ പ്രീക്വാര്‍ട്ടറിലുമെത്തി. എന്നാല്‍ നോക്കൗട്ടില്‍ ചെക്കോസ്ലൊവാക്യയോട് തോറ്റു. 2002-ലും 2006-ലും 2014-ലും വീണ്ടും യോഗ്യത.

2002ല്‍ ഗോള്‍ ശരാശരിയിലാണ് കോസ്റ്ററീക്ക രണ്ടാം റൗണ്ടിലെത്താതെ പോയത്. ആദ്യമത്സരത്തില്‍ ചൈനയെ തോല്പിച്ച അവര്‍ തുര്‍ക്കിയോട് സമനില പിടിച്ചു. മൂന്നാം മത്സരത്തില്‍ ബ്രസീലിനെതിരേ കടുത്ത പോരാട്ടം നടത്തി. 0-3ന് പിന്നിലായിരുന്ന കോസ്റ്ററീക്ക രണ്ട് ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ മുന്നു മിനിറ്റിനിടെ ബ്രസീല്‍ രണ്ട് ഗോളുകള്‍ കൂടി നേടിയതോടെ 5-2ന് മത്സരം അവസാനിച്ചു. പോയന്റുകള്‍ തുല്യമായപ്പോള്‍ ഗോള്‍ശരാശരിയില്‍ കോസ്റ്ററീക്കയെ മറികടന്ന് തുര്‍ക്കി രണ്ടാം റൗണ്ടിലെത്തി.

2010ല്‍ ആദ്യറൗണ്ടില്‍ തന്നെ പുറത്ത്. എല്ലാ മത്സരങ്ങളും തോറ്റു. 32 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ കിട്ടിയത് 31-ാം സ്ഥാനം. ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം. 2014 ലോകകപ്പിലാണ് കോസ്റ്ററീക്കന്‍ ഫുട്ബോളിന്റെ ഏറ്റവും വലിയ കുതിപ്പ് കണ്ടത്. ഇറ്റലി, ഇംഗ്ലണ്ട്, ഉറുഗ്വായ് എന്നീ മൂന്ന് മുന്‍ ലോകചാമ്പ്യന്‍മാര്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് ഡിയില്‍ ആയിരുന്നു അവര്‍. കോസ്റ്ററീക്കയ്ക്ക് ആരും ഒരു സാധ്യതതയും കല്പിച്ചിരുന്നില്ല. 

പക്ഷേ, ആദ്യറൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായത് കോസ്റ്ററീക്ക. ഇറ്റലിയെയും ഉറുഗ്വായെയും തോല്പിച്ച അവര്‍ ഇംഗ്ലണ്ടിനെതിരായ മത്സരം ഗോള്‍രഹിതമാക്കി. പ്രീക്വാര്‍ട്ടര്‍ ഗ്രീസിനെതിരേ. 1-1 പൂട്ട് പൊളിക്കാന്‍ ഷൂട്ടൗട്ട്. അതില്‍ 5-3ന് കോസ്റ്ററീക്ക ജയിച്ചു.

ചരിത്രത്തില്‍ ആദ്യമായി ക്വാര്‍ട്ടറിലെത്തിയ കോസ്റ്ററീക്കയുടെ എതിരാളികള്‍ ഹോളണ്ടായിരുന്നു. നിശ്ചിതസമയത്തും അധികസമയത്തും ഗോള്‍രഹിതം. ഷൂട്ടൗട്ടില്‍ 4-3ന് ജയിച്ചത് ഹോളണ്ട്. അല്പം നിര്‍ഭാഗ്യമില്ലായിരുന്നെങ്കില്‍ കോസ്റ്ററീക്ക സെമിയിലെത്തുമായിരുന്നു. ബ്രസീലില്‍ അവസാനിപ്പിച്ചിടത്തുനിന്നാണ് കോസ്റ്ററീക്ക റഷ്യയില്‍ തുടങ്ങുന്നത്. ബ്രസീലും സ്വിറ്റ്സര്‍ലന്‍ഡും സെര്‍ബിയയും ഉള്‍പ്പെട്ട ഗ്രൂപ്പിലാണവര്‍.

കോസ്റ്ററീക്ക

ലോകകപ്പ് - ക്വാര്‍ട്ടര്‍ ഫൈനല്‍ (2014), പ്രീക്വാര്‍ട്ടര്‍ (1990)

കോണ്‍കകാഫ് ചാമ്പ്യന്‍ഷിപ്പ് - ചാമ്പ്യന്‍മാര്‍ (1963, 1969, 1989), റണ്ണേഴ്സ് അപ്പ് (2002)

കോപ്പ സെന്‍ട്രോ അമേരിക്കാന - ചാമ്പ്യന്‍മാര്‍ (1991, 1997, 1999, 2003, 2005, 2007,2014)

ഒളിമ്പിക്സ് - ക്വാര്‍ട്ടര്‍ ഫൈനല്‍ (2004)

Content Highlihjts: Costa Rica's Hopes In 2018 World Cup Football